പാർലമെന്റ് തെരഞ്ഞെടുപ്പും ഇടതുപക്ഷ ദൗത്യവും

Party-Slug-1.jpg

An activist from the Communist Socialist Unity Centre of India (SUCI) sits under his party's flags during a protest in New Delhi March 14, 2012. Thousands of activists on Wednesday protested against the rising prices of essential commodities and corruption, activists said. REUTERS/Adnan Abidi (INDIA - Tags: CIVIL UNREST POLITICS)

Share

17-ാം ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ല. കേരളത്തിൽ ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷക്കാലം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഗവണ്മെന്റ് നടത്തിയ ഭരണവും എൽഡിഎഫ് ഗവണ്മെന്റിന്റെ അനാസ്ഥ സൃഷ്ടിച്ച മഹാപ്രളയത്തിന്റെ കെടുതികളും കേരള ജനതയ്ക്കുമേൽ നാശം വിതച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ കാതലായ ഈ വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ മൂന്ന് മുന്നണികളും താല്പര്യം കാണിച്ചില്ല എന്നത് ദുരുദ്ദേശപരമായിരുന്നു എന്നുവേണം കരുതാൻ.

നോട്ടുനിരോധനവും ജിഎസ്ടിയും വലിയ ജനസേവനം ചെയ്യുന്ന ഭാവത്തോടെയാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അഭിമാനപൂർവ്വം അവതരിപ്പിക്കപ്പെട്ട ഈ രണ്ട് കാര്യങ്ങളിലും ബിജെപിയുടെ പ്രകടന പത്രിക തീർത്തും മൗനം പാലിച്ചു. ഇവ രണ്ടും ജനജീവിതം എത്രമേൽ ദുരിതപൂർണ്ണമാക്കിയിട്ടുണ്ട് എന്ന് ഇതിൽനിന്ന് തന്നെ വ്യക്തമാണ്. വർഷംതോറും രണ്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന വാഗ്ദാനവും പാഴ്‌വാക്കായി. ഒരു കോടിയോളം തൊഴിലാളികൾ തൊഴിലിൽനിന്ന് പുറത്താക്കപ്പെട്ടു എന്നതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനം പിന്നിട്ടിരിക്കുന്നു.

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കോലാഹലങ്ങളുയർത്തിയാണ് മോദി അധികാരമേറ്റത്. സംശുദ്ധ ഭരണം കാഴ്ചവയ്ക്കുമെന്നും ജനങ്ങൾക്കിനി നല്ല ദിനങ്ങളായിരിക്കുമെന്നും പ്രഖ്യാപനമുണ്ടായി. വിദേശ ബാങ്കുകളിൽ നിന്ന് കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ പൗരനും 15 ലക്ഷം രൂപ വീതം വിതരണം ചെയ്യുമെന്നുവരെ വീമ്പിളക്കി. ഒന്നും നടപ്പിലായില്ലെന്ന് മാത്രമല്ല റഫേൽ യുദ്ധവിമാന ഇടപാടിലും മറ്റും ഏറ്റവും വലിയ അഴിമതിക്ക് പ്രധാനമന്ത്രിതന്നെ കാർമികത്വം വഹിക്കുന്നതാണ് രാജ്യം കണ്ടത്. കള്ളപ്പണവും ഭീകരപ്രവർത്തനവും വർദ്ധിത വീര്യം പ്രദർശിപ്പിച്ചു. മുഖ്യമന്ത്രിപദത്തിനായി കർണാടകത്തിലെ ബിജെപി നേതാവ് സ്വന്തം പാർട്ടി നേതൃത്വത്തിന് കൈക്കൂലി നൽകിയത് 2000 കോടിയോളം രൂപയാണ്. കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും മോദി ഗവണ്മെന്റ് അനർഹമായി ആനുകൂല്യങ്ങൾ ചൊരിഞ്ഞു. ബാങ്കുകളിൽനിന്ന് പണം തട്ടിയെടുത്ത് രാജ്യം വിടാൻ വമ്പൻമാർക്ക് ഒത്താശചെയ്തു. ചെറിയ ബാങ്കുവായ്പകളെടുത്ത സാധാരണക്കാരെ വേട്ടയാടി. നിക്ഷേപകരുടെ പണം ബാങ്കുകൾക്ക് തട്ടിയെടുക്കാൻ പാകത്തിൽ പുതിയ നിയമനിർമ്മാണത്തിനുപോലും മുതിർന്നു ബിജെപി ഗവണ്മെന്റ്.

