കാശ്മീർ: പ്രശ്‌നവും പരിഹാരവും

jk.jpg
Share

കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം വകുപ്പും സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ വകുപ്പും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റ് 5ന് ആയിരുന്നു. ഈ നടപടി രാജ്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഒരഭിമുഖത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. സംഘപരിവാർ ശക്തികൾ ഊറ്റംകൊള്ളുന്നതാകട്ടെ,’ഒരു രാഷ്ട്രം ഒരു ഭരണഘടന ഒരു പതാക എന്ന ലക്ഷ്യത്തിലേക്ക് നാം കുതിക്കുകയാണെന്നാണ്. കുടുംബവാഴ്ചക്കാരും അഴിമതിക്കാരും വികസനം തടഞ്ഞവരുമായ രാഷ്ട്രീയക്കാരിൽ നിന്നും കാശ്മീരിനെ മോചിപ്പിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും ഇനി കാശ്മീരിൽ വികസനത്തിന്റെ ദിനങ്ങളായിരിക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വക്താക്കൾ പ്രചരിപ്പിക്കുന്നത്.

രാജ്യത്തെ ശക്തിപ്പെടുത്തുമോ കാശ്മീരിനു വികസനം സാധ്യമാക്കുമോ എന്ന വിഷയങ്ങളിലേക്ക് കടക്കുന്നതിനുമുമ്പുതന്നെ ഈ ഉത്തരവ് രൂപപ്പെട്ടതിന്റെയും നടപ്പാക്കിയതിന്റെയും രീതിയിൽത്തന്നെ അന്തർഭവിക്കുന്ന ഗുരുതരമായ ജനാധിപത്യവിരുദ്ധത പ്രഥമമായി പരിശോധിക്കേണ്ടതുണ്ട്. പ്രസ്തുത പരിശോധന ഈ നടപടിയുടെ ലക്ഷ്യത്തെത്തന്നെ വ്യക്തമാക്കുകയും ചെയ്യും.

ആർക്കുവേണ്ടിയാണോ ഈ വികസനം കൊണ്ടുവരുന്നത് അവരിലൊരാളോടുപോലും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ മുതിർന്നില്ല. ഏത് ജനതയുടെ നിലനിൽപ്പിനെയും ഭാവി ഭാഗധേയത്തെയും സംബന്ധിക്കുന്നതാണോ ആ ജനവിഭാഗത്തിന്റെ അനുമതി തേടാതെ, എന്തിന് ഒരഭിപ്രായം പോലും ചോദിക്കാതെ 370ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് തികഞ്ഞ അധികാരദുർവിനിയോഗത്തിന് നേതൃത്വം നൽകിയവരാണ് അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരെ പ്രസംഗിക്കുന്നത്. വലിയ നേട്ടം കാശ്മീരിനുണ്ടാകുമെന്ന് അവകാശപ്പെടുമ്പോൾ ആ നേട്ടത്തിന്റെ നേരവകാശികളാകേണ്ടവർക്ക് ഈ നടപടി ഒരു നേട്ടവും സൃഷ്ടിക്കില്ല എന്നാണ് അഭിപ്രായമെങ്കിൽ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും വലിയ വർത്തമാനങ്ങൾക്ക് ഒരർത്ഥവുമില്ല. ജനേച്ഛയെയും ജനാഭിപ്രായത്തെയും കേന്ദ്രബിന്ദുവായി കാണാതെയുള്ള തീരുമാനം എങ്ങനെയാണ് ജനങ്ങളുടെ പുരോഗതിയുടെ മാർഗ്ഗമാവുക. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും ഒന്നടങ്കം ജനങ്ങളെ പ്രക്രിയയ്ക്കു പുറത്തു നിർത്തിയും എങ്ങനെയാണ് വികസനം സാധ്യമാക്കുക. അപ്പോൾ സർക്കാർ വിശദീകരിക്കുന്ന വികസനം ഏകപക്ഷീയവും അടിച്ചേൽപ്പിക്കപ്പെടുന്നതുമായിരിക്കുമെന്ന് ഉറപ്പിക്കാം. പ്രസ്തുത വികസനത്തിന്റെ വഴി എന്തെന്ന് ഇതിനോടകം അംബാനി പോലുള്ള വൻകിട കുത്തകകളുടെ വാക്കുകളിലൂടെ പുറത്തുവന്നുകഴിഞ്ഞു. അംബാനിക്കും കൂട്ടർക്കും വഴിയൊരുക്കാൻ കൂടിയുള്ളതാണ് പ്രത്യേക പദവി റദ്ദാക്കലെന്ന് അവരുടെ പ്രതികരണങ്ങളിൽനിന്ന് നമുക്ക് മനസ്സിലാക്കാം. ഈ കോർപ്പറേറ്റ് സംഘം രാജ്യത്തിന്റെ കാശ്മീരൊഴികെയുള്ള ഭാഗങ്ങളിൽ നടത്തിയിട്ടുള്ള നിക്ഷേപവും ചൂഷണവും രാജ്യമെമ്പാടും സൃഷ്ടിക്കുന്ന ദുരന്തമെന്തെന്ന് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് കാശ്മീരിലെ ജനങ്ങളെയും കാത്തിരിക്കുന്നത്.

