ഫ്രാൻസ്: പൊരുതുന്ന ജനങ്ങളുടെ ഐക്യത്തിനും സമരസമരവീര്യത്തിനും അഭിവാദ്യങ്ങൾ

190105131810-03-france-protests-0105-large-169.jpg
Share

ജനാധിപത്യമെന്ന ആശയം മാനവരാശിക്ക് പ്രദാനം ചെയ്ത ഐതിഹാസികമായ ഫ്രഞ്ചുവിപ്ലവത്തിന്റെ നാടായ, രാജ്യത്തെ സമുന്നതരായ ബുദ്ധിജീവികളടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെ അണിനിരത്തിക്കൊണ്ട് 1968ൽ വമ്പൻ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ ലോകത്തെ പിടിച്ചുകുലുക്കിയ, ഉജ്ജ്വലമായ നിരവധി പ്രക്ഷോഭങ്ങൾക്ക് വേദിയായ ഫ്രാൻസിൽ വീണ്ടുമിതാ ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങുന്നു. അവരിൽ തൊഴിലാളികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും വീട്ടമ്മമാരുമൊക്കെയുണ്ട്. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും അവർ വൻതോതിൽ അണിനിരക്കുന്നു.

സന്ധിമനോഭാവക്കാരായ ട്രേഡ് യൂണിയൻ നേതാക്കളെ തള്ളിക്കളഞ്ഞുകൊണ്ട് സമരത്തിനെത്തിയ തൊഴിലാളികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവശ്യമായ മിനിമം വേതനത്തിലെ വർദ്ധനവ് ആവശ്യപ്പെടുന്നവരാണ്. യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളികളെ പുറംതള്ളുന്ന, ലാഭം പെരുപ്പിക്കാനായി കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ തയ്യാറുള്ള തൊഴിലാളികളെ കിട്ടുന്ന താരതമ്യേന കുറഞ്ഞ വികാസം നേടിയ രാജ്യങ്ങളിലേയ്ക്ക് വ്യവസായങ്ങൾ പറിച്ചുനടുന്ന മുതലാളിമാരുടെ ഇരകളാണിവർ. തൊഴിൽരഹിതരായ യുവാക്കളും അവരിലുണ്ട്. 2000ത്തിനും 2007നുമിടയിൽ 63 ശതമാനം തൊഴിലുകളാണ് ഫ്രാൻസുകാർക്ക് നഷ്ടപ്പെട്ടത്. ഈ പ്രക്രിയ ഇപ്പോഴും നിർബ്ബാധം തുടരുന്നു. കൃഷിച്ചെലവ് കുതിച്ചുയരുകയും വിളകൾക്ക് വിലയിടിയുകയും ചെയ്തതിലൂടെ കടക്കെണിയിലായ കർഷകരും സമരക്കാരിലുണ്ട്. ‘ഉദാരമതി’യായ ഗവണ്മെന്റാകട്ടെ ആഫ്രിക്കയിൽനിന്നും തെക്കേ അമേരിക്കയിൽനിന്നുമുള്ള ഉല്പന്നങ്ങളുമായി മത്സരിക്കാനായി കാർഷികോല്പന്നങ്ങളുടെ വില ഉയരാതെ നോക്കുമ്പോൾ ഒന്നരാടം ഒരു കർഷകൻവീതം ആത്മഹത്യയിലഭയം പ്രാപിക്കേണ്ടിവരികയാണ്. ദേശീയ പരീക്ഷകൾ പരിഷ്‌കരിക്കുന്നതിനെതിരെ ദേശീയ വിദ്യാർത്ഥി യൂണിയന്റെ ആഹ്വാനപ്രകാരം പഠിപ്പുമുടക്കി റോഡ് ഉപരോധിക്കുന്ന വിദ്യാർത്ഥികൾ അറസ്റ്റും ലാത്തിച്ചാർജുമൊക്കെ നേരിടുകയാണ്. വൻതോതിൽ സാധാരണക്കാരും ഇടത്തരക്കാരുമൊക്കെ ഇന്ധനവില വർദ്ധനവിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട്. ഇന്ധന വിലവർദ്ധനവ് വാഹനഉടമകളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. യാത്രാച്ചെലവും വീട്ടുവാടകയുമൊക്കെ വൻതോതിൽ കൂടാനും അവശ്യ സാധനങ്ങളുടെയാകെ വിലക്കയറ്റത്തിനും അത് കാരണമായിട്ടുണ്ട്. വൃദ്ധരും പെൻഷൻകാരുമൊക്കെ സമരംചെയ്യുന്നത് തങ്ങളുടെ ഏക ജീവിതമാർഗ്ഗമായ പെൻഷനും മറ്റ് ക്ഷേമ പദ്ധതികളുമൊക്കെ ഗണ്യമായി വെട്ടിക്കുറച്ചതിനെതിരെയാണ്. നിരവധി പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇവർ പാരീസും മാർസെയിൽസും പോലെയുള്ള വൻനഗരങ്ങളിലെത്തി ജനജീവിതം സ്തംഭിപ്പിക്കുംവിധമുള്ള സമരപരിപാടികൾ സ്വീകരിച്ചത്. പോലീസ്, റബ്ബർബുള്ളറ്റുകളും ജലപീരങ്കികളും കണ്ണീർവാതകവുമൊക്കെ പലതവണ പ്രയോഗിച്ചിട്ടും സമരം ശക്തമാകുകയാണ്. ‘തെമ്മാടികൾ അഴിഞ്ഞാടിയതുകൊണ്ടൊന്നും ഗവണ്മെന്റ് അതിന്റെ നയം മാറ്റാൻ പോകുന്നില്ല’ എന്ന് പ്രസിഡന്റ് ഗർജിക്കുമ്പോൾ പട്ടാളത്തെ ഇറക്കുമെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നുമൊക്കെയാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ജനങ്ങളുടെ സമരവീര്യം ശമിച്ചിട്ടില്ല. നിരവധിപേർക്ക് ഇതിനകം ഗുരുതരമായി പരിക്കേറ്റു. ഇതിൽ 80 വയസ്സായ സ്ത്രീവരെ ഉൾപ്പെടും. ആയിരങ്ങളെയാണ് ജയിലിലടച്ചിരിക്കുന്നത്. ഈ ആക്രമണങ്ങളെയൊക്കെ അതിജീവിച്ച് മുന്നേറുന്ന സമരക്കാർ, പ്രസിഡന്റ് ഒരു ശതമാനംവരുന്ന അതിസമ്പന്നരെയും കുത്തകകളെയുമാണ് പ്രതിനിധീകരിക്കുന്നത് എന്ന് രോഷാകുലരായി ചൂണ്ടിക്കാണിക്കുന്നു. മുതലാളിത്തം തുലയട്ടെ എന്ന മുദ്രാവാക്യം അവർ ഉയർത്തിയത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.
ബൂർഷ്വാ ജനാധിപത്യത്തിന് ജന്മംനൽകിയ ജനതതന്നെ ഇന്ന് മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഉദാര ജനാധിപത്യത്തെക്കുറിച്ചും കലാചാതുരിയെക്കുറിച്ചും ബൗദ്ധിക നിലവാരത്തെക്കുറിച്ചുമൊക്കെയുള്ള വാചാടോപങ്ങൾക്കിടയിലും തങ്ങളുടെ രാജ്യം ഒരു സാമ്രാജ്യത്വ-മുതലാളിത്ത രാജ്യമാണെന്ന യാഥാർത്ഥ്യം ഇന്ന് ജനങ്ങൾ തിരിച്ചറിയുകയാണ്. ചീഞ്ഞുനാറുന്ന ലോകമുതലാളിത്ത വ്യവസ്ഥയുടെ ചളിക്കുണ്ടിൽ എറിയപ്പെട്ടിരിക്കുകയാണ് ജനങ്ങൾ. മുതലാളിത്ത