ബിജെപി ഭരണത്തിൽ കർഷക ആത്മഹത്യകൾ പെരുകി. പല സംസ്ഥാനങ്ങളിലും പൊറുതിമുട്ടി പ്രതിഷേധത്തിനിറങ്ങിയ കർഷകർക്കുമേൽ ബിജെപി സർക്കാരുകൾ ലാത്തിയും തോക്കും പ്രയോഗിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന പ്രക്രിയയ്ക്ക് ഗതിവേഗം കൂടി. വിമാനത്താവളങ്ങളും തുറമുഖങ്ങളുംവരെ കുത്തകകൾക്ക് കൈമാറി. തൊഴിലവകാശങ്ങൾ വൻതോതിൽ കവർന്നെടുക്കുകയും തൊഴിൽ സുരക്ഷ കാറ്റിൽ പറത്തുകയും ചെയ്തു. ചരക്കുകൾക്കുപുറമെ സേവനങ്ങൾക്കുകൂടി നികുതി ഏർപ്പെടുത്തുകയും അതിൽ 28 ശതമാനമെന്ന ലോക റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. പെട്രോളിയം ഉൽപന്നങ്ങൾക്കുമേലുള്ള നികുതിയാകട്ടെ അറുപത് ശതമാനത്തിനും മുകളിൽത്തന്നെ.
സാമ്പത്തിക ജീവിതം താറുമാറാക്കിയ ബിജെപി ഭരണം സാമൂഹ്യ-സാംസ്‌കാരിക മേഖലകളെയും വെറുതെ വിട്ടില്ല. വിദ്യാഭ്യാസരംഗം കാവിവൽക്കരിച്ചു. ബൗദ്ധിക രംഗമാകെ സംഘപരിവാർ നിയന്ത്രണത്തിലാക്കി. സ്വതന്ത്ര ചിന്ത ഒരു മേഖലയിലും അനുവദിച്ചില്ല. ക്യാമ്പസുകളെയും അക്കാദമികളെയുമൊക്കെ വരുതിയിലാക്കി. പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന ആൾക്കൂട്ട കൊലപാതകങ്ങളും സദാചാര ഗുണ്ടായിസവും ഭീകരത പടർത്തി. ഹിന്ദുത്വ ഭീകരരെയാകട്ടെ വെള്ളയും കാവിയും പൂശി വിശുദ്ധരാക്കി. ശാസ്ത്ര ഗവേഷണങ്ങളെ നിരുത്സാഹപ്പെടുത്തുകയും പഴംപുരാണങ്ങളെ ശാസ്ത്രമായി അവരോധിക്കുകയും ചെയ്തു.

ജനാധിപത്യ വ്യവസ്ഥയെത്തന്നെ പരിഹസിക്കുന്നതായിരുന്നു ബിജെപി വാഴ്ച. പ്രധാനമന്ത്രി മിക്കപ്പോഴും പാർലമെന്റിൽനിന്ന് വിട്ടുനിന്നു. മാധ്യമ പ്രവർത്തകരെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറി. എംഎൽഎമാരെയും എംപിമാരെയും വിലയ്‌ക്കെടുക്കൽ തുടർക്കഥയായി. സിബിഐയെ വരുതിയിലാക്കി കുറ്റാന്വേഷണം പ്രഹസനമാക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയാക്കി. നിർണ്ണായക സന്ദർഭങ്ങളിൽപോലും റിസർവ്വ് ബാങ്കിന്റെ അഭിപ്രായങ്ങളെ നിരാകരിച്ച് സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപിച്ചു. ഓർഡിനൻസുകളിലൂടെ പാർലമെന്റിനെ മറികടന്നു. സുപ്രീംകോടതിയെപോലും സമ്മർദ്ദത്തിലാക്കി. നിയമവാഴ്ചയെ വെല്ലുവിളിച്ച് രാമക്ഷേത്ര പദ്ധതിക്ക് ഒത്താശ ചെയ്തു.

ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ദേശീയ അന്വേഷണ ഏജൻസി അഥവാ എൻഐഎതന്നെ എത്രത്തോളം ബിജെപി ഗവണ്മെന്റിന്റെ ആജ്ഞാനുവർത്തിയായിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. സംഝോത, മാലേഗാവ്, മെക്ക മസ്ജിദ് സ്‌ഫോടനങ്ങളുടെയെല്ലാം സൂത്രധാരനായ, അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകര സംഘടനയുടെ തലവനായ അസീമാനന്ദയെയും കൂട്ടാളികളെയും ഈ കേസുകളിലെല്ലാം വെറുതെവിട്ടത് എൻഐഎ നിസ്സാരമായ തെളിവുകൾപോലും ഹാജരാക്കാതിരുന്നതിനാലും പ്രധാന തെളിവുകൾ നശിപ്പിക്കുന്നതിന് സർക്കാരും പോലീസും ഒത്താശചെയ്തതിനാലുമാണെന്ന് വിചാരണ നടത്തിയ ജഡ്ജിമാർതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദത്തിനെതിരെ അന്തർദ്ദേശീയ തലത്തിൽ അഭിപ്രായരൂപീകരണം നടത്തുന്ന മോദി സർക്കാർ ഹിന്ദുത്വ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ബിജെപി ഭരണം അടിമുടി ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായിരുന്നു. എന്നാൽ, മോദി ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രചാരണം നടത്താൻ കോൺഗ്രസ്സോ സിപിഐഎമ്മോ ശ്രമിച്ചതേയില്ല. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയായിരുന്നു കോൺഗ്രസ്സിന്റെ പ്രചാരണമത്രയും. ബിജെപി ഗവണ്മെന്റ് നടപ്പിലാക്കുന്നത് കോൺഗ്രസ്സിന്റെതന്നെ നയങ്ങളായിരിക്കെ അവരെങ്ങനെയാണ് അതിനെ എതിർക്കുക? നയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ അവർ കണ്ടുപിടിച്ച എളുപ്പവഴിയായിരുന്നു കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള മുതലക്കണ്ണീരൊഴുക്കൽ. അക്രമ രാഷ്ട്രീയത്തിന്റെ ആൾരൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിപിഐ(എം) നേതാവ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ കോൺഗ്രസ്സിന് കാര്യങ്ങൾ എളുപ്പമായി. എൽഡിഎഫ് ആകട്ടെ വർഗ്ഗീയതയ്‌ക്കെതിരായ വിധിയെഴുത്താണ് ജനങ്ങളോടാവശ്യപ്പെട്ടത്. ഒപ്പം വികസനത്തിന്റെ ചാമ്പ്യന്മാരായും ഭാവിച്ചു. പ്രളയക്കെടുതിയിൽപെട്ട് സർവ്വവും നഷ്ടപ്പെട്ട ആയിരങ്ങളിൽ, ആശ്വാസധനമായ പതിനായിരം രൂപപോലും കിട്ടാത്തവർ ഇനിയുമുണ്ട്. കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാർക്ക് പുറമെ ഡ്രൈവർമാർകൂടി വഴിയാധാരമാകുകയാണ്. കരാറുകാരുടെ പണംകൊടുക്കാനും സർക്കാർ ജീവനക്കാർക്ക് ഡിഎ കൊടുക്കാനും കടംവാങ്ങിക്കൂട്ടുകയാണ് പിണറായി സർക്കാർ. ഓരോ പൗരനും അറുപത്തയ്യായിരം രൂപയുടെ കടക്കാരനാണെന്ന കണക്ക് പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടുംവീണ്ടും കടമെടുക്കുന്നത്. ദേശീയപാത വികസനമുൾപ്പെടെ എൽഡിഎഫ് കൈവയ്ക്കുന്നതെല്ലാം കുത്തകകളുടെ കീശനിറയ്ക്കാനുള്ള പദ്ധതികളാണ്. ആരോഗ്യ ഇൻഷുറൻസ് റിലയൻസിനെ ഏൽപ്പിച്ചുകഴിഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ സ്വകാര്യവൽക്കരണ പദ്ധതികളോടും, അണികളുടെ കണ്ണിൽ പൊടിയിടാനുള്ള എതിർപ്പേ ഇവർക്കുള്ളൂ. ശുദ്ധജല വിതരണം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ പ്രാഥമിക കാര്യങ്ങളിൽപോലും തീർത്തും ദയനീയമായ സ്ഥിതിയിലാണ് സംസ്ഥാനം. കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. അപ്പോൾ എവിടെയാണ് വികസനം? ആഗോളീകരണ അജണ്ടകളെല്ലാം ജനകീയ മേലങ്കി ചാർത്തി നടപ്പിലാക്കുന്ന കൗശലമാണിവർ സർവ്വത്ര പയറ്റുന്നത്.

വർഗ്ഗീയതയുടെ കാര്യത്തിലും സംശുദ്ധമല്ല എൽഡിഎഫിന്റെ കരങ്ങൾ. സ്ഥാനാർത്ഥി നിർണ്ണയംമുതൽ ജാതി-മത പരിഗണനകൾ സ്വാധീനം ചെലുത്തുന്നു. മത-സാമുദായിക ശക്തികളെ പ്രീണിപ്പിക്കാനും പിന്തുണ തേടാനുമുള്ള ശ്രമങ്ങളും തകൃതിയാണ്. നവോത്ഥാന മതിലിന് പിന്നിൽപോലും ഇത്തരം സങ്കുചിത ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. വിശ്വാസികളുടെ പിന്തുണ നേടാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും വോട്ടും സീറ്റും മാത്രം ലാക്കാക്കിയുള്ളതുതന്നെ.

