ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പായാൽ പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിൽ തകരും

Share

സംസ്ഥാനത്തെ സെക്കണ്ടറി-ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലകളെ സംയോജിപ്പിച്ച് ഒരു ഏകീകൃത ഭരണ സംവിധാനത്തിന്റെ കുടക്കീഴിൽ കൊണ്ടുവരാൻ സംസ്ഥാന എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ സൃഷ്ടിക്കാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ച് വിദ്യാഭ്യാസലോകം വേണ്ടത്ര ചർച്ച ചെയ്തിട്ടില്ല. ഇതിനകം മന്ത്രിസഭ അംഗീകരിച്ച, പരിഷ്‌കാരങ്ങൾ ലക്ഷ്യം വെയ്ക്കുന്ന ഡോ.എം.എ.ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ ഏകീകരണത്തിന്റെ പ്രശ്‌നങ്ങൾ അവലോകനം ചെയ്യപ്പെടണം. ഹയർസെക്കണ്ടറിയിലെ പാഠ്യപദ്ധതി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അനിവാര്യഭാഗമാകണമെന്ന നിർദ്ദേശമാണ് പരിഷ്‌കർത്താക്കൾ മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം, ഘടനാപരമായ ഉടച്ചുവാർക്കലുകളും ഖാദർ കമ്മീഷൻ ശുപാർശകളിൽ നിർബന്ധപൂർവ്വം എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.

10+2+3 പാറ്റേണിൽനിന്ന് പ്ലസ് ടു എടുത്തുമാറ്റപ്പെടുന്നത് ലളിതമായ ഒരു പരിഷ്‌കാരമല്ല. അക്കാദമിക തലത്തിലും വിദ്യാർത്ഥികളുടെ മനഃശാസ്ത്രതലത്തിലും നിരവധി പ്രശ്‌നസങ്കീർണ്ണതകൾക്ക് ആ നടപടി വഴിതുറന്നേക്കാം. കൗമാരം വിദ്യാഭ്യാസ കാലയളവിലെ വ്യത്യസ്തമായ ഒരു കാലമാണ്. ആ കാലഘട്ടത്തിലെ അദ്ധ്യാപനം വിദ്യാർത്ഥിയുടെ മാനസിക വളർച്ചയുടെ സവിശേഷതകൾ മനസ്സിലാക്കാതെ നടത്തിയാൽ പ്രശ്‌നം ഗുരുതരമാകും. വിദ്യാലയാന്തരീക്ഷം ചെറിയ കുട്ടികളുടെ നിലവാരത്തിൽ പോരാ, ഉയർന്ന അന്തരീക്ഷം വേണമെന്ന് കോത്താരി കമ്മീഷൻ ചൂണ്ടിക്കാണിച്ചത് അതുകൊണ്ടാണ്. ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് പ്ലസ് ടു ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ കഴിയില്ലല്ലോ. ഹയർസെക്കന്ററിയെ നിലവിലുള്ള സ്‌കൂളുകളുമായി ലയിപ്പിച്ചാൽ വിനാശകരമായിരിക്കും ഫലമെന്നാണ് അവയിൽ നിന്ന് മനസ്സിലാക്കാവുന്നത്.
പ്ലസ്ടു ഘട്ടം അനിവാര്യമായും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലായെന്നുള്ളത് തന്നെയാണ് ആദ്യം പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വശം. അക്കാദമികമായി, വിദ്യാർത്ഥികളുടെ കൗമാരഘട്ട വിദ്യാഭ്യാസമെന്ന നിലയ്ക്ക് ഉയർന്ന തട്ടിലുള്ള സിലബസ്സും കരിക്കുലവും അധ്യാപനവും അന്തരീക്ഷവും നിർബന്ധമായും പ്രദാനം ചെയ്യപ്പെടേണ്ട സ്ഥലത്താണ്, മനഃപൂർവ്വം തരം താഴ്ത്തൽ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്.
പരിഷ്‌കാരം അക്കാദമികമായി വിനാശകരമായിരിക്കുമെങ്കിൽ സർക്കാർ നിർബന്ധബുദ്ധിയോടെ പെരുമാറുന്നതെന്തിന്? ഹയർസെക്കന്ററിയെ ഇല്ലാതാക്കാനുള്ള വ്യക്തമായ പദ്ധതി മുന്നോട്ടുവയ്ക്കുന്ന അധികാരികളുടെ അജണ്ടകളെന്താണ്? ലയനം എന്ന പ്രത്യേക നിർദ്ദേശം മുന്നോട്ടുവയ്ക്കുന്ന ഡോ.എം.എ.ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെന്ത്? പൊതുവിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ പരിഷ്‌കാരങ്ങളിൽ ഊന്നുന്ന നിർദ്ദേശങ്ങൾ കെട്ടിയേൽപ്പിക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ പുറകിലുള്ള താൽപ്പര്യങ്ങൾ സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്നറിയാൻ വിശദമായ പഠനം ആവശ്യമാണ്.

