സോളാര്‍ തട്ടിപ്പില്‍ മുങ്ങിത്താഴുന്ന യുഡിഎഫ് രാഷ്ട്രീയ തട്ടിപ്പുവേലകളുമായി എല്‍ഡിഎഫ്‌

Spread our news by sharing in social media

കഴിഞ്ഞ കുറെ മാസങ്ങളായി കേരള രാഷ്ട്രീയം ദുര്‍ഗന്ധം വമിക്കുന്ന സംഭവവികാസങ്ങളില്‍ ചുറ്റിത്തിരിയുകയാണ്. ഒന്നിനു പിറകെ മറ്റൊന്നായി പുറത്തുവരികയും പുകയുകയും ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ വ്യവസ്ഥാപിതരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മനംപിരട്ടലുളവാക്കുന്ന അപചയത്തെയാണ് വ്യക്തമാക്കുന്നത്. ഉദരപൂരണത്തിന്റെ എത്രമേല്‍ തരംതാണ നിലപാട് സ്വീകരിക്കാനും ഒരു ഉളിപ്പുമില്ലാത്ത യുഡിഎഫ് രാഷ്ട്രീയം ജനങ്ങളുടെ മുമ്പില്‍ വാരിവലിച്ചിടുന്ന സദാചാരരാഹിത്യം അറപ്പുളവാക്കുന്നതാണ്. ഒടുവിലത്തെ ഇക്കിളിപ്പെടുത്തല്‍ സോളാര്‍ തട്ടിപ്പെന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമാക്കഥകളെ വെല്ലുന്ന സംഭവവികാസങ്ങള്‍, അശ്ലീലമസാലകള്‍, നാടകീയപരിണാമങ്ങള്‍, മാധ്യമങ്ങളുടെ തരംതാണ സെന്‍സേഷണലിസത്തിന്റെ ഭാവപ്പകര്‍ച്ചകള്‍ എല്ലാം അരങ്ങ് തകര്‍ക്കുകയാണ്. വലിയ ഉന്നതന്മാരുടെയും മക്കളുടെയും പേരുകള്‍ ബന്ധിപ്പിക്കപ്പെട്ട വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും എത്രയോ കേസ്സുകള്‍ ആരും ശിക്ഷിക്കപ്പെടാതെ വിസ്മൃതിയലേക്ക് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അതിലേറെ വേഗതയില്‍ ഇതും മുക്കപ്പെടും. സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്നവരും അതുയര്‍ത്തി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നവരും അവരവരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ നേടിക്കഴിയുമ്പോള്‍ വിഷയം പെരുവഴിയിലുപേക്ഷിച്ച് അന്തസ്സാരശൂന്യമായ അടുത്ത വിഷയത്തിലേക്ക് ചാടും. ജനങ്ങളുടെ ദുരിതങ്ങള്‍ അന്തമില്ലാതെ തുടരുകയും പെരുകുകയും ചെയ്യും.

