ഇടതുപക്ഷ ഐക്യമുന്നണി ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍

 

ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളുടെ വെറുപ്പിന് പാത്രമായ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കൂടുതല്‍ ശക്തരായ പിന്തുടര്‍ച്ചക്കാര്‍ മാത്രമാണ് നരേന്ദ്രമോദിയുടെ സര്‍ക്കാരെന്ന് എംസിപിഐ (യു) സംസ്ഥാന സെക്രട്ടറി സഖാവ് എം.രാജന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അപ്രീതിയും വെറുപ്പും വളര്‍ത്താന്‍ ഇതിടയാക്കുമെന്ന് ഉത്തമബോദ്ധ്യമുണ്ടായിട്ടും ഈ നയങ്ങളുമായി മുന്നോട്ടുപോകുന്നത് പ്രതിസന്ധി മൂര്‍ഛിച്ചിരിക്കുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ കടുത്ത സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടതുപക്ഷ ഐക്യമുന്നണി ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 22ന് ആലപ്പുഴ നഗരചത്വരത്തില്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നിര്‍ണ്ണായക സാഹചര്യത്തില്‍ ജനങ്ങളുടെ കരുത്തുറ്റ പ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ ചരിത്രപരമായി ബാദ്ധ്യതപ്പെട്ട വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുവരുന്നതിനുപകരം പാര്‍ലമെന്ററി കസര്‍ത്തുകളുടെയും സ്ഥാനമാനങ്ങളുടെയും പിന്നാലെയാണെന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിലക്കയറ്റം സൃഷ്ടിക്കുന്നതും രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതുന്നതുമായ നയങ്ങള്‍ക്കും തൊഴിലാളി വിരുദ്ധമായ തൊഴില്‍നിയമ പരിഷ്‌കാരങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ചാര്‍ജ്ജ് വര്‍ദ്ധനവുകള്‍ക്കുമെതിരെ ഇടതുപക്ഷഐക്യമുന്നണി നയിക്കുന്ന പ്രക്ഷോഭ ത്തിന് തുടക്കംകുറിച്ചുകൊണ്ട് സംസ്ഥാനമെമ്പാടും നടക്കുന്ന ജനകീയ കണ്‍വന്‍ഷനുകളുടെ ഭാഗമായാണ് ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ നടന്നത്.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനക്കമ്മിറ്റിയംഗമായ സഖാവ് എസ്.സീതിലാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എംപി സംസ്ഥാനസെക്രട്ടേറിയറ്റ് അംഗവും ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ചെയര്‍മാനുമായ സഖാവ് കെ.എസ്.ഹരിഹരന്‍, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് സി.കെ..ലൂക്കോസ്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആലപ്പുഴ ജില്ലാ സെക്രട്ടറിയും എല്‍യുഎഫ് സംസ്ഥാന കണ്‍വീനറുമായ ഡോ.വി.വേണുഗോപാല്‍, എംസിപിഐ(യു) നേതാക്കളായ സഖാക്കള്‍ ഇ.റ്റി.ശശി, യശോധരാ ദേവി, വി.എസ്.രാജേന്ദ്രന്‍, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ നേതാക്കളായ സഖാക്കള്‍ ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ, കെ.ശിവന്‍കുട്ടി എന്നിവരും പ്രസംഗിച്ചു. വര്‍ഗ്ഗീസ് എം. ജേക്കബ് സ്വാഗതവും അഡ്വ എം.എ.ബിന്ദു കൃതജ്ഞതയും രേഖപ്പെടുത്തി.

സഖാവ് ഇ.റ്റി.ശശി ചെയര്‍മാനും, സഖാവ് വര്‍ഗ്ഗീസ് എം.ജേക്കബ് കണ്‍വീനറും സഖാക്കള്‍ ആര്‍. പാര്‍ത്ഥസാരഥി വര്‍മ്മ, കെ.ശിവന്‍കുട്ടി, അഡ്വ.എം.എ.ബിന്ദു, കെ.എസ്.യശോധരാ ദേവി, കെ.ആര്‍.ഉണ്ണിത്താന്‍, കുമാരസ്വാമി എന്നിവര്‍ കമ്മിറ്റിയംഗങ്ങളുമായി ഇടതുപക്ഷഐക്യമുന്നണി ആലപ്പുഴ ജില്ലാ ഘടകത്തെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.

Share this