ബിജെപി ഈ സാഹചര്യം ശരിക്കും മുതലാക്കി. കേന്ദ്ര ഭരണത്തെ തുറന്നുകാട്ടാൻ ഇരുമുന്നണികളും തയ്യാറാകാതിരുന്നതോടെ അവർ കൃത്രിമ പ്രശ്‌നങ്ങളെ ആനയിച്ച് തെരഞ്ഞെടുപ്പ് രംഗം തീർത്തും അരാഷ്ട്രീയവൽക്കരിച്ചു. വിശ്വാസ സംരക്ഷണത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വിശ്വാസികളൊന്നടങ്കം ബിജെപിയ്ക്ക് വോട്ടുചെയ്യണമെന്നുമായിരുന്നു അവരുടെ വായ്ത്താരി. ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയുമൊക്കെ പേരിൽ വോട്ട് പിടിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നിരിക്കെ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ ശബരിമല പ്രശ്‌നവും ന്യൂനപക്ഷ വിദ്വേഷവുമൊക്കെത്തന്നെയാണ് വിറ്റഴിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തിലാകട്ടെ, കമ്മീഷന്റെ വക നിബന്ധനകളോ വിലക്കുകളോ മൂന്ന് മുന്നണികൾക്കും ബാധകമായിരുന്നില്ല. പ്രചാരണത്തിൽ ഔചിത്യം പാലിക്കുന്ന കാര്യത്തിൽ മാത്രമല്ല പണം കുത്തിയൊഴുക്കുന്നതിനും ഒരു തടസ്സവുമുണ്ടായില്ല. ആനുകൂല്യങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാകട്ടെ പരസ്യമായാണ് നടന്നത്. ഏറ്റവുമൊടുവിൽ പുറത്തുവന്നത് വ്യാപകമായ കള്ളവോട്ടിന്റെയും അതിന് ഒത്താശചെയ്ത ഉദ്യോഗസ്ഥരുടെയും കാര്യമാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇതിനെ നിസ്സാരവൽക്കരിക്കാനും കമ്മീഷൻ ശുഷ്‌കാന്തി കാണിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയ്‌ക്കെതിരെ ഉയർന്ന പരാതികളും കമ്മീഷൻ വകവച്ചില്ല.
പൊതു സ്ഥലത്തുള്ള ചുമരെഴുത്ത,് പോസ്റ്റർ പ്രചരണം, പൊതുയോഗം എന്നിവയൊക്കെ ഇതിനകംതന്നെ വിലക്കിയിട്ടുള്ളതാണ്. രാഷ്ട്രീയം പറയാൻ ഭയക്കുന്ന മുന്നണികൾക്ക് ഇതുമൊരു അനുഗ്രഹമായി. ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന സ്വന്തം അണികൾക്ക് മുന്നിലുള്ള നേതാക്കളുടെ ഗീർവ്വാണങ്ങളും പ്രതിയോഗികൾക്കുനേരെയുള്ള ചെളിവാരിയെറിയലുമല്ലാതെ ഗൗരവാവഹമായ ചർച്ചകൾക്കൊന്നും മൂന്ന് മുന്നണികളും മുതിർന്നതേയില്ല.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതോടെ കേരളത്തിലെ മുഴുവൻ സീറ്റും കരസ്ഥമാക്കുമെന്നും ദക്ഷിണേന്ത്യയിലാകെ കോൺഗ്രസ്സിനും കൂട്ടർക്കും ഉണർവ്വ് പകരുമെന്നുമായിരുന്നു യുഡിഎഫ് പ്രചരിപ്പിച്ചത്. യാതൊരു രാഷ്ട്രീയ പ്രധാന്യവുമില്ലാത്ത ഇത്തരം വിഷയങ്ങൾ മാദ്ധ്യമങ്ങൾ ആഘോഷമാക്കുകകൂടി ചെയ്തതോടെ രാഷ്ട്രീയം വഴിയിലുപേക്ഷിക്കപ്പെട്ട നിലയിലായി. ബാലമാസികകളെക്കാൾ തരംതാഴ്ന്ന പ്രസിദ്ധീകരണങ്ങളുമായി ജനങ്ങളെ സമീപിച്ച എൽഡിഎഫാകട്ടെ ഈ അരാഷ്ട്രീയവൽക്കരണത്തിന് ആക്കം കൂട്ടുകയും ചെയ്തു. ബിജെപിയാകട്ടെ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ല എന്ന കാര്യമാണ് തുറുപ്പ് ചീട്ടായി പ്രയോഗിച്ചത്. സൈനികാക്രമണങ്ങളെ മഹത്വവൽക്കരിക്കുകയും അതിന്റെ പോലും ക്രെഡിറ്റ് മോദിക്ക് നൽകുകയും ചെയ്തു അവർ. എല്ലാം മോദിയുടെ ലീലാവിലാസങ്ങൾ. മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള അവരുടെ ആഹ്വാനം പ്രസിഡൻഷ്യൽ രീതിയാണോ ഇന്ത്യ പിന്തുടരുന്നത് എന്ന് തോന്നിപ്പിക്കുംവിധമുള്ളതായിരുന്നു. മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും ഒരു നേതാവിൽ അമാനുഷിക ശേഷികൾ ആരോപിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് പ്രചാരണ രീതി അവർ കൈവിട്ടില്ല.