കാരാഗൃഹമായി മാറിയ  കാശ്മീർ

നിർഭയമായി അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയാൽ കാശ്മീർ ജനതയുടെ ബഹുഭൂരിപക്ഷവും പ്രത്യേക പദവി റദ്ദാക്കലിനെ നിരാകരിക്കുമെന്നു മാത്രമല്ല, അണപൊട്ടിയ പ്രതിഷേധവുമായി അവർ തെരുവിൽ വരുമെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് കേന്ദ്ര ഭരണകൂടം, കർശനമായ കർഫ്യു വഴി കാശ്മീരിനെ ഒന്നാകെ ഒരു കാരാഗൃഹമാക്കി മാറ്റിയത്. 370-ാം വകുപ്പ് റദ്ദാക്കൽ നടപടിക്ക് മുന്നോടിയായി ആഗസ്റ്റ് 4 മുതൽ കാശ്മീരിലെ വാർത്താ വിനിമയ ബന്ധങ്ങൾ മുഴുവൻ വിച്ഛേദിച്ചു. ടെലഫോൺ എക്‌സചേഞ്ചുകൾ മുഴുവൻ പ്രവർത്തനരഹിതമാക്കിക്കൊണ്ട് ലാന്റ് ഫോണുകൾ നിശ്ചലമാക്കി. മൊബൈൽഫോൺ സേവനവും ഇന്റർനെറ്റും റദ്ദാക്കി. ടെലിവിഷൻ ചാനൽ ശൃംഖലകളും പത്രമാധ്യങ്ങളും പൂട്ടി. കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെ മുഴുവൻ വീട്ടുതടങ്കലിലാക്കി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാക്കൾക്ക് കാശ്മീർ സ്ഥിതിഗതികൾ നേരിൽക്കണ്ട് മനസ്സിലാക്കാനുള്ള അവസരം നിഷേധിച്ചു. വിമാനത്താവളത്തിൽനിന്നുതന്നെ അവരെ മടക്കി അയച്ചു. ലോകത്തെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട പ്രദേശമായി കാശ്മീർ മാറി. ഇപ്പോൾ ഏതാണ്ട് ഒരു മാസം പിന്നിടുമ്പോഴും ഈ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ലാന്റ് ഫോണുകൾ പ്രവർത്തിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി വന്നിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌കൂളുകൾ തുറന്നെങ്കിലും വിദ്യാർത്ഥികൾ എത്തിച്ചേരാത്തതിനാൽ അവ പ്രവർത്തിക്കുന്നില്ല. റോഡ് ഗതാഗതം പൂർണ്ണമായി സ്തംഭിച്ച ഒരു പ്രദേശത്ത് ഭക്ഷ്യവസ്തുക്കളുടെയുൾപ്പടെയുള്ള ചരക്കുനീക്കവും നിലച്ചിട്ടുണ്ടാകണമല്ലോ. കടകമ്പോളങ്ങൾ ഒരു മാസമായി അടഞ്ഞുകിടക്കുകയാണ്. 70 ലക്ഷം ജനങ്ങളിൽ ഭൂരിപക്ഷത്തിനും മരുന്നും ഭക്ഷണവും എങ്ങനെയാണ് ലഭ്യമാവുക? തടവുപുള്ളികൾക്കുപോലും ഭക്ഷണവും മരുന്നും ലഭിക്കും. യുദ്ധമുഖത്തുപോലും ചികിൽസ അനുവദിക്കപ്പെടും. എന്നാൽ കാശ്മീരിലെ ജനങ്ങൾക്ക് അതും നിഷേധിച്ചിരിക്കുകയാണ്.

370-ാം വകുപ്പ് കാശ്മീർ  കോൺസ്റ്റിറ്റിയുവന്റ് അസംബ്‌ളിയുടെ അനുമതിയില്ലാതെ റദ്ദാക്കാനാവില്ല

കേന്ദ്ര സർക്കാരിന്റെ ആധികാരിക അഭിപ്രായമെന്ന നിലയിൽ നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ഇൻഡ്യയിലെ എല്ലാ പത്രങ്ങൾക്കുമായി നൽകിയ ലേഖനത്തിൽ 370-ാം വകുപ്പ് താൽക്കാലിക വ്യവസ്ഥയെന്ന നിലയിലാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ 370-ാം വകുപ്പിനെ താൽക്കാലികമാക്കുന്ന വ്യവസ്ഥ ഇൻഡ്യൻ ഭരണഘടനയിൽ എവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 370-ാം വകുപ്പ് താൽക്കാലികമാണെന്നു കാണിക്കുന്ന യാതൊന്നും ഇൻഡ്യൻ ഭരണഘടനയിലില്ല എന്നതാണ് യാഥാർത്ഥ്യം.
പ്രമുഖ പത്രപ്രവർത്തകനും പത്മഭൂഷൺ അവാർഡ് ജോതാവുമായ ബൽരാജ് പുരി അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘കാശ്മീർ, കലാപത്തിലേക്ക്’ എന്ന കൃതിയിൽ ഇപ്രകാരം പറയുന്നു: ഇൻഡ്യൻ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിക്കോ അല്ലെങ്കിൽ തുടർന്നുവരുന്ന പാർലമെന്റിനോ ആർട്ടിക്കിൾ 370 റദ്ദുചെയ്യുന്നതിനോ പരിഷ്‌കരിക്കുന്നതിനോ ഭരണാഘടനാപരമായ അവകാശമില്ല. ഈ അവകാശം സ്റ്റേറ്റിന്റെ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിക്ക് മാത്രമുള്ളതാണ്. ജമ്മു ആന്റ് കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകിയിട്ടുള്ളത് ഇൻഡ്യാ ഗവൺമെന്റല്ല, മറിച്ച് 1935ലെ ഗവൺമെന്റ് ഓഫ് ഇൻഡ്യ ആക്റ്റിലെ പ്രസക്തഭാഗങ്ങൾ, 1947ലെ ഇൻഡ്യൻ ഇൻഡിപെന്റൻസ് ആക്റ്റ,് 1947ലെ ഇൻഡ്യയുടെ താൽക്കാലിക ഭരണഘടന, രാജാ ഹരിസിംഗ് ഒപ്പിട്ട സംയോജനകരാർ എന്നിവയാൽ അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.
ഈ വസ്തുതകളിൽനിന്ന് വളരെ വ്യക്തമാകുന്നത് 370-ാം വകുപ്പ് സ്ഥിരമാണോ താൽക്കാലികമാണോ എന്നത് സംസ്ഥാന ഗവൺമെന്റുകളുടെ(നാട്ടു രാജ്യങ്ങളുടെ) തീരുമാനത്തെ മാത്രം ആശ്രയിച്ചുനിലനിൽക്കുന്ന കാര്യമാണെന്നാണ്. 2019 ആഗസ്റ്റ് 5 വരെ കാശ്മീർ എന്ന ഒരു സ്റ്റേറ്റ് ഗവൺമെന്റ് മാത്രമേ രാജ്യത്ത് അത്തരത്തിൽ നിലനിൽക്കുന്നുണ്ടായിരുന്നുള്ളൂ. ആ ഗവൺമെന്റിനുമാത്രമേ ആർട്ടിക്കിൾ 370 നിലനിർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ. കാശ്മീർ ഇൻഡ്യയുടെ അവിഭാജ്യ ഭാഗമാണെന്ന് കാശ്മീർ ഭരണഘടനയുടെ രണ്ടാം ഭാഗം മൂന്നാം വകുപ്പിൽ പറയുന്നുവെന്നും അത് തിരുത്താൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നും കേന്ദ്ര നിയമ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് 370-ാം വകുപ്പിനെ അപ്രസക്തമാക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇൻഡ്യൻ യൂണിയനുമായുള്ള കാശ്മീരിന്റെ ശക്തമായ ബന്ധം നിർവ്വചിക്കുന്ന ഈ വകുപ്പ് എങ്ങിനെയാണ് ഇൻഡ്യൻ ഭരണഘടനയുടെ 370-ാം വകുപ്പിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. കേന്ദ്ര ബിജെപി ഭരണത്തിന്റെ ജനാധിപത്യത്തെ അരുംകൊലചെയ്യുന്ന ഈ നടപടിക്ക് മതിയായ കാരണം ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. പ്രത്യേക പദവിയോടുകൂടിയ ഇൻഡ്യയുടെ അവിഭാജ്യഭാഗമാണ് കാശ്മീർ. സമാനമായതോ വ്യത്യസ്തതകൾ ഉള്ളതോ ആയ പ്രത്യേക പദവി അനുഭവിക്കുന്ന പല സംസ്ഥാനങ്ങളുമുണ്ട്. ഇൻഡ്യയുടെ അവിഭാജ്യ ഭാഗമാണ് കാശ്മീർ എന്നത് അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നതാണ് 1947 മുതൽ ഇപ്പോൾ വരെയും കാശ്മീരിലെ ഭൂരിപക്ഷം ജനങ്ങളുടെയും നിലപാട്.