പ്രതിസന്ധി പരിഹരിക്കാമെന്ന വ്യാജേന ആനയിക്കപ്പെട്ട ആഗോളീകരണത്തിന്റെ കെടുതികളാണ് ജനങ്ങൾക്ക് ഏറ്റുവാങ്ങേണ്ടിവരുന്നത്. രാജ്യം ആണവശക്തിയായി മാറിയെന്നത് ശരിതന്നെ. എന്നാൽ ജനങ്ങളുടെ കഷ്ടപ്പാടുകൾക്കൊന്നും ഒരു പരിഹാരവുമുണ്ടായിട്ടില്ല. മുതലാളിത്ത പ്രതിസന്ധിയുടെ ഭാരമെല്ലാം ജനങ്ങളുടെ ചുമലിലേയ്ക്കാണ് ഇറക്കിവയ്ക്കപ്പെടുന്നത്. ഏറ്റവുമൊടുവിൽ ഇന്ധനവില ഭീമമായി വർദ്ധിപ്പിച്ചത് പരിസ്ഥിതി സംരക്ഷണത്തിന്റെയും പേരുപറഞ്ഞുകൊണ്ടാണ്. ഇത് ജനങ്ങളിൽ ശക്തമായ പ്രതിഷേധമുളവാക്കി. ഭരണക്കാർക്കും കുത്തകകൾക്കുമെതിരെ ജനങ്ങൾ ഉറച്ച നിലപാടെടുത്തതോടെ പ്രസിഡന്റിന് ഇന്ധന വിലവർദ്ധന പിൻവലിക്കേണ്ടിവന്നുവെന്ന് മാത്രമല്ല പല ആനുകൂല്യങ്ങളും പ്രഖ്യാപിക്കേണ്ടിയുംവന്നു. ധാർഷ്ട്യം ജനകീയ ശക്തിക്കുമുന്നിൽ അടിയറവുപറഞ്ഞു. ഉറച്ചതെന്ന് കരുതിയ പലതിനും ഇളക്കം തട്ടിക്കാൻ ജനകീയ സമരത്തിനായി.

വീരചരിതം രചിച്ച ഫ്രാൻസ് ഒരിക്കൽക്കൂടി ഈ പ്രക്ഷോഭത്തിലൂടെ ലോകത്തെ പ്രചോദിപ്പിക്കുകയാണ്. ആധുനിക തിരുത്തൽവാദം അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശിഥിലമാക്കിയിരിക്കുന്ന ഈ കാലയളവിൽ ഈ ജനകീയ പ്രക്ഷോഭണം മാതൃകാപരംതന്നെയാണ്. ഇതിന്റെ അലകൾ രാജ്യാതിർത്തികൾ ഭേദിച്ച് ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലേയ്ക്കും നെതർലാൻഡ്‌സിലെ ഒരു നഗരമായ റോട്ടർഡാമിലേയ്ക്കുമൊക്കെ എത്തി. ഫ്രാൻസിലെ മാത്രമല്ല മറ്റ് രാജ്യങ്ങളിലെ മുതലാളിമാരുടെയും ഉറക്കംനഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന അമേരിക്കയിൽ നടന്ന, മാസങ്ങൾ നീണ്ടുനിന്ന വാൾസ്ട്രീറ്റ് പിടിച്ചടക്കൽ സമരം, മുതലാളിത്തശക്തികൾ അനന്തമായ ലാഭ സാദ്ധ്യതകളുമായി സൈ്വര വിഹാരം നടത്താൻ ഉന്നംവച്ചിരുന്ന എണ്ണ സമ്പന്നമായ മിഡിൽ ഈസ്റ്റ്-ഉത്തരാഫ്രിക്കൻ മേഖലയിൽ നടന്ന അറബ് വസന്ത പ്രക്ഷോഭം, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന ജനകീയ സമരങ്ങൾ എന്നിവയൊക്കെ മുതലാളിത്ത ശക്തികൾക്ക് ഭീതിദമായ അനുഭവങ്ങളായിരുന്നു. യൂറോപ്യൻ യൂണിയനിൽ അംഗമായതിലൂടെ ഉടലെടുത്ത പ്രശ്‌നങ്ങളുടെയും മുതലാളിത്ത പ്രതിസന്ധികളുടെയും ഭാരം ചെലവുചുരുക്കൽ നടപടികളെന്ന പേരിൽ ജനങ്ങളുടെ ചുമലിൽ ഇറക്കിവയ്ക്കുന്നതിനെതിരെയായിരുന്നു, ഗ്രീസ്, പോർട്ടുഗൽ, സ്‌പെയ്ൻ, സ്‌കോട്‌ലാൻഡ് എന്നീ രാജ്യങ്ങളിലും കൂടുൽ വികാസം നേടിയ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലുമൊക്കെ വമ്പൻ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അതുകൊണ്ടുതന്നെ ഫ്രാൻസിലെ ഈ പ്രക്ഷോഭത്തെ കുത്തകകൾ ഒരു ദുർലക്ഷണമായാണ് കാണുന്നത്. ജനങ്ങളെ പ്രലോഭിപ്പിക്കുവാനും അവരെ പാർലമെന്ററി രാഷ്ട്രീയത്തിന്റെ നാലതിരുകൾക്കുള്ളിൽ തളച്ചിടാനും എന്തൊക്കെ ജാലവിദ്യകൾ മുതലാളിത്തം പ്രയോഗിച്ചാലും സമരങ്ങളിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ അവർക്കാവില്ലെന്നും ആ സമരങ്ങൾ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ മുദ്രാവാക്യങ്ങൾപോലും കൈക്കൊള്ളുകയാണെന്നും ഒരിക്കൽക്കൂടി ഇത് തെളിയിക്കുന്നു. മുതലാളിത്ത- സാമ്രാജ്യത്വത്തിന് ഈ വസ്തുത നിഷേധിക്കാനാവില്ല.
എന്നാൽ, ഫ്രാൻസിലടക്കം ലോകത്തെവിടെയും സമരംചെയ്യുന്ന ജനങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ സമരങ്ങളിൽ, ചൂഷിതജനത വീരോചിതം അണിനിരന്നു എന്നതും ജനങ്ങളുടെ യഥാർത്ഥ ശത്രുവായ മുതലാളിത്തത്തിനെതിരെ അത് ശബ്ദമുയർത്തി എന്നതും ശരിതന്നെ. അമേരിക്കയിലുംമറ്റും സംഭവിച്ച കാര്യം ഇപ്പോൾ ഫ്രാൻസിലും നടന്നിരിക്കുന്നു. ഇവിടെയെല്ലാം ജനങ്ങൾ രോഷാകുലരാകുകയും ആക്രമണങ്ങളെയും യാതനകളെയും അതിജീവിച്ച്, ക്രൂരമായ മുതലാളിത്ത സംവിധാനത്തിനെതിരെ നിലകൊള്ളുകയും ചെയ്തു. തൽക്കാലത്തേക്കെങ്കിലും ഭരണാധികാരികളെ അസ്വസ്ഥരാക്കാനും ചില ഡിമാന്റുകൾ നേടിയെടുക്കാനും കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇത് ചിത്രത്തിന്റെ ഒരുവശം മാത്രമാണ്. എന്നാൽ മുതലാളിത്തവ്യവസ്ഥയ്‌ക്കെതിരെ സംഘടിതവും നിരന്തരവുമായ ഒരു പ്രക്ഷോഭം വളർത്തിയെടുക്കാൻ തയ്യാറായാൽ സ്ഥിതിയാകെ മാറും. അതിന്റെ നിലനിൽപിനെ വെല്ലുവിളിക്കുന്ന ഏതൊരു ശക്തിയെയും ഉന്മൂലനം ചെയ്യാൻ പാകത്തിൽ സായുധവും മാരകവും ക്രൂരവുമാണത്. നിർദ്ദയമായ മുതലാളിത്ത ചൂഷണംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ഒരു മാറ്റം, വിപ്ലവം ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാൽ വിപ്ലവ സമരം ഇന്നും അകലെത്തന്നെയാണ്. ഫ്രാൻസിലെ ജനങ്ങൾ ഇന്നും പൊരുതുന്നു. അവർ സംഘടിതരാകാൻ ശ്രമിച്ചെങ്കിലും അത് ആരംഭദശയിൽത്തന്നെയാണ്. സംഘടിതവും വ്യാപകവുമായ വിപ്ലവ സമരത്തിന് കൂടുതൽ കരുത്താർന്ന പ്രത്യയശാസ്ത്ര, സംഘടനാ നേതൃത്വം അനിവാര്യമാണ്. ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ദാർശനികരിലൊരാളും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ വാക്കുകൾ നോക്കാം: ”തൊഴിലാളികളുടെയും കർഷകരുടെയും മറ്റ് ചൂഷിത ജനവിഭാഗങ്ങളുടെയും അസംതൃപ്തിയിൽനിന്ന് വിപ്ലവം അലയടിച്ചുയരാൻ ശ്രമിക്കും. അത് വീണ്ടുംവീണ്ടും ഉയർന്നുവരും. വ്യവസ്ഥിതിയിൽ സമൂല പരിവർത്തനം ആവശ്യപ്പെടുംവിധം സമൂഹത്തിലെ വൈരുദ്ധ്യം ആഴവും മൂർച്ഛയും കൈവരിക്കും. വിപ്ലവമാണ് ആവശ്യമെന്ന് അത് നമ്മുടെ മന:സാക്ഷിയോട് മന്ത്രിക്കും, മാനവരാശിയെ ഉദ്‌ബോധിപ്പിക്കും. എന്നിട്ടും വിപ്ലവമുണ്ടാകില്ല. അത് വീണ്ടുംവീണ്ടും പിൻവാങ്ങും, വഴിതെറ്റും, പിന്തിരിപ്പത്തം മേൽക്കൈ നേടും. വിപ്ലവം നയിക്കാൻ വേണ്ട കരുത്തോടെ വിപ്ലവപ്പാർട്ടി ഉയർന്നുവരുന്നതുവരെ വിപ്ലവം യാഥാർത്ഥ്യമാകില്ല.” (ribute to a revolutionary character: speech on 17 september, 1974, SW vol III, p 390)

വിപ്ലവത്തിന് ഒരു യഥാർത്ഥ നേതൃത്വം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ സഖാവ് ശിബ്ദാസ് ഘോഷ് ഒരു കാര്യംകൂടി സുചിപ്പിച്ചു: വിപ്ലവത്തിനുവേണ്ടി ദാഹിക്കുന്ന ജനങ്ങൾ വമ്പിച്ച ബഹുജന മുന്നേറ്റം വളർത്തിയെടുക്കുകയും ചൂഷിത ജനതകളുടെ വിശാല വിഭാഗങ്ങളെയാകെ ഉൾക്കൊള്ളുന്ന വീറുറ്റ ജനാധിപത്യ പ്രക്ഷോഭങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുമ്പോൾ, ഭരണ മുതലാളിവർഗം, കുത്തകകൾ അവയെ വഴിതെറ്റിക്കാനായി എല്ലാ മാർഗങ്ങളും അവലംബിക്കും. അവർ കൗശലങ്ങൾ പ്രയോഗിക്കുകയും ആനുകൂല്യങ്ങൾ വച്ചുനീട്ടുകയും കപടപ്രഖ്യാപനങ്ങൾ നടത്തുകയുമൊക്കെ ചെയ്യും. സമരം എത്ര ശക്തമാണെങ്കിലും ജനങ്ങൾ എത്രതന്നെ യാതനകൾ സഹിച്ചാലും, സമരത്തെ ശരിയായി മുന്നോട്ടുനയിക്കാൻ ഒരു നേതൃത്വമില്ലെങ്കിൽ മുതലാളിത്തം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ഒന്ന് സ്പർശിക്കാൻപോലും അതിനാവില്ല. ഇത് ജനങ്ങളെ നിരാശരാക്കുകയും അവർ സമരങ്ങളിൽനിന്ന് അകന്നുപോകുകയും ചെയ്യും. ചൂഷണവും അടിച്ചമർത്തലും സഹിക്കാനാവാതെ അവർ വീണ്ടും തന്റേടത്തോടെ പ്രതിഷേധമുയർത്തും. എന്നാൽ ഫലം പഴയതുതന്നെയാകും. വിപ്ലവ നേതൃത്വത്താൽ സമരങ്ങൾ നയിക്കപ്പെടുന്നതുവരെ ഇത് തുടർന്നുകൊണ്ടിരിക്കും.
