ബ്രേക്ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര സമ്മേളനം: 2018 ഡിസംബർ 15,16 കൊൽക്കത്ത

Spread our news by sharing in social media

‘ശാസ്ത്രത്തെ സമൂഹവുമായി ഉദ്ഗ്രഥിക്കുക’

ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധശാസ്ത്ര സംഘടനയായ ബ്രേക്ത്രു സയൻസ് സൊസൈറ്റി ‘ശാസ്ത്രവും സമൂഹവുമായുള്ള ഉദ്ഗ്രഥനം’ (കിലേഴൃമശേിഴ ടരശലിരല ംശവേ ടീരശല്യേ) എന്ന വിഷയത്തിൽ ഒരു ദേശീയ ശാസ്ത്ര സമ്മേളനം നടത്തുന്നു എന്നറിയുന്നത് ആശാവഹമായ ഒന്നാണ്. 2018 ഡിസംബർ 15,16 തീയതികളിൽ കൊൽക്കത്തയിലെ ജാദവ്പൂർ സർവ്വകലാശാലയിലെ ഗാന്ധി ഭവനിലാണ് സമ്മേളനം നടക്കുന്നത് എന്നാണ് ബ്രേക് ത്രു സയൻസ് സൊസൈറ്റിയുടെ ഔദ്യോഗിക ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലിന്ന് വൈജ്ഞാനികരംഗത്ത് ദൃശ്യമാകുന്ന ഉത്കണ്ഠാജനകമായ പല പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ ചൊരിയുന്നതാണ് ഈ സമ്മേളനമെന്ന് പ്രതീക്ഷിക്കാം. വിശ്വപ്രസിദ്ധ ഭാരതീയ ശാസ്ത്രജ്ഞൻ ജയന്ത് വി.നർലിക്കർ ഈ സമ്മേളന പ്രമേയത്തോട് സർവ്വാത്മനാ യോജിച്ചുകൊണ്ട് പങ്കെടുക്കുമെന്നത് ശുഭോദർക്കമാണ്.
അന്തർദ്ദേശീയ തലത്തിൽ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന നിരവധി ശാസ്ത്രജ്ഞർ ഇന്ന് ഇന്ത്യയിലുണ്ട്. ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം സ്ഥാപിച്ച വിഖ്യാതമായ എൽഎച്ച്‌സി(ഘമൃഴല ഒ്യറൃീി ഇീഹഹശറലൃ) പരീക്ഷണത്തിലും ഗുരുത്വാകർഷണ തരംഗങ്ങളുടെ ഉണ്മ സ്ഥാപിച്ച പരീക്ഷണങ്ങളിലുമെല്ലാം ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് നിർണ്ണായകമായ പങ്കാളിത്തമുണ്ടായിരുന്നു. പക്ഷേ, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയാധികാരം കയ്യാളുന്ന പലരുടെയും പല ഔദ്യോഗിക സംഘടനകളുടെ ദേശീയ മേധാവികളുടെയും തികച്ചും അശാസ്ത്രീയവും അബദ്ധജടിലവുമായ ജല്പനങ്ങൾമൂലം ഇന്ത്യൻ ശാസ്ത്ര സമൂഹം ലോകത്തിനുമുന്നിൽ ലജ്ജാഭാരം നിമിത്തം ചൂളി നിൽക്കേണ്ടുന്ന അവസ്ഥയും ഈയിടെ സംജാതമായിട്ടുണ്ട്. പൗരാണിക ഭാരതീയ ശാസ്ത്ര നേട്ടങ്ങളെക്കുറിച്ചുള്ള അതിരുകടന്ന അവകാശ വാദങ്ങളും പരിണാമസിദ്ധാന്തത്തെ അടച്ചാക്ഷേപിക്കുന്ന, മന്ത്രിമാരുൾപ്പടെയുള്ളവരുടെ പരിഹാസങ്ങളും പശുവിനെച്ചുറ്റിപ്പറ്റിയുള്ള മഹത്വവത്ക്കരണ ശ്രമങ്ങളുമെല്ലാം ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണല്ലോ. ചില വ്യക്തികളുടെ അമിതാവേശം കൊണ്ടുണ്ടാകുന്ന അപഭ്രംശങ്ങളെന്ന നിലയിൽമാത്രം കാണാൻ കഴിയുന്നതല്ല ഇത്; മറിച്ച് ഇന്ത്യൻ വൈജ്ഞാനികരംഗത്തെ ആഴത്തിൽ ബാധിച്ചിട്ടുള്ള ചില ഗുരുതരങ്ങളായ പ്രശ്‌നങ്ങളുടെ പ്രതിഫലനങ്ങളായാണ് ഇവയെ മനസ്സിലാക്കേണ്ടത്.