കരുത്തനായ നേതാവ്, കെട്ടുറപ്പുള്ള ഭരണം എന്നതൊക്കെ മുതലാളിവർഗ്ഗത്തിന്റെ മുദ്രാവാക്യങ്ങളാണ്. കരുത്തും കെട്ടുറപ്പുമൊക്കെ ജനവിരുദ്ധ ഭരണത്തിന്റെ അടിത്തറയാകുമ്പോൾ ജനങ്ങൾക്കുമേലുള്ള ആക്രമണങ്ങൾക്ക് ആക്കം വർദ്ധിക്കുകയേയുള്ളൂ. ജനങ്ങൾക്ക് വേണ്ടത് കരുത്തല്ല, ജനാനുകൂലമായ നയങ്ങളാണ്. അക്കാര്യം പാടെ തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. സൈനികാക്രമണങ്ങളെപ്പോലും മോദിയുടെ കരുത്തിന്റെ നിദർശനങ്ങളായി വാഴ്ത്തുന്നത്, മുതലാളിവർഗ്ഗത്തിനനുയോജ്യനാണ് മോദി എന്നും ബിജെപിയുടെ തിരിച്ചുവരവ് മുതലാളിവർഗ്ഗ തേർവാഴ്ചയ്ക്ക് ഉതകുമെന്നുമുള്ള ആണയിടലാണ്.
മോദിയുടെ തിരിച്ചുവരവിൽ ന്യൂനപക്ഷങ്ങൾ ആശങ്കാകുലരായത് സ്വാഭാവികം മാത്രം. കഴിഞ്ഞ അഞ്ചുവർഷവും ന്യൂനപക്ഷ വിദ്വേഷത്തിന്റെ കാർഡിറക്കിയാണല്ലോ അവർ കളിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമുണ്ടാകുകയും ചെയ്തു. ഇടതുപക്ഷമാണ് ഇക്കാര്യത്തിൽ കൂടുതൽ വിശ്വസ്തർ എന്ന് സ്ഥാപിച്ചുകൊണ്ട് ആ വോട്ടുകൾ കരസ്ഥമാക്കാൻ എൽഡിഎഫ് കിണഞ്ഞ് ശ്രമിച്ചു. എന്നാൽ, കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായില്ലെങ്കിൽ വീണ്ടും ബിജെപി ഭരണം വന്നേക്കാമെന്ന ആശങ്ക ന്യൂനപക്ഷ വോട്ടുകളെ യുഡിഎഫ് പാളയത്തിലെത്തിച്ചു എന്നതൊരു വസ്തുതയാണ്.
എന്നാൽ, തെരഞ്ഞെടുപ്പിന്റെ ഈ ഗണിതശാസ്ത്രത്തിനപ്പുറം ന്യൂനപക്ഷങ്ങളടക്കം ഗൗരവാവഹമായി പരിശോധിക്കേണ്ട ചില വസ്തുതകളുണ്ട്. ഹിന്ദുത്വ പ്രീണനത്തിന്റെ രാഷ്ട്രീയം കോൺഗ്രസ്സ് തുടങ്ങി വച്ചതാണ്. ബാബറി മസ്ജിദിന്റെ വാതിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താനായി തുറന്നുകൊടുത്തതിന്റെയും പിന്നീട് ശിലാന്യാസത്തിന് അനുമതി കൊടുത്തതിന്റെയും പിന്നിൽ ഹിന്ദു വോട്ട് ലാക്കാക്കിയുള്ള കോൺഗ്രസ്സിന്റെ കരുനീക്കങ്ങളുണ്ടായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെടുന്നത് ഒഴിവാക്കാനും കോൺഗ്രസ്സ് ഭരണം ഒന്നും ചെയ്തില്ല. കോൺഗ്രസ്സിന്റെ ഈ സമീപനത്തിന്റെ വമ്പിച്ച രാഷ്ട്രീയ സാദ്ധ്യത തിരിച്ചറിഞ്ഞ ബിജെപി തീവ്ര ഹിന്ദുത്വ നിലപാടുമായി കളംനിറഞ്ഞാടുകയായിരുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി ചമഞ്ഞ് അവരുടെ പിന്തുണ ഉറപ്പാക്കുകയും അതേസമയം ഭൂരിപക്ഷത്തെ പിണക്കാതെ മൃദു ഹിന്ദുത്വ നിലപാട് പിന്തുടരുകയുമാണ് കോൺഗ്രസ്സ് ചെയ്തത്. ഇത് രാജ്യത്തിന്റെ അവശേഷിച്ച മതേതര സ്വഭാവത്തിനുമേൽ വീണ്ടും പ്രഹരമേൽപ്പിച്ചു. ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കിയും അതോടൊപ്പം മതാന്ധതയിൽ ഒരു സമൂഹത്തെയാകെ തളച്ചിട്ടും ഫാസിസ്റ്റ് വാഴ്ചയുടെ ഇരുണ്ട നാളുകളിലേയ്ക്ക് രാജ്യത്തെ നയിക്കാൻ ഇത് പാതയൊരുക്കുന്നു. അതുകൊണ്ടുതന്നെ, കോൺഗ്രസ്സിൽ പ്രതീക്ഷയർപ്പിക്കുന്ന ന്യൂനപക്ഷങ്ങൾ വഞ്ചിക്കപ്പെടുമെന്നുറപ്പാണ്.

