എൻഐഎ-യുഎപിഎ ഭേദഗതികൾ ഫാസിസ്റ്റ് സ്വഭാവത്തിലുള്ളത്

Share

എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ജൂലൈ 29ന് പുറപ്പെടുവിച്ച പ്രസ്താവ

കേന്ദ്രത്തിലെ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് അടുത്തിടെ പാസ്സാക്കിയ യുഎപിഎ ബിൽ 2019നോട് ഞങ്ങൾ ശക്തമായി വിയോജിക്കുകയും അതിനെ അപലപിക്കുകയും ചെയ്യുന്നു. 1967ൽ അന്നത്തെ കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന യുഎപിഎ നിയമവും തുടർന്നുണ്ടായ എല്ലാ ഭേദഗതികളും വീണ്ടും ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഏതൊരു വ്യക്തിയെയും ഭീകരവാദിയെന്ന് മുദ്രകുത്താൻ പുതിയ ബില്ലിലൂടെ സർക്കാരിന് കഴിയും. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമത്തിലാണ് മറ്റൊരു ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഭീകരവാദത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്ന് തോന്നുന്ന എത് വിഷയത്തിലും, സംസ്ഥാന ഭരണനിർവ്വഹണ സംവിധാനത്തെ ഉൾപ്പെടുത്താതെ നേരിട്ട് അന്വേഷിക്കുവാനും, ഭീകരവാദത്തിലൂടെ സമാഹരിച്ചത് എന്ന് അന്വേഷണ ഏജൻസിക്ക് തോന്നുന്ന, ഏതൊരു വ്യക്തിയുടെയും സ്വത്തുവകകൾ കണ്ടുകെട്ടുവാനും റിമാൻഡ് കാലാവധി 14 ദിവസത്തിൽനിന്നും 30 ദിവസമാക്കി വർദ്ധിപ്പിക്കുവാനും ഈ നിയമത്തിലൂടെ സാധിക്കുന്നു. രാജ്യത്തെ ഭീകരവാദത്തിന്റെ വേര് പിഴുതെടുക്കുവാനെന്ന നാട്യത്തോടെയാണ് ഈ ഭേദഗതികളെല്ലാം കൊണ്ടുവരുന്നതെങ്കിലും ഇതുവഴി കേന്ദ്ര സർക്കാരിന് പരിധിയില്ലാത്ത അധികാരമാണ് കിട്ടുന്നത് എന്ന് വ്യക്തമാണ്. ഇതിലൂടെ ഏതൊരു എതിർശബ്ദത്തെയും, നിലവിലുള്ള ചൂഷണ വ്യവസ്ഥയ്‌ക്കെതിരായ ഏതൊരു പ്രതിഷേധത്തെയും ഇല്ലായ്മചെയ്യാനും ജനാധിപത്യ പ്രക്ഷോഭങ്ങളെ ദേശവിരുദ്ധമെന്നും രാജ്യദ്രോഹമെന്നും മുദ്രചാർത്തി നിർദ്ദാക്ഷിണ്യം അടിച്ചമർത്താനും കഴിയും. കൂടുതൽ അധികാര കേന്ദ്രീകരണത്തിലേക്കും ഭരണപരമായ ഫാസിസത്തിന്റെ ദൃഢീകരണത്തിലേക്കും ഇത് രാജ്യത്തെ നയിക്കും. കിരാതമായ ഈ ഫാസിസ്റ്റ് ആക്രമണത്തെ ചെറുക്കുവാനായി, രാജ്യവ്യാപകവും അതിശക്തവും സംഘടിതവും വീറുറ്റതുമായ ജനകീയ പ്രക്ഷോഭണം കെട്ടഴിച്ചുവിടുവാനായി മുന്നോട്ടുവരുവാൻ, ഇടത്-ജനാധിപത്യ പാർട്ടികളോടും ശക്തികളോടും നന്മകാംക്ഷിക്കുന്ന ജനാധിപത്യ മനസ്സുള്ള വ്യക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top