മുതലാളിത്തത്തിന്റെ ഈ മരണാസന്ന ഘട്ടത്തിൽ അത് ജനങ്ങളുടെ ചോരയൂറ്റിക്കൊണ്ടിരിക്കുകയും അവരെ നിരന്തരം വഞ്ചിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, മുതലാളിത്ത രാജ്യങ്ങളിലെല്ലാം ശക്തവും നിരന്തരവുമായ ജനാധിപത്യ സമരം വളർന്നുവരേണ്ടത് അടിയന്തരാവശ്യകതയാണ്. ഫ്രാൻസിൽ അടുത്തിടെ നടന്ന സമരം ഇത്തരത്തിൽ ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. ലോകത്തെമ്പാടുമുള്ള അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങൾക്ക് അത് പ്രചോദനമേകി. അവരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. എന്നാൽ, ഇത്തരം സമരങ്ങൾ മോചനമെന്ന ലക്ഷ്യം നേടണമെങ്കിൽ അതിന് യഥാർത്ഥ വിപ്ലവപ്പാർട്ടിയുടെ നേതൃത്വം അനിവാര്യമാണെന്ന കാര്യം ഞങ്ങൾ വിസ്മരിക്കുന്നില്ല. അതിന് യഥാർത്ഥ വിപ്ലവപ്പാർട്ടി കെട്ടിപ്പടുക്കണം. ഇന്നത്തെ പ്രശ്‌നങ്ങളെയും അതിന്റെ സങ്കീർണതകളെയും സംബന്ധിച്ച് ഏറ്റവും വികസിതമായ ധാരണ രൂപപ്പെടുത്തിക്കൊണ്ട് ഓരോ സമരങ്ങൾക്കും നേതൃത്വം നൽകണം. ശരിയായ വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ ധാരണ വികസിപ്പിച്ചെടുക്കേണ്ടത്. ആധുനിക തിരുത്തൽവാദത്തിന്റെ വിനാശകരമായ സ്വാധീനത്തിനെതിരെ പൊരുതിക്കൊണ്ടുമാത്രമേ അത്തരമൊരു പാർട്ടി കെട്ടിപ്പടുക്കാനാകൂ. പുതിയൊരുതരം സാമ്പത്തികവാദവും സോഷ്യലിസ്റ്റ് വ്യക്തിവാദവും വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നിൽ വലിയൊരു വിപത്തായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് മഹാനായ മാർക്‌സിസ്റ്റ് ആചാര്യൻ സഖാവ് ശിബ്ദാസ് ഘോഷ് കണ്ടെത്തി. ഇത് ഇല്ലായ്മ ചെയ്യാനുള്ള സമരമാണ് ആ പോരാട്ടത്തിന്റെ കാതൽ. വിപ്ലവ പാതയിൽനിന്ന് ഈ വിപത്തുകൾ തുടച്ചുനീക്കണമെങ്കിൽ വ്യക്തിതാല്പര്യത്തെ സാമൂഹ്യതാല്പര്യവുമായി താദാത്മ്യപ്പെടുത്താനുള്ള സമരം ഏറ്റെടുക്കണം. യഥാർത്ഥ വിപ്ലവസ്വഭാവം അതിലൂടെയേ ആർജ്ജിക്കാനാവൂ. യഥാർത്ഥ വിപ്ലവപ്പാർട്ടിയുടെ വളർച്ചയ്ക്കും, അതിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ പോരാട്ടങ്ങൾ ശരിയായ ലക്ഷ്യം നേടിയെടുക്കുന്നതിനും ഇതാവശ്യമാണ്. ഇന്ന് ഫ്രാൻസിൽ ഉജ്ജ്വലമായ പ്രക്ഷോഭം നടത്തുന്നവരടക്കം ലോകമെമ്പാടും സമരം ചെയ്യുന്ന ജനങ്ങൾ ഇക്കാര്യങ്ങൾ ഗൗരവപൂർവ്വം പരിചിന്തനം ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top