വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റേത് -ഐഎന്‍പിഎ

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുക
വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റേത്
ഐഎന്‍പിഎ സെക്രട്ടേറിയറ്റ് മാര്‍ച്ച്

വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഐഎന്‍പിഎ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.’ഒരു ബിഷപ്പ് എന്ന നിലയിലല്ല രക്ഷാകര്‍ത്താവ് എന്ന നിലയിലാണ് ഞാന്‍ നിങ്ങളുടെ മുമ്പാകെ നില്‍ക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്ന നഴ്‌സുമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്, സര്‍ക്കാരിനുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനല്ല മറിച്ച് വന്‍കിട മൂലധനശക്തികളുടെ സംരക്ഷണത്തിനായാണ് സമയവും പണവും വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ സര്‍ക്കാര്‍, ബാര്‍ മുതലാളിമാരുടെയും പാറമട മുതലാളിമാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധാലുക്കളായിരിക്കുന്നത്. ഏറെ സ്വപ്നങ്ങളോടെ മക്കളെ പഠിപ്പിക്കാന്‍ തുനിഞ്ഞ മാതാപിതാക്കള്‍ ഇന്ന് വലിയ കടബാദ്ധ്യതക്കാരായി മാറിയിരിക്കുന്നു. വായ്പയെടുത്താലേ പഠിക്കാന്‍ സാധിക്കൂ എന്ന സ്ഥിതി സൃഷ്ടിച്ചത് മാറിമാറിവന്ന സര്‍ക്കാരുകളാണ്. ആത്മഹത്യ പരിഹാരമല്ല.’ അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയംവരെയും സമരപാതയിലുറച്ചുനില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി.വേണുഗോപാല്‍, ഫാ. എബ്രഹാം ജോസഫ്, ഡോ.കെ.ഹരിപ്രസാദ്, നന്ദനന്‍ വലിയപറമ്പില്‍, എം.വി.ചെറിയാന്‍, കെ.ജെ. ജോസഫ്, മിനി കെ.ഫിലിപ്പ്, എന്‍.ആര്‍. മോഹന്‍കുമാര്‍, കെ.ജെ.ഷീല, പ്രൊഫ.എന്‍.ജി.മേരി, എസ്.രാഘവന്‍, മേരി തോമസ്, എന്‍.വിനോദ്കുമാര്‍, മേരി എബ്രഹാം, ജി.ആര്‍.സുഭാഷ്, സി.കെ.ശിവദാസന്‍, ഇ.വി.പ്രകാശ്, കെ.ടി.ജോയ്, ഡി.ഹരികൃഷ്ണന്‍, സിസിലി ഏലിയാസ്, ബിനുബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടുംബങ്ങളെ കടക്കെണിയില്‍ നിന്നും രക്ഷിക്കുക, ഡോ.എസ്. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, എല്ലാമേഖലകളിലും പി.എസ്.സി. വഴിയുള്ള സ്ഥിരം നിയമനങ്ങള്‍ നടത്തുക, കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുക, സ്വകാര്യ മേഖലകളിലെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തി ഏകീകരിക്കുവാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎന്‍പിഎ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചു.

 

 

Share this