കേന്ദ്രബജറ്റ്: ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക

Share

പൊള്ളയായ വാഗ്ദാനങ്ങളും കള്ളങ്ങളും കുത്തിനിറച്ച്, ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക എന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്ന കേന്ദ്ര ഇടക്കാല ബജറ്റിനെ അപലപിച്ചുകൊണ്ട് എസ്‌യുസിഐ(സി)
ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ഫെബ്രുവരി 1ന്
പുറപ്പെടുവിച്ച പ്രസ്താവന

ബിജെപി സർക്കാരിന്റെ ഇടക്കാല ധനകാര്യമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ, ഭരണകക്ഷിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണോപാധി എന്നുതന്നെ വിളിക്കുന്നതാണുചിതം. പതിവുപോലെ മനംപിരട്ടുന്ന ആത്മപ്രശംസകളും ദിവാസ്വപ്‌നങ്ങളും കെട്ടിച്ചമച്ച കണക്കുകളുമാണ് ഇതിൽ പൂർണ്ണമായിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ടത്, ജനജീവിതത്തിലെ നീറുന്ന ഒരു പ്രശ്‌നത്തെയും ഇത് അഭിസംബോധന ചെയ്യുന്നില്ലെന്നുള്ളതും, യാഥാർത്ഥ്യം മൂടിവയ്ക്കാനായി കൃത്രിമമായ സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും ഉന്നയിക്കുന്നുവെന്നതുമാണ്. രണ്ട് സംഭവങ്ങൾതന്നെ അധികം. തൊഴിലില്ലായ്മയെക്കുറിച്ച് പരാമർശിക്കവെ, പിഎഫ് അക്കൗണ്ടുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് തൊഴിലവസരങ്ങളുടെ വർദ്ധനവിനെ കുറിക്കുന്നു എന്ന് പ്രധാനമന്ത്രി എഴുന്നള്ളിച്ച വിഡ്ഢിത്തം, ധനകാര്യമന്ത്രി ആവർത്തിച്ചിരിക്കുന്നു. ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളെ പിഎഫിനുകീഴിൽ കൊണ്ടുവന്നതുകൊണ്ടാണ് പിഎഫ് അക്കൗണ്ടുകളുടെ എണ്ണത്തിൽ കുതിപ്പുണ്ടായതെന്ന് പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല 4.12 മില്ല്യൺ അംഗങ്ങൾ എന്ന കണക്ക് 3.73 മില്ല്യൺ എന്ന് ഇപിഎഫ്ഒ തന്നെ പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. നിത്യോപയോഗസാധനങ്ങൾ വാങ്ങിക്കുവാൻ മാർക്കറ്റിൽ പോകുന്ന ഓരോരുത്തർക്കും വിലക്കയറ്റത്തിന്റെ കഷ്ടപ്പാട് അറിയുവാൻ സാധിക്കും. പക്ഷെ, ബജറ്റ് പ്രസംഗത്തിൽ അവകാശപ്പെടുന്നത്, വിലക്കയറ്റം 4.4 ശതമാനമായി ചുരുങ്ങിയതുവഴി ജീവിതം സുഖകരമായിരിക്കുന്നു എന്നാണ്. സമാനമായി, റെയിൽവേയെക്കുറിച്ച് പരാമർശിക്കുമ്പോൾ ചാർജ്ജ് വർദ്ധനവ്, സമയനിഷ്ഠ, സുരക്ഷ എന്നീ പ്രശ്‌നങ്ങളെ സ്പർശിക്കുന്നുപോലുമില്ല. കൃഷിക്കാവശ്യമായ സാധനങ്ങളുടെ വൻവിലക്കയറ്റം മൂലവും ന്യായവില ലഭിക്കാത്തതിനാലും കർഷകർ പൊറുതിമുട്ടിയിരിക്കുമ്പോൾ മിനിമം താങ്ങുവില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വാചാലനാകുന്ന ധനമന്ത്രി കർഷകർക്ക് വർഷംതോറും 6000 രൂപ നൽകുമെന്ന കൗശലം പ്രയോഗിച്ച് തടിതപ്പുകയാണ്. ദിനംപ്രതി വെറും 16 രൂപയുടെ ആനുകൂല്യ പ്രഖ്യാപനം തനി തട്ടിപ്പല്ലാതെ മറ്റെന്ത്?

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, പതിവുതട്ടിപ്പും കാപട്യവുമൊക്കെയായി ബജറ്റവതരണത്തിന്റെ പേരിൽ പാർലമെന്റിന്റെ വേദിയെ ദുരുപയോഗപ്പെടുത്തുന്നതിനെ നമ്മുടെ പാർട്ടി ശക്തമായി അപലപിക്കുകയും, തങ്ങളെ കബളിപ്പിക്കുവാനുള്ള ഈ ബൂർഷ്വാ വഞ്ചനയ്‌ക്കെതിരെ കരുതിയിരിക്കുവാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Share this post

scroll to top