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അതീവഗുരുതരങ്ങളായ ജീവിതപ്രശ്‌നങ്ങളൊന്നും  ഈ വിവാദവ്യവസായത്തില്‍ അന്തര്‍ഭവിച്ചിട്ടില്ല. വിലക്കയറ്റത്തിന്റെ കുതിപ്പ് കണ്ട് ജനങ്ങള്‍ പകച്ചുനില്‍ക്കുകയാണ്. കേരളത്തിലെ സാധാരണക്കാരന് വിശപ്പടക്കാന്‍ ഒരാശ്വാസമായിരുന്ന മരച്ചീനിക്ക്  വില കിലോയ്ക്ക് 30 രൂപയായി ഉയര്‍ന്നിരിക്കുന്നു. അരിയും പച്ചക്കറിയും ഉപേക്ഷിച്ച് മണ്ണ് വാരിത്തിന്നേണ്ട അവസ്ഥയിലെത്തി ജനങ്ങള്‍. പകര്‍ച്ചപ്പനി പിടിച്ച്  ആശുപത്രികളില്‍ നരകിക്കുന്നത് ആറരലക്ഷം പേരാണ്. ഇരുന്നൂറില്‍പ്പരം മനുഷ്യര്‍ മരണപ്പെട്ടുകഴിഞ്ഞു. പാലക്കാട്ടും വയനാട്ടിലും ആദിവാസിക്കുടികളില്‍ പട്ടിണിമരണവും രോഗപീഡകളും താണ്ഡവമാടുന്നു. ഗള്‍ഫ് നാടുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതുവഴി പതിനായിരങ്ങള്‍ ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്തേക്ക് മടങ്ങിവരികയാണ്. ഇപ്പോള്‍ത്തന്നെ സ്‌ഫോടനാത്മകമായ സ്ഥിതിയിലായ തൊഴിലില്ലായ്മ വീണ്ടും ഉയരുന്നു.  ജനങ്ങളുടെ വിദ്യാഭ്യാസ അഭിലാഷങ്ങള്‍ പണത്തിന്റെയും അവസരനിഷേധത്തിന്റെയും മുമ്പില്‍ തകര്‍ന്നടിയുന്നു. സ്വാശ്രയ മാനേജുമെന്റുകളുടെ സീറ്റ് വിഹിതം ഇതിനിടയിലും 65 ശതമാനമാക്കി ഉയര്‍ത്തി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറയ്ക്കാന്‍ ഈ രാഷ്ട്രീയകുഴഞ്ഞുമറിയലിന്റെ ഇടയിലും മറന്നുപോകുന്നില്ല.

സാമൂഹ്യജീവിതത്തിന്റെ സര്‍വ്വമേഖലകളിലും ഇരുട്ട് നിറഞ്ഞ അവസ്ഥ മാത്രം. ഇവിടെ മിലിറ്റന്റായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടുന്നത് ഈ വിഷയങ്ങളിന്മേലാണ്. വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയേണ്ടുന്നത് – അതൊരു സമരമാണെങ്കില്‍. ജനങ്ങള്‍ അടിയന്തിരാശ്വാസം അതിയായി ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ കരിങ്കൊടിക്കാരെ കാണുന്നില്ല. വ്യക്തമായ ലക്ഷ്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും സുഘടിതമായ ഒരു ജനകീയ മുന്നേറ്റം വളര്‍ത്തിയെടുക്കേണ്ടത്  പ്രാണവായുപോലെ  അവശ്യമായിരിക്കുന്ന ഈ ഘട്ടത്തില്‍ അത്തരമൊന്ന് കാണുന്നില്ല എന്ന് മാത്രമല്ല, തരംതാണ സെന്‍സേഷണലിസത്തിന്റെ അന്തസ്സാരശൂന്യമായ സമീപനത്തില്‍ ജനങ്ങളെ കുടുക്കിയിടുന്ന കുറ്റകരമായ സമീപനമാണ് പ്രതിപക്ഷത്തിന്റെ നിലപാടുകളില്‍ തെളിയുന്നത്. യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളല്ല പ്രക്ഷോഭത്തിന്റെ ആധാരമെങ്കില്‍ ഫലത്തില്‍ അത് യുഡിഎഫ് രാഷ്ട്രീയത്തെ ശക്തിപ്പെടുത്തലാണ്.

