മൂലമ്പിള്ളി പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച്

വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി 2008-ല്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത മൂലമ്പിള്ളി പാക്കേജ് പൂര്‍ണ്ണമായി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടു.
പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചു. സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ യോഗവും നടന്നു.
ലത്തീന്‍ അതിരൂപത മുന്‍ വികാരി ജനറല്‍ ഫാ. ജെയിംസ് ഉല്ലാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. സമര നേതാക്കളായ പി.പി.വില്‍സണ്‍, മൈക്കിള്‍ കോതാട്, ജോണ്‍സണ്‍ മൂലമ്പിള്ളി, സാബു ഇടപ്പള്ളി, കെ.പി.സാല്‍വിന്‍, വിളപ്പില്‍ശാല സമര നേതാവ് എസ്. ബുര്‍ഹാന്‍, എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ജി.ആര്‍.സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിനുശേഷം സമരക്കാര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും മൂലമ്പിള്ളി പാക്കേജ് നടപ്പാക്കാത്ത അധികാരികളുടെ നിലപാടിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. അരുവിക്കര, വെള്ളനാട്, ആര്യനാട് എന്നിവിടങ്ങളില്‍ സമരക്കാര്‍ക്ക് തദ്ദേശവാസികള്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
ജൂണ്‍ 15 മുതല്‍ 22 വരെ പ്രതിഷേധ വാരം ആചരിച്ചുകൊണ്ടാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.

Share this