ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയത്തിൽ എസ്‌.യു.സി.ഐ (സി) കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു: ജനങ്ങൾക്കുനേരെയുള്ള സർക്കാരിന്റെ ആക്രമണങ്ങളെ സുധീരം ചെറുക്കുന്നതിനായി അതിശക്തമായ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കാൻ ഇന്ത്യൻ ജനതയോട് ആഹ്വാനം ചെയ്യുന്നു

images.jpg
Share

എസ്‌.യു.സി.ഐ (സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്
പുറപ്പെടുവിച്ച പ്രസ്താവന

നഗ്നമായ മുതലാളിവർഗ്ഗസേവ ചെയ്ത ബിജെപി ഗവണ്മെന്റ് ഒന്നൊന്നായി അടിച്ചേൽപിച്ച ജനവിരുദ്ധ നയങ്ങൾമൂലം പൊറുതിമുട്ടിയ ജനങ്ങൾ രോഷംകൊണ്ട് തിളച്ചുമറിയുന്ന സ്ഥിതിയാണ് തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് ഉണ്ടായിരുന്നത്. ശ്വാസംമുട്ടിക്കുന്ന ഈ സ്ഥിതിയിൽനിന്ന് അല്പം ആശ്വാസം ലഭിക്കണമെന്ന് അവർ വളരെയേറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ജനജീവിതത്തിൽ നാശംവിതച്ച ഈ പ്രശ്‌നങ്ങളൊന്നും തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചചെയ്യപ്പെട്ടില്ല. അവയെല്ലാം തന്ത്രപൂർവ്വം പിന്തള്ളപ്പെട്ടു. ആർഎസ്എസ് – ബിജെപി മാത്രമല്ല, വോട്ട് രാഷ്ട്രീയം കളിക്കുന്ന മറ്റ് ബൂർഷ്വാ പ്രതിപക്ഷ പാർട്ടികളും സിപിഎം, സിപിഐ പാർട്ടികൾപോലും ഇതാണ് ചെയ്തത്. അതോടൊപ്പം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ഒരുപിടി കൃത്രിമ പ്രശ്‌നങ്ങൾ മുൻപന്തിയിലേയ്ക്ക് ആനയിക്കപ്പെട്ടു. മതഭ്രാന്ത്, യുദ്ധാസക്തിപൂണ്ട ദേശീയഭ്രാന്ത്, യുദ്ധവെറി, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള ധ്രുവീകരണം തുടങ്ങിയവയൊക്കെ തീവ്രമായി ആളിക്കത്തിച്ചു. ജനാഭിലാഷത്തിന് തീർത്തും എതിരായി, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലവുമായ ഒരു തെരഞ്ഞെടുപ്പ് ഫലം കൗശലപൂർവ്വം കൃത്രിമമായി സൃഷ്ടിച്ചെടുക്കാനായി, ഭരണമുതലാളിവർഗ്ഗത്തിന്റെ ആശീർവാദത്തോടെ, പണത്തിന്റെയും പേശീബലത്തിന്റെയും മാധ്യമങ്ങളുടെയും ഭരണസംവിധാനത്തിന്റെയുമൊക്കെ ശക്തികളെ കയറൂരിവിട്ടു. സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് എന്നത് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നകാര്യം ഞങ്ങൾ പലവട്ടം ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് ഇന്ന് വെറുമൊരു പ്രഹസനമായി മാറിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് – ബിജെപി ശക്തികൾ നടത്തിയ ഹീനമായ ഉപജാപങ്ങളും വഞ്ചനയും കള്ളത്തരങ്ങളും കാപട്യവുമൊക്കെ ഈ സുപ്രധാന വസ്തുത സംശയാതീതമായി തെളിയിച്ചിരിക്കുകയാണ്.