ലയനം അക്കാദമിക അജണ്ടയല്ല

സെക്കണ്ടറി തലത്തിൽ ലോകബാങ്ക് ഇതിനകം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആർഎംഎസ്എ പദ്ധതിയിൽ ഹയർസെക്കണ്ടറി വരുന്നില്ല. 9, 10 ക്ലാസുകളാണ് സെക്കണ്ടറി ഘട്ടം. ആ ഘട്ടത്തെ 11, 12 ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കുമ്പോൾ ഹയർ സെക്കണ്ടറി ഇല്ലാതാകും. സെക്കണ്ടറിയിലെ പരിഷ്‌ക്കാരങ്ങൾക്കായി ലോകബാങ്ക് നീക്കിവച്ചിരിക്കുന്ന ഫണ്ട് ഉപയോഗിക്കാൻ അതുവഴി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് വഴിയൊരുങ്ങും. അതോടൊപ്പം, സെക്കണ്ടറി വരെ ഇതിനകം പിന്തുടർന്നു വരുന്ന സിലബസ്സും കരിക്കുലവും ഹയർസെക്കണ്ടറിയിലേക്ക് വ്യാപിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന് കഴിയും. അതിന് കളമൊരുക്കുകയാണ് പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പൊളിച്ചെഴുത്ത് സംഘം. കെഎസ്ടിഎ എന്ന അധ്യാപക സംഘടന പരസ്യമായി ഈ തകർക്കൽ സംരംഭത്തിന് കൂട്ടു നിൽക്കുകയും ചെയ്യുന്നു.
ഹയർസെക്കണ്ടറിയിൽ സാപേക്ഷികമായി നിലവിലുള്ള എല്ലാ നേട്ടങ്ങളെയും ഒറ്റയടിക്ക് ബലികഴിക്കുന്നത് പ്രതീക്ഷിക്കാനാവാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേയ്ക്കാം. എലിമെന്ററി വിദ്യാഭ്യാസം 8-ാം ക്ലാസ്സിൽ അവസാനിപ്പിക്കുന്ന തരത്തിലാണല്ലോ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനുശേഷമുള്ള വിദ്യാഭ്യാസത്തിന് സർക്കാർവക ഒരു ധനസഹായവും പ്രതീക്ഷിക്കാൻ പറ്റാത്ത വിധത്തിൽ, വികേന്ദ്രീകൃതമായ നടത്തിപ്പ് സംവിധാനങ്ങൾ കൊണ്ടുവരണമെന്നാണല്ലോ ഡിപിഇപിയുടെ കാലം മുതൽ പരിഷ്‌ക്കാരി സംഘം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന് അവർക്ക് ആദ്യംവേണ്ടത് ഹയർസെക്കണ്ടറി എന്ന സ്വതന്ത്ര വിദ്യാഭ്യാസ മേഖലയെ മെരുക്കുകയാണ്. വിദ്യാഭ്യാസ നടത്തിപ്പു ചുമതലകൾ എല്ലാംതന്നെ ത്രിതല പഞ്ചായത്തുക്കൾക്ക് കൈമാറുന്നതോടെ, സർക്കാർ ഉത്തരവാദിത്തങ്ങൾ കുറഞ്ഞ് കുറഞ്ഞ് വരും. പാഠ്യപദ്ധതി രൂപവൽക്കരണം ഉൾപ്പെടെയുള്ളത് വികേന്ദ്രീകൃത പഞ്ചായത്തു സമിതികൾക്ക് നൽകുന്ന സങ്കൽപ്പമാണല്ലോ 2007-ലെ കെസിഎഫ്(കേരള കരിക്കുലം ഫ്രെയിംവർക്ക്) മുന്നോട്ട് വച്ചത്. യഥാർത്ഥത്തിൽ, അതിലെ നിർദ്ദേശങ്ങളാണ് കെഎസ്ടിഎ കുറെ നാളുകളായി പ്രചരിപ്പിക്കുന്നത്. അതിലെ ഒട്ടുമിക്ക നിർദ്ദേശങ്ങളും ഖാദർ കമ്മീഷൻ ശുപാർശകളായി വന്നിരിക്കുന്നു.

