കേരളത്തിന്റെ സാമ്പത്തിക നില താഴേയ്ക്ക് താഴേയ്ക്ക്

Share

വീടിന്റെ ചുവരുകൾക്കുള്ളിലെ തേങ്ങലുകളായി പതിതന്റെ ജീവിത നൊമ്പരങ്ങൾ കെട്ടടങ്ങാറാണ് പതിവ്. പക്ഷേ അത് അടക്കി വയ്ക്കാനാവുന്നതിലുമപ്പുറം വളർന്ന് ഒരു സാമൂഹ്യവ്യാധിയായി മാറുന്നതിനാലാണ് മാധ്യമങ്ങളിൽ പ്രതിപാദ്യവിഷയങ്ങളാവുന്നത്. സ്ഥിതിവിവരകണക്കുകൾവച്ചു നടത്തുന്ന പൊതു സാമ്പത്തിക അവലോകനങ്ങൾ വികാരങ്ങൾ സൃഷ്ടിക്കില്ല. പക്ഷെ കൺമുന്നിൽ കാണുന്ന കദനങ്ങൾക്ക് സമൂഹത്തിന്റെ പൊതു സാമ്പത്തിക തകർച്ചയുമായി നേർബന്ധമുണ്ടെന്ന തിരിച്ചറിവ് വിക്ഷോഭങ്ങൾ സൃഷ്ടിക്കും. അവ പ്രക്ഷോഭണങ്ങൾക്ക് വഴിയൊരുക്കും.

വറുതിയിലേക്കോ നമ്മുടെ ഗ്രാമങ്ങൾ’ എന്ന തലക്കെട്ടിൽ നോട്ടുനിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച മാന്ദ്യകാലത്തെ കേരളീയ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ പറ്റി ഒരു അന്വേഷണ പരമ്പര മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. നാടിന്റെ സാമ്പത്തികശിരസ്സിൽ ഭരണകൂടം ഏൽപ്പിച്ച ഈ രണ്ട് ആഘാതങ്ങളെയുംപറ്റി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി നടത്തിയ വിശകലനങ്ങളുടെയും, നൽകിയ മുന്നറിയിപ്പുകളുടെയും അനുഭവ സാക്ഷ്യങ്ങളാണ് ഈ സർവേകൾ. സംസ്ഥാനം സാമ്പത്തിക മുരടിപ്പിന്റെ ആഘാതത്തിലാണെന്നും തൊഴിൽ, കൃഷി, കച്ചവടം, നിർമ്മാണം എന്നിങ്ങനെ സർവ്വ മേഖലകളിലും മാന്ദ്യം പിടിമുറുക്കിയിരിക്കുന്നുവെന്നും സർവേ വെളിപ്പെടുത്തുന്നു.
അദ്ധ്വാനിക്കുന്നവരുടെ ജീവിത വരുമാനം കുറഞ്ഞു. ജിഎസ്ടി വഴി നികുതിയും വിലയും കൂടി. അതിനാൽ സകല ചെലവിനങ്ങളിലും വിലയിൽ വർദ്ധനവുണ്ടായി. സ്വാഭാവികമായും വാങ്ങൽ ശേഷി കുറഞ്ഞു. അത് കമ്പോളത്തിലെ ക്രയവിക്രയം കുറച്ചു. വ്യാപാരങ്ങളെ ദോഷകരമായി ബാധിച്ചു. പ്രത്യേകിച്ചും ആഭ്യന്തര ചെറുകിട വ്യാപാരത്തെയാണത് ഏറെ ബാധിച്ചത്. ചെറുകിട വ്യാപാരത്തിലെ ഇടിവ് പ്രാദേശിക ചെറുകിട ഉല്പാദനത്തെയും ബാധിച്ചു. ഇതിന്റെയെല്ലാം ഫലമായി തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുന്നു. ലക്ഷണമൊത്ത മാന്ദ്യത്തിലേക്ക് കേരളത്തിലെ സാമ്പത്തിക രംഗം കൂപ്പുകുത്തുന്നു. ഈ ദുരന്തചിത്രമാണ് മാതൃഭൂമി സർവ്വേ തെളിവുസഹിതം വരച്ചുകാട്ടുന്നത്.

കാർഷികമേഖലയെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് ഏറ്റവും കൂടുതൽ ആശങ്കയുണർത്തുന്നത്. തൊണ്ണൂറുകളുടെ അവസാനംമുതൽ കാർഷികവിളകളുടെ വില വലിയതോതിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു. കൃഷിഭൂമി നിരന്തരം ചുരുങ്ങിവരുന്നു. കഴിഞ്ഞ ഒരു വർഷംകൊണ്ട് മാത്രം നെൽപ്പാടം 13 ശതമാനവും ഉത്പാദനം 21 ശതമാനവും കുറഞ്ഞു. ഈ രംഗത്ത് കൊട്ടും ഘോഷവുമായി സർക്കാർ ആരംഭിക്കുന്ന പദ്ധതികളൊന്നുംതന്നെ ഫലപ്രാപ്തിയിലെത്തുന്നില്ല. പലവിധ വ്യാധികളാൽ തളർന്നിരുന്ന കൃഷിയെ നോട്ടുനിരോധനവും ജിഎസ്ടിയും ചേർന്ന് വാട്ടിക്കളഞ്ഞു.
പത്ത് ലക്ഷത്തിലധികം കുടുംബങ്ങളുടെ ജീവനോപാധിയായ മത്സ്യബന്ധന മേഖല തകർച്ചയിൽനിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കേരളതീരത്തെ രുചികൂടിയ മത്സ്യം പിടിക്കാൻ വിദേശ ട്രോളറുകൾക്ക് യഥേഷ്ടം അനുവാദം നൽകിയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പലവിധ നിയന്ത്രണങ്ങളേർപ്പെടുത്തിയും ഈ മേഖലയെ തളർത്തിയതിന് പിന്നാലെ ഓഖി ചുഴലിക്കാറ്റും നോട്ടുനിരോധനവും ജിഎസ്ടിയും ചേർന്ന് വലിയ ആഘാതമാണേൽപ്പിച്ചിരിക്കുന്നത്. തൽഫലമായി ലഭിക്കുന്ന മത്സ്യത്തിന്റെ അളവുകുറഞ്ഞു. വില്പന കുറഞ്ഞു. ശീലിച്ച തൊഴിലുപേക്ഷിച്ച് മറ്റു വഴികൾ തേടിയലയുകയാണ് ഈ മേഖലയിലെ തൊഴിലാളികൾ.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ആക്രമണങ്ങളുടെ ആഘാതം കഠിനമായി ബാധിച്ചിരിക്കുന്നത് ചെറുകിട-ഇടത്തരം വ്യാപാരമേഖലയെയാണ്. നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയുടെയും ആദ്യദിനങ്ങൾ മുതൽ ആരംഭിച്ച കൂപ്പുകുത്തൽ അതേനിരക്കിൽ തുടരുകയാണ്. നാൽപത് ലക്ഷത്തോളം പേരുടെ ജീവിതമാർഗ്ഗമായ ഈ മേഖല വലിയൊരു ദുരന്തമാണ് മുന്നിൽകാണുന്നത്. ചിലർ കച്ചവടം നിർത്തി, പലയിടത്തും കച്ചവടം പകുതിയായി കുറഞ്ഞു. വില്പനകുറഞ്ഞ സ്ഥാപനങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിടുന്നു. ക്രയവിക്രയം കുറഞ്ഞതുകാരണം വിപണിയിലേക്ക് പണമെത്താത്തതുകാരണം ചെറുകിട വ്യാപാരികൾ വാങ്ങൽ കുറച്ചതോടെ വൻകിട വിതരണക്കാരും ഇതേ പാത പിൻതുടരുകയാണ്. ലോറി ചരക്ക് ഗതാഗതം കുറഞ്ഞു. അവിടെയും തൊഴിൽ കുറയുകയാണ്. ചെറുകിട-ഇടത്തരം ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വരവു കുറഞ്ഞതോടെ ഹോട്ടൽ ഭക്ഷണവില താങ്ങാനാവാതെ ഐടി മേഖലയിലെ തൊഴിലാളികൾവരെ മറ്റുമാർഗ്ഗങ്ങൾ തേടുകയാണ്.ചെറുകിട വ്യാപാര മേഖല കൈകാര്യം ചെയ്തുകൊണ്ടിരുന്ന എല്ലാത്തരം ഉത്പന്നങ്ങളുടെയും വ്യാപാരത്തിൽ ബഹുരാഷ്ട്ര ഓൺലൈൻ വ്യാപാരകുത്തകകൾ വൻതോതിൽ കടന്നുവരികയാണ്. വൻ മാളുകൾ അവശേഷിക്കുന്ന വ്യാപാര സാധ്യതകൾ വലിച്ചൂറ്റിയെടുക്കുകയാണ്. ചെറുകിട വ്യാപാരരംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നടപ്പിലാക്കിവരുന്നതോടെ ഈ മേഖല ഊർദ്ധ്വൻ വലിക്കും.