സിപിഐ, സിപിഐ(എം) പോലുള്ള പാർട്ടികളും ഈ അപകടകരമായ പാതയിലാണ് സഞ്ചരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം. ബിജെപിക്ക് ബദലായി അവർ കോൺഗ്രസ്സിനെ ഉയർത്തിക്കാണിക്കുന്നു. കോൺഗ്രസ്സുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി ഏതാനും സീറ്റുകൾ കരസ്ഥമാക്കുക എന്ന സങ്കുചിത ലക്ഷ്യത്തോടെയുള്ള ഈ നടപടി പക്ഷെ, നേരത്തെ സൂചിപ്പിച്ചതുപോലെ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ്.
ബിജെപിയും കോൺഗ്രസ്സും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. രണ്ടും മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത ഏജന്റുമാർ. ആരാണോ കൂടുതൽ ഫലപ്രദമായി ജനങ്ങളെ കബളിപ്പിച്ച് ചൂഷണവാഴ്ച മുന്നോട്ടുകൊണ്ടുപോകാൻ മിടുക്ക് കാണിക്കുന്നത് അവരെ മുതലാളിവർഗ്ഗം പണവും പിന്തുണയും പ്രചാരവും നൽകി അധികാരത്തിലെത്തിക്കും. അവരുടെ ചെയ്തികൾ ജനങ്ങൾക്കെതിരെയും മുതലാളിവർഗ്ഗത്തിന് ഹിതകരവും ആയിരിക്കും. സ്വാഭാവികമായും അവർ ജനങ്ങളുടെ വെറുപ്പിനും അസംതൃപ്തിക്കും ഇരയാകും. അപ്പോൾ അടുത്ത കക്ഷിയിൽ പ്രതീക്ഷ സൃഷ്ടിച്ചെടുത്ത് ജനങ്ങളെ വീണ്ടും വഞ്ചിക്കും. ഇങ്ങനെ ബൂർഷ്വാ പ്രസ്ഥാനങ്ങളെ മാറിമാറി പരീക്ഷിക്കുകയും മുതലാളിവർഗ്ഗ ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന തന്ത്രമാണ് തെരഞ്ഞെടുപ്പുകളിലൂടെ നടപ്പിലാക്കിയെടുക്കുന്നതെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപകനും സമുന്നത മാർക്‌സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്ദാസ് ഘോഷ് പതിറ്റാണ്ടുകൾക്കുമുമ്പേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സ്വതന്ത്ര ഇന്ത്യയുടെ ഏഴുപതിറ്റാണ്ടുകാലത്തെ ചരിത്രം ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം കെട്ടിപ്പടുക്കും എന്നവകാശപ്പെട്ടു. ഇന്ദിരാഗാന്ധി ദാരിദ്ര്യം നിർമ്മാർജനം ചെയ്യുമെന്നും രാജീവ് ഗാന്ധി തൊഴിലില്ലായ്മ പ്രശ്‌നം എന്നെന്നേയ്ക്കുമായി പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്തു. നരസിംഹ റാവു ആഗോളീകരണ നയങ്ങളിലൂടെ രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഇന്ന് ലോകത്തെ ഏറ്റവുമധികം ദരിദ്രരും തൊഴിൽരഹിതരും വിദ്യാവിഹീനരുമുള്ള രാജ്യമാണ് നമ്മുടേത്. രാജ്യം ഭരിച്ച പാർട്ടികളൊക്കെ മുതലാളിവർഗ്ഗത്തെയാണ് സേവിച്ചത് എന്നതുതന്നെ കാരണം.
മുതലാളിവർഗവും തൊഴിലാളിവർഗ്ഗവും പരസ്പര ശത്രുതയോടെ നിലകൊള്ളുന്നു എന്ന വസ്തുത നമ്മൾ അംഗീകരിച്ചേ പറ്റൂ. തൊഴിലാളിയുടെ മേലുള്ള ചൂഷണം എത്രകണ്ട് വർദ്ധിക്കുന്നുവോ അത്രത്തോളം മുതലാളിവർഗ്ഗം നേട്ടമുണ്ടാക്കുന്നു. ഈ രണ്ട് വർഗ്ഗത്തിന്റെയും ക്ഷേമം ഒരേ സമയം ഉറപ്പാക്കാൻ ഒരു ശക്തിക്കും ആവില്ല. ഏതൊരു പാർട്ടിയും അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു വർഗ്ഗത്തിന്റെ താല്പര്യത്തെ പ്രതിനിധാനം ചെയ്യുന്നു. ജാതി, മതം, പ്രദേശം, ഭാഷ തുടങ്ങി എന്തൊക്കെ കാര്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചാലും ഒരു പാർട്ടിക്കും ഈ വർഗ്ഗ സ്വഭാവത്തിൽനിന്ന് വിട്ടുനിൽക്കാനാവില്ല. കോൺഗ്രസ്സും ബിജെപിയും ഇങ്ങനെ മുതലാളിവർഗ്ഗത്തിന്റെ സേവകരെന്ന ദൗത്യം നിറവേറ്റുമ്പോൾ അവരിലൊരാളെ പുരോഗമന ശക്തിയായി അവതരിപ്പിക്കുന്നത് ജനങ്ങളോട് കാണിക്കുന്ന വഞ്ചനയല്ലേ?
ഈ രാഷ്ട്രീയ യാഥാർത്ഥ്യത്തെ അവഗണിക്കുന്നു എന്നതാണ് സിപിഐ(എം), സിപിഐ തുടങ്ങിയ പാർട്ടികൾ ചെയ്യുന്ന പാതകം. ഏതെങ്കിലുമൊരു ബൂർഷ്വാ പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്ന മുതലാളിവർഗ്ഗ പദ്ധതിയിൽ അവരും പങ്കാളികളാകുന്നു. രാജ്യത്തെ ഇടതുപക്ഷ മുന്നേറ്റത്തിന് ഇത് വലിയ ഹാനി വരുത്തിവയ്ക്കുന്നു. ശക്തികേന്ദ്രങ്ങളിൽ പോലും കനത്ത തിരിച്ചടി നേരിടുന്ന അവസ്ഥയിലേയ്ക്ക് ഈ പാർട്ടികൾ ചെന്നെത്തിയത് ഈ തെറ്റായ ലൈൻ പിന്തുടർന്നുകൊണ്ട് സ്വന്തം കുഴി തോണ്ടിയതുവഴിയാണ് എന്ന വസ്തുത ഇടതുപക്ഷ വിശ്വാസികളെങ്കിലും തിരിച്ചറിയണം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് അത് അനിവാര്യമാണ്.

