ഒരു ലോക്സഭാ തെരഞ്ഞെടുപ്പിനെക്കൂടി ജനങ്ങള്‍ അഭിമുഖീകരിക്കുകയാണ്. പ്രധാന മത്സരക്കാരായ കോണ്‍ഗ്രസ്സ്, ബിജെപി എന്നീ ബൂര്‍ഷ്വാ പാര്‍ട്ടികളെ കൂടാതെ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളും സിപിഐ(എം), സിപിഐ തുടങ്ങിയ കപട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമൊക്കെ മത്സരരംഗത്തുണ്ട്. വികസന നായകരെന്നും അഴിമതിക്കെതിരെ കുരിശുയുദ്ധം നയിക്കുന്നവരെന്നുമൊക്കെയാണ് ഇവരെല്ലാം അവകാശപ്പെടുന്നത്. ഇവരുടെ അവകാശവാദങ്ങളും വാഗ്ദാനങ്ങളും തമ്മിലടിയുമെല്ലാം പതിവുപോലെ മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്.
1952-മുതല്‍ ജനങ്ങള്‍ പല തെരഞ്ഞെടുപ്പുകളും ഗവണ്മെന്റുകളും കണ്ടു കഴിഞ്ഞു. ജനജീവിതത്തില്‍ ഇതൊക്കെ എന്തെങ്കിലും മാറ്റം വരുത്തിയോ ? ജീവിതത്തില്‍ എന്തെങ്കിലും ഉന്നമനമുണ്ടായോ ? ഏത് പാര്‍ട്ടി എന്ത് അവകാശവാദമുന്നയിച്ചാലും ജനകോടികള്‍ക്ക് ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച് ഒരു പിടി കുത്തകകള്‍ തടിച്ചു കൊഴുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ, ജനങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളുമായി കഴിയുന്നതില്‍ അത്ഭുതപ്പെടാനില്ല. 77 ശതമാനം പേര്‍ക്കും ഒരു ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത സ്ഥിതിയാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തൊഴിലന്വേഷിച്ച് വന്‍തോതില്‍ നഗരങ്ങളിലേയ്ക്ക് പ്രയാണം ചെയ്യുകയാണ്. കടക്കെണിയില്‍പ്പെട്ട് ലക്ഷക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ഭിക്ഷാടനം, വ്യഭിചാരം, പെണ്്വാണിഭം, കൊലപാതകങ്ങള്‍ എന്നിവയൊക്കെ വര്‍ദ്ധിക്കുകയാണ്. ശതകോടീശ്വരന്മാരുടെ കാര്യത്തില്‍ 122 പേരുമായി ഇന്ത്യ ലോകത്ത് 5-ാം സ്ഥാനത്താണ്. ആദ്യ പത്ത് പേരില്‍ തന്നെ 5 ഇന്ത്യാക്കാരുണ്ട്. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും അതിസമ്പന്നരാണ്. ഇവരൊക്കെ അഴിമതിക്കാരുമാണ്. 543 ലോക്സഭാംഗങ്ങളില്‍ 321 പേര് ശതകോടീശ്വരന്മാരും 180 പേര് കോടീശ്വരന്മാരുമാണ്. ഇതില്‍ കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും എന്തിന് സിപിഎം, സിപിഐക്കാരുമുണ്ട്. ഇന്ത്യയില്‍നിന്നുള്ള സ്വിസ്സ് ബാങ്ക് നിക്ഷേപം 72 ലക്ഷം കോടിയാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കള്ളപ്പണക്കാരില്‍ രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഉദ്യോഗസ്ഥ പ്രമാണികളുമുണ്ട്. ലോകത്തുതന്നെ ഏറ്റവുമധികം കള്ളപ്പണമുള്ള രാജ്യം ഇന്ത്യയാണ്