ജൂണ്‍ 10 ന് ആരംഭിച്ച നിയമസഭാസമ്മേളനം 26ന് അടിയന്തിരമായി 7 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയുണ്ടായി. 14 ദിവസം നടന്ന നിയമസഭാസമ്മേളനത്തില്‍ ഒരു ദിവസം പോലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷം സഭയില്‍ സൃഷ്ടിച്ച ബഹളത്തെയും കുത്തിയിരിപ്പിനെയും തുടര്‍ന്നാണ് സഭാനടപടികള്‍ സ്തംഭിച്ചത്. സഭയില്‍ വയ്ക്കുന്ന 46 ധനാഭ്യര്‍ത്ഥനകളില്‍ ചര്‍ച്ച നടക്കേണ്ടത് 37 ഇനങ്ങളിലാണ്. ഇതില്‍ ചര്‍ച്ച നടന്നത് വെറും 5 എണ്ണത്തില്‍ മാത്രമാണ്. ബാക്കിയെല്ലാം പാസ്സാക്കിയെടുക്കാന്‍ ചെലവഴിച്ചത് വെറും 5 മിനിറ്റ് മാത്രം. ജനജീവിതവുമായി ബന്ധപ്പെട്ട, സുപ്രധാനമായ മേഖലകളിലേക്കുള്ള ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് പൂര്‍ണ്ണമായും നടക്കാതെ പോയത്. അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ ചൂഷണത്തെ സംബന്ധിച്ചുള്ള ശ്രദ്ധക്ഷണിക്കല്‍ പോലുള്ള വളരെ ഗൗരവസ്വഭാവത്തിലുള്ള പ്രമേയങ്ങളും ഒഴിവാക്കപ്പെട്ടു. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം പോലുള്ള രംഗങ്ങളിലെ ഗുരുതരമായ പ്രശ്‌നങ്ങളും പരാധീനതകളും ചര്‍ച്ച ചെയ്യേണ്ട അടിയന്തിരസന്ദര്‍ഭത്തിലാണ് അവ ഒഴിവാക്കപ്പെട്ടത്. തികഞ്ഞ സങ്കുചിതരാഷ്ട്രീയ കണക്കുകൂട്ടലോടെ പ്രതിപക്ഷം നടത്തിയ നിരുത്തരവാദപരമായ നിലപാടും അത് മുതലെടുത്ത ഭരണപക്ഷത്തിന്റെ തന്ത്രങ്ങളും ചേര്‍ന്നപ്പോള്‍ നിയമസഭ ഗില്ലറ്റിന്‍ ചെയ്യപ്പെടേണ്ട അപൂര്‍വ്വസാഹചര്യം സൃഷ്ടിക്കപ്പെട്ടു. നികുതിദായകന്റെ പോക്കറ്റില്‍ നിന്ന്  ലക്ഷങ്ങള്‍ ചെലവഴിച്ച് നിയമസഭ സമ്മേളിക്കുമ്പോള്‍ സാധാരണക്കാരന്റെ ദുരിതങ്ങളോട് ക്രൂരമായ നിരുത്തരവാദിത്വവും നിസ്സംഗതയും കാട്ടുകയാണ് ഭരണ – പ്രതിപക്ഷ ചേരികള്‍. എന്തിനെച്ചൊല്ലിയാണ് ഈ നിയമസഭാ സ്തംഭനം? അവിടെ നടന്ന സംഭവവികാസങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യത്തെ അശേഷം പ്രതിഫലിപ്പിക്കുന്നില്ല. 14 ദിവസം നിയമസഭ സ്തംഭിപ്പിക്കേണ്ടുന്ന തരത്തിലുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും നീറുന്ന വിഷയമാണോ സോളാര്‍ തട്ടിപ്പ്?

ജനപക്ഷത്ത് അടിയുറച്ച് നിലകൊള്ളാന്‍ ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനം, മുഴുവന്‍ ശക്തിയും സമാഹരിച്ച് ഒരു പ്രക്ഷോഭം നടത്തുന്നുവെങ്കില്‍ അതിനായി സ്വീകരിക്കേണ്ടുന്ന വിഷയത്തിന്റെ മാനദണ്ഡം എന്തായിരിക്കണം. ഉടനടിയുള്ള പാര്‍ലമെന്ററി രാഷ്ട്രീയ നേട്ടങ്ങള്‍ ഒരു കാരണവശാലും വിഷയം തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമാകാന്‍ പാടില്ല. അല്പായുസ്സായ സെന്‍സേഷനും ഉദ്വേഗവും ഇക്കിളിയും ജനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വിലകുറഞ്ഞ കൗതുകവും ഒരു ശരിയായ ജനകീയ മുന്നേറ്റത്തിന്റെ അടിസ്ഥാനമാവില്ല. പ്രത്യേകിച്ചും നിലനില്‍പ്പിന്റേതായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ തീക്ഷ്ണമായി നേരിടുന്ന ഈ നാളുകളില്‍. കോര്‍പ്പറേറ്റുകളുടെ ദാസ്യവേല മാത്രമായി ഭരണം മാറിക്കഴിഞ്ഞിരിക്കുന്ന വര്‍ത്തമാനസാഹചര്യത്തില്‍ ഉയര്‍ന്ന ജനാധിപത്യപ്രബുദ്ധതയും രാഷ്ട്രീയബോധവും പകര്‍ന്നുനല്‍കി, ഒരു അപ്രതിരോധശക്തിയായി മാറാനുള്ള പ്രാപ്തി ജനങ്ങള്‍ക്ക് നല്‍കുന്ന ഒന്നായിരിക്കണം ഒരു ജനാധിപത്യപ്രക്ഷോഭം. വര്‍ഗ്ഗബോധത്തിന്റെ ഉള്‍ക്കരുത്തുള്ള ഒന്നായിരിക്കുമത്. അത് നാലാംകിട രാഷ്ട്രീയ കോമാളിത്തരമാകാന്‍ പാടില്ല.

മസാലയും എരിവും പുളിയും മാറ്റിവച്ച് പരിശോധിച്ചാല്‍ സോളാര്‍ തട്ടിപ്പ് എന്താണ്? ഇതിനോടകം പുറത്തുവന്ന വിവരങ്ങളെ യുക്തിപൂര്‍വ്വം കൂട്ടിയിണക്കിയാല്‍ എത്തിച്ചേരാവുന്ന നിഗമനങ്ങളെന്തൊക്കെയാണ്? കഴിഞ്ഞ 7 വര്‍ഷമായി ക്രിമിനല്‍ പശ്ചാത്തലത്തോടെ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളുടെ നേതൃത്വത്തിലുള്ള ഒരു തട്ടിപ്പ്കമ്പനി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി സംസ്ഥാനത്തെ കുറെയധികം പേരില്‍ നിന്നായി ലക്ഷങ്ങളും കോടികളും തട്ടിയെടുത്തിരിക്കുന്നു. ഈ തട്ടിപ്പിന്റെ സൂത്രധാരന്മാരായിട്ടുള്ള വ്യക്തികള്‍, മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരുടെ പേരും പദവിയും ഉപയോഗപ്പെടുത്തി വിശ്വാസ്യത സൃഷ്ടിച്ചാണ് അവയില്‍ ചില തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. അതിനായി മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ട മൂന്നിലധികം പേര്‍ വഴിവിട്ടനിലയില്‍ ചില സഹായങ്ങള്‍ നല്‍കിയെന്നുമാത്രമല്ല, അവര്‍ തട്ടിപ്പിന്റെ ആസൂത്രകന്മാരായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചവര്‍ സംസ്ഥാനത്തെ ചില മന്ത്രിമാരെയും എം.എല്‍.എമാരെയും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. അവര്‍ക്കിടയില്‍ നടന്ന സംഭാഷണമെന്തെന്നോ ഈ വന്‍തട്ടിപ്പില്‍ അവരുടെ പങ്കെന്തെന്നോ ഇപ്പോഴും പുറത്തുവന്നിട്ടില്ല. രണ്ട് സാധ്യതകളാണ് ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്. ഒന്നുകില്‍ രാഷ്ട്രീയരംഗത്തുള്ള പ്രമുഖരുമായി ബന്ധം സ്ഥാപിക്കുകയും അപ്രകാരമുള്ള ബന്ധത്തെ ‘മാര്‍ക്കറ്റ്’ ചെയ്യുകയുമായിരുന്നു സരിതയും കൂട്ടാളികളും ചെയ്തത്. അല്ലെങ്കില്‍ ഭരണകക്ഷിയുടെ നേതാക്കള്‍ നേരിട്ട് ടീം സോളാര്‍ എന്ന ബിനാമി പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതില്‍ ഏത് സാധ്യതയാണ് സംഭവിച്ചത് എന്നത് സത്യസന്ധമായ ഒരന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. അതിനാല്‍ ജനങ്ങളുടെ ആവശ്യം നീതിപൂര്‍വ്വകവും സത്യസന്ധവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നതാണ്. അത്തരമൊരാവശ്യം ഉന്നയിക്കുകയും ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ അത് നേടിയെടുക്കാന്‍ പരിശ്രമിക്കുകയുമാണ് വേണ്ടത്.