തെരഞ്ഞെടുപ്പുകൾ വരും, പോകും. അതുവഴി യാതൊരു അഭിവൃദ്ധിയും ജനങ്ങളുടെ ജീവിതത്തിലുണ്ടാകില്ല. ഏത് പാർട്ടി ഭരണം കൈയാളിയാലും നയങ്ങൾ മുതലാളിവർഗ്ഗത്തിനുമാത്രം ഗുണം ചെയ്യുന്നതായിരിക്കും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനെമാത്രം ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ജനതാൽപര്യവുമായി വലിയ ബന്ധമൊന്നുമില്ല. അടിസ്ഥാനപരമായ സാമൂഹ്യ മാറ്റത്തെ മുൻനിർത്തി വമ്പിച്ച ജനകീയശക്തി പടുത്തുയർത്തുക എന്നതുമാത്രമേ ജീവിതപ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിന് ഉതകൂ; ആരധികാരത്തിൽ വന്നാലും അവരെ ജനവിരുദ്ധ നടപടികൾക്ക് അനുവദിക്കാത്ത കരുത്തുറ്റ ജനകീയ ശക്തി. ദൈനംദിന ജീവിതപ്രശ്‌നങ്ങൾ മുൻനിർത്തി വളർത്തിയെടുക്കപ്പെടുന്ന ചെറുതും വലുതുമായ സമരങ്ങളിലൂടെയേ ഈ ശക്തി സമാഹരിക്കാനാകൂ. ‘ജനകീയ സമര രാഷ്ട്രീയത്തിന് കരുത്തേകുക’ എന്ന മുദ്രാവാക്യം ഈ തെരഞ്ഞെടുപ്പിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മുന്നോട്ടുവച്ചതിന്റെ പൊരുളിതാണ്.
വർഗ്ഗീയതയെ ചെറുക്കാനുള്ള മാർഗ്ഗവും ഇതുതന്നെ. സമരങ്ങളിലൂടെ ജനങ്ങളിൽ ഐക്യവും സാഹോദര്യവും കൂടുതലുയർന്ന രാഷ്ട്രീയ പ്രബുദ്ധതയും വളർന്നുവരുന്നു. യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാൻ, സങ്കുചിതത്വങ്ങൾക്കതീതമായ ഈ ഒരുമ അവരെ പ്രാപ്തരാക്കുന്നു. മുതലാളിവർഗ്ഗം ഏറ്റവും ഭയക്കുന്നതും ഈ ഒരുമയെയാണ്. ജാതി, മതം തുടങ്ങി നാനാ വിഷയങ്ങളുടെ അടിസ്ഥനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ അവർ ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ. ജനങ്ങളെ തമ്മിലടിപ്പിക്കുമ്പോൾ വിശാലമായ ജീവിത വീക്ഷണവും ജനാധിപത്യ-മതേതര ധാരണകളും വികസിച്ചുവരുന്നതിന് തടയിടാൻ കഴിയും. യുക്തി ചിന്തയും ശാസ്ത്രീയ മനോഘടനയും തകർത്ത് അവർ അന്ധതയും യുക്തിരാഹിത്യവും പ്രോത്സാഹിപ്പിക്കുന്നു. കലയിലും സാഹിത്യത്തിലും വരെ സങ്കുചിതത്വം കുത്തിനിറയ്ക്കുന്നു. അറിവും ഔപചാരിക വിദ്യാഭ്യാസവും ജനസാമാന്യത്തിന് നിഷേധിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ഈ ആക്രമണങ്ങളെല്ലാം ഒരുപിടി കുത്തകകളുടെ, കോർപ്പറേറ്റുകളുടെ ലാഭാർത്തിയെ തൃപ്തിപ്പെടുത്താനാണെന്നോർക്കണണം.