എണ്ണമറ്റ വിവിധങ്ങളായ മാർഗ്ഗങ്ങളിലൂടെ ശാസ്ത്രം, ആധുനിക മനുഷ്യജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ നേട്ടങ്ങളും അതുനൽകുന്ന സൗകര്യങ്ങളും വളരെ സ്വാഭാവികമെന്ന നിലയിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണിന്ന്. ഒരു സ്വിച്ചിടുമ്പോൾ പ്രകാശം ചൊരിയുന്ന വൈദ്യുതിയെക്കുറിച്ച് നാം അത്ഭുതപ്പെടാറില്ല. സമാനമായ ശാസ്ത്രനേട്ടങ്ങൾ പലതും അത്രമേൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ശാസ്ത്രമെന്നത് കേവലം സാങ്കേതികവികാസവുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന ധാരണയും ഇതൊടൊപ്പമുണ്ടാകുന്നുണ്ട്. ശാസ്ത്രം ഒരു ലോകവീക്ഷണരീതിയാണ്; വസ്തുപ്രപഞ്ചത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനുമുള്ള വ്യതിരിക്തമായ മാർഗ്ഗമാണത്. പ്രകൃതിയെ വസ്തുനിഷ്ഠമായി മനസ്സിലാക്കാനുള്ള സവിശേഷമായ ഒരു രീതിശാസ്ത്രം മനസ്സിലുറപ്പിക്കുന്ന ശാസ്ത്രത്തിന് സാമൂഹിക പ്രതിബദ്ധതയുമുണ്ട്. ശാസ്ത്രത്തിന്റെ ദർശനമാകട്ടെ, പ്രാചീനമോ ആധുനികമോ ആയ മറ്റുപല ദാർശനിക പദ്ധതികളിൽനിന്നും തുലോം വ്യത്യസ്തവുമാണ്. എന്നാൽ ഖേദകരമാണ്, നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം ശാസ്ത്രത്തിന്റെ സാങ്കേതിക വശങ്ങളിലാണ് കൂടുതലായൂന്നുന്നത്. സയൻസിന്റെ രീതിശാസ്ത്രത്തിനും അതിന്റെ ദർശനത്തിനും വീക്ഷണരീതിക്കും അപ്രസക്തമായ പരിചരണം മാത്രമേ ലഭിക്കുന്നുള്ളു. നമ്മുടെ വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്‌കൂൾ തലത്തിലെ വിദ്യാഭ്യാസം വിവേകത്തോടെ ചിന്തിക്കാനും യുക്തിപരമായി പ്രവർത്തിക്കാനും കുട്ടികളെ പരിശീലിപ്പിക്കുന്ന ഒന്നല്ല. ശാസ്ത്രീയ മനോഘടന സ്വാംശീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പൗരന്മാരെ ഉദ്‌ബോധിപ്പിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും കാര്യകാരണബദ്ധമായ ചിന്ത, വസ്തുനിഷ്ഠത, ദൃഢമായ ചോദ്യംചെയ്യൽ മനോഭാവം തുടങ്ങിയ ഗുണവിശേഷങ്ങളൊന്നുംതന്നെ ഇന്ത്യൻ സമൂഹത്തിന്റെ മനോഘടനയിൽ വേരോടിയിട്ടുള്ളതായി നാം കാണുന്നില്ല. നമ്മുടെ സമൂഹത്തിനും ശാസ്ത്രത്തിനുംതന്നെ കോട്ടംവരുത്തുന്ന തരത്തിൽ സമൂഹവും ശാസ്ത്രവുംതമ്മിൽ ഒരു വിടവ് രൂപംകൊണ്ടിരിക്കുന്നു. ദയനീയമായ ജീവിത സാഹചര്യങ്ങളിൽനിന്ന് ഉയർന്ന് മനുഷ്യോചിതമായി ജീവിക്കുവാൻ വലിയൊരു വിഭാഗം ജനങ്ങൾക്കും സാധിക്കാതെ വരുന്ന ഇന്ന് സാമൂഹിക പിന്തുണയുടെ അഭാവത്തിൽ നമ്മുടെ ശാസ്ത്രരംഗവും ക്ഷീണിതമായിക്കൊണ്ടിരിക്കുകയാണ്.