370-ാം വകുപ്പിന്റെ  ചരിത്രമെന്ത്?

കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം വകുപ്പും സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ വകുപ്പും ചരിത്രപരവും വസ്തുനിഷ്ഠവുമായ ആവശ്യകതയെ മുൻനിർത്തി സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്. കാശ്മീരി ദേശീയ അസ്തിത്വം വേറിട്ട ഒന്നുതന്നെയായിരുന്നു. രാജവാഴ്ചക്കും സാമ്രാജ്യത്വത്തിനുമെതിരെയുള്ള പോരാട്ടത്തിലൂടെ ജനങ്ങൾ നേടിയ പുരോഗമന-ജനാധിപത്യ-മതേതര മൂല്യങ്ങൾ ദുർബ്ബലമായിരുന്നെങ്കിലും അതിന്റെ അടിത്തറയിൽ രുപപ്പെട്ട ഒന്നായിരുന്നു കാശ്മീരി ദേശീയത. ഈ പോരാട്ടത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന രാഷ്ട്രീയപ്രസ്ഥാനമായ, മുസ്ലിം നാഷനൽ കോൺഫറൻസ് ആ പേര് ഉപേക്ഷിച്ച് നാഷനൽ കോൺഫറൻസ് എന്ന പേര് സ്വീകരിച്ചത് രാജവ്‌ഴ്ചക്കെതിരായ മുന്നേറ്റത്തിന്റെ ഉയർന്ന ഘട്ടത്തിലാണ്. എല്ലാ വിഭാഗത്തിലുംപെട്ട കാശ്മീരി ജനതയുടെ ജനാധിപത്യ പ്രസ്ഥാനമായി അത് ഉയർന്നുവന്നു. നാഷനൽ കോൺഫറൻസിലും അതിന്റെ സമുന്നതനായ നേതാവ് ഷെയ്ക്ക് അബ്ദുള്ളയിലും ബഹുജനങ്ങളൊന്നാകെ അർപ്പിച്ച വിശ്വാസത്തിൽ ഈ കാശ്മീരി ദേശീയ അസ്തിത്വം പ്രതിഫലിച്ചിരുന്നു.
മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രരൂപീകരണത്തിന്റെ വീക്ഷണത്തോട് ഒട്ടും നിരക്കുന്നതായിരുന്നില്ല കാശ്മീരിലെ ജനതയുടെ വികാരങ്ങൾ. 1947ലെ പാക്കിസ്ഥാൻ ആക്രമണത്തെ, തങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പിന്റെ മേലുള്ള കടന്നാക്രമണമായാണ് കാശ്മീരിലെ ജനങ്ങൾ കണ്ടത്. നാഷനൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ ജനകീയ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ അവർ മുന്നോട്ടുവന്നത് അതിനാലാണ്. ആക്രമണകാരികളെ തുരത്തുവാൻ ഇൻഡ്യയുടെ സഹായം തേടുമ്പോഴും തങ്ങളുടെ സ്വതന്ത്രമായ അസ്തിത്വം ഉപേക്ഷിച്ചുകൊണ്ടല്ല അവർ അതിന് മുതിർന്നത്. ഇൻഡ്യൻ ദേശീയതയുമായി വ്യതിരക്തമായ അസ്തിത്വം നിലനിർത്തിയിരുന്ന ഈ കാശ്മീരി ദേശീയതയുടെ അംഗീകാരമെന്ന നിലയിലാണ് 370-ാം വകുപ്പ് ജന്മമെടുത്തത്. കാശ്മീരിലെ ജനങ്ങൾക്ക് അവരുടെ ജീവിതത്തെ, സ്വന്തം ആഗ്രഹങ്ങളും ആവശ്യകതകളും മുൻനിർത്തി ക്രമീകരിക്കുന്നതിനുള്ള അവകാശം നൽകിക്കൊണ്ടുള്ളതാണ് പ്രസ്തുത വകുപ്പ്.
ഇൻഡ്യ സ്വതന്ത്രമാകുമ്പോൾ നാട്ടുരാജ്യമായിരുന്ന കാശ്മീരിലെ അന്നത്തെ മഹാരാജാ ഹരി സിംഗ് തുടക്കത്തിൽ കാശ്മീർ, ഇൻഡ്യൻ യൂണിയനിലോ പാക്കിസ്ഥാനിലോ ചേരാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നു മാത്രവുമല്ല പാക്കിസ്ഥാനുമായി ‘സ്റ്റാന്റ് സ്റ്റിൽ'(അതായത് നിലവിലുള്ള സ്ഥിതി തുടരാനുള്ള അഥവാ സ്വതന്ത്രമായി നിലനിൽക്കാനുള്ള) കരാറിൽ രാജാ ഹരി സിംഗ് ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ പാക്കിസ്ഥാൻ കാശ്മീരിനെ ആക്രമിക്കുകയും ബലപ്രയോഗത്തിലൂടെ അവരോട് ചേർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇൻഡ്യയുടെ സഹായം തേടാൻ ഹരി സിംഗ് നിർബ്ബന്ധിതനാവുകയായിരുന്നു. കാശ്മീർ ഇൻഡ്യയുടെ ഭാഗാമാകാനുള്ള കരാറിൽ ഒപ്പിട്ടുകൊണ്ടുമാത്രമേ സൈനികസഹായം നൽകാനാവൂ എന്ന് നിലപാടെടുത്ത അന്നത്തെ ഇൻഡ്യൻ ഭരണ നേതൃത്വത്തിന് വഴങ്ങിക്കൊണ്ട് കരാറിൽ (Instrument of Accession) രാജാവ് ഒപ്പിടുകയാണ് ചെയ്തത്. ഈ സംയോജനകരാറിന്റെ വകുപ്പ് മൂന്നിൽ പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ വിഷയങ്ങളിലൊഴികെ മറ്റൊരു വിഷയത്തിലും കാശ്മീരിനെ സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ ഇൻഡ്യൻ ഡൊമീനിയന് അവകാശമുണ്ടായിരിക്കുന്നതല്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇൻസ്ട്രുമെന്റ് ഓഫ് അക്‌സഷന്റെ ഉള്ളടക്കത്തെയും വികാരത്തെയും ഉൾക്കൊണ്ടുകൊണ്ടാണ് 370-ാം വകുപ്പ് ഭരണഘടനയിൽ ചേർക്കപ്പെട്ടത്. കാശ്മീരിന്റെ സ്വയംഭരണവും വേറിട്ട അസ്തിത്വവും അംഗീകരിക്കാൻ ഇൻഡ്യ തയ്യാറായതുകൊണ്ടാണ് പ്രസ്തുത കരാർ ഉണ്ടായത്. കാശ്മീരിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെയും അവരുടെ ദേശീയ അസ്തിത്വത്തോടുള്ള ആദരവിന്റെയും അടിസ്ഥാനത്തിലാണ് ഭരണഘടനയിൽ 370-ാം വകുപ്പ് ചേർക്കപ്പെട്ടത്.

