പോലീസിന് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകാനുള്ള നീക്കം ആപത്കരം. -എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് )

upload_1546584534_0.jpg
Share

ക്രമസമാധാന പരിപാലനത്തിന്റെ പേരിൽ പോലീസിന് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകാനുള്ള നീക്കം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിതെളിക്കുമെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ഡോ.വി.വേണുഗോപാൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ ആരോപിച്ചു.

പോലീസിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങൾക്ക് ഒരു പരിധി വരെ തടയിടാനാണ് സിവിൽ അധികാരികൾക്ക് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകിയിരിക്കുന്നത്. ഇത്തരം അധികാരങ്ങൾ നിലവിൽ ഇല്ലാത്തപ്പോൾ തന്നെ, പോലീസ് നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ വർദ്ധിച്ചുവരികയാണ്. ന്യായമായ ജനാധിപത്യ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതും നാം കാണുന്നു. പോലീസ് കമ്മിഷണറേറ്റുകൾ രൂപീകരിക്കുകയും അവർക്ക് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകുകയും ചെയ്ത സംസ്ഥാനങ്ങളിൽ ഗുരുതരമായ പോലീസതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പരിഷ്‌കൃത സമൂഹത്തിന് ഇണങ്ങും വിധം പോലീസിനെ ജനാധിപത്യവൽക്കരിക്കുകയെന്നത് കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമാണ്. എന്നാൽ, ലോക്കപ്പ് മർദ്ദനങ്ങളും തുടർന്നുള്ള ആത്മഹത്യകളും കസ്റ്റഡി മരണങ്ങളും കേരളത്തിൽ വർദ്ധിച്ചു വരുന്നതാണ് നാം കാണുന്നത്. മാവോയിസ്റ്റുകളെന്ന് ആരോപിച്ചു കൊണ്ടുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങളും കുറ്റവാളി സംഘങ്ങളുമായി ചേർന്നു കൊണ്ടുള്ള കുറ്റകൃത്യങ്ങളും വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. #േപൗരന്റെ ജനാധിപത്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ ബാധ്യസ്ഥരായ സർക്കാർ പോലീസിന് അമിതാധികാരങ്ങൾ നൽകുന്നത് ഈ നാടിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കും. മുതലാളിത്ത ഭരണകൂടത്തിന്റെ മർദ്ദനശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ നടപടി ഇടതുപക്ഷമെന്നവകാശപ്പെടുന്ന ഒരു സർക്കാരിന് ഭൂഷണമല്ല. ഈ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് പ്രസ്താവനയിൽ തുടർന്ന് പറഞ്ഞു.

Share this post

scroll to top