വിനാശകരമായ വികേന്ദ്രീകരണം

ഹയർസെക്കണ്ടറിയെ തരംതാഴ്ത്തുക മാത്രമല്ല, അതിലൂടെ പൊതുവിദ്യാഭ്യാസ നിലവാരം ഉയരാനുള്ള വാതിലുകൾ കൂടി അവർ അടച്ചു കളയുന്നു. എന്നുമാത്രമല്ല, കേരളം തള്ളിക്കളഞ്ഞ പഴയ പഞ്ചായത്ത് വിദ്യാഭ്യാസത്തിന്റെ പ്രേതം ഖാദർ കമ്മീഷൻ ശുപാർശകളിലൂടെ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. കേന്ദ്രീകൃതമായ വിദ്യാഭ്യാസ ഘടനാസംവിധാനങ്ങളെ പൊളിച്ചടുക്കാനുള്ള നീക്കമാണിത്. ഡിഇഒ, എഇഒ തുടങ്ങിയ ഭരണ നിർവ്വഹണ സമിതികൾ വേണ്ടായെന്ന് തീരുമാനിക്കുന്നത്, ഭാവിയിൽ വികേന്ദ്രീകൃത സമിതികളിലൂടെ നടത്തിപ്പ് നീക്കാനാണ്. റവന്യു ജില്ലാതലത്തിൽ വരുന്ന ഡയറക്ടർ ഓഫ് സ്‌കൂൾ എജ്യൂക്കേഷനായിരിക്കും പ്രധാന വിദ്യാഭ്യാസ ഓഫീസ് എന്ന് വ്യക്തമായി പറയാനുള്ള കാരണമതാണ്. ഡി.പി.ഐയുടെ ചുമതലകൾ വികേന്ദ്രീകരിക്കപ്പെടും. പഞ്ചായത്തുതലത്തിലോ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിലോ ആയിരിക്കും ചുമതലകൾ. അതിനർത്ഥം, കെസിഎഫ് പണ്ട് വിശദീകരിച്ചതുപോലെ എല്ലാ കാര്യങ്ങളും -അധ്യാപക നിയമനവും ശമ്പളവുമുൾപ്പെടെയുള്ള കാര്യങ്ങൾ- ക്രമേണ വികേന്ദ്രീകരിക്കപ്പെടുമെന്നുതന്നെയാണ്.

ലോകബാങ്ക്, ഡിപിഇപിയുടെയും എസ്എസ്എയുടെയും നിർവ്വഹണവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ (Improving Primary Education in Developing Countries Page 11) തന്നെ ആവശ്യപ്പെട്ടത് താഴെ പറയുന്നു: ”അധ്യാപകരുടെ ശമ്പള ഷെഡ്യൂളുകൾ സിവിൽ സർവ്വീസിലെ ഏകാത്മക സ്‌കെയിലിൽ നിന്നും വേർപെടുത്തണം, അത് സാധിക്കാത്ത രാജ്യങ്ങൾ, താങ്ങാവുന്ന ചെലവിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കണം.” അപ്പോൾ, ത്രിതല സമിതികൾക്ക് ചുമതലകൾ കൈമാറുന്നുവെന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ലേ?
രണ്ടാമത്, അതുപ്രകാരം തന്നെ സ്ഥിരം അദ്ധ്യാപകർ എന്ന കാഴ്ചപ്പാട് മാറുകയും ഏകാദ്ധ്യാപക വിദ്യാലയങ്ങൾ വ്യാപകമാവുകയും ചെയ്യുന്നു. കരാർ അദ്ധ്യാപകരെ ദിവസക്കൂലിക്കാരായി നിയമിക്കുന്ന ഏർപ്പാടുകൾ കൂടിക്കൂടി വരുന്നതും ദുഃസൂചനയാണ്. പഠനസമ്പ്രദായങ്ങളിലെ വൈകല്യത്തോടും പാഠ്യപദ്ധതിയിലെ പോരായ്മകളോടും ഒപ്പം ഇംഗ്ലീഷ് ബോധനമാദ്ധ്യമം അല്ലാതാവുകയും കൂടി ചെയ്യുന്നതോടെ ഹയർസെക്കണ്ടറി മേഖലയിൽ സങ്കീർണ്ണമായ സ്തംഭനം ഉടലെടുക്കും. പ്ലസ്ടു വരെയുള്ള പൊതുവിദ്യാഭ്യാസരംഗം ഒരു കുടക്കീഴിൽ ഒറ്റയടിക്ക് തകരും. പകരം സ്വകാര്യ വിദ്യാലയങ്ങളും അവരുടെ വിദ്യാഭ്യാസവും വേരുപിടിക്കും. ചിലിയിൽ വികേന്ദ്രീകരണം നടപ്പായതിന്റെ ദുരന്തഫലം അതായിരുന്നു.

