‘ഒബാമ ഗോ ബാക്ക്’ ജനകീയ കണ്‍വന്‍ഷന്‍.

 

റിപ്പബ്ലിക് ദിന വിശിഷ്ടാതിഥിയായി ഒബാമയ്ക്ക് മോദി ഗവണ്മെന്റ് നല്കിയ ക്ഷണത്തിനെതിരെ ജനകീയ കണ്‍വന്‍ഷന്‍.

റിപ്പബ്ലിക്ദിന വിശിഷ്ടാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് മോദിസര്‍ക്കാര്‍ നില്‍കിയ ക്ഷണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ഒബാമ ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടും ജനുവരി 16 തീയതി വൈകുന്നേരം 3 മണിക്ക് ആലപ്പുഴയില്‍ ജനകീയ കണ്‍വന്‍ഷന്‍ നടന്നു.

യുദ്ധവിരുദ്ധ-സാമ്രാജ്യത്വ വിരുദ്ധ ജനകീയ പ്രസ്ഥാനങ്ങളെ സാവ്വദേശീയ തലത്തില്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്റര്‍ നാഷണല്‍ ആന്റി ഇംപീരിയലിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഇന്‍ഡ്യന്‍ ഘടകമായ ആള്‍ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറമാണ്സാമ്രാജ്യത്വവിരുദ്ധ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ആലപ്പുഴ മുല്ലയ്ക്കല്‍ പുളിമൂട്ടില്‍ ടവേഴ്‌സിലാണ് കണ്‍വന്‍ഷന്‍ നടന്നത്. പ്രൊഫ: കെ. അരവിന്ദാക്ഷന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മുന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ റാംസെക്ലര്‍ക്ക് സാര്‍വ്വദേശീയ പ്രസിഡന്റായിട്ടുള്ള ഇന്റര്‍ നാഷണല്‍ ആന്റി ഇംപീരിയലിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ബംഗാളിലെ സാംസ്‌കാരിക പ്രമുഖനായ മണിക് മുഖര്‍ജിയാണ്. കേരളാചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ.എന്‍.എ കരീം ആണ്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അമേരിക്ക ലോകത്തെ വിവിധരാജ്യങ്ങളുടെ പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും നഗ്നമായി കൈകടത്തികൊണ്ടിരിക്കുകയാണ്. രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധം കുത്തിപ്പൊക്കുകയും മത മൗലികവാദവും വംശീയ സംഘര്‍ഷങ്ങളും വളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധജനങ്ങളുമുള്‍പ്പെടെയുള്ള ലക്ഷോപലക്ഷം ജനങ്ങളെ കൊന്നൊടുക്കുന്നു, സ്ത്രീകളുടെ മാനം കവരുന്നു, നഗരങ്ങളെയും ഗ്രാമങ്ങളെയും നശിപ്പിച്ച് തവിട്‌പൊടിയാക്കുന്നു, വിവിധ രാജ്യങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ഇങ്ങനെ മനുഷ്യരാശിയുടെ ശത്രുവായിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മേധാവിയെയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്. ഈ നടപടിയിലൂടെ സര്‍ക്കാര്‍ ഇന്‍ഡ്യയുടെ ഉജ്ജ്വലമായ സാമ്രാജ്യത്വവിരുദ്ധ സമരപാരമ്പര്യത്തെ കളങ്കപ്പെടുത്തുകയാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനെയും ഭഗത് സിംഗിനെയും പോലുള്ള സ്വാതന്ത്ര്യ സമരത്തിലെ മഹാന്മാരായ ധീരയോദ്ധാക്കളെ അപമാനിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സംഘടന ദേശവ്യാപകമായ പ്രചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍വന്‍ഷന്‍ നടന്നത്. അഡ്വ.മാത്യു വേളങ്ങാടന്‍, സി.കെ ലൂക്കോസ്, ഡോ.വി.വേണുഗോപാല്‍, ടി.ബി വിശ്വനാഥന്‍, ആലാ വാസുദേവന്‍ പിള്ള, അഡ്വ. നാസര്‍ പൈങ്ങാമഠം, ജി.എസ് പത്മകുമാര്‍, എസ്.സീതിലാല്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

Share this