ഈ സന്ദിഗ്ദ്ധാവസ്ഥയിൽ നടക്കുന്ന ശാസ്ത്രസമ്മേളനം അതിൽ ചർച്ചചെയ്യാൻ പോകുന്ന വിഷയങ്ങളുടെ പ്രാധാന്യംകൊണ്ട് നമ്മുടെ ശാസ്ത്രരംഗത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
ശാസ്ത്രത്തിന്റെ ദർശനം, ശാസ്ത്രീയ മനോഭാവത്തിന്റെ രൂപീകരണം, ശാസ്ത്ര പ്രയോഗത്തിലെ നൈതികത, ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നവീകരണം എന്നിങ്ങനെ നാല് സുപ്രധാന മേഖലകളെ അധികരിച്ചുനടക്കുന്ന സമ്മേളന സെഷനുകളിൽ ഭാരതത്തിലെ ഇന്നത്തെ ശാസ്ത്രരംഗത്തെ തലയെടുപ്പുള്ള നിരവധി ഉന്നതരായ ശാസ്ത്രജ്ഞർ പങ്കെടുക്കുന്നുണ്ട്.

നാമുൾപ്പെടെയുള്ള വസ്തുപ്രപഞ്ചത്തിന്റെ പൊരുളറിയാനുള്ള ശരിയായ രീതിശാസ്ത്രമേത് എന്നത് കഴിഞ്ഞ രണ്ട് നൂറ്റാണ്ടായുള്ള തർക്ക വിഷയമാണ്. ഒന്നിനു പകരം മറ്റൊന്ന് എന്ന തരത്തിൽ അവതരിപ്പിക്കപ്പെടുന്ന ഭൗതികവാദം, ആശയവാദം, പോസിറ്റിവിസം, ഉത്തരാധുനികത, അത്മീയവാദം തുടങ്ങിയ പല പദ്ധതികളും ബൗദ്ധിക മേഖലയിലെ ആധിപത്യത്തിനായി പോരാടിക്കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വസ്തുനിഷ്ഠമായ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ശാസ്ത്രജ്ഞർ, അവരവരുടെ വിശേഷാവഗാഹ മേഖലകളിൽ വസ്തുനിഷ്ഠമായൊരു സമീപനംകൈക്കൊണ്ടു മാത്രമേ സത്യത്തിലെത്താൻ കഴിയൂ എന്നതിനാൽ, അറിഞ്ഞോ അറിയാതെയോ വസ്തുനിഷ്ഠവും ഭൗതികവാദപരവുമായ രീതിശാസ്ത്രം സ്വീകരിക്കുന്നുണ്ട്. പക്ഷേ സ്വന്തം സവിശേഷ മേഖലയിൽനിന്ന് പുറത്തുകടക്കുമ്പോൾ പലരും മേൽപ്പറഞ്ഞ വിവിധങ്ങളായ ദാർശനിക പദ്ധതികളുടെ സ്വാധീനത്തിൽപ്പെട്ടുപോകുന്നതായി കാണാം. ശാസ്ത്രജ്ഞർ ബോധപൂർവ്വം സ്വീകരിക്കേണ്ടുന്ന ദർശനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച്ച ഈ മേഖലയിലെ ചർച്ച പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
സാധാരണ ജനങ്ങളുടെ മനസ്സിൽ ശാസ്ത്രീയ മനോഘടന സ്ഥാപിച്ചെടുക്കാനുള്ള വഴികളെക്കുറിച്ചും അശാസ്ത്രീയ ധാരണകളും അന്ധവിശ്വാസങ്ങളും രൂഢമൂലമായ സമൂഹ മനസ്സിനെ ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രഭാപൂരിതമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ സ്വാഭാവികമായും സമ്മേളനത്തിലുണ്ടാകും. ശാസ്ത്രഗവേഷണ രംഗത്തെ അനാരോഗ്യ പ്രവണതകളെ ദൂരീകരിച്ച് നമ്മുടെ ശാസ്ത്രരംഗത്തെ ശുദ്ധീകരിക്കുന്നതിനെയും ശാസ്ത്രവിജ്ഞാനവും മനോഘടനയും പ്രദാനം ചെയ്യുന്ന കാര്യത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തേണ്ട നവീകരണ പ്രക്രിയകളെയും കുറിച്ച് വിദഗ്ദ്ധാഭിപ്രായം രൂപീകരിക്കാനും സമ്മേളനം ഉദ്ദേശിക്കുന്നു.

ശാസ്ത്രീയേതരവും പലപ്പോഴും ശാസ്ത്രവിരുദ്ധവുമായ ചിന്താഗതികൾക്ക് നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾവരെ വേദിയാകുന്ന ഇക്കാലത്ത് അത്യന്തം മഹത്തരമെങ്കിലും ഇടക്കാലത്ത് കാളിമയാർന്നുപോയ നമ്മുടെ ശാസ്ത്രരംഗത്തെ ഗുണപരമായി മാറ്റിയെടുക്കുവാനുള്ള ഒരു കാൽവയ്‌പ്പെന്ന നിലയിൽ ശാസ്ത്രകുതുകികളുടെ സവിശേഷ ശ്രദ്ധയും സഹകരണവും ഈ സമ്മേളനം ആവശ്യപ്പെടുന്നുണ്ട്.

Share this