കാശ്മീർ സംയോജന കരാർ ഒപ്പിട്ടത് അന്നത്തെ രാജാവായിരുന്ന ഹരി സിംഗായിരുന്നെങ്കിലും കാശ്മീരിന്റെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ചിരുന്ന നാഷനൽ കോൺഫറൻസും അതിന്റെ നേതാവായിരുന്ന ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ളയുമാണ്, കാശ്മീർ ഇൻഡ്യൻ യൂണിയന്റെ ഭാഗമാകണെന്ന നിലപാട് സ്വീകരിക്കാൻ ജനങ്ങളെ പ്രബുദ്ധമാക്കിയത്. ജമ്മു ആന്റ് കാശ്മീരിന്റെ കോൺസ്റ്റിറ്റിയുവന്റ് അസം്ബ്ലിയുടെ പ്രഥമ സെഷനിൽ (1951) ഷെയ്ക്ക് അബ്ദുള്ള ഇപ്രകാരം പറഞ്ഞു:”’ഇൻഡ്യൻ യൂണിയനിൽ ചേരാനുള്ള മഹാരാജ ഹരിസിംഗിന്റെ തീരുമാനം നിയമപരമായ സാധുതയുള്ളതാണോ അല്ലയോ? ഇൻഡ്യൻ യൂണിയനിലുള്ള കൂടിച്ചേരലിന്റെ നിയമസാധുതയെ സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടതോ സ്വതന്ത്രമായതോ ആയ ഒരു വ്യക്തിയോ അധികാരകേന്ദ്രമോ ചോദ്യം ചെയ്തിട്ടില്ല. ഇൻഡ്യയുമായുള്ള ഭരണഘടനാപരമായ നമ്മുടെ വർത്തമാനകാല ബന്ധങ്ങളുടെ സാധ്യതയെ സംബന്ധിച്ച് നിങ്ങൾക്കറിയാമെന്നതിൽ ഒരു സംശയവുമില്ല. ഇൻഡ്യയുമായി ബന്ധുത്വം ഉണ്ടായിരിക്കുന്നതിൽ നമ്മൾ അഭിമാനിക്കുന്നു. ഇൻഡ്യൻ ഭരണഘടന ഒരു ഫെഡറൽ യൂണിയൻ നൽകിയിരിക്കുന്നതോടൊപ്പം പരമാധികാരങ്ങളുടെ വിതരണത്തിൽ അത് നമ്മളെ മറ്റ് ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമായി സമീപിച്ചിരിക്കുന്നു. സംയോജനകരാറിൽ വ്യക്തമാക്കിയിട്ടുള്ള പ്രതിരോധം, വിദേശ കാര്യം, വാർത്താ വനിമയം എന്നീ വിഷയങ്ങളൊഴികെ, മറ്റെല്ലാ കാര്യത്തിലും നമ്മൾ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ഭരണഘടന സൃഷ്ടിക്കാൻ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ജനതയുടെ മുന്നേറ്റത്തിനുവേണ്ടി ഒരു പൊതുവായ പ്രയത്‌നത്തിലെ നല്ല പങ്കാളികളെന്ന നിലയിൽ ജീവിക്കാനും പുരോഗമിക്കാനും കാശ്മീരി ജനതയുടെ മികവാർന്ന പാരമ്പര്യത്തിനും ബുദ്ധിവൈഭവത്തിനും അനുസൃതമായി നമ്മുടെ രാജ്യത്തെ നിർമ്മിക്കുന്നതിനായി സ്വയംഭരണത്തെ കാത്തുരക്ഷിക്കുന്നതോടൊപ്പം മഹത്തായ ഈ ദൗത്യത്തിൽ ഫെഡറൽ സഹകരണവും സഹായവും തേടാനും ഉറപ്പാക്കാനുമുള്ള നമ്മുടെ അവകാശം സ്ഥാപിച്ചും പരിപൂർണ്ണ സഹകരണവും സഹായവും യൂണിയന് നൽകിക്കൊണ്ടും വേണം യൂണിയനുമായി ഉചിതമായ ഭരണാഘടനാ ക്രമീകരണങ്ങൾ രൂപപ്പെടുത്തേണ്ടത് എന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഈ പരസ്പര ധാരണയുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് 370-ാം വകുപ്പ് രൂപീകരിച്ചിരിക്കുന്നതെന്നും ഭരണഘടനക്കുള്ളിൽ ജമ്മു ആന്റ് കാശ്മീരിന് പ്രത്യേക പദവി നൽകപ്പെട്ടിരിക്കുന്നതെന്നും ഏവരും ഓർക്കണം.”

വീണ്ടും അദ്ദേഹം പറയുന്നു: ”ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥ സ്വഭാവം അതിന്റെ ഭരണഘടനയിൽ വ്യക്തമാക്കപ്പെടും. ഒരു ഭേദവുമില്ലാതെ ഏവർക്കും നീതിയും സ്വാതന്ത്ര്യവും സമത്വവും അടിസ്ഥാനമാക്കിയ മതേതര ജനാധിപത്യത്തിന്റെ ലക്ഷ്യമാണ് ഇൻഡ്യൻ ഭരണഘടന രാജ്യത്തിനുമുമ്പിൽ കാട്ടുന്നത്. ആധുനിക ജനാധിപത്യത്തിന്റെ ആധാരശിലയാണിത്… വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന അസ്വഭാവികമായ വിള്ളൽ സാമ്രാജ്യത്വത്തിന്റെ അവശേഷിപ്പാണ്. പുരോഗതിയും അഭ്യുന്നതിയും ലക്ഷ്യം വയ്ക്കുന്ന ഒരാധുനിക രാഷ്ട്രത്തിനും കൃത്രിമമായ വിഭജനങ്ങളെ പ്രോൽസാഹിപ്പിക്കാനാവില്ല. മധ്യകാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായ മാതരാഷ്ട്ര വാദത്തെ വ്യക്തമായും തള്ളിക്കളഞ്ഞുകൊണ്ട് മതം, ജാതി, വർണ്ണം, വർഗ്ഗം എന്നിവക്കെല്ലാം അതീതമായി എല്ലാ പൗരന്മാരുടെയും തുല്യവകാശത്തെ ഇൻഡ്യൻ ഭരണഘടന സംരക്ഷിക്കുന്നു… നമ്മുടെ ദേശീയ പ്രക്ഷോഭവും സ്വഭാവികമായും മതേതര ജനാധിപത്യത്തിന്റെ ഈ മൂല്യങ്ങളിലേക്കാണ് ആകർഷിക്കപ്പടുന്നത്…നമ്മൾ ഇൻഡ്യയോടാണ് കൂട്ടിച്ചേർക്കപ്പെടുന്നത് എന്നതിനാൽ ജന്മിത്വത്തിന്റെയും ഏകാധിപത്യത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെ ആപത്ത് ഇനിയുണ്ടാവില്ല..കൃഷിക്കാർക്ക് ഭൂമി എന്ന ലക്ഷ്യം നമുക്ക് വിജയിപ്പിക്കണം. ഭൂപ്രഭു കൂട്ടുകെട്ടിന്റ ഭരണമുള്ള പാക്കിസ്ഥാൻ നമ്മുടെ സാമ്പത്തിക – കാർഷിക പരിഷ്‌കാരങ്ങളെ അംഗീകരിക്കുമോ?”