കുത്തകകളുടെ താല്പര്യാര്ത്ഥമുള്ള ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരുന്ന ബൂര്‍ഷ്വാ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുകയാണ്. തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക, അടച്ചുപൂട്ടല്‍, ലോക്കൗട്ട്, കരാര്‍ തൊഴിലിന്റെ വ്യാപനം, ജോലി സമയവും ജോലി ഭാരവും വര്‍ദ്ധിക്കുക, വേതനം മരവിപ്പിക്കല്‍, ഔട്ട് സോഴ്സിംഗ് തുടങ്ങിയവയൊക്കെയാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി സര്‍ക്കാരുകള്‍ എടുത്തുകളയുകയാണ്. അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഭൂമിയിലും പ്രകൃതിവിഭവങ്ങളിലും വ്യാപാരരംഗത്തുമൊക്കെ ഇതുവഴി ബഹുരാഷ്ട്രകുത്തകകള്‍ ആധിപത്യമുറപ്പിക്കുന്നു. നികുതി ഇളവുകള്‍, സംരക്ഷണപദ്ധതികള്‍, തുടങ്ങിയവയ്ക്കായി ഖജനാവിലെ പണം കുത്തകകള്‍ക്ക് കോരിച്ചൊരിയുന്നു. ഇതിന്റെ ഭാരം നികുതി വര്‍ദ്ധനവായും ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കലായും ജനങ്ങളുടെമേല്‍ വന്നു പതിക്കുകയും ചെയ്യുന്നു. നിരന്തരമായ വിലക്കയറ്റവും, നികുതിവര്‍ദ്ധനവും, പണപ്പെരുപ്പവും, രൂപയുടെ മൂല്യശോഷണവും ജനങ്ങളുടെ ജീവിതഭാരം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകരെ പുറത്താക്കി കൃഷിഭൂമി പിടിച്ചെടുത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ പടുത്തുയര്‍ത്തുന്നു. പ്രകൃതിദുരന്തങ്ങള്‍ മൂലം അനേകം മനുഷ്യജീവനും കാര്‍ഷിക വിളകളും വസ്തുവകകളുമൊക്കെ നശിക്കുന്നത് തടയാന്‍ ഒരു സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. വിത്ത്, വളം, കീടനാശിനി, വൈദ്യുതി എന്നിവയുടെയൊക്കെ വില നിരന്തരം വര്‍ദ്ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് താങ്ങുവില പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തി വയ്പുകാരുമൊക്കെ തോന്നും പോലെ വിലനിശ്ചയിക്കുന്ന സ്ഥിതിയാണ്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും ബജറ്റ് വിഹിതം നിരന്തരം വെട്ടിക്കുറയ്ക്കുകയും ഈ മേഖലകളൊക്കെ കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. സാധാരണക്കാര്‍ക്ക് ഇതൊക്കെ അപ്രാപ്യമായിത്തീരുകയാണ് .മതേതര – ജനാധിപത്യ സമീപനവും വീക്ഷണവും വികസിച്ചു വരുന്നതിനുപകരം അന്ധവിശ്വാസവും മതഭ്രാന്തും മനുഷ്യത്വരഹിതമായ ഫാസിസ്റ്റ് സംസ്ക്കാരവും വളര്ന്നുവരാനുതകും വിധമാണ് പാഠ്യപദ്ധതിയും സിലബസുമൊക്കെ രൂപീകരിക്കുന്നത്. പാവപ്പെട്ടവന്റെ മുന്നില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ വാതില്‍ കൊട്ടിയടയ്ക്കാന്‍ വേണ്ടി സാധാരണക്കാര്‍ പഠിക്കുന്ന സ്ക്കൂളുകളില്‍ പരീക്ഷാ സമ്പ്രദായം എടുത്തു കളഞ്ഞിരിക്കുകയാണ്. സമ്പന്നരുടെ കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളുകളില്‍ അത് നിലനിര്‍ത്തിയിട്ടുമുണ്ട്. വികസനത്തിന്റെയും സല്‍ഭരണത്തിന്റെയും സവിശേഷതകളായിട്ടാണ് ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍ ഇതെല്ലാം അവതരിപ്പിക്കുന്നത്. ആരുടെ വികസനം എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം.
