മുത്തലാഖ് നിരോധനവും മുസ്ലീം സ്ത്രീകളുടെ വിമോചനവും

muthalaq.jpg
Share

മുത്തലാഖ് സമ്പ്രദായം മുസ്ലീം സ്ത്രീകളിൽ ഏൽപ്പിക്കുന്ന ആഘാതവും പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾ ഇതുമൂലം അനുഭവിക്കുന്ന ദുരിതങ്ങളുമൊക്കെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയിട്ടുള്ള ഏതൊരാൾക്കും അറിയാവുന്നതാണ്. നിസ്സാരകാര്യങ്ങളുടെ പേരിൽ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളിലൂടെ ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെടുന്ന ഈ നിസ്സാഹായരായ സ്ത്രീകൾ സ്വന്തം നിലനിൽപ്പിനും കുഞ്ഞുങ്ങളെ വളർത്താനുമായി നരകയാതനകൾ അനുഭവിക്കേണ്ടിവരുന്നത്. നിർദ്ദയമായ മുതലാളിത്ത വ്യവസ്ഥയിലെ പുരുഷാധിപത്യ സാമൂഹ്യഘടനയുടെ ക്രൂരതയും മനുഷ്യത്വരാഹിത്യവും അവരുടെ ദൈന്യമായ മുഖങ്ങളിൽ തെളിഞ്ഞുകാണാം. ഹൃദയശൂന്യരും സ്ത്രീ വിദ്വേഷികളുമായ ഹിന്ദുപുരോഹിതന്മാരിലും ഗ്രാമത്തലവന്മാരിലുമൊക്കെ ഉറഞ്ഞുകൂടിയിരിക്കുന്ന ഹൃദയശൂന്യതയും സ്ത്രീവിദ്വേഷവുമൊക്കെ ‘സതി’ സമ്പ്രാദായത്തിലൂടെ പ്രകടമാകുന്നതിനു സമാനമാണിത്.

പൊടുന്നനെയും ഏകപക്ഷീയവുമായ ഈ വിവാഹബന്ധം വേർപെടുത്തൽ നിരോധിക്കണമെന്ന ആവശ്യം മുസ്ലീം സമുദായത്തിൽനിന്ന്, വിശിഷ്യ സ്ത്രീകളിൽനിന്ന് ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ദീർഘകാലമായി പലരും ഉന്നയിക്കുന്ന ഡിമാന്റാണിത്. തന്റെ ഭർത്താവ് ഒരു കത്തിലൂടെ തന്നെ മൊഴി ചൊല്ലിയതിനെതിരെ ഉത്തരാഖണ്ഡിലെ സൈരാബാനു എന്ന 35 കാരി വീട്ടമ്മ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മൊഴിചൊല്ലിയ പുരുഷനുമായി അതേ സ്ത്രീക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെങ്കിൽ അതിനുമുമ്പ് മറ്റൊരു പുരുഷനെ വിവാഹം കഴിച്ച് ചടങ്ങ് പൂർത്തിയാക്കണമെന്ന ആചാരത്തെയും ബഹുഭാര്യാത്വത്തെയും അവർ ചോദ്യം ചെയ്തിരുന്നു. മൂത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 50,000-ലേറെ മുസ്ലീം സ്ത്രീ-പുരുഷന്മാർ ഒപ്പിട്ട ഒരു നിവേദനം ദേശീയ വനിതാ കമ്മീഷന് സമർപ്പിക്കപ്പെട്ട കാര്യം ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തിരുന്നു. ഭാരതീയ മുസ്ലീം മഹിളാ ആന്തോളൻ എന്ന സംഘടന നൽകിയ ഈ നിവേദനത്തിൽ, ”ഖുറാന് വിരുദ്ധ”മെന്ന് അവർ മനസ്സിലാക്കുന്ന ഇത്തരം സമ്പ്രദായങ്ങൾ നിരോധിക്കുന്നതിന് കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1986-ൽ 62 കാരിയായ ഷാബാനുവിനെ ഭർത്താവ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതിനെതിരെ നീതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ അടിച്ചമർത്തപ്പെടുന്ന മുസ്ലീം സ്ത്രീകളിൽ നിന്ന് ഉയരുന്ന ഈ ആവശ്യം പുരുഷാധിപത്യത്തിൽനിന്നും മതാന്ധതയിൽനിന്നുമുള്ള സ്ത്രീകളുടെ വിമോചനമെന്ന കാഴ്ചപ്പാടിൽ വേണം കാണാൻ. പ്രശ്‌നപരിഹാരത്തിനുള്ള ശരിയായ മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം തന്നെ പരിഗണിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. ഈ വിഷയത്തെ ചുറ്റിപ്പറ്റി മതമൗലികവാദവും വർഗ്ഗീയതയും വളർത്തിയെടുക്കാൻ ഒരു ഹീനശ്രമം നടക്കുന്നുണ്ട്. മതപരമായ അന്ധവിശ്വാസത്തിന്റെയും പിടിവാശിയുടെയും ആയുധമേന്തിക്കൊണ്ട് സ്ഥാപിതതാൽപ്പര്യക്കാരും പിന്തിരിപ്പത്തവും നടത്തുന്ന ഈ ആക്രമണത്തിലൂടെ വിഷയത്തിന്റെ പ്രാധാന്യം വിസ്മരിക്കപ്പെടുകയും ആരോഗ്യകരമായ ചിന്തയുടെ മുനയൊടിക്കുകയും യുക്തിചിന്തയെ കെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ, മനുഷ്യത്വപരമായ കാഴ്ചപ്പാടും അടിച്ചമർത്തപ്പെടുന്ന സ്ത്രീസമൂഹത്തോട് അനുകമ്പയുമുള്ള അദ്ധ്വാനിച്ചു ജീവിക്കുന്ന, ജനാധിപത്യബോധമുള്ള ജനവിഭാഗങ്ങളോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്, ക്രൂരമായ മുത്തലാക്ക് സമ്പ്രദായം പരിശോധിക്കണമെന്നാണ്. അവശ്യം യുക്തിയുടെയും ന്യായത്തിന്റെയും ഉരകല്ലിൽ പരിശോധിക്കുന്നതിനായി എല്ലാ വിഭാഗീയതകൾക്കും അതീതമായി മുന്നോട്ടുവരണമെന്നതാണ്.