പാക്കിസ്ഥാനോടൊപ്പമല്ല, മതേതരഭാരതത്തോടൊപ്പമാണ് നിലകൊള്ളേണ്ടതെന്ന ചരിത്രപരമായ പാഠം കാശ്മീരി ജനങ്ങളെ ആവർത്തിച്ച് പഠിപ്പിച്ച ഷെയ്ക്ക് അബ്ദുള്ളയുടെ വാക്കുകളാണിവ. ജമ്മു-കാശമീർ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് മുഴുവൻ സീറ്റിലും വിജയിച്ചതിനെ ഇൻഡ്യൻ യൂണിയനിൽ ചേരണമെന്ന നാഷനൽ കോൺഫറൻസിന്റെ നിലപാടിനുള്ള അംഗീകാരമായും കാണാവുന്നതാണ്.

ആർട്ടിക്കിൾ 370നെ  ദുർബ്ബലപ്പെടുത്തിയതും  കാശ്മീർ ജനങ്ങളെ അടിച്ചമർത്തിയതും ഇൻഡ്യൻ ദേശീയതയുമായുള്ള  ഉദ്ഗ്രഥനം അസാധ്യമാക്കി

പാക്കിസ്ഥാനും മതമൗലിക ശക്തികളും നടത്തിയ എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട,് ഇൻഡ്യയുടെ അവിഭാജ്യ ഭാഗമാകാൻ ഉയർന്ന പ്രതീക്ഷകളോടെ ഒരിക്കൽ തീരുമാനം കൈക്കൊണ്ട കാശ്മീരിലെ ജനങ്ങൾ ഇന്ന് നിരാശരാണ്. ഇന്ന് ഇൻഡ്യൻ ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളോടും കാശ്മീരി ജനതക്കുള്ളത് ആഴത്തിലുള്ള അവിശ്വാസവും അതൃപ്തിയുമാണ്. അപമാനിതരുടെ വ്രണിതമനോഘടനയാണ് ഭൂരിപക്ഷം പേരെയും നയിക്കുന്നത്. കടുത്ത അന്യതാബോധവും, നിരാശ്രയത്വവും ജനങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഇത്തരമൊരു ദുരവസ്ഥയിലേക്ക് കാശ്മീർ ജനങ്ങളൊന്നാകെ നിപതിച്ചത് എന്തുകൊണ്ടാണ്? അവരിൽ വളരെ ചെറുതെങ്കിലും ഒരു വിഭാഗം വിഘടനവാദികളും സ്വതന്ത്ര കാശ്മീർ രാജ്യം എന്ന മുദ്രാവാക്യമുയർത്തുന്നവരുമായി എങ്ങനെ മാറി? ഇൻഡ്യൻ പട്ടാളത്തിനുനേരെ കല്ലെറിയുന്നവരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസമില്ലാത്ത ഭൂരിഭാഗമായും എങ്ങനെ മാറി?

കാശ്മീർ പ്രശ്‌നത്തെ ഇന്നുകാണുന്ന ഗുരുതരമായ മാനത്തിലേക്ക് വഷളാക്കിയത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാരുകളാണ്. അതേ സർക്കാരുകളുടെ പാതയിൽത്തന്നെയാണ് തുടർന്നും ഇടക്കാലത്തും അധികാരത്തിൽവന്ന മറ്റ് സർക്കാരുകളും നീങ്ങിയത്. ഇപ്പോൾ ബിജെപി സ്വീകരിക്കുന്നതും പ്രസ്തുത നയങ്ങളുടെ തുടർച്ച തന്നെയാണ്. 1947-ലെ വസ്തുനിഷ്ഠമായ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് കാശമീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇൻഡ്യൻ ഭരണഘടനയിൽ ഉൾച്ചേർക്കാൻ അന്നത്തെ ദേശീയ നേതൃത്വം തയ്യാറായെങ്കിലും അതിനെ ദുർബ്ബലപ്പെടുത്തുന്ന നടപടികൾ തുടക്കംമുതലേ ഉണ്ടായിരുന്നു. ആർഎസ്എസിനു മാത്രമല്ല, കോൺഗ്രസ്സ് നേതാക്കളിൽ ഗണ്യമായ ഒരു വിഭാഗത്തിനും ഏറിയ പങ്ക് ബ്യൂറോക്രാറ്റുകൾക്കും ഭരണഘടന രൂപപ്പെടുത്തിയ നാളുകളിൽത്തന്നെ 370-ാം വകുപ്പ് തുടരുന്നതിൽ എതിർപ്പുണ്ടായിരുന്നുവെന്ന് അക്കാലത്തെ രേഖകൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. കാശ്മീരി ജനതയുടെ സ്വതന്ത്രമായ അസ്തിത്വത്തെ കണക്കിലെടുക്കാതെ, ഏതുമാർഗ്ഗേനയും കാശ്മീരിനെ ഇൻഡ്യയിലെ ഇതര സംസ്ഥാനങ്ങളുടെ പദവിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യം വച്ചുകൊണ്ട് ഭരണനേതൃത്വത്തിലെ ഒരു വിഭാഗം ശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായി അവർ കരുക്കൾ നീക്കി. മറുവശത്ത് ഷെയ്ക്ക് അബുദുള്ളയാകട്ടെ പ്രത്യേക പദവി സംരക്ഷിക്കാൻ നിശ്ചയിച്ചുറപ്പിച്ച് നീങ്ങി. താഴ്‌വരയിലെ ജനങ്ങൾ പ്രത്യേക പദവി എന്നതിനെ ‘ആസാദി’ എന്ന അഭിലാഷത്തിന് തത്തുല്യമായാണ് കാണുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ പ്രത്യേക പദവി എന്ന സമീപനത്തിൽ വെള്ളംചേർക്കാനാവില്ലെന്ന നിലപാട് അദ്ദഹം സ്വീകരിച്ചു. ഈ വൈരുദ്ധ്യമാണ്, ഷെയ്ക്ക് അബ്ദുള്ളയെ സ്ഥാനഭൃഷ്ടനാക്കുന്നതിലേക്കും തടവിലാക്കുന്നതിലേക്കും നയിച്ചത്. വിവിധ ഘട്ടങ്ങളിലായി നീണ്ട 20 വർഷമാണ് അദ്ദേഹം തുറുങ്കിലടയ്ക്കപ്പെട്ടത്. മതേതര രാജ്യമായ ഇൻഡ്യയോടൊപ്പം നിലകൊള്ളേണ്ടതിന്റെ ആവശ്യകത കാശ്മീരി ജനങ്ങളെ ബോധ്യപ്പെടുത്തിയ അതേ നേതാവ് പാക്ക് ഏജന്റെന്ന് മുദ്രകുത്തപ്പെട്ടതും തുറുങ്കലടയ്ക്കപ്പെട്ടതും കാശ്മീരി ജനങ്ങളുടെ ഹൃദയത്തിനേൽപ്പിച്ച മുറിവ് നിസ്സാരമായിരുന്നില്ല.