പ്രതിസന്ധിഗ്രസ്തവും മരണാസന്നവുമായ മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ ചിത്രം അല്പം വിശദമായി ചര്‍ച്ച ചെയ്യാം. 18-ാം നൂറ്റാണ്ടിലും, 19-ാം നൂറ്റാണ്ടിലും ജന്മിത്തത്തിനും ഏകാധിപത്യത്തിനും രാജവാഴ്ചയ്ക്കുമെതിരെ വിപ്ലവകരമായ പോരാട്ടം നടത്തിക്കൊണ്ട് ജനാധിപത്യ വ്യവസ്ഥ സ്ഥാപിച്ചെടുത്തത് മുതലാളിത്തമാണ്. മതാന്ധതയ്ക്കെതിരെ അത് മതേതരമാനവവാദ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചു. `സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം` എന്ന മുദ്രാവാക്യമുയര്‍ത്തി, അന്നത്തെ ചരിത്രഘട്ടത്തില്‍ സാദ്ധ്യമായിരുന്ന ഒരു ജനാധിപത്യ സംവിധാനം രൂപപ്പെടുത്തി. ആ മുതലാളിത്തത്തില്‍നിന്ന് തികച്ചും ഭിന്നമാണ് ഇന്നത്തെ മുതലാളിത്തം. ആ മുദ്രാവാക്യങ്ങളെല്ലാം ഇന്നത്തെ പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തം ചവിട്ടിമെതിച്ചിരിക്കുന്നു. ഇന്ന് സാമ്രാജ്യത്വ ഘട്ടത്തിലെത്തിയ മുതലാളിത്തം തികച്ചും പിന്തിരിപ്പനും മര്‍ദ്ദകനും ഫാസിസ്റ്റ് സ്വാഭാവമുള്ളതും ആയി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാ ജനാധിപത്യ പ്രക്ഷോഭങ്ങളെയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളെയും അത് നിര്‍ദ്ദാക്ഷിണ്യം അടിച്ചമര്‍ത്തുന്നു. ജനാധിപത്യ തത്വങ്ങളും മൂല്യങ്ങളും കീഴ്വഴക്കങ്ങളുമൊക്കെ കാറ്റില്‍പ്പറത്തുന്നു. 1947 ല്‍ അധികാരം കയ്യാളിയ നാള് മുതല്‍, മരണാസന്നമായ ആഗോളമുതലാളിത്തത്തിന്റെ അഭേദ്യഭാഗമെന്ന നിലയില്‍ ഇന്ത്യന്‍ മുതലാളിത്തവും അതേ പ്രതിലോമകരമായ നയം തന്നെയാണ് പിന്തുടരുന്നത്. ഇന്ന് മൂലധനം ഒരു പിടിയാളുകളുടെ കയ്യിലും രാഷ്ട്രീയ അധികാരം ഭരണകൂടത്തിലും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ചിന്താപ്രക്രിയയെ ചിട്ടപ്പെടുത്തിക്കൊണ്ട് അത് ഫാസിസ്റ്റ് ഭീഷണിയുയര്‍ത്തുകയാണ്. പ്രാദേശിക മൂലധനം സാമ്പത്തിക – രാഷ്ട്രീയ രംഗങ്ങളില്‍ ഇന്നും കാര്യമായ സ്വാധീനം ചെലുത്തുന്നതുകൊണ്ട് രാജ്യം സമ്പൂര്‍ണ്ണ ഫാസിസത്തിലേയ്ക്ക് എത്തിയിട്ടില്ല എന്നുമാത്രം. ജനാധിപത്യ തത്വങ്ങളോ മാനുഷികമൂല്യങ്ങളോ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങളോ ഒന്നും ഇന്നത്തെ മുതലാളിത്തത്തിന് പരിഗണനാ വിഷയങ്ങളല്ല. കൊടിയ ചൂഷണത്തിലൂടെ പരമാവധി ലാഭം നേടുക എന്നതു മാത്രമാണതിന്റെ ലക്ഷ്യം. ജനങ്ങള്‍ അതിന് ചൂഷണ സംവിധാനം ചലിപ്പിക്കാനുള്ള വിഭവവും, രാജ്യം ചൂഷണം ചെയ്യാനുള്ള ഒരു കമ്പോളവും