വികേന്ദ്രീകരണം തകർത്തുകളഞ്ഞ പൊതു വിദ്യാഭ്യാസം: ചിലി ഉദാഹരണം

1980-ലാണ് വികേന്ദ്രീകൃത വിദ്യാഭ്യാസ നയം ചിലിയിൽ നടപ്പാക്കുന്നത്. അതോടെ വിദ്യാഭ്യാസ നടത്തിപ്പിന്റെ ചുമതലകൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നിന്നും മുൻസിപ്പാലിറ്റികളെ ഏൽപ്പിച്ചു. തുടക്കത്തിൽ സർക്കാർ അവയ്ക്ക് ഗ്രാന്റ് കൊടുത്തു. സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി സ്‌കൂൾ നടത്തണമെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതോടെ, പ്രശ്‌നങ്ങൾ ആരംഭിച്ചു. ചില പ്രാദേശിക സ്‌കൂളുകൾക്ക് കുട്ടികളെ ചേർക്കാനായില്ല. അവയ്ക്ക് സർക്കാർ നൽകിക്കൊണ്ടിരുന്ന ഗ്രാന്റ് പിൻവലിച്ചതോടെ ആ സ്‌കൂളുകൾ പൂട്ടാൻ നിർബന്ധിതമായി. അതിന്റെ സ്ഥാനത്ത് സ്വകാര്യ വിദ്യാലയങ്ങൾ വളരാൻ തുടങ്ങി. ഉയർന്ന ഫീസ് വാങ്ങി സ്വകാര്യ വിദ്യാലയങ്ങൾ തഴച്ചു വളർന്നു. പൊതുവിദ്യാഭ്യാസ മേഖല തകർന്നു. ഒടുവിൽ, പൊതുവിദ്യാഭ്യാസ രംഗം നാമാവശേഷമായി.
യഥാർത്ഥത്തിൽ, ചിലിയൻ മാതൃകയാണ് ലോകബാങ്ക് പിൽക്കാലത്ത് ഏറ്റെടുത്തത്. ഡിപിഇപി കേരളത്തിലും പിന്നീട് ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും കടന്നുവന്നത് ചിലി ആവർത്തിക്കാനാണ്. കേരളത്തിലായിരിക്കും ഒരുപക്ഷേ അതേറ്റവും ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാവുക. ഇവിടെയാണല്ലോ സുശക്തമായ പൊതുവിദ്യാഭ്യാസ അടിത്തറ നിലവിലുള്ളത്.