തങ്ങളുടെ അഭിമാനബോധത്തെയും അന്തസ്സിനെയും നിരന്തരമായി ചവിട്ടിമെതിക്കുന്ന അനുഭവം കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാരുകളുടെയും തുടർന്നുവന്ന എല്ലാസർക്കാരുകളുടെയും ഭാഗത്തുനിന്ന് കാശ്മീരിലെ ജനങ്ങൾക്ക് നേരിടേണ്ടി വന്നു. ഷെയ്ക്ക് അബ്ദുള്ളയുടെ അറസ്റ്റ്, കാശ്മീരിന്റെ പരിപൂർണ്ണ ലയനം എന്ന ഇൻഡ്യാ ഗവൺമെന്റിന്റെ നയം നടപ്പാക്കുന്നതിന്റെ ആദ്യനടപടിയായിരുന്നു. കോൺഗ്രസ്സ് സർക്കാരുകൾ 370-ാം വകുപ്പിനെ നിരന്തരമായി ദുർബ്ബലപ്പെടുത്തുകയും വെള്ളം ചേർക്കുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തെ പുറത്താക്കിയതിന്റെ തൊട്ടുപുറകെ ഭരണഘടനാ ഉത്തരവ് (ആപ്ലിക്കേഷൻ റ്റു ജമ്മു ആന്റ് കാശ്മീർ) 1950 പുറപ്പെടുവിച്ചു. അങ്ങിനെ ഇൻഡ്യൻ പാർലമെന്റിന്റെ നിയമനിർമ്മണത്തിന്റെ അധികാര പരിധി, ജമ്മു കാശ്മീരിലേക്കും വിപുലീകരിച്ചു. വീണ്ടും കംപ്‌ട്രോളർ ആന്റ് ആഡിറ്റർ ജനറലിന്റെ അധികാരവും നിയമപരിധിയും ജമ്മു കാശ്മീരിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 1953ൽ ഉത്തരവിറക്കി. 1960ൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരിധി കാശ്മീരിലേക്ക് വ്യാപിപ്പിച്ചു. (ഇതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ തെളിയിച്ചു). വീണ്ടും ഭരണഘടനാ ഭേദഗതി ഉത്തരവ് (ആപ്ലിക്കേഷൻ റ്റു ജമ്മു ആന്റ് കാശ്മീർ) 1964 പുറപ്പെടുവിച്ചുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കനായി അവകാശം നൽകുന്ന ഭരണഘടനാ വകുപ്പുകൾ 352, 356, 357 ജമ്മു-കാശ്മീരിന് ബാധമാക്കി. കാശ്മീരിന്റെ ഭരണത്തലവനെന്ന(സാദർ-ഇ-റിയാസത്ത്) പദവിയും പ്രധാനമന്ത്രി എന്ന പദവിയും മാറ്റി ഗവർണറെന്നും മുഖ്യമന്ത്രിയുമെന്നാക്കി. അങ്ങിനെ ഒന്നിനുപിറകെ മറ്റൊന്നായി ഇൻഡ്യാ ഗവൺമെന്റ് കൈക്കൊണ്ടവയെല്ലാം കാശ്മീരി ജനതയെ ഇൻഡ്യയിൽനിന്ന് അകറ്റുന്ന നടപടികൾ മാത്രമായിരുന്നു. 1987ലെ തെരഞ്ഞെടുപ്പിൽ സൈന്യത്തെവരെ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് കൃത്രിമം നടത്തി ജനേച്ഛയെ പരാജയപ്പടുത്തിയത് ഇൻഡ്യൻ ഭരണസംവിധാനങ്ങളെ അപ്പാടെ സംശയത്തോടെമാത്രം വീക്ഷിക്കാൻ കാശ്മീരിലെ ജനങ്ങളെ നിർബന്ധിതരാക്കി.
താഴ്‌വരയിലെ ജനങ്ങളുടെ ഇൻഡ്യയോടുള്ള കൂറിനെയും വിശ്വസ്തതയെയും നിരന്തരമായി സംശയിച്ചു. രാജ്യദ്രോഹികളെന്നും ഇൻഡ്യാവിരുദ്ധരെന്നുമുള്ള മുൻവിധി ഇൻഡ്യൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ നടപടികളിലും പ്രതിഫലിച്ചിരുന്നു. വിഘടനപ്രവർത്തനങ്ങളെയും ഭീകരരെയും നേരിടാനെന്നപേരിൽ സൈന്യത്തിന് നൽകിയിരുന്ന വിപുലമായ അധികാരങ്ങൾ കാശ്മീരി ജനതക്കെതിരായ അതിക്രമങ്ങളായി പരിണമിച്ചു. സുരക്ഷാസേനകൾ നടത്തുന്ന ചോദ്യംചെയ്യൽ കേന്ദ്രങ്ങൾ മനുഷ്യത്വം മരവിക്കുന്ന പീഡനമുറകളുടെ കേന്ദ്രങ്ങളാണെന്ന് ജമ്മു-കാശ്മീർ ഹൈക്കോടതിയിലെത്തിയ എണ്ണമറ്റ കേസ്സുകൾ തെളിയിച്ചു. പോലീസും സുരക്ഷാസേനകളും പിടിച്ചുകൊണ്ടുപോയവരുൾപ്പടെ കാണാതായവരുടെ എണ്ണം ആയിരങ്ങളാണ്. നിരപരാധികളായ സാധാരണ മനുഷ്യർ സൈനികനടപടികൾക്കിരയായി കൊലചെയ്യപ്പെടുന്ന സംഭവങ്ങൾ വ്യാപകമായി. പത്രിബാൽ വ്യാജ ഏറ്റുമുട്ടൽ, സൈന്യം കാശ്മീരിൽ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന ചെയ്തികളുടെ നേർസാക്ഷ്യമായി. ഏഴ് നിരപരാധികളായ ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നിട്ട്, ഏറ്റുമുട്ടലിലുണ്ടായ കൊലപാതകമെന്നാണ് സൈന്യം പത്രവാർത്ത നൽകിയത്. എന്നാൽ കേസ്സ് അന്വേഷിച്ച സിബിഐ, അത് വ്യാജ ഏറ്റുമുട്ടലാണെന്ന് രാജ്യത്തിന്റെ പരമോന്നത കോടതിയിൽ റിപ്പോർട്ടുനൽകി. 5 പ്രമുഖ സൈനികോദ്യോഗസ്ഥരെ കോർട്ട് മാർഷൽ ചെയ്യാൻ സുപ്രീം കോടതിക്ക് വിധിക്കേണ്ടി വന്നത് ശക്തമായ തെളിവുകൾ പട്ടാളത്തിനെതിരെ ഹാജരാക്കപ്പെട്ടതിനാലാണ്. പത്രിബാൽ സംഭവത്തിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട്, താഴ്‌വരയിലെ ജനങ്ങൾക്ക് ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വന്നു. പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടതിനുശേഷംശേഷം മാത്രമാണ് അന്വേഷണം നടത്താൻ തീരുമാനം ഉണ്ടായത്. ജനങ്ങൾ പ്രക്ഷാഭത്തിന്റെ മാർഗ്ഗം അവലംബിച്ചിരുന്നില്ലെങ്കിൽ ഒരു പ്രാഥമിക അന്വേഷണം പോലുമുണ്ടാകുമായിരുന്നില്ല. തേച്ചുമായ്ച്ചുകളഞ്ഞ വ്യാജ ഏറ്റുമുട്ടൽ കേസ്സുകൾ അനേകമുണ്ട് കാശ്മീരിൽ. സൈനിക നടപടികളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ, കാണാതായവരുടെ ഉറ്റവർ, പെല്ലറ്റ് ആക്രമണത്തിൽ കാഴ്ചശക്തി നഷ്ടപ്പെട്ടവർ, സൈനിക നടപടികളിൽ നിത്യരോഗികളായവർ, ബലാൽസംഗത്തിനും മാനഭംഗത്തിനും ഇരയായവർ ഇവരെല്ലാം കാശ്മീരി ജനതക്കെതിരെ അരങ്ങേറുന്ന മനുഷ്യവകാശലംഘനങ്ങളുടെ ജീവിക്കുന്ന പ്രതീകങ്ങളാണ്. കാശ്മീരി സമൂഹത്തിൽ ഈ ഇരകൾ നിത്യകാഴ്ചകളായപ്പോൾ അതിനു സാക്ഷികളാകേണ്ടി വന്ന ഇതര മനുഷ്യർ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവരായി മാറി. അങ്ങിനെ ക്രമേണ ജനങ്ങളിലൊന്നാകെ പടർന്ന ആഴമാർന്ന അന്യതാബോധത്തിന്റെ സാഹചര്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് ദേശവിരുദ്ധശക്തികൾ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരുന്നു. പാക്കിസ്ഥാൻ ഭരണകൂടമാകട്ടെ ഈ ശക്തികൾക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തു. സാമ്രാജ്യത്വ ശക്തികൾ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ആവത് പണിപ്പെടുകയും ചെയ്തു. കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ ഔദാര്യത്തിൽ രാഷ്ട്രീയ ഭാഗ്യാന്വേഷണം നടത്തുന്ന കൂട്ടങ്ങളായി കാശ്മീരിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധഃപതിക്കുകകൂടി ചെയ്തപ്പോൾ കാശ്മീരിലെ പാവപ്പെട്ട ജനങ്ങളുടെ ദുർവിധി പൂർണ്ണമായി. നിരാശയുടെ കൊടുമുടിയിലായ ജനങ്ങളെ സാഹസികതയിലേക്കും അക്രമത്തിലേക്കും നയിക്കാൻ വിഘടനവാദികൾക്ക് എളുപ്പമായി. അങ്ങിനെ കാശ്മീർ പ്രശ്‌നം ഇന്നു കാണുന്ന രൂപത്തിലെത്തി.