മാത്രമാണ്. അത് കൂടുതല്‍ കൂടുതല്‍ മനുഷ്യത്വവിരുദ്ധവും അധാര്‍മ്മികവും അഴിമതി ഭരിതവും ആയിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് മുതലാളിത്ത വ്യവസ്ഥയെ സേവിക്കുന്ന എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ അഴിമതിക്കാരും ഇരട്ടത്താപ്പുകാരും ജനവിരുദ്ധരുമായിരിക്കുന്നത്. പല സിപിഐ(എം) നേതാക്കളും ഇന്ന് അഴിമതിക്കാരാണ്. അധികാരത്തിലിരിക്കുമ്പോള്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുകയും ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുകയും മാത്രമല്ല ജനങ്ങളുടെ ധാര്‍മ്മിക നട്ടെല്ല് തകര്‍ക്കുകയും കൂടി ചെയ്യുന്നു. ഇന്ത്യന്‍ നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും, വിശേഷിച്ച് അതിലെ വിപ്ലവധാരയുടെയും, മഹത്തായ പാരമ്പര്യം ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാനാണ് ഈ ഭരണവര്ഗ്ഗപ്പാര്ട്ടികളെല്ലാം ശ്രമിക്കുന്നത്. പുതിയ തലമുറയെ ധാര്‍മ്മികതയും മനുഷ്യത്വവുമില്ലാത്തവരാക്കി, അവരുടെ ചിന്താശേഷി നശിപ്പിച്ച്, എതിര്‍സ്വരങ്ങളെയും സമരവീര്യത്തെയും അടിച്ചമര്‍ത്തി അങ്ങേയറ്റം ഹീനമായ ഒരു പദ്ധതിയാണ് മുതലാളിവര്‍ഗ്ഗം നടപ്പിലാക്കുന്നത്. സെക്സ്, അശ്ലീല സിനിമ, അശ്ലീലസാഹിത്യം, അക്രമം, മയക്കുമരുന്ന്, മദ്യം, ചൂതുകളി, ഭാഗ്യാന്വേഷണം തുടങ്ങിയവയൊക്കെ മാദ്ധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും തികച്ചും അധഃപതിച്ച മാര്‍ഗ്ഗങ്ങളിലേയ്ക്ക് തള്ളിവിടുകയാണ്. ഇന്ത്യ ഇന്ന് പെണ്‍വാണിഭത്തിന്റെയും അക്രമത്തിന്റെയും ബലാല്സംഗത്തിന്റെയുമൊക്കെ കാര്യത്തില്‍ ലോകത്ത് ഒന്നാം നിരയില്‍ നില്‍ക്കുന്നത് യാദൃച്ഛികമല്ല. കൊച്ചു പെണ്‍കുഞ്ഞുങ്ങളെയും വൃദ്ധകളെയും പോലും വെറുതെ വിടുന്നില്ല. ഈ ഹീന പ്രവൃത്തികള്‍ ചെയ്യുന്നത് മൃഗങ്ങളല്ല, മനുഷ്യര്‍ തന്നെയാണ്.മനസ്സാക്ഷിയോ മാനുഷിക മൂല്യങ്ങളോ ഇല്ലാത്ത ഈ പ്രത്യേകതരം ജീവികള്‍ അധഃപതിച്ച മുതലാളിത്ത സംസ്ക്കാരത്തിന്റെ സൃഷ്ടികളാണ്. സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിലാകെ മുതലാളിത്തം നാശം വിതയ്ക്കുകയാണ്. അത് കുടുംബ ജീവിതത്തിലെ സ്വസ്ഥതയും സമാധാനവും കെടുത്തുകയാണ്. സാമൂഹ്യ പുരോഗതിക്ക് വിഘാതമായി നില്ക്കുന്ന ഈ വ്യവസ്ഥയെ മാറ്റി പുതിയൊരു വ്യവസ്ഥ, ഒരു സോഷ്യലിസ്റ്റ് സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. മാര്‍ക്സിസം- ലെനിനിസം-സഖാവ് ശിബ്ദാസ്ഘോഷ് ചിന്ത നല്കുന്ന ചരിത്രപ്രധാനമായ പാഠമിതാണ്.