കേരളത്തിലെയും മറുനാട്ടിലെയും തൊഴിലാളികൾക്ക് വൻതോതിൽ തൊഴിൽ ലഭിച്ചിരുന്ന നിർമ്മാണമേഖല അക്ഷരാർത്ഥത്തിൽ സ്തംഭനത്തിലാണ്. പണിതീരാത്തവീടുകളും വിറ്റുപോകാത്ത ഫ്‌ളാറ്റുകളും വില്ലകളും മാന്ദ്യത്തിന്റെ അടയാളങ്ങളായി നിലകൊള്ളുന്നു. ജിഎസ്ടി വന്നതോടെ നിർമ്മാണസാമഗ്രികളുടെ കുതിച്ചുയർന്ന വില സ്വന്തം വീടുണ്ടാക്കാൻ ജീവിതാന്ത്യം വരെ അദ്ധ്വാനിക്കുന്ന സാധാരണക്കാരന്റെ ആഗ്രഹങ്ങൾക്ക് കത്തിവെച്ചു. സ്വന്തം അദ്ധ്വാനം വില്പനയ്ക്ക് വച്ച് കാത്തിരിക്കുന്ന കവലകളിൽ നിരാശയുടെ മുഖങ്ങൾ ഏറിവരുന്നു. കൂട്ടമായി സ്വദേശത്തേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഏറെയാണ്.
സാമ്രാജ്യത്വചൂഷണത്തിന്റെയും തദ്ദേശീയ മുതലാളിത്ത സമ്പത്ത്ക്രമത്തിന്റെ സ്വാഭാവികപ്രതിസന്ധികളുടെയും ഫലമായി ഗൾഫ് രാജ്യങ്ങൾ കൊണ്ടുവരുന്ന തദ്ദേശീയവൽക്കരണം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കേരളത്തെയാണ്. 2016 ൽ മാത്രം ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റം പത്തു ശതമാനം കുറഞ്ഞു. ഏറെപേരും തിരിച്ചെത്തുന്നത് വൻകടത്തിന്റെ ഭാണ്ഡവും പേറിയാണ്. ചിലർ എവ്വിധവും പിടിച്ചുനിൽക്കാനായി ചെറിയ കച്ചവടം ആരംഭിക്കുന്നു. ചിലർ നാലുചക്ര വാഹനങ്ങൾ വാങ്ങി ഓൺലൈൻ ടാക്‌സി ശ്രംഖലയിലേക്ക് കയറുന്നു. മിക്കവർക്കും മാസങ്ങൾക്കുള്ളിൽ അതൊക്കെ മതിയാക്കേണ്ടിവരുന്നു. സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊരു ഭാഗമാണ് ഗൾഫ് തൊഴിലിൽനിന്ന് ഫലമനുഭവിക്കുന്നത് എന്ന വസ്തുത കേരളത്തിന്റെ സാമ്പത്തിക ഭാവിയെ ആശങ്കയിലാഴ്ത്തുന്നു.