മതമൗലികവാദ വർഗ്ഗീയശക്തികളുടെ കുത്സിത നീക്കം

മുത്തലാഖിൽനിന്ന് പീഡിതരായ മുസ്ലീം സ്ത്രീകളെ മോചിപ്പിക്കുകയെന്ന തികച്ചും ന്യായമായ ആവശ്യകത എതിർക്കാൻ ഹൃദയശൂന്യരായ ആളുകൾക്കുമാത്രമേ കഴിയൂ. മുസ്ലീം സ്ത്രീകളിൽ പ്രബുദ്ധത പടരുകയും അവർ മുത്തലാക്കിനെതിരെ ശബ്ദമുയർത്താൻ ധൈര്യം കാണിക്കുകയും ചെയ്തതോടെ മുസ്ലീം മതമൗലികവാദശക്തികളും മതമേധാവികളുമൊക്കെ രോഷാകുലരായി രംഗത്തുവന്നിരിക്കുകയാണ്. വിശുദ്ധഖുറാന് അവർ നൽകുന്ന വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലീം സമുദായമാകെ അനുഷ്ഠിക്കേണ്ട ”ശരി തെറ്റുകളും ”, ”നന്മ തിന്മകളു”മൊക്കെ തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് അവർ പ്രഖ്യാപിക്കുന്നു. ”മുസ്ലീം വ്യക്തിനിയമം ദൈവികവിധി പ്രകാരമുള്ളതാണെന്നും അത് അലംഘനീയമാണെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് അവകാശപ്പെടുന്നു. മറുവശത്ത്, സ്ത്രീ വിരുദ്ധമായ മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യം മനസ്സിലാക്കി ആർഎസ്എസും ബിജെപിയും സംഘപരിവാർ ശക്തികളുമൊക്കെ ഹിന്ദുത്വത്തെ പരിപോഷിപ്പിക്കുകയാണ്. ‘ദുരഭിമാനക്കൊല, ദ്വിഭാര്യത്വം, ബഹുഭാര്യത്വം, പണ്ടേ നിരോധിക്കപ്പെട്ട ‘സതി’ സമ്പ്രദായം എന്നിവയൊക്കെ ഇതിൽപ്പെടും. എല്ലാത്തരം പിന്നാക്കാവസ്ഥകളും അന്ധവിശ്വാസങ്ങളും മതഭ്രാന്തും സ്ത്രീ വിരുദ്ധ മനോഭാവങ്ങളും ഊട്ടിവളർത്തുന്ന ഇക്കൂട്ടർ തങ്ങളുടെ ആസൂത്രിതമായ മുസ്ലീംവിരുദ്ധ പ്രചാരണത്തിനും ആക്കം വർദ്ധിപ്പിക്കുകയാണ്. സ്ത്രീകൾ സ്വാതന്ത്ര്യമർഹിക്കുന്നില്ലെന്ന് ഉദ്‌ഘോഷിക്കുന്ന മനുസ്മൃതി പാവനമെന്ന് ഉയർത്തിക്കാണിക്കുന്ന ഇവർ ഇപ്പോൾ മുസ്ലീം സ്ത്രീകളുടെ ദൈന്യതയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുകയാണ്.

ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ഇവർ നടത്തുന്ന ചർച്ചകൾ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം ലക്ഷ്യംവച്ചുള്ളതല്ല. അത് നേരായി ചിന്തിക്കുന്നവരെയും ജനാധിപത്യവിശ്വാസികളെയും കബളിപ്പിക്കാനും ഇസ്ലാം മതത്തിനുനേരെ ദുഷ്ടലാക്കോടെ വിരൽ ചൂണ്ടാനും ഉദ്ദേശിച്ചുള്ളതാണ്. തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ലാക്കാക്കി ജനങ്ങളിൽ മതവൈരം വളർത്താനും സമൂഹത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ധ്രുവീകരണമുണ്ടാക്കിയെടുക്കാനും ഉന്നംവച്ചുള്ളതാണ്. ‘ചെകുത്താൻ വേദമോതുന്നു’ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ഹിന്ദുവർഗ്ഗീയവാദികളുടെ ഏകീകൃത സിവിൽകോഡിനുവേണ്ടിയുള്ള വക്കാലത്ത്. മുസ്ലീം സമുദായത്തിനുപുറത്ത് ഈ വിഷയം അനാവശ്യമായി ചർച്ച ചെയ്യുന്നതും അതിന്റെ പേരിൽ കോലാഹലമുണ്ടാക്കുന്നതുമൊക്കെ പ്രതികൂല സാഹചര്യമാണുണ്ടാക്കുക. പീഡിതരായ മുസ്ലീം സ്ത്രീകളും നേരായി ചിന്തിക്കുന്ന മുസ്ലീം പുരുഷന്മാരും നടത്തുന്ന, വൈകിപ്പോയെങ്കിലും ന്യായമായ മുന്നേറ്റത്തിന് ആഘാതമേൽപ്പിക്കുന്നതും ”ഇഷ്ടമുള്ള മതംപ്രചരിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനം”, ”ഇസ്ലാം അപകടത്തിൽ” എന്നു മുറവിളികൂട്ടിക്കൊണ്ട് മുസ്ലീം മതമേധാവികൾക്ക് മുസ്ലീം ജനസാമാന്യത്തെ പിന്നിൽ അണിനിരത്തുന്നതിന് സഹായകവുമാണ് ഇത്തരം നീക്കങ്ങൾ. ഇതുമൂലം മുത്തലാഖ് സമ്പ്രദായം നിരോധിക്കണമെന്ന ആവശ്യം ഫലം കാണാനുള്ള സാധ്യത പിന്തള്ളപ്പെട്ടിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ പുരുഷാധിപത്യ സാമൂഹ്യഘടനയിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ വേദനയും വിലാപങ്ങളും പിന്നോട്ടുതള്ളിക്കൊണ്ട് സ്ത്രീ വിരുദ്ധ മനോഭാവക്കാരും സ്ഥാപിതതാൽപ്പര്യക്കാരുമായ രണ്ടു സംഘങ്ങൾ തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങളും കപടയുദ്ധവും രംഗം കയ്യടക്കിയിരിക്കുകയാണ്.
ഹിന്ദുവർഗ്ഗീയവാദികളായ ആർഎസ്എസ്-ബിജെപി ശക്തികൾ ഈ വിഷയം ഇവ്വിധം വഷളാക്കിക്കൊണ്ട് അവരുടെ പ്രതിരൂപമായ മുസ്ലീം മതമൗലികവാദികൾക്ക് നേട്ടമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്.

