കർഷക ആത്മഹത്യ: കൊലക്കുറ്റത്തിന് കേസെടുക്കുക കർഷക പ്രതിരോധ സമിതി

Share

ജപ്തി നോട്ടീസ് അയച്ച് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് സർക്കാരിനോട് കേരള സംസ്ഥാന കർഷക പ്രതിരോധ സമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലും ഇതര ജില്ലകളിലും വർദ്ധിച്ചു വരുന്ന കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ മാർച്ച് 2ന് എറണാകുളത്ത് അയ്യപ്പൻകാവ് സെന്ററിൽ നടന്ന സമിതി യോഗമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഭരണ-പ്രതിപക്ഷ മുന്നണികളുടെ പ്രഖ്യാപനങ്ങൾക്കിടയിലും നമ്മുടെ നാട്ടിൽ കർഷക ആത്മഹത്യകൾ തുടർക്കഥകളാകുകയാണ്. മാറി മാറി വന്ന സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളാണ്, കർഷകർക്ക് ഈ ദുർവിധി സമ്മാനിച്ചത്. നമ്മുടെ രാജ്യത്തെ ജനസംഖ്യയിൽ 70 ശതമാനത്തിൽ അധികം വരുന്ന കർഷകരുടെ ഉൾപ്പെടെ അധ്വാനംകൊണ്ട് പടുത്തുയർത്തപ്പെട്ട പൊതുമേഖല ബാങ്കുകളിലെ പണം മുഴുവൻ കോർപ്പറേറ്റുകൾക്ക് വായ്പ നൽകിയിട്ട് തിരിച്ചുപിടിക്കാതെ എഴുതി തള്ളുന്നു. പാവപ്പെട്ട കർഷകരുടെ ചെറിയ വായ്പകൾക്ക് കൊള്ളപ്പലിശ ഈടാക്കുന്നു. തിരിച്ചടക്കാൻ കഴിയാത്തവരെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്കുതള്ളി വിടുന്ന പ്രവണത ഏറിവരുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് ജോർജ് മാത്യൂ കൊടുമൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ.വിനോദ് കുമാർ, പി.സി.ജോളി, സണ്ണി ചെറിയാൻ, വി.കെ.സദാനന്ദൻ, മാത്യൂ തോമസ്, എസ്.രാജീവൻ, ബി.ഇമാമുദ്ദീൻ, പി.എം. ദിനേശൻ, ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ സംസാരിച്ചു. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് സംസ്ഥാന തലത്തിൽ സമരം ശക്തിപ്പെടുത്തുവാനും മാർച്ച് 8ന് തൊടുപുഴയിൽ കർഷക സംഗമം നടത്തുവാനും യോഗം തീരുമാനിച്ചു.

Share this post

scroll to top