ശരിയായ അടിസ്ഥാന രാഷ്ട്രീയ ലൈനില്ലാതെ വിമോചനം സാദ്ധ്യമല്ല

Share

മഹത്തായ നവംബര്‍ വിപ്ലവത്തിന്റെ പാഠങ്ങളില്‍ നിന്ന്‌ – സഖാവ് ശിബ്ദാസ് ഘോഷ്‌

നമ്മുടെ രാജ്യത്ത് മൗലികമായ രാഷ്ട്രീയപ്രശ്‌നത്തില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. നാമൊരു വിഷമവൃത്തത്തില്‍ പെട്ടിരിക്കുന്നു. നാം പാതയന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ പ്രതിസന്ധിയെ അതിജീവിച്ച് ശരിയായ മാര്‍ഗ്ഗത്തിലെത്താന്‍ കഴിയണമെങ്കില്‍ നവംബര്‍ വിപ്ലവത്തിന്റെ ഈ മൗലികമായ പാഠം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമരത്തിന്റെ അടിസ്ഥാന രാഷ്ട്രീയലൈന്‍ ശരിയായി നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, പോയകാലത്തെ അസംഖ്യം സമരങ്ങള്‍ക്ക് സംഭവിച്ചതുപോലെ ഭാവിയിലും ചൂഷിത ജനതയുടെ മോചനപ്പോരാട്ടങ്ങള്‍ അനിവാര്യമായും വീണ്ടും വീണ്ടും പരാജയത്തില്‍ കലാശിക്കും എന്ന് നാം മനസ്സിലാക്കണം. നമ്മുടെ രാജ്യത്ത് വിപ്ലവശക്തികളൊന്നുമില്ല, ജനങ്ങള്‍ക്ക് വിപ്ലവകരമായ ഇച്ഛാശക്തിയോ വീര്യമോ ഇല്ല, യുവാക്കള്‍ക്ക് പോരാട്ടവീര്യമോ ജീവന്‍ ബലിയര്‍പ്പിക്കാനുളള മനോഭാവമോ ഇല്ല, തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സമരവീര്യമോ പോരാട്ടത്തില്‍ സര്‍വ്വവും സമര്‍പ്പിക്കാനുള്ള സന്നദ്ധതയോ ഇല്ല – ഇങ്ങനെയൊക്കെ പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ നിഷേധിക്കുകയാണ്. അത് സത്യമല്ല. കര്‍ഷകരും തൊഴിലാളികളും മറ്റ് അദ്ധ്വാനിക്കുന്ന ജനങ്ങളും ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള എണ്ണമറ്റ വിദ്യാര്‍ത്ഥികളും യുവാക്കളും എത്രയോ വട്ടം സമരത്തിലേയ്‌ക്കെടുത്തുചാടിയിട്ടുണ്ട്. ജനങ്ങളെ സമരരംഗത്തുകൊണ്ടുവരാന്‍ പോന്ന തരത്തില്‍ എന്തെങ്കിലും സംഘടനാശേഷിയുള്ളവര്‍ ഉചിതമായ സന്ദര്‍ഭത്തില്‍ മര്‍ദ്ദകര്‍ക്കെതിരെ പൊരുതി വിപ്ലവം യാഥാര്‍ത്ഥ്യമാക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയിട്ടുള്ളപ്പോഴെല്ലാം രാജ്യത്തെമ്പാടും സമരങ്ങള്‍ അലയടിച്ചുയരുന്നത് നാം കണ്ടു. വിപ്ലവത്തിന് വേണ്ടിയുള്ള അദമ്യമായ വാഞ്ഛ, ആ സ്വപ്നം, അതൊന്നുതന്നെ യുവാക്കളെ വീണ്ടും വീണ്ടും പോരാട്ടത്തിലണിനിരക്കാനും ജീവന്‍വെടിയാനും പ്രചോദിപ്പിച്ചിട്ടുണ്ട്. എന്തുതരം വിപ്ലവം, എങ്ങനെ എവിടെ നിന്ന് അത് സംഭവിക്കും, ആരുടെ നേതൃത്വത്തില്‍, അതിന്റെ ശരിയായ ലൈന്‍ എന്തായിരിക്കും – ഇത്തരം പ്രശ്‌നങ്ങളെപ്പറ്റിയൊന്നും അവര്‍ ചിന്തിച്ചില്ല.

അതിനാല്‍, നമ്മുടെ യുവാക്കള്‍ സമരസന്നദ്ധരല്ല എന്ന് പറയുന്നത് ശരിയല്ല. നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സമരം ചെയ്യാന്‍ താല്പര്യമില്ല, റഷ്യയിലെയും ചൈനയിലെയും വിയറ്റ്‌നാമിലെയുമൊക്കെ തൊഴിലാളികളെയും കര്‍ഷകരെയും യുവാക്കളെയും പോലെ മരണത്തെ തൃണവല്‍ഗണിച്ചുകൊണ്ട് സമരം ചെയ്യാന്‍ അവര്‍ ഒരുക്കമല്ല, മറ്റാരെങ്കിലും തങ്ങള്‍ക്കുവേണ്ടി ഉപായത്തില്‍ വിപ്ലവം നടത്തിത്തരണമെന്നുള്ളതാണ് നമ്മുടെ ചെറുപ്പക്കാരുടെയും കൃഷിക്കാരുടെയും തൊഴിലാളികളുടെയും മനോഭാവം, പ്രകൃതം കൊണ്ട് അവര്‍ അവിഹിതമാംവിധം സമാധാനപ്രിയരാണ്, കുഴപ്പങ്ങളും സമരവുമൊക്കെ ഒഴിവാക്കണമെന്നതാണവരുടെ താല്പര്യം — ഇങ്ങനെയൊക്കെ പറയുന്നതും സത്യമല്ല. യഥാര്‍ത്ഥ പ്രശ്‌നം കുടികൊള്ളുന്നത് ഇവിടെയല്ല. അവരുടെ മുന്നില്‍ ശരിയായ പാതയില്ല, ശരിയായ അടിസ്ഥാന രാഷ്ട്രീയലൈന്‍ ഇല്ല – ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നം കിടക്കുന്നത്. സമരത്തിന്റെ തന്ത്രവും ലക്ഷ്യവും നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍, വിപ്ലവഘട്ടം നിര്‍ണ്ണയിക്കുന്നതില്‍, വീഴ്ച സംഭവിച്ചാല്‍, വിപ്ലവത്തിന്റെ അടിസ്ഥാന അടവ് സംബന്ധിച്ച ലൈന്‍ ശരിയല്ലെങ്കില്‍, മനസ്സിലാക്കല്‍ ശരിയല്ലെങ്കില്‍, മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, അടിസ്ഥാന രാഷ്ട്രീയലൈനും സമരത്തിന്റെ ലക്ഷ്യം തന്നെയും തെറ്റാണെങ്കില്‍, ജനങ്ങള്‍ക്ക് എത്രയെല്ലാം സമരവീര്യവും ത്യാഗമനോഭാവവും ഉണ്ടെങ്കിലും ശരി, അവരുടെ ത്യാഗവും രക്തസാക്ഷിത്വവുമെല്ലാം വൃഥാവിലാകും. ആ ഒരു സമയത്തേയ്ക്ക് മാത്രമാണോ അത് വൃഥാവിലാകുന്നത്? ഈ പരാജയം സമരത്തില്‍ പങ്കെടുക്കുന്നവരുടെ മനസ്സില്‍ നിരാശയും വ്യര്‍ത്ഥതാബോധവും നിറയ്ക്കും എന്നതും സത്യമല്ലേ? അവരുടെ മനസ്സില്‍ സമരത്തെയും പ്രക്ഷോഭണങ്ങളെയും പറ്റി സംശയം നുഴഞ്ഞുകയറുന്നു. നാം കഠിനമായി പൊരുതി, എത്രയോപേര്‍ ജീവന്‍ നല്‍കി, വലിയ ത്യാഗങ്ങള്‍ അനുഷ്ഠിച്ചു, എന്നിട്ട് എന്താണ് നേടിയത്?’ ഈ ചിന്ത അവരെ അലട്ടുന്നു. അവര്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ കേഡര്‍മാരെ ചോദ്യം ചെയ്യുന്നു:

