മനുഷ്യോചിതം ജീവിക്കാൻ പൊരുതിയേ മതിയാവൂ: സഖാവ് ശിബ്ദാസ് ഘോഷ്

GS-1.jpg
Share

1974 മാർച്ച് 17ന് ദുർഗ്ഗാപൂർ സ്റ്റീൽ വർക്കേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ
പ്രഥമ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽനിന്ന്

(എ.ഐ.യു.റ്റി.യു.സി മുഖപത്രം തൊഴിലാളിഐക്യം ഡിസംബർ 2018 ലക്കത്തിൽ പ്രസിദ്ധികരിച്ചത്)

അതുകൊണ്ട്, ട്രേഡ്‌യൂണിയൻ സമരങ്ങളിൽ പങ്കെടുക്കുമ്പോൾ ഈ ഗൗരവമാർന്ന പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം നിങ്ങൾ ബോധവാന്മാരായിരിക്കണം. കൂട്ടായ സമരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ ഇക്കാര്യം ഗൗരവപൂർവ്വം ചിന്തിക്കണം. സ്വന്തം സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ, നിങ്ങളുടെ സംഘടനയും മറ്റ് സംഘടനകളും തമ്മിലുള്ള വ്യത്യാസം എവിടെയെന്നും എന്തുകൊണ്ടെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാ തൊഴിലാളികളെയും ഒരൊറ്റ യൂണിയനിൽ അണിനിരത്താനുള്ള ആത്മാർത്ഥമായ ശ്രമമാണ് നിങ്ങൾ നടത്തേണ്ടത്. ഇതിനാവശ്യമായിട്ടുള്ളത് രാഷ്ട്രീയ-പ്രത്യയശാസ്ത്ര സംവാദങ്ങളിൽ ആശയ സഹിഷ്ണുതയാണ്. ഉയർന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് ഭൂരിപക്ഷത്തെ ബോദ്ധ്യപ്പെടുത്താനായാൽ, പ്രത്യയശാസ്ത്രപരമായ കരുത്തിന്റെ അടിസ്ഥാനത്തിൽ അയാൾ നേതൃത്വത്തിലെത്തിയാൽ, അതിലെന്താണ് തെറ്റ്? പക്ഷെ, ആരെങ്കിലും മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയാൽ, അവരുടെ വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തെ തടഞ്ഞാൽ, കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ സ്വന്തം നേതൃത്വം അടിച്ചേല്പിച്ചാൽ, വിഭാഗീയ ഉടലെടുക്കുക എന്നതാവും ഫലം. വിഭാഗീയത ഒഴിവാക്കിയാൽ നമുക്ക് അനാവശ്യമായ സമയനഷ്ടം ഒഴിവാക്കാം. വിഭാഗീയത കാരണം നമ്മൾ പരസ്പരം ശണ്ഠ കൂടുന്നു. തൊഴിലാളികൾക്കിടയിൽ വിപ്ലവബോധവും വിപ്ലവസംഘടനയും ശരിയായ രൂപത്തിലും സമ്പൂർണ്ണ മനസ്സോടെയും വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക് സ്വയം അർപ്പിക്കാൻ കഴിയാതെ പോകുന്നു. അതുകൊണ്ട്, തൊഴിലാളികളുടെ ഏകീകൃതമായ ഒരു സംഘടന കെട്ടിപ്പടുക്കുന്നതിന് യഥാർത്ഥത്തിൽ തടസ്സമായി നിൽക്കുന്നത് അക്ഷമയുടേതായ ഈ മനോഭാവമാണ്, അഥവാ തത്ത്വചിന്താപരമായ അസഹിഷ്ണുതയാണ്. നാം മറ്റുളളവരുടെ വീക്ഷണങ്ങളെ അവഗണിക്കുകയും, അവരുടെ വായ മൂടിക്കെട്ടുകയും, ചർച്ചകളെ നിരോധിക്കുകയും ചെയ്താൽ പിളർപ്പ് ഒഴിവാക്കാനാവില്ല. കാരണം, പ്രത്യയശാസ്ത്രങ്ങളെ വെറുതെയങ്ങ് ചവിട്ടി മെതിക്കാൻ കഴിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വീക്ഷണങ്ങളുള്ളതുപോലെ മറ്റുള്ളവർക്കും അവരവരുടേതായ വീക്ഷണങ്ങളുണ്ട്. ശരിയോ തെറ്റോ ആകട്ടെ, അവരതിൽ വിശ്വസിക്കുകയും ചെയ്യുന്നു. വ്യത്യസ്ത വീക്ഷണങ്ങൾ തമ്മിലുള്ള തുറന്ന സമരത്തിനുള്ള സാദ്ധ്യത ഉണ്ടായിരിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ എന്റെ മേൽ അടിച്ചേല്പിച്ചാൽ എനിക്കത് സ്വീകാര്യമല്ല. അതുകൊണ്ട്, സ്വതന്ത്രമായ ആശയവിനിമയം ഉണ്ടാകുമ്പോൾ, തുറന്ന സംവാദങ്ങളും ചർച്ചകളും ഉണ്ടാകുമ്പോൾ, വിമർശനവും പ്രതിവിമർശനവും ഉള്ളപ്പോൾ, പൊതുവിൽ ജനങ്ങൾക്ക് ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കാൻ അവസരം ലഭിക്കുന്നു. നിങ്ങളുടെ ഭാഗം ശരിയാണെങ്കിൽ സംവാദങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല, മറിച്ച് നിങ്ങൾക്ക് വിജയം ഉറപ്പാണ്. തെറ്റായ പാതയിൽ സഞ്ചരിക്കുന്നവരും, അസത്യത്തെ മുറുകെപ്പിടിക്കുന്നവരും, ദൗർബ്ബല്യങ്ങളുളളവരുമാണ് സംവാദങ്ങളെയും ചർച്ചകളെയും പ്രത്യയശാസ്ത്രസമരങ്ങളെയും ഭയക്കുന്നത്. അവർ മാത്രമാണ് അച്ചടക്കം, ഐക്യം എന്നിങ്ങനെ ഏതെങ്കിലും മറ ഉപയോഗിച്ച് കേഡർമാരെയും അനുഭാവികളെയും തുറന്ന ചർച്ചകളിൽ നിന്ന് അകറ്റിനിർത്തുന്നതും, ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നതും. ദയവായി ഈ തെറ്റായ മാർഗ്ഗം ഉപേക്ഷിക്കണം. അഭിപ്രായങ്ങളുടെ സ്വതന്ത്രമായ വിനിമയമുണ്ടാകട്ടെ. ഈ മാർഗ്ഗത്തിലൂടെ തൊഴിലാളികളെ സമരങ്ങളിൽ ഒത്തൊരുമിപ്പിക്കാൻ ശ്രമിക്കുക.
സമരങ്ങൾ നടത്തേണ്ടതുണ്ട്. നിങ്ങൾ സമരം ചെയ്യില്ലെന്നല്ല. വിശപ്പിന്റെ ആജ്ഞയെ നിഷേധിക്കാൻ നിങ്ങൾക്കാവില്ല. സമരങ്ങൾ കൊണ്ട് ഒന്നുമുണ്ടാവില്ലെന്ന് ഇന്ന് നിങ്ങൾ ചിന്തിച്ചാലും, നാളെയോ മറ്റെന്നാളോ സമരരംഗത്ത് വരാൻ നിങ്ങൾ നിർബ്ബന്ധിതനായിത്തീരും. അതിനുളള സൂചനകൾ ഇപ്പോൾത്തന്നെയുണ്ട്. ആയിരങ്ങൾ രംഗത്തുവരും. സമരങ്ങളിൽ മുഴുകും. പക്ഷെ, മാറ്റം വനരോദനമായിത്തുടരും. കാരണം, മാറ്റം സംഭവിക്കണമെങ്കിൽ അതിന് മേൽപ്പറഞ്ഞ മൂന്ന് ഉപാധികൾ ആവശ്യമാണ് — ശരിയായ അടിസ്ഥാന രാഷ്ട്രീയലൈൻ, ശരിയായ വിപ്ലവസിദ്ധാന്തം, യഥാർത്ഥ വിപ്ലവപ്പാർട്ടി. അവയില്ലെങ്കിൽ, നിങ്ങളുടെ പാത തെറ്റാണെങ്കിൽ, എത്രതന്നെ സത്യസന്ധതയും ആത്മത്യാഗവും സമരങ്ങളുമുണ്ടായാലും, നിങ്ങൾക്ക് മുന്നേറാനാവില്ല. ലെനിന്റെ പാഠങ്ങൾ ആവർത്തിച്ചുകൊണ്ട് ഞാൻ വീണ്ടും ഓർമ്മിപ്പിക്കട്ടെ: നിങ്ങളുടെ ആവശ്യങ്ങളെ മുൻനിർത്തി എത്രതന്നെ ജനാധിപത്യസമരങ്ങൾ നടത്തിയാലും, രക്തസാക്ഷിദിനങ്ങൾ ആചരിച്ചാലും, സമരങ്ങളിൽ പോലീസിനെ നേരിട്ടാലും, രക്തംചിന്തിയാലും നിങ്ങൾ മുമ്പത്തെപ്പോലെ അടിമയായിത്തന്നെ അവശേഷിക്കും. മുതലാളിത്തം അവശേഷിക്കും, അതിന്റെ ചൂഷണം നിർത്തലില്ലാതെ തുടരും. നിങ്ങൾ പത്തോ മുപ്പതോ രൂപ കൂലിവർദ്ധന നേടിയെന്നിരിക്കും. പക്ഷെ, ഇപ്പോൾത്തന്നെ ഉയർന്ന വിലകൾ പതിന്മടങ്ങ് വർദ്ധിക്കും. വീണ്ടും നിങ്ങൾ കൂലിവർദ്ധനയ്ക്ക് വേണ്ടി സമരം ചെയ്യും, രക്തം ചൊരിയും, അഞ്ചുരൂപ കൂലിവർദ്ധന നേടിയെടുക്കും. പക്ഷെ, സാധനവിലകൾ വീണ്ടും കുതിച്ചുയരും. അതിനെക്കാൾ കഷ്ടം, ഈ അനിശ്ചിതത്വം, ഈ ആശയക്കുഴപ്പം, നിങ്ങളുടെ ജീവിതത്തിൽ നിരാശയും ധാർമ്മികാധഃപതനവും വരുത്തിത്തീർക്കുന്നുവെന്നതാണ്. കുടുംബത്തെ കേന്ദ്രീകരിച്ചാണ് നിങ്ങൾ സന്തോഷകരമായ സ്വപ്‌നങ്ങൾ നെയ്‌തെടുത്തിരുന്നത്. ഈ കുടുംബവും അതിലെ വിലപ്പെട്ട, ഉറ്റ, ബന്ധങ്ങളും സമകാലീനസമൂഹത്തിലെ പുഴുക്കുത്തുകളുടെ സ്വാധീനത്തിൽനിന്നും രക്ഷപ്പെടില്ല. മറിച്ച്, അവയെയും പുഴുവരിക്കും. നിങ്ങളൊരു നല്ല കുടുംബം സ്വപ്‌നം കണ്ടു. സന്തോഷത്തിന്റെ പല സ്വപ്‌നങ്ങളും നിങ്ങൾ നെയ്‌തെടുത്തു. പക്ഷെ, യഥാർത്ഥത്തിൽ എത്ര അല്പായുസ്സാണ് ആ സ്വപ്‌നങ്ങൾക്ക്! നിങ്ങൾ ജീവിതപങ്കാളിയായി തെരഞ്ഞെടുത്ത വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹമോ സമാധാനമോ ലഭിക്കുന്നില്ല. സമൂഹത്തിലൊരിടത്തും ഭദ്രതയില്ല. സ്‌നേഹത്തിനുപോലും അതിന്റെ അന്തഃസത്തയും സൗന്ദര്യവും നഷ്ടപ്പെടുന്നു. കുട്ടികൾക്ക് വേണ്ടി നിങ്ങൾ എല്ലാ വേദനകളും സഹിച്ചു. എത്ര കഷ്ടപ്പാടുകൾ സഹിക്കാനും തയ്യാറായി. അവർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും നിങ്ങൾ മടിച്ചില്ല. പക്ഷെ, അവർ ഓരോരോ തരം വികലവ്യക്തിത്വങ്ങളായി മാറി. ഒരാൾ സിനിമാതാരത്തിന്റെ ആരാധകൻ, മറ്റൊരാൾ സ്‌പോർട്‌സ് താരത്തിന്റെ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, നിങ്ങൾ നിങ്ങളും ഉറ്റ ബന്ധുക്കളും മാത്രമടങ്ങുന്ന ഒരു ലോകത്ത്, നിങ്ങളുടെ സ്വപ്‌നങ്ങളുടേത് മാത്രമായ ലോകത്ത്, പുറംലോകത്തെ സംഘർഷങ്ങളിൽനിന്നും പ്രശ്‌നങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി, രാഷ്ട്രീയത്തിൽനിന്ന് അകലംപാലിച്ച്, ഓഫീസിൽ പോയി ജോലിചെയ്യുക, വീട്ടിൽ വരിക, ഭക്ഷണം കഴിക്കുക, ഉറങ്ങുക എന്നിങ്ങനെ തീർത്തും സ്വച്ഛമായ ഒരു ജീവിതം തേടിയാലും, സ്വയമോ സ്വന്തം കുടുംബത്തെയോ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. സാമൂഹ്യപ്രശ്‌നങ്ങളുടെ ഭൂതം നിങ്ങളെ വീട്ടിൽ വന്ന് പിടികൂടും. അത് നിങ്ങളുടെ വ്യക്തിജീവിതത്തെ ദുഷിപ്പിക്കും, സ്‌നേഹത്തെ നശിപ്പിക്കും, സ്‌നേഹവാത്സല്യങ്ങളെ ശിഥിലമാക്കും. മനുഷ്യോചിതം ജീവിക്കാൻ നിങ്ങൾ പൊരുതിയേ മതിയാവൂ. നിങ്ങളുടെ പോരാട്ടം ശരിയായ വിപ്ലവപാതയിലൂടെ തന്നെ ആയിരിക്കുകയും വേണം. വിപ്ലവം എന്ന് മന്ത്രിക്കുന്നതിലൂടെ മാത്രം നിങ്ങൾ വിപ്ലവപാതയിലെത്തുകയില്ല. തൊഴിലാളികളെ ശരിയായ വിപ്ലവപ്പാർട്ടിയുടെ നേതൃത്വത്തിൻ കീഴിൽ സംഘടിപ്പിക്കാൻ കഴിയണം. ശരിയായ വിപ്ലവതന്ത്രത്തെയും ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവത്തെയും പറ്റിയുള്ള വ്യക്തമായ ധാരണയിൽ നിന്നുദിക്കുന്ന പര്യാപ്തമായ രാഷ്ട്രീയപ്രബുദ്ധതയാൽ അവരെ വിദ്യാഭ്യാസം ചെയ്യിക്കാൻ കഴിയണം. തൊഴിലാളികളെ ഇവ്വിധത്തിൽ സംഘടിപ്പിക്കാൻ കഴിയുമ്പോൾ മാത്രമേ നിങ്ങൾക്ക് ജനങ്ങളുടെ സ്വന്തം രാഷ്ട്രീയാധികാരത്തിന് ജന്മം നൽകാനും, യഥാർത്ഥത്തിൽ രാഷ്ട്രീയശക്തിയാർജ്ജിക്കാനും സാദ്ധ്യമാവൂ. അപ്പോൾ മാത്രമേ, ലക്ഷോപലക്ഷം വരുന്ന അടിച്ചമർത്തപ്പെട്ട ഇൻഡ്യൻ ജനത വിപ്ലവപ്പോരാട്ടത്തിനിറങ്ങുന്ന ആ മൂഹൂർത്തം സാക്ഷാത്കരിക്കപ്പെടൂ. അതുവരെ അത് പ്രക്ഷോഭവും പരാജയവും, പൊട്ടിത്തെറിക്കലും നിരാശപ്പെടലും, മാത്രമായിരിക്കും. ഇതിൽ നിന്നെല്ലാമുള്ള വിമോചനത്തിന്റെ പാത, മനുഷ്യരാശിയുടെ വിമോചനത്തിന്റെ പാത, സമൂഹത്തിന്റെ മോചനത്തിന്റെ പാത, വിപ്ലവത്തിന്റെ പാതയാണ്, വിപ്ലവത്തിന്റെ പാത മാത്രമാണ്. അതാണ് മാർഗ്ഗം, ഒരേയൊരു മാർഗ്ഗം, മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല.

Share this post

scroll to top