മറ്റൊരു പ്രധാന കാര്യം, തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമെന്ന ഭാവത്തിൽ, എല്ലാ ജനാധിപത്യ തത്വങ്ങളും ലംഘിച്ചുകൊണ്ട്, നിർലജ്ജം, ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് താല്പര്യങ്ങൾ സംരക്ഷിക്കാനായി ആവുന്നതെല്ലാം ചെയ്തു എന്നതാണ്. ആർഎസ്എസ് – ബിജെപി ശക്തികളുടെ തികച്ചും വർഗ്ഗീയവും ഫാസിസ്റ്റുമായ രാഷ്ട്രീയത്തെയും ആക്രമണ പദ്ധതികളെയും, ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ ആധാരമാക്കി വളർത്തിയെടുക്കപ്പെടുന്ന, നിരന്തരവും ശക്തവുമായ, യോജിച്ച ഇടതു-ജനാധിപത്യ പ്രസ്ഥാനത്തിലൂടെ പ്രതിരോധിക്കുക എന്നതാണ,് മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയാൽ നയിക്കപ്പെടുന്ന നമ്മുടെ പാർട്ടി, ജനങ്ങളുടെ അടിയന്തര കർത്തവ്യമെന്ന നിലയിൽ അടിവരയിട്ട് പറഞ്ഞിട്ടുള്ളത്. മതത്തിന്റെ പേരിലും മറ്റ് ഹീനമാർഗ്ഗങ്ങളിലൂടെയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് – ബിജെപി കുടില പദ്ധതി വിഫലമാക്കാൻ, ഇത്തരമൊരു യോജിച്ച ഇടതു-ജനാധിപത്യ മുന്നേറ്റത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന സാംസ്‌കാരികാന്തരീക്ഷത്തിലൂടെ സാധിക്കും. നമ്മുടെ രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയുമൊക്കെ സ്വമേധയായുള്ള, തുടർച്ചയായ സമരങ്ങൾ വളർന്നുവന്നിരുന്നു. സുഘടിതമായൊരു ഇടതു-ജനാധിപത്യ പ്രക്ഷോഭം വളർത്തിയെടുക്കാനുള്ള സാദ്ധ്യത അതിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്നു. ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയത്തിൽ കടിച്ചുതൂങ്ങാതെ ഇവ്വിധമൊരു യോജിച്ച ബഹുജനപ്രക്ഷോഭം വളർത്തിയെടുക്കാനായി മുന്നോട്ടുവരണമെന്ന് സിപിഎം, സിപിഐ പാർട്ടികളോടും കൂട്ടാളികളോടും ഞങ്ങൾ ആവർത്തിച്ച് അഭ്യർത്ഥിച്ചു. എന്നാൽ, അവർ അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല. ബൂർഷ്വാ പാർട്ടികളെയും, ചിലപ്പോഴൊക്കെ പ്രദേശികവാദികളായ പാർട്ടികളെയുംപോലും ‘മതേതര’, ‘ജനാധിപത്യ’ ശക്തികളെന്ന മുദ്ര ചാർത്തിക്കൊടുത്ത് അവരുമായി തത്വരഹിതവും അവസരവാദപരവുമായ സഖ്യങ്ങളിലും ധാരണകളിലും ഏർപ്പെട്ടുകൊണ്ട് ഏതാനും സീറ്റുകൾ തരപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു അവർ. ഇതുമൂലം, തങ്ങളുടെ ഏറ്റവും വിശ്വസ്ത രാഷ്ട്രീയ കാര്യസ്ഥന്മാരായ ബിജെപിയെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ അവരോധിക്കുന്നതിൽ ഭരണ മുതലാളിവർഗ്ഗം വിജയിച്ചു. ഇത്തരമൊരു സാഹചര്യത്തിലും, എല്ലാ പ്രതികൂലാവസ്ഥകളെയും പ്രയാസങ്ങളെയും തരണം ചെയ്തുകൊണ്ടും, മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയും വീറുറ്റ ഇടതുപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചുകൊണ്ടും നമ്മുടെ പാർട്ടി ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുക്കുകയും നേരായി ചിന്തിക്കുന്നവരുടെ അംഗീകാരം വലിയ അളവിൽ പിടിച്ചുപറ്റുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

ജനതാല്പര്യം പരിഗണിക്കുമ്പോൾ ഈ തെരഞ്ഞെടുപ്പുഫലം വിനാശകരമാണെങ്കിലും ഒട്ടും നിരാശരാകേണ്ടതില്ലെന്നാണ് ഞങ്ങൾ കരുതുന്നത്. അവസരത്തിനൊത്തുയരാനും ഭരണ മുതലാളിവർഗ്ഗത്തിന്റെയും ബിജെപി ഗവണ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന എത്ര കിരാതമായ ആക്രമണത്തിനും തക്കതായ തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞയെടുക്കാനുമാണ്, ഞെട്ടലുളവാക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം നമ്മോടാവശ്യപ്പെടുന്നത്. ആർഎസ്എസ് – ബിജെപി ശക്തികളുടെ തീർത്തും ജനവിരുദ്ധവും കടുത്ത വർഗ്ഗീയ, ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതുമായ ചെയ്തികളെ, പൊരുതുന്ന ഇടതുപക്ഷീയതയുടെ ശരിയായ അടിസ്ഥാന രാഷ്ട്രീയ ലൈനിനെ ആധാരമാക്കിയുള്ളതും ഉന്നതമായ നൈതിക-സദാചാര-സാംസ്‌കാരിക ധാരണകളിൽ അടിയുറച്ചതുമായ വർഗ്ഗ-ബഹുജന പ്രക്ഷോഭങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട് തുരത്താനാകുമെന്നുറപ്പാണ്. രാജ്യമെമ്പാടും നിരന്തരം വളർത്തിയെടുക്കപ്പെടുന്ന ഇത്തരത്തിലുള്ള ന്യായയുക്തവും വീറുറ്റതുമായ ബഹുജനസമരങ്ങളുടെ കുന്തമുനയാകാനുള്ള പ്രയത്‌നത്തിൽ പങ്കാളികളാകാൻ രാജ്യത്തെ ജനങ്ങളോടും എല്ലാ ഇടതുപക്ഷ പാർട്ടികളുടെയും സത്യസന്ധരമായ പ്രവർത്തകരോടും അനുഭാവികളോടും ഉൽക്കടമായ താൽപര്യത്തോടെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

മഹാനായ തൊഴിലാളിവർഗ്ഗ നേതാവ് സഖാവ് ശിബ്ദാസ് ഘോഷ് സ്ഥാപിച്ചതും നേതൃത്വം നൽകി വളർത്തിയെടുത്തതുമായ നമ്മുടെ പാർട്ടി, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്), അദ്ദേഹത്തിന്റെ ചിന്തകളെയും പാഠങ്ങളെയും അടിസ്ഥാനമാക്കി ഇത്തരത്തിലുള്ള വീറുറ്റ വർഗ്ഗ-ബഹുജന സമരങ്ങൾ വികസിപ്പിച്ചെടുക്കാനും നയിക്കാനും പ്രതിജ്ഞാബദ്ധമായി നിലകൊള്ളുകയാണ്.

Share this post

scroll to top