‘ഞങ്ങള്‍ സമരത്തെ പിന്തുണച്ചു. നിരവധി പേര്‍ ജീവന്‍ നല്‍കി. പക്ഷെ, എന്തു ഫലം? നമ്മുടെ രാജ്യത്ത് ഞങ്ങള്‍ക്കൊരു പ്രതീക്ഷയുമില്ല. നിങ്ങളെപ്പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെയെല്ലാം ഞങ്ങള്‍ കണ്ടുകഴിഞ്ഞു. നിങ്ങളെല്ലാം ഒരുപോലെയാണ്. നിങ്ങള്‍ക്ക്, ഈ പാര്‍ട്ടികളില്‍ ഒന്നിനും, യാതൊരു നന്മയും ചെയ്യാന്‍ കഴിവില്ല.’
സമരത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഇങ്ങനെയൊരു നിരാശാബോധം ജനങ്ങളുടെ മനസ്സില്‍ നിഴല്‍വീഴ്ത്തുന്നു.

ഏറെ ഉത്കണ്ഠാജനകമായ കാര്യം, ഈയൊരു ചിന്താഗതി മൂലം അവര്‍ വളരെ ലളിതമായ ഒരു സാമാന്യസത്യത്തെ സംബന്ധിച്ചുപോലും ആശയക്കുഴപ്പം വച്ചുപുലര്‍ത്തുന്നുവെന്നതാണ് – ഇപ്പോള്‍ വളരെ പ്രബലമായിരിക്കുന്ന ഒരു പ്രവണതയാണിത്. ഇപ്പറഞ്ഞത് അല്പം വിശദീകരിക്കാം. അവര്‍ പറയുന്നതുപോലെ, നമ്മളിലാര്‍ക്കും ഒരു നന്മയും ചെയ്യാന്‍ കഴിവില്ല എന്നിരിക്കട്ടെ. അവരുടെ ആ വിചാരം ശരിയാണെങ്കില്‍പ്പോലും അവര്‍ക്കെന്താണ് ചെയ്യാനുള്ളത്? നമ്മളെ ഒന്നിനും കൊള്ളില്ല എന്ന് അവര്‍ വിചാരിക്കുന്നു. ശരി, പക്ഷെ, അവര്‍ക്ക് ഈവിധത്തില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കുമോ? ഇങ്ങനെ തുടരാന്‍ സാധിക്കുമോ? അത് വിശപ്പിന് പരിഹാരമുണ്ടാക്കുമോ? എല്ലാറ്റിനും വില കൂടിക്കൊണ്ടിരിക്കുന്നു. തൊഴിലിന് യാതൊരു സുരക്ഷിതത്വവുമില്ല. ഭൂമി കൈവിട്ടുപോകുന്നു. തൊഴിലില്ലായ്മപ്രശ്‌നം വര്‍ദ്ധിച്ചുവരുന്നു. കുടുംബങ്ങള്‍ തകരുകയാണ്. കുടുംബങ്ങളില്‍ ഒരു സമാധാനവുമില്ല. സ്‌നേഹവും വാത്സല്യവും സഹാനുഭൂതിയുമൊക്കെ വറ്റിവരളുന്നു. മക്കള്‍ നിങ്ങളുടെ കണ്‍മുന്നില്‍ മനുഷ്യത്വത്തിന് നിരക്കാത്ത സ്വഭാവവിശേഷങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. നിങ്ങള്‍ തന്നെ സ്വയം അധഃപതിക്കുകയെന്ന ഭീഷണി നേരിടുന്നു. അതിനെപ്പറ്റിയും നിങ്ങള്‍ തികച്ചും ബോധവാനാണ്. ഇതെല്ലാം അങ്ങനെ തുടരാന്‍ നിങ്ങള്‍ അനുവദിക്കുമോ? തീര്‍ച്ചയായും, ദിര്‍ഘകാലം അതങ്ങനെ തുടരാനാവില്ല.