തെരഞ്ഞെടുപ്പുകള്‍ ഗവണ്മെന്റുകളെ മാത്രമേ മാറ്റുന്നുള്ളൂ. ചൂഷണ മുതലാളിത്ത വ്യവസ്ഥയെയും അതിന്റെ മര്ദ്ദകഭരണകൂടത്തെയും മാറ്റുന്നില്ല. തെരഞ്ഞെടുപ്പുകളിലൂടെ ഭരണമുതലാളിവര്‍ഗ്ഗം അവരുടെ ആവശ്യകതയ്ക്ക് നിരക്കുംപടി അതിന്റെ രാഷ്ട്രീയ കാര്യദര്‍ശികളെ മാറ്റുകയും, ജനങ്ങളെ കബളിപ്പിച്ച് അവരെ വിപ്ലവ രാഷ്ട്രീയ പാതയില്‍നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യുന്നു. എന്നു മാത്രമല്ല, തെരഞ്ഞെടുപ്പിലൂടെ യഥാര്‍ത്ഥ ജനവിധി ഉണ്ടാകുന്നുമില്ല. പണവും കയ്യൂക്കും മാദ്ധ്യമങ്ങളും ഉപയോഗിച്ച് മുതലാളിവര്‍ഗ്ഗം നടത്തുന്ന വിധി മാത്രമാണ് തെരഞ്ഞെടുപ്പിലുണ്ടാകുന്നത്.
പതിറ്റാണ്ടുകളായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സാണ് അധികാരം കയ്യാളിയത്. എസ്പി, ബിഎസ്പി, ഡിഎംകെ, എഐഎഡിഎംകെ, അകാലിദള്‍, ശിവസേന, എന്‍സിപി, ജെഡി(യു), ബിജെഡി, ടിഡിപി, എജിപി, സിപിഐ(എം), ടിഎംസി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ വിവിധ സംസ്ഥാനങ്ങളിലും ഭരിക്കുന്നു. പേരിലും കൊടിയിലുമുള്ള വ്യത്യാസമല്ലാതെ ഇവര്‍ക്ക് നയങ്ങളിലോ ഭരണരീതിയിലോ യാതൊരു വ്യത്യാസവുമില്ല. കോണ്‍ഗ്രസ്സ് ഒരു `മതേതര’ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നു. സിപിഎം, സിപിഐ പാര്‍ട്ടികള്‍ അങ്ങനെയൊരു പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ എക്കാലവും അവരെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ അനുവര്‍ത്തിച്ചത് മതേതരത്വമല്ല, എല്ലാ മതങ്ങള്‍ക്കും തുല്ല്യപ്രോത്സാഹനം എന്ന നയമാണ്. അതായത് സര്‍വ്വമത സമഭാവന. ഭരണകൂടത്തിന്റെ എല്ലാ സ്ഥാപനങ്ങളും വിദ്യാഭ്യാസമടക്കമുള്ള പ്രവര്‍ത്തനങ്ങളും മതത്തിന്റെ സ്വാധീനത്തില്‍നിന്ന് മുക്തമായിരിക്കുകയും, മതേതര – ജനാധിപത്യ രീതിയില്‍ ഭരണം നടത്തുകയുമാണ് ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും മതേതരത്വം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു മതേതര ഭരണകൂടം മതത്തെ വ്യക്തിയുടെ സ്വകാര്യപ്രശ്നമായി കാണുകയും മതത്തെ പ്രോത്സാഹിപ്പിക്കുകയോ അതില്‍ ഇടപെടുകയോ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. വിശ്വാസികളെയും അവിശ്വാസികളെയും അത് ഒരു പോലെ കാണുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യപ്രോത്സാഹനം എന്ന നിലപാട് സ്വീകരിച്ചതിലൂടെ സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ്സ് ഫലത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ രാഷ്ട്രീയമാണ് അനുവര്‍ത്തിച്ചത്. ഇത്, മുസ്ലീങ്ങളെയും `കീഴ്ജാതിക്കാര്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന ഹിന്ദുക്കളെയും സ്വാതന്ത്ര്യ സമരത്തില്‍നിന്ന് അകറ്റുകയും ജനങ്ങള്‍ക്കിടയില്‍ അനൈക്യമുണ്ടാക്കുകയും അതുവഴി രാഷ്ട്ര വിഭജനത്തിന് ബ്രീട്ടീഷുകാര്‍ക്ക് സഹായകമായി വര്‍ത്തിക്കുകയും ചെയ്തു. ജനങ്ങളില്‍ അനൈക്യം വിതച്ച് വോട്ടുബാങ്ക് സൃഷ്ടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സ് പല കലാപങ്ങളും ആസൂത്രണം ചെയ്തു. 1984 ലെ സിഖ്വിരുദ്ധ കലാപം ഇതിലൊന്നായിരുന്നു. ബിജെപി അഭിമാനത്തോടെ `ഹിന്ദുത്വ’ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു. അദ്വാനിയുടെ രഥയാത്രയിലൂടെ മുസ്ലിം വിരുദ്ധവികാരം ആളിക്കത്തിച്ചതും, ബാബ്റി മസ്ജിദ് തകര്‍ത്തതും, ഗുജറാത്തില്‍ 2500 ലേറെ മുസ്ലിങ്ങളെ കൂട്ടക്കശാപ്പ് നടത്തിയതുമൊക്കെ ഇതിന്റെ ഭാഗമായിട്ടാണ്. രാമകൃഷ്ണ പരമഹംസരെയും വിവേകാനന്ദനെയുംകാള് വലിയ ഹിന്ദുമതവിശ്വാസികളും ഭക്തരുമാണോ ഈ മതഭ്രാന്തന്മാര്? ഇവരെ ഹിന്ദുക്കള്‍ എന്നുതന്നെ വിളിക്കാന്‍ കഴിയുമോ? യഥാര്‍ത്ഥ മതാചാര്യന്മാര് ബാബ്റി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയണമെന്ന് സ്വപ്നത്തില്‍പോലും വിചാരിക്കില്ല. വിവിധ മതവിശ്വാസികള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തോടെ കഴിയണമെന്നാണ് അവരെല്ലാം ഉപദേശിച്ചത്. ഗുജറാത്ത് കൂട്ടക്കുരുതിയുടെ സൂത്രധാരനും, ഭരണാധികാരി എന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ വിമര്‍ശനം നേരിടേണ്ടി വന്ന ആളുമായ നരേന്ദ്രമോഡി എന്ന ഘാതകനെയാണ് ഇപ്പോള്‍ ബിജെപി ഭാവിപ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്തോടുള്ള ജനങ്ങളുടെ വിദ്വേഷം മുതലെടുത്ത് ഒരു ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. കടുത്ത വര്‍ഗ്ഗീയവാദിയായ നരേന്ദ്രമോഡിയെയാണ് ഇതില്‍ മുന്നില്‍ നിര്‍ത്തുന്നത്. കര്‍ഷകരെ പുറത്താക്കി കൃഷിഭൂമി പിടിച്ചെടുത്ത് കുത്തകള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായി കൈമാറുകയും, അവര്‍ക്ക് കുറഞ്ഞ ചെലവില്‍ വെള്ളവും വൈദ്യുതിയുമൊക്കെ നല്‍കുകയും, സബ്സിഡികള്‍ ചൊരിയുകയും, തൊഴിലാളിസമരങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെ മോഡി കുത്തകകളുടെ വിശ്വാസമാര്ജ്ജിച്ചിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ മോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രചാരണം നടത്തുന്നു.
