വിലക്കയറ്റത്തിനും, അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ അണിനിരക്കുക

Spread our news by sharing in social media
 • അഴിമതിയിലും അസാന്മാര്‍ഗ്ഗികതയിലും ആറാടുന്ന ഭരണപക്ഷവും ജനേച്ഛ പ്രതിഫലിപ്പിക്കാത്ത പ്രതിപക്ഷവും ജനതാല്പര്യം വെടിഞ്ഞിരിക്കുന്നു

 • ഭരണവര്‍ഗ്ഗത്തിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ സമരസമിതികളില്‍ അണിനിരക്കുക.

അതിരൂക്ഷമായ വിലക്കയറ്റം കുത്തക മുതലാളിമാര്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണ്.

 • ഭക്ഷ്യധാന്യങ്ങളുടെയും മറ്റും സംഭരണ നിയന്ത്രണനിയമം ഭേദഗതി ചെയ്ത് കുത്തകകള്‍ക്ക് യഥേഷ്ടം അവ സംഭരിക്കാനും പൂഴ്ത്തിവച്ച് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റമുണ്ടാക്കാനും അവസരമൊരുക്കി.
 • അടിക്കടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്കവകാശം നല്‍കി.
 • ചില്ലറവ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന് അനുവാദം കൊടുത്തു.
 • റേഷന്‍ സമ്പ്രദായത്തെ പാടെ അട്ടിമറിച്ചു.

കര്‍ഷകര്‍ക്ക് ന്യായമായ വിലനല്‍കി ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച്, അവ ന്യായവിലയ്ക്ക് ഉപഭോക്താക്കളിലെത്തിക്കുകയാണ് സര്‍ക്കാര്‍  അടിയന്തിരമായി ചെയ്യേണ്ടത്.

 • സാമൂഹികക്ഷേമം കഴുത്തറുപ്പന്‍ വ്യവസായമാക്കി മാറ്റുന്നു.
 • കേരളാ ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് 51% ഓഹരികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്നു. കുടിവെള്ളത്തിന് 50 ഇരട്ടി വരെ വിലവര്‍ദ്ധിക്കാം.
 •  ദേശീയ-സംസ്ഥാന പാതകളെല്ലാം സ്വകാര്യവത്ക്കരിച്ച് ബി.ഒ.ടി ചുങ്കപ്പാതകളാക്കുകയാണ്. ഭീമമായ ടോളും കുടിയൊഴിപ്പിക്കലുമാണ് ജനങ്ങള്‍ നേരിടേണ്ടി വരുന്നത്.
 • സര്‍ക്കാര്‍ ആശുപത്രികളെ എന്‍.ആര്‍.എച്ച്.എം എന്ന ലോകബാങ്ക് പദ്ധതി വഴി തകര്‍ത്തു. സ്വകാര്യമേഖല  കൊഴുത്തു. കാശില്ലാത്തവര്‍ക്ക് ചികിത്സ അപ്രാപ്യമായി.
 • ലോകബാങ്ക് പദ്ധതിയായ ഡി.പി.ഇ.പി, എസ്.എസ്.എ എന്നിവ പൊതു വിദ്യാഭ്യാസത്തെ തകര്‍ത്തു. സ്വകാര്യ വിദ്യാഭ്യാസരംഗം ഹുങ്കോടെ രംഗം കൈയ്യടക്കി. ഞഡടഅ എന്ന പുതിയ പദ്ധതി ഉന്നതവിദ്യാഭ്യാസരംഗത്തെ സമാനമായരീതിയില്‍ തകര്‍ക്കും. സ്വയംഭരണാവകാശം നല്‍കുന്നു എന്നപേരില്‍ കോളേജുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു.
 • വൈദ്യുതി ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും അഴിമതിയും കെടുകാര്യസ്ഥതയും പെരുപ്പിച്ച് വെടക്കാക്കി, ഇപ്പോള്‍ സ്വകാര്യവല്‍ക്കരണത്തിനു തുറന്നിടുന്നു.

അഴിമതി മരണാസന്ന മുതലാളിത്തത്തിന്റെ സൃഷ്ടി.

ജീര്‍ണ്ണവും മരണാസന്നവും അഴിമതിഗ്രസ്തവുമായ മുതലാളിത്ത വ്യവസ്ഥിതി അനിവാര്യമായും അഴിമതി സൃഷ്ടിക്കുന്നു.

ഈ വ്യവസ്ഥിതിയുടെ കാര്യദര്‍ശികളാകുന്ന ഭരണാധികാരികളും അഴിമതിയില്‍ ആണ്ടുമുങ്ങുന്നു.

രാജ്യത്തെ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അഴിമതിക്കറ പുരണ്ടവര്‍.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും താവളം.

ലാവലിന്‍ ഉള്‍പ്പെടെയുളള വന്‍ അഴിമതികളുടെ നിഴലില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് ധാര്‍മ്മികബലംപോരാ.
ധാര്‍മ്മിക-സദാചാര അപചയത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

പാര്‍ലമെന്റിലും അസംബ്ലിയിലും നടത്തുന്ന പ്രഹസനങ്ങള്‍ കൊണ്ട് അഴിമതിയെയും സാംസ്‌കാരികാധഃപതനത്തെയും ചെറുക്കാനാവില്ല.

ഭരിക്കുന്ന മുതലാളിവര്‍ഗ്ഗത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ ഉന്നതമായ സംസ്‌കാരത്തിലധിഷ്ഠിതമായ ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുത്തുകൊണ്ട് മാത്രമേ ഈ വിപത്തുകളെ പ്രതിരോധിക്കാനാവൂ.

തദ്ദേശീയവും വിദേശീയവുമായ കുത്തകമൂലധനത്തിന്റെ മാത്രം താല്പര്യം സംരക്ഷിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് ജീവിതത്തിന്റെ സര്‍വ്വമേഖലകളിലും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ആ നയങ്ങളെ ചെറുത്തുതോല്പിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് മനുഷ്യോചിതം ജീവിക്കാന്‍ സാധ്യമാവുകയുള്ളു. ഉയര്‍ന്ന സംസ്‌കാരത്തിലും പ്രബുദ്ധതയിലുമധിഷ്ഠിതമായ കരുത്തുറ്റ ജനാധിപത്യസമരമാണ് അതിനാവശ്യം. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ച് നിഴല്‍യുദ്ധം നടത്തുന്ന പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ജനതാല്പര്യത്തിന് ഹാനി വരുത്തുകയാണ്. അതിനാല്‍, ജനങ്ങള്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കുപരിയായി സ്വന്തം സമരക്കമ്മിറ്റികളില്‍ അണിനിരന്ന്, നീണ്ട് നില്‍ക്കുന്ന സമരത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു. ഇന്‍ഡ്യന്‍ മണ്ണിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടിതാണ്. ഈ സമരരാഷ്ട്രീയം ശക്തമായി അവതരിപ്പിച്ചുകൊണ്ട് ബഹുജനങ്ങള്‍ക്ക് ദിശാസൂചന നല്‍കാനായി പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടി വിജയിപ്പിക്കണമെന്ന് എല്ലാ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

Share this