പൊതുവിദ്യാലയങ്ങളുടെ സ്ഥാനത്ത് കമ്മ്യൂണിറ്റി വിദ്യാലയങ്ങൾ വരും

ഡിപിഇപിയുടെ തുടർച്ചയായിട്ടാണ് സർവശിക്ഷാഅഭിയാൻ വന്നത്. (World Bank Report No. 27703 – in March 23, 2004) എല്ലാക്ലാസിലേയ്ക്കുമതിന്റെ പഠന ഉള്ളടക്കം വ്യാപിക്കുകയുണ്ടായി. എസ്എസ്എയും പ്രാഥമിക വിദ്യാഭ്യാസ പരിപാടിയാണെങ്കിലും ഔദ്യോഗികമായി എട്ടാംക്ലാസുവരെയാണ്. അങ്ങനെയത് ഹൈസ്‌കൂളിലേയ്ക്ക് കടന്നു. പക്ഷേ പാഠ്യപദ്ധതി പരിഷ്‌ക്കരണം എട്ടാംക്ലാസ്സിൽ അവസാനിച്ചില്ല. തുടർച്ചയായി ഒമ്പതാംക്ലാസ്സിലേയ്ക്കും പത്താംക്ലാസ്സിലേയ്ക്കുമത് നീണ്ടു. ഇപ്പോഴത് ഹയർസെക്കണ്ടറിയിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. അങ്ങനെയാണ് മൈനസ് ടു മുതൽ പ്ലസ്ടുവരെയുള്ള പദ്ധതിയായി അത് മാറിയത്. മറ്റ് പല സംസ്ഥാനങ്ങളിലും എട്ടാംക്ലാസ്സുകൊണ്ടുതന്നെ വിദ്യാഭ്യാസരംഗത്തുനിന്ന് നല്ലൊരുശതമാനത്തെയും പിരിച്ചുവിടാൻ എസ്എസ്എയ്ക്ക് കഴിയും.
കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. എസ്എസ്എൽസിയും പ്ലസ്ടുവും കടക്കാതെ നല്ലൊരുശതമാനം വിദ്യാർത്ഥികൾ പിന്തിരിയില്ല. നമ്മുടെ പാരമ്പര്യമതാണ്. ഇതു മനസ്സിലാക്കിയ ലോകബാങ്ക് അതനുസരിച്ച് സംവിധാനങ്ങൾ ഒരുക്കാൻ മൗനാനുവാദം കൊടുത്തു. രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ പാഠ്യപദ്ധതിയുടെ വക്താക്കൾ (പരിഷത്ത് നേതാക്കൾ, കെഎസ്ടിഎ നേതാക്കൾ, കേരള സർക്കാർ, ഡിപിഇപി കരാറിൻപ്രകാരം നിലവിൽവന്ന സമാന്തരഭരണ സംവിധാനങ്ങൾ, എസ്എസ്എ ഉദ്യോഗസ്ഥർ) ഒത്തൊരുമയോടെ പണിയെടുത്തു. അങ്ങനെയാണ് കേന്ദ്രഗവൺമെന്റ് 2010-ൽ അപ്പർപ്രൈമറിയിൽ എത്തിയ്ക്കാൻ ലക്ഷ്യമിട്ട പദ്ധതി കേരളത്തിൽ 2002-ൽ തന്നെ ആ ഘട്ടം മറികടന്നത്. അത്രയും വേഗതയായിരുന്നു. 2004-ൽ പത്താംക്ലാസ്സിലും 2005-2006 വർഷങ്ങളിൽ ഹയർസെക്കണ്ടറിയിലും പാഠ്യപദ്ധതിയെത്തിയത് അസ്ത്രവേഗതയിലായിരുന്നു. ആയതിനാൽ സർവശിക്ഷാഅഭിയാന്റെ കേരളത്തിലെ ദൗത്യം ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിമാറിക്കഴിഞ്ഞിരുന്നു. (SSA Annual Report 2005-2006) നിലവാരം ഉയർത്തുന്നതിന് എസ്എസ്എ നിരവധി തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകബാങ്കുമായി ഇന്ത്യാസർക്കാർ ഉണ്ടാക്കിയ കരാർ അനുസരിച്ച് ഡിപിഇപിയുടെ അനുഭവസമ്പത്തിന്റെയും സംവിധാനങ്ങളുടെയും മേലാകണം തുടർപരിഷ്‌കാരങ്ങൾ എന്ന് പ്രത്യേകം പറഞ്ഞിരുന്നു.
പതിനൊന്നാം പദ്ധതിയോടെ സ്‌കൂൾ, കമ്മ്യൂണിറ്റി ഉടമസ്ഥതയിലേക്കു മാറണം എന്ന വ്യവസ്ഥ വന്നു. അദ്ധ്യാപകനിയമനം, ശമ്പളം, സ്‌കൂൾ നടത്തിപ്പ് മുതലായവയുടെയെല്ലാം ഉത്തരവാദിത്തം ഇതിനായി രൂപവൽക്കരിച്ച സമിതികൾക്ക് നൽകി. 2010-നുള്ളിൽ ഭരണപരമായും സാമ്പത്തികമായും വിദ്യാഭ്യാസത്തെ സർക്കാരിന്റെ ചുമതലയിൽനിന്നും മാറ്റുന്ന പരിവർത്തനഘട്ടത്തിന്റെ നടത്തിപ്പും ഡിപിഇപി ആവിഷ്‌ക്കരിച്ച പുതിയപാഠ്യപദ്ധതിയുടെ ഉറപ്പായ നിർവ്വഹണവും എസ്എസ്എയുടെ കർമ്മപരിപാടിയായിരുന്നു.