ദേശീയതകളെ ഉദ്ഗ്രഥിക്കുക എന്ന സങ്കീർണ്ണമായ പ്രക്രിയ ബലപ്രയോഗത്തിലൂടെയോ കൃത്രിമമായോ അല്ല നിർവ്വഹിക്കുക എന്നത് എത്രയോ ചരിത്രാനുഭവങ്ങളിലൂടെ നമുക്കറിയാം. തനിമയാർന്ന നിലനിൽപ്പിനെ പരസ്പരം ആദരിച്ചുകൊണ്ടുതന്നെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക കൊടുക്കവാങ്ങലുകളിലൂടെ സ്വഭാവികമായി വിളക്കിച്ചേർത്തെടുത്തുകൊണ്ടാണ് പ്രസ്തുത ധർമ്മം നിർവ്വഹിക്കേണ്ടത്. ഇൻഡ്യൻ യൂണിനിൽ ചേരുന്നതിനായി കാശ്മീരി ജനത കൈക്കൊണ്ട തീരുമാനത്തെ തികഞ്ഞ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെ ഈ രാജ്യത്തിന്റെ ഹൃദയത്തോട് ചേർത്തുനിർത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അത് നിർവ്വഹിക്കുന്നതിൽ ഇൻഡ്യാ ഗവൺമെന്റും അതിനെ നയിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളും തീർത്തും പരാജയപ്പെട്ടു.
370-ാം വകുപ്പിന്റെ പേരിൽ വർഗ്ഗീയമായ കണക്കുകൂട്ടലോടെ ആദ്യകാലത്ത് ജനസംഘവും ഇന്നും ബിജെപിയും നടത്തിവരുന്ന നീചമായ പ്രചാരണം തെല്ലൊന്നുമല്ല കാശ്മീരി ജനങ്ങളെ ഉലച്ചിട്ടുള്ളത്. ഇൻഡ്യയുടെ ഇതരഭാഗങ്ങളിൽ കാശമീരി പ്രശ്‌നത്തെ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് താഴ്‌വരയിലെ ജനങ്ങളെ ഒറ്റപ്പെടുത്തിയതിൽ കോൺഗ്രസ്സും ബിജെപിയുമാണ് മുന്നിൽ. ഷെയ്ക്ക് അബ്ദുള്ളയെ ജയിലിലടയ്ക്കുന്നതിനു വേണ്ടി അദ്ദേഹവും നാഷനൽ കോൺഫറൻസും സ്വതന്ത്ര കാശ്മീരിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അപവാദം പ്രചരിപ്പിച്ച് ഇൻഡ്യൻ ജനങ്ങളെ വൻതോതിൽ തെറ്റദ്ധരിപ്പിച്ചത് ഇക്കൂട്ടരാണ്. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും മഹാകയത്തിൽ തങ്ങൾ ഒറ്റയ്ക്കാണെന്ന വികാരം കാശ്മീരി ജനതയിൽ രൂഢമൂലമാകാൻ ഈ പ്രചാരണങ്ങൾ വലിയ തോതിൽ ഇട വരുത്തി. ബാബ്‌റി മസ്ജിദ് തകർക്കലും തുടർന്ന് രാജ്യത്തുണ്ടായ കലാപങ്ങളും ഇപ്പോൾ രാജ്യമെമ്പാടും നടക്കുന്ന ന്യൂനപക്ഷ വേട്ടയും കാശ്മീരിലെ ജനങ്ങളുടെ ഉൽക്കണ്ഠകളെ വർദ്ധിപ്പിക്കുന്നു. ഇപ്രകാരം പരിശോധിച്ചാൽ കാശ്മീർ പ്രശ്‌നം മുഖ്യമായും കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സൃഷ്ടിയാണെന്ന് കാണാം. ഈ ഇരുപാർട്ടികളും സൃഷ്ടിച്ച സാഹചര്യത്തെ മുതലെടുക്കുകയാണ് മുസ്ലിം മതമൗലിക ശക്തികളും പാക്കിസ്ഥാനും സാമ്രാജ്യത്വശക്തികളും ചെയ്തത്.