കേരളത്തിൽ നിലവിലുള്ള 23,000 ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. എഞ്ചിനീയറിംഗ് ആട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ കരകയറാനാവാത്ത പ്രതിസന്ധികളിലാണ്. ഏഴു ലക്ഷം പേർക്ക് തൊഴിൽ നൽകിയിരുന്ന ഈ മേഖലയിൽനിന്ന് തൊഴിലാളികൾ പുറംതള്ളപ്പെടുകയാണ്. ആഗോള മാന്ദ്യത്തിൽപ്പെട്ട ഐ.ടി മേഖലയിൽ നിന്ന് തൊഴിലാളികളെ വൻതോതിൽ പുറന്തള്ളുകയാണ്. സീനിയർ എഞ്ചിനീയർമാരെയാണ് ആദ്യം ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ തൊഴിലെടുക്കുന്നവർക്ക് പുറത്തേയ്ക്ക് പോകുകയോ നിസ്സാരമായ ശമ്പളത്തിന് പണി തുടരുകയോ മാത്രമേ ഗതിയുള്ളു. സ്വാശ്രയകോളേജുകൾ വഴി വർഷംതോറും പുറത്തുവരുന്ന പതിനായിരക്കണക്കിന് തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് ഇരുണ്ട ഭാവിയാണ്.
നിലവിലുള്ള തൊഴിൽ രംഗത്തെപ്പറ്റിയുള്ള പരിശോധന കൊണ്ടെത്തിക്കുന്നത് അങ്കലാപ്പുണ്ടാക്കുന്ന കണ്ടെത്തലുകളിലേക്കാണ്. സ്ഥിരസ്വഭാവത്തിലുള്ള ഏതെങ്കിലും ഒരു തൊഴിൽതേടി ചെറുപ്പക്കാർ പരക്കംപാച്ചിലിലാണ്. ഏതാനും എണ്ണം ക്ലാസ് ഫോർ ജോലിക്ക് വേണ്ടിപ്പോലും ലക്ഷങ്ങൾ പരീക്ഷയെഴുതുന്നു. പ്രൊഫഷണൽ യോഗ്യതയുള്ളവർ ഷോപ്പുകളിലും ഹോട്ടലുകളിലും തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്നു. തൊഴിൽ പരീക്ഷാ കോച്ചിങ് സെന്ററുകളിൽപോയി രാപ്പകൽ തയ്യാറെടുത്ത് എഴുതുന്ന പി.എസ്.സി പരീക്ഷകളിലൂടെ റാങ്ക് ലിസ്റ്റിൽ കയറിയവർക്ക് പോലും നിയമനം ലഭിക്കുന്നില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്ന സ്ഥാപനം നോക്കുകുത്തിയായി മാറിയിരിക്കുന്നു. ചെറുപ്പക്കാർ എല്ലാവരുമിപ്പോൾ അവിടെ രജിസ്റ്റർ ചെയ്യാറില്ല. എക്‌സ്‌ചേഞ്ച് വഴി 2008 ൽ 18099 പേർക്ക് താത്കാലിക തൊഴിൽ നൽകിയെങ്കിൽ 2016ൽ 10212 പേർക്ക് മാത്രമാണ് നൽകിയത്. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള താത്കാലിക നിയമനങ്ങൾ ഭരണകക്ഷികളുടെ പാർട്ടി ഓഫീസുകൾ വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് എന്ന കാര്യം രഹസ്യമല്ല.

അതിരൂക്ഷമായ തൊഴിലില്ലായ്മ മാത്രമല്ല ഉള്ള തൊഴിലിന് ലഭിക്കുന്ന കൂലിയിൽ അപമാനകരമായ ഇടിവാണ് ഈ പ്രബുദ്ധകേരളത്തിൽ നടക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാർ ജീവിതം നിലനിർത്താൻ പറ്റാത്തത്ര തുച്ഛമായ ശമ്പളത്തിനാണ് പണിയെടുക്കുന്നത്. നേഴ്‌സുമാരും അദ്ധ്യാപകരും നിൽക്കക്കള്ളിയില്ലാതെ സമരരംഗത്തിറങ്ങിയിരിക്കുന്നു. അന്യദേശതൊഴിലാളികളെ മുൻനിർത്തി കായികാദ്ധ്വാനം വേണ്ടുന്ന എല്ലാ തൊഴിലിന്റെയും കൂലി വൻതോതിൽ കുറഞ്ഞു. കുടുംബച്ചെലവ് കൂട്ടിമുട്ടിക്കാനായി കുടുംബാംഗങ്ങൾ ഒന്നാകെ തൊഴിൽതേടിയിറങ്ങുകയാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് കൂലിയിൽ അഭൂതപൂർവ്വമായ കുറവാണ് വരുത്തുന്നത്.
ആരോഗ്യ, വിദ്യാഭ്യാസച്ചെലവുകളുടെ കാര്യത്തിൽ ആഗോളവൽക്കരണത്തിന്റെ കാൽനൂറ്റാണ്ടുകാലയളവിൽ വൻ കുതിപ്പാണുണ്ടായത്. ഈ വിഷയങ്ങളിൽ കേരളീയരുടെ ആഭിമുഖ്യത്തെ തങ്ങളുടെ കമ്പോളമാക്കിമാറ്റിയ മുതലാളിത്ത താത്പര്യങ്ങളും അവയ്ക്ക് കളമൊരുക്കിയ സർക്കാരുകളുമാണ് കാരണക്കാർ. അതുവഴി തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസമൊരുക്കാനും ചികിത്സാചെലവുകൾക്കുമായി വായ്പയെ ആശ്രയിച്ച് തിരിച്ചടയ്ക്കാനാവാതെ പാപ്പരായിപ്പോകുന്നവരുടെ സംഖ്യ അതിശയിപ്പിക്കുന്നതാണ്. കേരളത്തിൽ ദരിദ്രരാക്കപ്പെടുന്നതിൽ 12 ശതമാനം പേർ താങ്ങാനാവാത്ത ചികിത്സാച്ചെലവിൽ മുടിഞ്ഞുപോയവരാണ്.
സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സ് അഡ്മിഷന് കുട്ടികൾ വർദ്ധിക്കുന്നത് സർക്കാർ വിദ്യാഭ്യാസത്തിന്റെ മികവ് കൊണ്ടാണെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, യഥാർത്ഥകാരണം സമൂഹത്തിന്റെ ദാരിദ്ര്യവൽക്കരണമാണ്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ദുരിതങ്ങളും വിവരണാതീതമാണ്. കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും ശമ്പളം വണ്ടിച്ചെക്കായി നൽകിയും തോട്ടങ്ങൾ പൂട്ടിയിട്ടും തൊഴിലാളികളെ ദ്രോഹിക്കുകയാണ്.