അപ്പോൾ, വർഗ്ഗീയതയ്‌ക്കെതിരായ പോരാട്ടവും മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ മുന്നേറ്റവുമായി കണ്ണിചേർക്കപ്പെടുന്നെങ്കിൽ മാത്രമേ അത് ലക്ഷ്യവേധിയാകൂ എന്നർത്ഥം. ഭൂരിപക്ഷ വർഗ്ഗീയതയ്‌ക്കെതിരെ ന്യൂനപക്ഷ വർഗ്ഗീയത വളർത്തിയെടുക്കുന്നത് ആത്മഹത്യാപരമാകുന്നതും അതുകൊണ്ടുതന്നെ. കായിക സംഘട്ടനങ്ങളും വർഗ്ഗീയതയെ തടയാൻ പര്യാപ്തമല്ല. ആർഎസ്എസ്-സിപിഐ(എം) സംഘർഷങ്ങൾ ആർഎസ്എസിന്റെ വളർച്ചയ്‌ക്കേ സഹായിച്ചിട്ടുള്ളൂ എന്ന വസ്തുത കൂടി ഇതിനോട് ചേർത്ത് വായിക്കണം. ബിജെപിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി എന്നതുകൊണ്ട് മാത്രം ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭിഷണി അസ്തമിക്കുന്നുമില്ല. ഉന്നതമായ പ്രത്യയശാസ്ത്ര അടിത്തറയിൽ ജനങ്ങളെയാകെ ഉയർത്തിയെടുക്കുന്ന സമഗ്രമായൊരു പോരാട്ടം അതിനാവശ്യമാണ്.
ഇടതു-ജനാധിപത്യ-മതേതര ശക്തികളെയാകെ വിശാലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച് രാജ്യവ്യാപകമായ മുന്നേറ്റം വളർത്തിയെടുക്കുക എന്നതാണ് ഇന്നത്തെ അടിയന്തരാവശ്യകത. പാർലമെന്ററി അവസരവാദത്തിലേയ്ക്ക് കാലിടറി വീഴാതെ, തെരഞ്ഞെടുപ്പ് അടക്കമുള്ള എല്ലാ അവസരങ്ങളെയും ബൃഹത്തായ വർഗ്ഗ-ബഹുജന മുന്നേറ്റങ്ങൾക്ക് അനുപൂരകമായ സമരവേദികളാക്കി പരിവർത്തനപ്പെടുത്താനുള്ള ദിശാബോധമാണ് ഇടതുപക്ഷം പ്രദർശിപ്പിക്കേണ്ടത്. മുതലാളിത്ത ഭരണവും മുതലാളിവർഗ്ഗ പ്രസ്ഥാനങ്ങളും സ്വയം തുറന്നുകാട്ടപ്പെട്ട് ജനങ്ങളിൽനിന്ന് അകന്നുകൊണ്ടിരിക്കുമ്പോൾ, മഹനീയമായ മാർക്‌സിസ്റ്റ് ദർശനത്തിന്റെ കരുത്തിൽ ജനങ്ങളിൽ പ്രതീക്ഷയും പ്രസരിപ്പും വളർത്തിയെടുത്ത് ഭാവിയിലേയ്ക്ക് ഉറച്ച ചുവടുവയ്പ്പുകൾ നടത്താൻ നമുക്ക് കഴിയണം. പ്രതികൂല സാഹചര്യങ്ങളെയും തിരിച്ചടികളെയും വിമർശനാത്മകമായി വിലയിരുത്തിയും ശരിയായ പാഠങ്ങൾ ഉൾക്കൊണ്ടും ലക്ഷ്യത്തിൽനിന്ന് അല്പംപോലും വ്യതിചലിക്കാതെയും മുന്നേറുക എന്നതാണ് ഇടതുപക്ഷത്തിന്റെ ദൗത്യം.
ഈ ദൗത്യം യഥാർത്ഥത്തിൽ ഏറ്റെടുത്തത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി മാത്രമാണ്. യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പാർട്ടി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രബല മുന്നണികൾ രാഷ്ട്രീയ ചർച്ചകളിൽനിന്ന് ഒളിച്ചോടി കളമൊഴിഞ്ഞുതന്നതിനാൽ താരതമ്യേന ശാന്തമായ അന്തരീക്ഷത്തിൽ പാർട്ടി സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയം ചർച്ച ചെയ്യാനായി. നൂറുകണക്കിന് കോർണർ യോഗങ്ങളും സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികളും റോഡ്‌ഷോകളും മറ്റും സംഘടിപ്പിക്കുകയുണ്ടായി. കേന്ദ്ര-സംസ്ഥാന നേതാക്കൾ പങ്കെടുത്ത പൊതുയോഗങ്ങളും സംഘടിപ്പിച്ചു. പാർട്ടി മുഖപത്രമായ യൂണിറ്റി പതിനായിരക്കണക്കിന് കോപ്പികൾ വിതരണം ചെയ്തു. ഒൻപത് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഒരു മാസത്തിലേറെക്കാലം ജനങ്ങളുടെ ഇടയിൽ പ്രചാരണം നടത്തി.

വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ, ബുദ്ധിജീവികൾ തുടങ്ങി നാനാതുറകളിൽപ്പെട്ടവരുമായി ഗാഢമായ ആശയവിനിമയം നടത്തി. ഹൃദയംഗമമായ പ്രതികരണമാണ് എല്ലാ വിഭാഗം ആളുകളിൽനിന്നും ഉണ്ടായത്. ജനദ്രോഹ നയങ്ങളുടെയും രാഷ്ട്രീയ വഞ്ചനയുടെയും പകപോക്കലിന്റെയും വർഗ്ഗീയ വൈരത്തിന്റെയുമൊക്കെ ഇരകളായ ജനങ്ങൾ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച ആത്മാർത്ഥമായി അഭിലഷിക്കുന്നുണ്ട്. അവിസ്മരണീയമായ ഈ തെരഞ്ഞെടുപ്പ് അനുഭവം പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഒരു ഈടുവയ്പാകുമെന്ന് ഉറപ്പാണ്.

Share this post

scroll to top