ആത്മാഭിമാനവും രാഷ്ട്രീയമാന്യതയും കണികയെങ്കിലും അവശേഷിക്കുന്നണ്ടെങ്കില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ സ്ഥാനങ്ങള്‍ ഒഴിയണം. ഇവര്‍ അവരുടെ നിര്‍ദ്ദോഷിത്വത്തെ സംബന്ധിച്ച് എത്രമേല്‍ പെരുമ്പറ മുഴക്കിയാലും സ്ഥിതിഗതികള്‍ ഈ വിധം രൂപപ്പെട്ടുവന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒരു കാരണവശാലും അവര്‍ക്ക് കൈകഴുകാനാവില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന ഇടപാടുകള്‍ക്ക് ആരാണ് അന്തിമ ഉത്തരവാദി. രാഷ്ട്രീയനിയമനം മാത്രമാണ് പേഴ്‌സനല്‍ സ്റ്റാഫ് എന്നതിനാല്‍ അവരെ നിയമിച്ചവര്‍ക്കും നിലനിര്‍ത്തിയവര്‍ക്കും തന്നെയാണ് അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തം. അതിനാല്‍ ഈ കൂട്ടക്കുഴപ്പത്തിന്റെ ധാര്‍മ്മികബാധ്യതയില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒരു വിധത്തിലും ഒഴിയാനാവില്ല. അതോടൊപ്പം ഞങ്ങള്‍ ആദ്യം ചൂണ്ടിക്കാട്ടിയ മറ്റൊരുഗൗരവതരമായ വിഷയവും ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തിലൂടെ സത്യസ്ഥിതി പുറത്തുവരുമെന്ന് വീമ്പിളക്കുമ്പോള്‍, അന്വേഷണം നടത്തുന്നവരെല്ലാം ഇതേ നേതാക്കന്മാരുടെ കീഴിലുള്ളവരാണ് എന്നതാണ് വിരോധാഭാസം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ഒരിടപാടിനെ സംബന്ധിച്ച് അദ്ദേഹത്തോട് ചോദിക്കാതെ എങ്ങിനെയാണ് അന്വേഷണം ശാസ്ത്രീയമായ ഒരു നിഗമനത്തിലെത്തുക? എങ്ങിനെയാണ് അന്വേഷണം പൂര്‍ത്തിയാവുക? വകുപ്പ് മന്ത്രിയെ ചോദ്യം ചെയ്ത് സത്യസ്ഥിതി പുറത്തുകൊണ്ടുവരുവാന്‍ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് എങ്ങിനെ കഴിയും? തങ്ങള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കാനിടനല്‍കും വിധം അന്വേഷണത്തെ സ്വതന്ത്രമായി വിടാന്‍ നേതാക്കള്‍ തയ്യാറാകുമെന്ന് കരുതാന്‍ ജനങ്ങള്‍ അത്രമേല്‍ വിഢ്ഢികളല്ല. നേതാക്കളെത്തന്നെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനിടയാക്കുന്ന തെളിവുകള്‍ ലഭ്യമായാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മര്‍ഗ്ഗങ്ങളും ഈ നേതാക്കന്മാര്‍ കൈക്കൊള്ളുമെന്ന് സംശയത്തിനിടയില്ലാതെ പറയാന്‍ കഴിയും. സത്യസന്ധമായ പൊതുപ്രവര്‍ത്തനത്തിന് മറ്റെന്തിനേക്കാളും വിലനല്‍കുന്ന രാഷ്ട്രീയ അനുഭവം കോണ്‍ഗ്രസ്സില്‍ നിന്ന് ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. അടിമുടി അഴിമതിയില്‍ ആറാടിനില്‍ക്കുന്ന കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയജീര്‍ണ്ണതയുടെ നേതാക്കന്മാരെന്ന നിലയില്‍ ഇവരില്‍ നിന്ന് ജനങ്ങള്‍ക്ക് അങ്ങിനെ പ്രതീക്ഷിക്കാനുമാവില്ല. അതിനാല്‍ സ്വതന്ത്രമായ അന്വേഷണത്തിന്റെ മുമ്പിലെ എല്ലാ വിഘ്‌നങ്ങളും നീക്കപ്പെടണം. ഇന്ന് അന്വേഷണത്തിന്റെ മുമ്പിലെ പ്രധാനതടസ്സം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നുവെന്നാണ്.