ഇതിന്റെയെല്ലാം മറുവശമെന്നോണം, അഖിലേന്ത്യാതലത്തിലെന്നവണ്ണം കേരളത്തിലും അതിസമ്പന്നരുടെ എണ്ണം വർദ്ധിക്കുകയാണ്. നാഷണൽ സാമ്പിൾ സർവ്വേപ്രകാരം സാമ്പത്തിക അസമത്വം ഏറ്റവും വർദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
ജിഎസ്ടി അടക്കമുള്ള സാമ്പത്തിക ആക്രമണംവഴി ജീവിതച്ചെലവ് വൻതോതിൽ വർദ്ധിച്ചു. പക്ഷേ വ്യാപാരം കുറഞ്ഞത് വഴി നികുതിവരുമാനവും കുറഞ്ഞു. ആകമാനമുള്ള ജീവിത ഇടപാടുകൾ കുറഞ്ഞതിന്റെ ഒരു ലക്ഷണമാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലുള്ള കുറവ് കാണിക്കുന്നത്. യാത്ര, ഭക്ഷണം, സാമൂഹിക ഇടപാടുകൾ എന്നിവയെയെല്ലാം പ്രതിസന്ധി ബാധിച്ചിരിക്കുന്നു.
ഭീതിജനകമായ ഈ പ്രതിസന്ധി കേരളത്തെ തളർത്തുമ്പോൾ, നമ്മുടെ ഭരണാധികാരികളും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികളും അത് ഉൾകൊണ്ടിട്ടുണ്ടോയെന്ന് സംശയമുണർത്തുന്ന തരത്തിലാണ് അവരുടെ പ്രവർത്തനങ്ങൾ. അടുത്ത തെരഞ്ഞെടുപ്പിൽ ഏവ്വിധവും പരമാവധി സീറ്റൊപ്പിക്കുക എന്നതിനപ്പുറം നാടിന്റെ ദുരിതാവസ്ഥ മറികടക്കുന്നതിനെപ്പറ്റി അവർ വ്യാകുലരാകുന്നില്ല. എന്ന് മാത്രമല്ല, ഈ പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്ന പ്രവർത്തികളാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാരന്റെ സാമ്പത്തികശേഷി വളർത്തുന്ന തരത്തിലുള്ള നയനടപടികൾ സ്വീകരിക്കുന്നതിന് പകരം അവനിൽ നിന്ന് പിച്ചക്കാശ് തട്ടിപ്പറിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സകലവിധ നികുതികളും യൂസർഫീകളും കൂട്ടണമെന്ന ബി.എ പ്രകാശ് കമ്മിറ്റി റിപ്പോർട്ട് അപ്പാടെ നടപ്പിലാക്കാനൊരുങ്ങുകയാണ് സർക്കാർ. സർക്കാരിന്റെ അധികാരവികേന്ദ്രീകരണനയം വഴി പാപ്പരായികൊണ്ടിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളെ രക്ഷപ്പെടുത്താനെന്ന പേരിൽ കെട്ടിട നികുതി, പ്രൊഫഷണൽ ടാക്‌സ് എന്നിവ ഉയർത്താനാരുങ്ങുകയാണ് സർക്കാർ. കേരളത്തിലെ പകുതിയോളം ജനങ്ങളെ റേഷൻ സംവിധാനത്തിൽനിന്നും പുറത്താക്കുകയും ചെയ്തിരിക്കുന്നു.
വ്യാപാരമാന്ദ്യത്താൽ തകർന്നടിയുന്ന വ്യാപാരസ്ഥാപനങ്ങളുടെമേൽ ഭീമമായ ലൈസൻസ് ഫീ ഏർപ്പെടുത്തുന്നു. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ബസ് ചാർജ്ജ് വർദ്ധനവും നടപ്പിലാക്കിക്കഴിഞ്ഞു. തൊഴിലും വരുമാനവും വർദ്ധിപ്പിക്കുന്ന ആത്മാർത്ഥമായ നടപടികളൊന്നും തന്നെയില്ലെന്ന് മാത്രമല്ല പുതിയ തസ്തികകളൊന്നും സൃഷ്ടിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. വലിയ കൊട്ടിഘോഷത്തോടെ അവതരിപ്പിക്കപ്പെടുന്ന ബഡ്ജറ്റുകൾക്ക് കടലാസുവില പോലുമില്ലാത്ത തരത്തിലാണ് ഓരോ വർഷവും സാമ്പത്തികപ്രവർത്തനങ്ങൾ കടന്നുപോവുന്നത്.