ഏകീകരണത്തിന് കാരണം എസ്എസ്എ-ആർഎംഎസ്എ ലയനം
എസ്എസ്എയുടെ ദേശീയ മോണിറ്ററിംഗ് സെൽ പദ്ധതിനടപ്പാക്കാൻ വിവിധ സംസ്ഥാന വിദ്യാഭ്യാസവകുപ്പുകളെ ഉപയോഗിക്കുകയോ സമാന്തര സംവിധാനങ്ങൾ സംഘടിപ്പിക്കുകയോ ആണ് ചെയ്യുന്നത്. വികേന്ദ്രീകൃതമായ ആസൂത്രണവും മാനേജ്‌മെന്റുമായിരുന്ന എസ്എസ്എയുടെ പ്രത്യേകത. കരിക്കുലം പൊളിച്ചെഴുത്ത്, പരീക്ഷാപരിഷ്‌ക്കാരം, ഗ്രേഡിംഗ് സമ്പ്രദായം ഇവയെല്ലാം അതിന്റെ ഭാഗമായിട്ടാണ് കൊണ്ടുവന്നതെന്നും റിപ്പോർട്ടിലുണ്ട് (പേജ്-8, വാർഷിക റിപ്പോർട്ട്) എസ്ആർജി, ഡിആർജി, ബിആർജി എന്നിവയ്ക്കാണ് ഗുണനിലവാരം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലമോണിറ്ററിംഗ് സമിതികളും കേരളത്തിൽ നേരത്തേ ഡിപിഇപി കരാറിൻ പ്രകാരം നിലവിൽ വന്നതിനാൽ, ആ സംവിധാനങ്ങളിലൂടെയെല്ലാം താഴെത്തട്ടിൽ കാര്യങ്ങൾ നടപ്പിലാക്കിയെടുക്കാൻ സർവശിക്ഷാ അഭിയാന് കഴിഞ്ഞു.
പദ്ധതികൾ പരസ്പരം ലയിച്ച് സമഗ്രശിക്ഷാ അഭിയാൻ ആയി മാറിയപ്പോഴും നടത്തിപ്പ് കേന്ദ്രങ്ങളിൽ മാറ്റമൊന്നുമുണ്ടായില്ല. എസ്‌സിഇആർടി നേരത്തേതന്നെ പുതിയപാഠ്യപദ്ധതിയുടെ വക്താക്കൾ പിടിച്ചടക്കിയിരുന്നു. എങ്കിലും ഒരു സമാന്തരസംവിധാനമെന്ന നിലയിൽ സീമാറ്റ് (State Institute of Ed-ucational Management and Training)ഷ്‌കാരമായ ആർഎംഎസ്എ(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ)യും ആരംഭിച്ചു.
എസ്‌സിഇആർടി, ഡിപിഐ തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ മുഴുവൻ നടത്തിപ്പുകാരാക്കിമാറ്റാൻ ഈ പദ്ധതിയുടെ വക്താക്കൾക്ക് കഴിഞ്ഞു. അതിനുവേണ്ടി കോടികൾ മുടക്കേണ്ടിവന്നു പരിഷ്‌കാരം നയിച്ചവർക്ക്. പത്തുവർഷത്തെ എസ്എസ്എ പദ്ധതിക്കുവേണ്ടി ഏകദേശം 1950 കോടിരൂപയുടെ പരിപ്രേക്ഷ്യ പദ്ധതിപ്രകാരം (The perspective plan) അപ്രൂവൽബോർഡ് 490 കോടിരൂപയാണ് അനുവദിച്ച് നൽകിയത്. അവർക്ക് പണം മതി. ലോകബാങ്കിന് വേണ്ടത് വിദ്യാഭ്യാസമെന്ന സർവ്വീസ്‌മേഖല ഇനിയുണ്ടാവരുത് എന്നുമാത്രം.

