നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുക

Share

കേരളത്തിൽ കസ്റ്റഡി മരണങ്ങൾ അവസാനിക്കുന്നില്ല എന്നാണ് രാജ്കുമാർ സംഭവം തെളിയിക്കുന്നത്. വരാപ്പുഴ കസ്റ്റഡി മരണം സൃഷ്ടിച്ച ഒച്ചപ്പാടും പ്രതിഷേധങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഓരോ സംഭവം ഉണ്ടാകുമ്പോഴും ഉയരുന്ന ജനരോഷത്തെയും പ്രതിഷേധങ്ങളെയും തണുപ്പിക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും നടത്തുന്ന തട്ടിക്കൂട്ട് നടപടികളല്ലാതെ അങ്ങേയറ്റം പ്രാകൃതമായ കസ്റ്റഡിമരണം ഇല്ലാതെയാക്കാൻ യാതൊരു നടപടികളും സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എൽഡിഎഫ്, യുഡിഎഫ് വ്യത്യാസമില്ലാതെ കസ്റ്റഡിമരണങ്ങൾ തുടർക്കഥയാകുകയാണ് കേരളത്തിൽ.
രാജ്കുമാർ കേസിൽ ജില്ലാ പോലീസ് മേധാവിയടക്കം ഇടപെട്ടിരിക്കുന്നു എന്നത് ഭരണരാഷ്ട്രീയ രംഗത്തെ ഉന്നത ഇടപെടലിന്റെ സൂചനയാണ്. ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് പോലീസ് ഈ ക്രൂരകൃത്യം ചെയ്തത് എന്നത് പുറത്തുവരണമെങ്കിൽ സത്യസന്ധമായ അന്വേഷണം നടക്കണം. എന്നാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസുകളിൽ അന്വേഷണവും തെളിവുശേഖരിക്കലും സത്യസന്ധമായി നടക്കുക, കുറ്റകൃത്യം ഇനിമേൽ ആവർത്തിക്കപ്പെടാതിരിക്കുംവിധം കുറ്റവാളികൾ ശിക്ഷിക്കപ്പെടുക ഇതൊക്കെ ദുർഘടമായ കാര്യമാണ്.

ഒരു പ്രതി അറസ്റ്റുചെയ്യപ്പെട്ടാൽ പാലിക്കേണ്ട വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെ അതെല്ലാം രാജ്കുമാറിന്റെ കേസിലും ലംഘിക്കപ്പെട്ടു. ഒരു പ്രതിക്ക് കിട്ടേണ്ട നിയമപരിരക്ഷകളെല്ലാം നിഷേധിക്കപ്പെട്ടു. കസ്റ്റഡിയിൽ എടുത്തവിവരം അടുത്ത ബന്ധുക്കളെ അറിയിച്ചില്ല, അറസ്റ്റ് രേഖപ്പെടുത്തിയില്ല. ജൂൺ 12 മുതൽ 15വരെ അന്യായമായി കസ്റ്റഡിയിൽവച്ചു. പോലീസ് ജിപ്പിൽവച്ചും പീരുമേട് നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിൽവച്ചും ഏറ്റവും ക്രൂരവും പ്രാകൃതവുമായ മൂന്നാംമുറയ്ക്ക് വിധേയനാക്കി. മൃതപ്രായനായപ്പോഴാണ് കസ്റ്റഡി രേഖപ്പെടുത്തിയത്. റിമാൻഡുചെയ്യുമ്പോൾ പ്രതി അവശനിലയിൽ. ക്രൂരമർദ്ദനത്തിന് വിധേയനായി എന്ന് റിമാൻഡ് റിപ്പോർട്ട് ശരിവയ്ക്കുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് എന്നു സമർപ്പിക്കും എന്ന് യാതൊരു ഉറപ്പുമില്ല. പല കമ്മീഷനുകളുടെയും അന്വേഷണം വർഷങ്ങളായി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിൽ കസ്റ്റഡി മരണവുംപെടും. പോലീസിനെ ജനാധിപത്യവത്ക്കരിക്കുക എന്നത് കേരളത്തിൽ ദീർഘകാലമായി ഉയരുന്ന ആവശ്യമാണ്. എന്നാൽ അതിനുള്ള നടപടികൾ അശേഷം മുന്നോട്ടുനീങ്ങിയിട്ടില്ല. എന്നുമാത്രമല്ല, പോലീസിന് മജിസ്റ്റീരിയിൽ പദവികൂടി നൽകുവാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് പിണറായി സർക്കാർ.
രാജ്കുമാർ കസ്റ്റഡിയിലുണ്ടായിരുന്ന ജൂൺ 15ന് മുണ്ടിയെരുമ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഹക്കിമിന് ക്രൂരമായ മർദ്ദനം ഏറ്റിരുന്നുവെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. രാജ്കുമാർ കേസിൽ നാട്ടുകാർക്കെതിരെ കേസെടുത്തിരിക്കുന്നതും അപലപനീയമാണ്. നെടുങ്കണ്ടം കസ്റ്റഡി മരണം ഉയർത്തുന്ന മനുഷ്യാവകാശ ലംഘനം ഗുരുതരമാണ്. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കിക്കൊണ്ടുമാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാനാകൂ. ഇതിനായി അതിശക്തമായ ജനകീയ മുന്നേറ്റം വളർന്നുവരേണ്ടതുണ്ട്.

Share this post

scroll to top