ക്ഷേമപ്രവർത്തനങ്ങൾ വൻതോതിൽ മന്ദീഭവിപ്പിച്ചുകൊണ്ട് പദ്ധതിച്ചെലവുകൾ കുറയ്ക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ സംസ്ഥാനവിഹിതം രക്ഷപ്പെടുത്താനായി ആ പദ്ധതികൾ ചുരുക്കുന്നു. പൊതുകടമാവട്ടെ, അന്തംവിട്ട രീതിയിലാണ് കുതിക്കുന്നത്. ഇപ്പോഴത് രണ്ടേകാൽ ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുന്നു. കിഫ്ബി വഴിയെടുത്ത കടവും കൂടിയാകുമ്പോൾ അത് മൂന്ന് ലക്ഷം കോടിയാണ്. ഇതിന്റെയെല്ലാം ബാദ്ധ്യത ഭാവികേരളത്തെ തുറിച്ചുനോക്കുന്നു. എല്ലാം ശരിയാകും എന്ന അങ്ങേയറ്റം കാപട്യം നിറഞ്ഞ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അധികാരത്തിലെത്തിയ സർക്കാരാണിവിടെ ഭരിക്കുന്നതെന്ന് ഓർക്കണം.
വായ്പാധിഷ്ഠിത സാമ്പത്തിക ക്രമത്തിന്റെ ഉപാസകരായ ഭരണക്കാർ നമ്മെ രക്ഷപ്പെടാനാവാത്ത കടക്കെണിയിൽപ്പെടുത്തുകയാണ്. ഭാഗ്യക്കുറി വിൽപ്പന, വിദേശമദ്യ വിൽപ്പന, പൊട്രോളിയം നികുതി തുടങ്ങിയ അധാർമ്മിക വരുമാനത്തെയും കടത്തെയുംവച്ചുകൊണ്ടുള്ള വികലമായ സാമ്പത്തിക മാനേജ്‌മെന്റാണ് മാറി മാറി വരുന്ന നമ്മുടെ സർക്കാരുകൾ നടത്തിവരുന്നത്. താഴേയ്ക്ക് മാത്രം കുതിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സാമ്പത്തികക്രമത്തിന്റെ ദയനീയ ചിത്രമാണ് ഇവയെല്ലാം കാട്ടിത്തരുന്നത്.
ഇടതുപക്ഷമുൾപ്പെടെയുള്ള ഭരണകക്ഷികൾ ജനങ്ങളുടെ മുന്നിൽ നിന്ന് ഈ പ്രതിസന്ധി മറച്ചുവെച്ചുകൊണ്ട് ‘കരകയറാൻ യാതൊരു നടപടികളുമില്ലാതെ’ പ്രതിസന്ധിയുടെ ഗതിവേഗം കൂട്ടുന്ന നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോൾ പോംവഴിയെന്താണ്? വിധിവിഹിതം എന്നുകരുതി അവയ്ക്ക് കിഴടങ്ങണമോ? അതോ യഥാർത്ഥ കാരണം ജീർണ്ണിച്ച മുതലാളിത്ത വ്യവസ്ഥിതിയാണെന്നതിനാൽ എത്രയും വേഗം ആ ചൂഷണവാഴ്ചയ്ക്ക് അറുതിവരുത്തുവാനുള്ള പോരാട്ടത്തിന്റെ പാത സ്വീകരിക്കണമോ? നമുക്ക് മുന്നിലുള്ള ചോദ്യമിതാണ്.

Share this post

scroll to top