കാശ്മീർ:  ജനങ്ങളുടെ കടമകളെന്ത്?

കാശ്മീർ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഏതൊരു നടപടിയും തുടങ്ങേണ്ടത് കാശ്മീരി ജനതയിൽ ആഴത്തിലുണ്ടായിട്ടുള്ള മുറിവ് ഉണക്കിക്കൊണ്ടാകണം. ഇന്നത്തെ സാഹചര്യത്തിൽ അതിസങ്കീർണ്ണമായ ഒരു പ്രക്രിയയാണത്. ജനാധിപത്യപരമായ സഹിഷ്ണുതയോടുകൂടി അവർ ഉയർത്തുന്ന ആശങ്കകളും പ്രശ്‌നങ്ങളും കേൾക്കാൻ ഇൻഡ്യയിലെ ഭരണാധികാരികൾക്ക് കഴിയണം. അവരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന എണ്ണമറ്റ നടപടികളുണ്ടായിക്കഴിഞ്ഞതിനു ശേഷവും, അടിച്ചമർത്തലിന്റെയും അതിക്രമങ്ങളുടെയും നിരവധി സംഭവങ്ങൾക്കുശേഷവും കാശ്മീരിലെ ജനങ്ങളിൽ വലിയൊരു പങ്കും ഇന്നും നേരിന്റെ വഴിയിൽ ചിന്തിക്കുന്നവരാണ്. 40 വർഷം നീണ്ട പട്ടാളവാഴ്ചയിലമർന്ന പാക്കിസ്ഥാനേക്കാളും ഭേദം മതേതര ഇൻഡ്യയാണെന്ന തരിച്ചറിവുള്ള വിദ്യാസമ്പന്നരും പുരോഗമന നിലപാടുള്ളവരുമായ അനവധി ആളുകൾ ഇന്നും കാശ്മീരിലുണ്ട്. അവരുമായി ഹൃദയ ബന്ധം സ്ഥാപിക്കാനും അവരെ മതേതര-ജനാധിപത്യ മൂല്യങ്ങളുടെ ശക്തരായ പ്രചാരകരാക്കി മാറ്റാനും കഴിയണം. കാശമീർ ഇൻഡ്യയുടെ അവിഭാജ്യഭാഗമാണെന്ന അടിയുറച്ച നിലപാടിൽനിന്നുകൊണ്ടാകണം ഈ ദൗത്യം നിർവ്വഹിക്കാൻ. മതേതര-ജനാധിപത്യ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന ഇൻഡ്യയിലെ രാഷ്ട്രീയ ശക്തികൾ ഈ കടമ നിറവേറ്റാൻ മുന്നോട്ടു വരണം.

കാശ്മീർ ജനതയുടെ ജീവിക്കാനുള്ള അവകാശവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം രാജ്യമെമ്പാടും വളർത്തിയെടുക്കാൻ ഇടതു-ജനാധിപത്യ-പുരോഗമന ശക്തികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, എത്രയും വേഗം കാശ്മീരിൽ ജനാധിപത്യവും സിവിൽ ഭരണവും പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഈ പ്രക്ഷോഭം ഉയർത്തണം. കാശ്മീർ ജനതയുടെ അനിഷേധ്യമായ നീതിയോട് ഐക്യപ്പെട്ടുകൊണ്ട്, കാശ്മീർ പ്രശ്‌നത്തിന്റെ ചരിത്രവസ്തുതകൾ രാജ്യമെമ്പാടും ചർച്ചയ്‌ക്കെടുക്കുന്ന അതിബൃഹത്തായ ജനകീയ പ്രചാരണ യജ്ഞത്തിന്റെ പിൻബലത്തിൽ ഒരു പ്രക്ഷോഭം വളർത്തിയെടുക്കാൻ പുരോഗമനശക്തികൾ തയ്യാറായാൽ രാജ്യത്തിന്റെ പോരാട്ടചരിത്രം തിരുത്തിക്കുറിക്കപ്പെടും. ഈ രാജ്യത്ത് ഇപ്പോൾ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന അന്ധകാരത്തെ ചെറുക്കാൻ ഇതിനു മാത്രമേ കഴിയൂ. ബിജെപി അവതരിപ്പിക്കുന്ന പകയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ തീർത്തും ഒറ്റപ്പെടുത്താൻ അത്തരമൊരു പ്രക്ഷോഭത്തിന് കഴിയും. പ്രസ്തുത പ്രക്ഷോഭം കാശ്മീരിലെ ജനങ്ങൾക്ക് നൽകുന്നത് മഹത്തായ സാഹോദര്യത്തിന്റെ സന്ദേശമായിരിക്കും. ഇൻഡ്യൻ ദേശീയതയുമായി കാശ്മീരിനെ കണ്ണി ചേർക്കാൻ അത് അനുപമമായ സാഹചര്യം സൃഷ്ടിക്കും.

Share this post

scroll to top