ഇതിനൊരു മറുവശമുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥാനങ്ങള്‍ ഒഴിഞ്ഞ് മറ്റാരെങ്കിലും അവരുടെ ചുമതലകള്‍ ഏറ്റെടുക്കുന്നതിലൂടെ ഈ സംഭവവികാസങ്ങള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഈ മന്ത്രിസഭതന്നെ രാജിവച്ച് എന്തെങ്കിലും വളഞ്ഞമാര്‍ഗ്ഗത്തിലൂടെ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെത്തന്നെ എല്‍.ഡി.എഫ് ഭരണമേറ്റാലും ഈ പ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി പരിഹരിക്കപ്പെടുമെന്ന് ഒരു പ്രതീക്ഷയും ജനങ്ങള്‍ക്കില്ല. കേരളം ഇതിനോടകം നിരവധിയായ തട്ടിപ്പ് കേസ്സുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇടത് – വലത് ഭേദമെന്യേ പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും മക്കളുടെയും പേരുകള്‍ ഇവയില്‍ ചിലതെങ്കിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. മേല്‍പ്രസ്താവിച്ച കേസ്സുകളില്‍ പലതും തേഞ്ഞുമാഞ്ഞുപോയി. തട്ടിപ്പുകളില്‍ പണം നഷ്ടപ്പെട്ടവരില്‍ 90ശതമാനത്തിനും അവരുടെ പണം തിരികെ ലഭിച്ചിട്ടില്ല.  ഒന്നില്‍പ്പോലും ഈ നിമിഷം വരെയും ആരും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. അഥവാ ശിക്ഷിക്കപ്പെട്ടാല്‍ വന്‍തിമിംഗലങ്ങള്‍ രക്ഷപെടുകയാണ് ഉണ്ടായിട്ടുള്ളത്. ഈ കേസ്സിലും അതുതന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്. മാധ്യമങ്ങളുടെ സെന്‍സേഷണല്‍ വ്യഗ്രതയും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പും അവസാനിക്കുന്നതോടെ ഈ കേസ്സും പെരുവഴിയില്‍ ഉപേക്ഷിക്കപ്പെടും. ഓഫീസിന്റെ പദവി ഉപയോഗപ്പെടുത്തി അഴിമതി നടത്തുക, ഖജനാവ് ചോര്‍ത്തുക, സ്ഥലംമാറ്റവും രാഷ്ട്രീയനിയമനവുമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുക, പെണ്‍വാണിഭം ഉള്‍പ്പടെയുള്ള കേസ്സുകള്‍ ഒതുക്കുക, പ്രതികളെ രക്ഷിക്കുക ഈ വക ജോലികളാണ് എല്ലാക്കാലത്തും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫും പരിവാരങ്ങളും ചെയ്തുവരുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഉണ്ടായ ഇടപാടുകള്‍ നടാടെ സംസ്ഥാനത്തുണ്ടായ കാര്യങ്ങളല്ല. ഇതോടുകൂടി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ്  സംശുദ്ധമാകുമെന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഇടതുഭരണകാലത്തും ഇതൊക്കെതന്നെയാണ് നടന്നിട്ടുള്ളത്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസ്സില്‍ രക്ഷിച്ചത് മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.ശശിയും സംഘവുമായിരുന്നെന്ന് അന്ന് പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് ഇടതുസര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന അഡ്വ.ജനാര്‍ദ്ദനക്കുറുപ്പാണ്. എന്തുനടപടിയാണ് അന്ന് ഇടത് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈക്കൊണ്ടത്. കേസ്സ് ഒതുക്കിയവരെക്കുറിച്ച് അന്വേഷിക്കാനോ അവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കാനോ സിപിഐ(എം) നേതൃത്വം തയ്യാറായില്ല.