പതിനൊന്നാം പദ്ധതിയോടെ സ്‌കൂൾ വിദ്യാഭ്യാസം കമ്മ്യൂണിറ്റി ഉടമസ്ഥതയിലേയ്ക്ക് മാറണമെന്ന് എസ്എസ്എ കരാറിൻപ്രകാരം (SSA-frame work for implementa-\tion)ന്ദ്രീകരിച്ച് ജനങ്ങളെ ഉടമസ്ഥന്മാരാക്കിമാറ്റുന്ന ‘വിപ്ലവ’മാണ് ലോകബാങ്ക് നടത്തിക്കൊണ്ടിരിക്കുന്നത്! അവർ ലക്ഷ്യത്തോട് അടുത്തുകഴിഞ്ഞു. എസ്എസ്എയുടെ ഫണ്ടും പദ്ധതിയും അവസാനിപ്പിക്കുന്ന ഘട്ടത്തിൽ, ആർഎംഎസ്എയും എസ്എസ്എയും തമ്മിൽ ലയിപ്പിക്കാനുള്ള നീക്കം പാഠ്യപദ്ധതി പരിഷ്‌കർത്താക്കൾ നടത്തിയത് പ്ലസ് ടു ഘട്ടത്തെ സെക്കണ്ടറി പദ്ധതിയിൽപ്പെടുത്തി തരംതാഴ്ത്താൻ വേണ്ടിത്തന്നെയാണെന്ന് ഇപ്പോൾ വ്യക്തമാണ്.
കരാർ പ്രകാരം, കേരളത്തിൽ പദ്ധതി നടപ്പാക്കാൻ പണം വാങ്ങിയവർ ബാധ്യസ്ഥരാണ്. അതുകൊണ്ടാണവർ വികേന്ദ്രീകൃത വിദ്യാഭ്യാസ ഘടന പൊതുവിദ്യാലയ നടത്തിപ്പിന്റെ ഭാഗമായി അടിച്ചേൽപ്പിക്കുന്നത്. ഖാദർ കമ്മീഷൻ ശുപാർശകളുടെ ഊന്നൽ ഘടനാപരമായ പൊളിച്ചെഴുത്തുകളിലായതിനും മറ്റൊന്നല്ല കാരണം. ആയതിനാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണം യാഥാർത്ഥ്യമാകണമെങ്കിൽ ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാകാൻ പാടില്ല. പൊതുവിദ്യാലയവും കമ്മ്യൂണിറ്റി വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എത്ര വലുതാണെന്നും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുന്നു

ഹയർസെക്കണ്ടറിയെ തകർക്കുന്ന വിനാശകരമായ പരിഷ്‌ക്കാരം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ഈ അധ്യയനവർഷം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂൾ വിദ്യാഭ്യാസ പ്രശ്‌നമായി ഇതിനകം സ്‌കൂൾ ഏകീകരണം വളർന്നുകഴിഞ്ഞു. റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സർക്കാർ ഇനിയും പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളൂ. അതിന് മുമ്പ് തന്നെ, മെയ് 30ന് റിപ്പോർട്ട് നടപ്പാക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. വിദ്യാർത്ഥിസംഘടനകളുടെ യോഗവും തീരുമാനം അറിയിക്കാൻ വേണ്ടി മാത്രമാണ് മന്ത്രി വിളിച്ചുചേർത്തത്. ആ യോഗങ്ങളിൽ അതിശക്തമായ പ്രതിഷേധം ഉണ്ടായി. എന്നിട്ടും, സർക്കാർവിലാസം ഉദ്യോഗസ്ഥരും മന്ത്രിമാരും പരിഷ്‌കാരവുമായി മുന്നോട്ട് പോകുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച് നീങ്ങുകയാണ്. സമഗ്രമായ പൊളിച്ചെഴുത്ത് അജണ്ടയാണ് യഥാർത്ഥത്തിൽ ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കാൻ പൊതുവിദ്യാഭ്യാസ സ്‌നേഹികൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Share this post

scroll to top