സിപിഐ(എം), സിപിഐ പാര്‍ട്ടികള്‍ `മതേതര സഖ്യകക്ഷികള്‍’ എന്നു കരുതുന്ന മറ്റ് പ്രാദേശിക പാര്‍ട്ടികളാകട്ടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ജാതീയതയും പ്രാദേശിക വികാരങ്ങളുമൊക്കെ ആളിക്കത്തിക്കുന്നു. പരിഷ്കരണവാദപരമായ ഒരു സമീപനത്തോടെ ഇടതുപാര്‍ട്ടികള്‍ 1960 കളുടെ മദ്ധ്യം വരെയൊക്കെ ചില ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അധികാരത്തിന്റെ രുചിയറിഞ്ഞതോടെ അവര്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് അടിപ്പെട്ടുപോകുകയും സമരപാത എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. ജനങ്ങള്‍ സമരങ്ങള്‍ക്കായി മുറവിളി കൂട്ടുമ്പോള്പോലും അവര്‍ മുഖം തിരിക്കുകയാണ്. പാര്‍ലമെന്റില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കലും പ്രസ്താവന പുറപ്പെടുവിക്കലും മാത്രമാണവരിപ്പോള് ചെയ്യുന്നത്. സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളാന്‍ അവസരം ലഭിക്കുമ്പോഴാകട്ടെ അവര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തി കുത്തകകളെയും ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളെയും പ്രീണിപ്പിക്കുന്നു. അധികാരത്തിനായി അവര്‍ പലപ്പോഴും കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തു. ചിലപ്പോഴെങ്കിലും ബിജെപിയുമായിപ്പോലും ചങ്ങാത്തമുണ്ടാക്കി. അപ്പോഴൊക്കെ എന്തെങ്കിലും ന്യായങ്ങള്‍ പറഞ്ഞ് അവര്‍ ജനങ്ങളെ വിഡ്ഢികളാക്കി. എങ്ങനെയെങ്കിലും പ്രാദേശികപ്പാര്ട്ടികളുമായി ചങ്ങാത്തം കൂടി ചില സീറ്റുകള്‍ കരസ്ഥമാക്കി ഇന്നത്തെ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്നതുമാത്രമാണ് ഇന്നവരുടെ ലക്ഷ്യം. ഈ രണ്ട് കപട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരു സോഷ്യല്‍ ഡെമോക്രാറ്റിക്ക് ശക്തി എന്ന നിലയില്‍ ബ്രീട്ടിഷ് ലേബര്‍ പാര്ട്ടിയെയൊക്കെപ്പോലെ വെറും പാര്ലമെന്റേറിയന് പാര്‍ട്ടികളായി അധഃപതിച്ചിരിക്കുന്നു. തല്‍ഫലമായി ജനാധിപത്യ സമരരംഗത്ത് ഒരു ശൂന്യത സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ ഒരു ജനാധിപത്യ സമരപ്രസ്ഥാനത്തിന്റെ അഭാവത്തില്‍ ജനാധിപത്യവിശ്വാസികളായ ബുദ്ധിജീവികള്‍പോലും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുകയാണ്. ഇതാകട്ടെ മറ്റൊരു ബൂര്‍ഷ്വാ പ്രസ്ഥാനമാണുതാനും. അടുത്തിടെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ എഎപി നേതാവ് കെജ്രിവാള്‍തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പാര്‍ട്ടി മുതലാളിത്തത്തിന് എതിരല്ലെന്നും സ്വകാര്യവല്‍ക്കരണത്തില്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഫാസിസത്തിന്റെ കാര്‍മേഘങ്ങള്‍ ചക്രവാളത്തില്‍ ഇരുള്‍പരത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ ഏകപ്രതീക്ഷ, ഈ യുഗം ദര്‍ശിച്ച സമുന്നത മാര്‍ക്സിസ്റ്റ് ദാര്ശനികന് സഖാവ് ശിബ്ദാസ് ഘോഷ് രൂപം നല്കിയ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവപ്രസ്ഥാനമായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) മാത്രമാണ്. രൂപം കൊണ്ട നാള് മുതല്‍ മാര്‍ക്സിസം – ലെനിനിസം ശിബ്ദാസ്ഘോഷ് ചിന്തയാല്‍ സായുധമായ ഈ പാര്‍ട്ടി, ഇന്ത്യയെമ്പാടും ജനദ്രോഹനയങ്ങള്‍ക്കും മുതലാളിത്ത ചൂഷണത്തിനും സാമ്രാജ്യത്വ പദ്ധതികള്‍ക്കുമെതിരെ തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും ജനാധിപത്യ പ്രക്ഷോഭങ്ങളും വളര്‍ത്തിയെടുക്കുകയാണ്.
മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെയല്ലാതെ മുതലാളിത്തം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും ശാശ്വത പരിഹാരമില്ല എന്ന് നമ്മുടെ പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്നു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും സംഘടനാപരമായും സാംസ്ക്കാരികമായും അത്തരമൊരു വിപ്ലവസന്നദ്ധത കൈവരിക്കുന്നതിനായി ഉന്നതമായ സംസ്ക്കാരത്തിലും നൈതിക-സദാചാര ധാരണകളിലും അടിയുറച്ച തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും ജനാധിപത്യ പ്രക്ഷോഭങ്ങളും കെട്ടിപ്പടുക്കേണ്ടതുണ്ട്. ജനാധിപത്യ- മതേതര സമരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എല്ലാ ശ്രദ്ധയും ചെലുത്തുമ്പോള്ത്തന്നെ പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നതിനായി മഹാന്മാരായ നവോത്ഥാന നായകരെയും സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികളെയും അനുസ്മരിച്ചുകൊണ്ടുള്ള ദിനാചരണങ്ങളും സംഘടിപ്പിക്കുന്നു.
തൊഴിലാളിവര്‍ഗ്ഗവും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും പാര്‍ലമെന്ററി വ്യാമോഹങ്ങളില്‍ നിന്ന് മുക്തരായി വിപ്ലവത്തിന് സന്നദ്ധരാകുന്നതുവരെ, തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് നമ്മുടെ പാര്‍ട്ടി വിശ്വസിക്കുന്നു. ജനങ്ങളിലുള്ള പാര്‍ലമെന്റെറി വ്യാമോഹം ദൂരീകരിക്കുകയും ബൂര്‍ഷ്വാ പാര്‍ട്ടികളെയും കപട കമ്മ്യൂണിസ്റ്റുകളെയും രാഷ്ട്രീയ മായി തുറന്നു കാണിക്കുകയും അതുവഴി ജനങ്ങളുടെ രാഷ്ട്രീയ ബോധനിലവാരമുയര്ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ജനങ്ങളുടെ പ്രതിഷേധ ശബ്ദം പാര്‍ലമെന്ററി വേദികളില്‍ ഉയര്‍ത്താനും പാര്‍ലമെന്റിലെ സമരങ്ങളെ പാര്‍ലമെന്റേതര സമരങ്ങളുമായി ഉദ്ഗ്രഥിക്കാനും അവയെ ശക്തിപ്പെടുത്താനുംകൂടി സഹായകമാകും എന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണമാകുന്നു.
ഈ തെരഞ്ഞെടുപ്പുവേദിയില്‍ പല പാര്‍ട്ടികളും രംഗത്തുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ട് രാഷ്ട്രീയം തമ്മിലും രണ്ട് ശക്തികള്‍ തമ്മിലുമാണ് പോരാട്ടം. കോണ്‍ഗ്രസ്സ്, ബിജെപി, പ്രാദേശിക പാര്‍ട്ടികള്‍ ഇവരൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികളാണ്. സിപിഐ(എം), സിപിഐ തുടങ്ങിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ഈ ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ചുവടുപിടിച്ചാണ് നീങ്ങുന്നത്. മറുവശത്ത്, വിശാലമായ ചൂഷിതജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയും നിലയുറപ്പിച്ചിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥയെ സേവിക്കാനും സംരക്ഷിക്കാനുമാണ് ആദ്യത്തെ കൂട്ടര് ശ്രമിക്കുന്നത്. നമ്മളാകട്ടെ, ഗ്രാമങ്ങളിലും നഗരങ്ങളിലും കൃഷിയിടങ്ങളിലും ഫാക്ടറികളിലുമൊക്കെ ജനങ്ങളുടെ സമരക്കമ്മിറ്റികള്ക്ക് രൂപം കൊടുത്തു കൊണ്ട് ജനങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയാധികാരം സൃഷ്ടിച്ചെടുക്കാനും ഒരു നാള് അവര്‍ക്ക് സ്വന്തം ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കാനും വേണ്ടി പരിശ്രമിക്കുന്നു.
ജനജീവിതത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധാന്യമുള്ള ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍, മുതലാളിത്തചൂഷണം തുടരാന്‍ അനുവദിക്കണോ അതോ വിമോചനപ്പോരാട്ടത്തെ ശക്തിപ്പെടുത്തണോ എന്ന വിഷയം മുന്‍ നിര്‍ത്തിയാണ് ജനങ്ങള്‍ നിലപാടെടുക്കേണ്ടത്.