ഭരണം എല്‍.ഡി.എഫിന്റേതായാലും യു.ഡി.എഫിന്റേതായാലും ഈ കൊള്ള ഇടപാടുകളിലും അഴിമതികളിലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. കാരണം അഴിമതിയിലധിഷ്ഠിതമായ ഈ ഭരണക്രമം മുതലാളിത്തവ്യവസ്ഥയുടെ അനിവാര്യപരിണതിയാണ്. ഏതെങ്കിലും ഒരു നേതാവിന്റെയോ രാഷ്ട്രീയ കക്ഷിയുടെയോ അഴിമതിക്കെതിരെ അപ്പോഴത്തെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഒച്ചപ്പാട് സൃഷ്ടിക്കുന്നതിലൂടെ മാത്രം അഴിമതിയില്ലാതാക്കാന്‍ കഴിയില്ല.  പ്രസ്തുത എതിര്‍പ്പിന് ശരിയായ നിലപാടിന്റെ ആഴമില്ല. വളരെ പരിമിതമായ ലക്ഷ്യങ്ങളേ അതിനുള്ളൂ. അതിനാല്‍ സംശുദ്ധമായ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തനത്തിന് അനിവാര്യമായും  മുതലാളിത്തവിരുദ്ധരാഷ്ട്രീയത്തിന്റെ ഉള്ളടക്കമുണ്ടായേ പറ്റൂ. ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങളും കറകളഞ്ഞ ജനപക്ഷനിലപാടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുതലാളിത്തക്രമത്തിന്റെ നയങ്ങള്‍ക്കെതിരെ ഒരളവിലും വിട്ടുവീഴ്ച ചെയ്യാത്ത ജനാധിപത്യപ്രക്ഷോഭത്തിന്റെ  രാഷ്ട്രീയം അനുവര്‍ത്തിക്കുമ്പോഴാണ് ഭരണതലത്തിലുള്ള അഴിമതിയെയും നീതിവിരുദ്ധതതയെയും തടയാനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗം തെളിയുന്നത്. ഇപ്പോള്‍  സോളാര്‍ തട്ടിപ്പിന്റെ കാര്യത്തില്‍ പ്രതിപക്ഷം കാട്ടുന്ന കോപ്രായങ്ങള്‍ക്കും തൊള്ളതുറക്കലുകള്‍ക്കുമെല്ലാം വളരെ ഇടുങ്ങിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമേയുള്ളൂ. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാലും ജീര്‍ണ്ണതയുടെ രാക്ഷസപിടിയിലമര്‍ന്ന സാമൂഹ്യ – രാഷ്ട്രീയസാഹചര്യത്തില്‍ അത്  ഒരു മാറ്റവും സൃഷ്ടിക്കില്ല.

അതിനാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി, സങ്കുചിതമായ കക്ഷി രാഷ്ട്രീയപരിഗണനകള്‍ക്കതീതമായി താഴേത്തലങ്ങളില്‍ ജനകീയസമരക്കമിറ്റികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് പ്രചണ്ഡമായ ഒരു പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ജനങ്ങളുടെ വര്‍ത്തമാന കടമ. അത്തരമൊരു പ്രക്ഷോഭത്തിന്റെ ശക്തിക്കുമുമ്പില്‍ ഒരു സര്‍ക്കാര്‍ ഒലിച്ചുപോയയാല്‍ അത് ജനകീയമുന്നേറ്റത്തിന്റെ വിജയമാകും. പ്രസ്തുത പ്രക്ഷോഭം ഉയര്‍ന്ന ജനാധിപത്യജാഗ്രത ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുമെന്നതിനാല്‍ പിന്നീട് വരുന്ന ഏതൊരു സര്‍ക്കാരിനെയും നേര്‍വഴിക്ക് നടത്താന്‍ ജനങ്ങള്‍ക്ക് കഴിയും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാതെ, ഒരു സര്‍ക്കാര്‍ മാറി മറ്റൊന്ന് വരുന്നതുകൊണ്ട് ജനജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമുണ്ടാകില്ല. ഇത് സുപ്രധാനമായ ഒരു പാഠമാണ്.

Share this