അപ്പോള്‍, എന്തു സംഭവിക്കുന്നു? ചില സമയങ്ങളില്‍ അവരിലെ മനുഷ്യത്വം അഥവാ ഉദാത്തമായ മനുഷ്യജീവിതത്തിന്റെ ആത്മവത്ത നിദ്രവിട്ടുണരുന്നു. ഇനി, മനുഷ്യത്വത്തെപ്പറ്റി അവര്‍ക്ക് ഉത്കണ്ഠയില്ലെങ്കിലും, നിലനില്പിന് അവശ്യം വേണ്ട കാര്യങ്ങള്‍ അവര്‍ക്ക് അവഗണിക്കാനാവില്ല. എന്തെന്നാല്‍, വിശപ്പ് ഒരു കടുത്ത യാഥാര്‍ത്ഥ്യമാണ്. ഉയര്‍ന്ന പ്രബുദ്ധതയില്ലെങ്കില്‍, ഉന്നതമായ നൈതിക-ധാര്‍മ്മിക മൂല്യങ്ങളില്ലെങ്കില്‍, ഒരാള്‍ മാനവികതയുടെ ആഹ്വാനം ചെവിക്കൊള്ളുകയില്ല. പക്ഷെ, വിശപ്പിനെ അവഗണിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതിനാല്‍, പരാജയത്തിന് ശേഷവും അവര്‍ക്ക് ഉണര്‍ന്നെണീക്കേണ്ടി വരും. പക്ഷെ, അങ്ങനെ ഉണര്‍ന്നെണീക്കുമ്പോള്‍ വീണ്ടും അവര്‍ പ്രതികരിക്കുന്നത് ഉന്മത്തമായ വിധത്തിലോ ബാലിശമായോ ആയിരിക്കും – അതായത്, തികഞ്ഞ അക്ഷമയോടെയും പൂര്‍വ്വാപരവൈരുദ്ധ്യങ്ങള്‍ നിറഞ്ഞ വിധത്തിലും. എന്തെന്നാല്‍, സമരങ്ങള്‍ക്ക് അവശ്യം വേണ്ട സംഘടനാപരമായ സംവിധാനം എവിടെ? ശരിയായ രാഷ്ട്രീയനേതൃത്വം എവിടെ? ഇങ്ങനെ, അഞ്ചോ ഏഴോ എട്ടോ പത്തോ വര്‍ഷങ്ങളുടെ ഇടവേളകളില്‍ രാജ്യത്ത് സമരങ്ങളുടെ അലയടികളുണ്ടാകുന്നു. ഈ ഓരോ സമരത്തിലും പരാജയമുണ്ടായിക്കഴിയുമ്പോള്‍ ജനങ്ങള്‍ നിരാശയ്ക്കടിപ്പെടുന്നു. പ്രതീക്ഷയ്ക്ക് ഒരുവകയുമില്ലാത്തതായി അവര്‍ക്ക് തോന്നുന്നു. എങ്കിലും, ഇതേ പരാജിതജനത തന്നെ കുറച്ചുകാലം കഴിഞ്ഞ് വീണ്ടും അക്ഷമരാവുകയും മാറ്റത്തിന് വേണ്ടിയും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയും മുറവിളിയുയര്‍ത്തുകയും ചെയ്യുന്നു. അപ്പോള്‍, സമരം അനിവാര്യമാണ്, സമരരംഗത്തിറങ്ങാതിരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയുമില്ല. ഇന്നല്ലെങ്കില്‍ രണ്ട് കൊല്ലം കഴിഞ്ഞ്, അതുമല്ലെങ്കില്‍ അഞ്ചുകൊല്ലം കഴിഞ്ഞ്, അവര്‍ക്ക് സമരത്തില്‍ വന്നുചേരേണ്ടിവരും. പക്ഷെ, അങ്ങനെ വന്നുചേരുമ്പോള്‍ അവര്‍ വീണ്ടും പഴയപോലെ ബാലിശമായ പ്രതികരണങ്ങള്‍ നടത്തും, ശരിയോ തെറ്റോ എന്ന് നോക്കാതെ ഏതെങ്കിലും മാര്‍ഗ്ഗം സ്വീകരിച്ച് സമരം തുടങ്ങും, ഏതെങ്കിലുമൊക്കെ മുദ്രാവാക്യങ്ങളുയര്‍ത്തും, തങ്ങള്‍ വിപ്ലവത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് വിശ്വസിച്ചുകൊണ്ട് ജീവന്‍ ബലിയര്‍പ്പിക്കും. വീണ്ടും അവര്‍ പരാജയപ്പെടും. വീണ്ടും അവര്‍ വഴിതെറ്റിക്കപ്പെടും. അതിനാല്‍, നവംബര്‍ വിപ്ലവത്തിന്റെ ഈ മൗലികമായ പാഠം ഏതൊരു സമരത്തിന്റെയും മുന്നിലേയ്ക്ക് നാം കൊണ്ടുവരേണ്ടതുണ്ട്.

Share this post

scroll to top