ചില അടിസ്ഥാനതത്വങ്ങളും അൽപം ചരിത്രവും

ഏതൊരു പ്രശ്‌നവും അതതു സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലത്തിൽവേണം പരിശോധിക്കാൻ എന്ന കാര്യം ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. അടഞ്ഞതോ ഏകപക്ഷീയമോ ആയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ല, ന്യായയുക്തതയുടെ അടിസ്ഥാനത്തിൽ, അവശതയനുഭവിക്കുന്ന വിശാലജനവിഭാഗത്തിന്റെ പൊതുനന്മയും നേട്ടവും ലക്ഷ്യംവച്ചുകൊണ്ട്, എല്ലാ സങ്കുചിത മനോഭാവങ്ങൾക്കും അതീതമായിവേണം ഒരു വിഷയത്തിന്റെ ശരിതെറ്റുകൾ വിലയിരുത്തുവാൻ.

സമൂഹത്തിന്റെയും നാഗരികതയുടെയും മുന്നോട്ടുള്ള പ്രയാണവും വിവിധ പരിവർത്തനഘട്ടങ്ങളിലൂടെയുള്ള പുരോഗതിയും മനസ്സിലാക്കിയിട്ടുള്ള ഏതൊരു ചരിത്ര, സാമൂഹ്യശാസ്ത്ര, സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിക്കുമറിയാവുന്ന കാര്യമാണ്, ഏതൊരു നിയമവും ആചാരവും സമ്പ്രാദായവും അനുഷ്ഠാനവും സ്ഥാപിതമായിട്ടുള്ളത് ഒന്നുകിൽ ഒരു സാമൂഹ്യാവശ്യകതയുടെ പൂർത്തീകരണം എന്ന നിലയിലോ അതല്ലെങ്കിൽ, ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ ഭരണവർഗ്ഗത്തിന്റെ സങ്കുചിതമായ വർഗ്ഗ താൽപ്പര്യം മുൻനിർത്തിയോ ആയിരിക്കും എന്നുള്ളത്. അതായത് എല്ലാ നിയമങ്ങളും ആചാരങ്ങളും സമ്പ്രാദായങ്ങളും മനുഷ്യന്റെ സൃഷ്ടിയും നിയതമായ സാമൂഹ്യ-സാംസ്‌കാരിക അടിസ്ഥാനങ്ങളോടുകൂടിയതും ആയിരുന്നു, അല്ലെങ്കിൽ ആണ് എന്നത്രെ. സമൂഹം മാറിയതിനനുസരിച്ച് നിയമങ്ങളും ആചാരങ്ങളും സമ്പ്രദായങ്ങളുമൊക്കെ പരിഷ്‌ക്കരിക്കപ്പെട്ടു. അല്ലെങ്കിൽ പുതിയ സാഹചര്യത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് സമൂലം മാറി. അതുകൊണ്ടുതന്നെ, എന്തെങ്കിലും മാറ്റമില്ലാത്തതാണ്, ശാശ്വതമാണ്, സ്ഥിര സ്വഭാവമുള്ളതാണ്, നാശമില്ലാത്തതാണ് എന്നുപറഞ്ഞാൽ അത് അശാസ്ത്രീയവും അയഥാർത്ഥവും അസത്യവുമായിരിക്കും. പുരോഗതിയുടെ അടയാളമെന്നോണം സാമൂഹ്യാവശ്യകതയുടെ ഫലമായി മാറ്റമുണ്ടാകുമ്പോൾ, സ്ഥാനഭ്രഷ്ടമാക്കപ്പെടുമെന്ന ഭീതിയാൽ ഭരണാധികാരികൾ അവരുടെ വർഗ്ഗതാൽപ്പര്യത്തിനിണങ്ങുന്ന നിയമങ്ങളും സമ്പ്രദായങ്ങളുമൊക്കെ മാറ്റമില്ലാത്തതാണ് എന്ന് തന്ത്രപൂർവ്വം പ്രചരിപ്പിക്കുന്നു. അടിമത്ത വ്യവസ്ഥയിലും ജന്മിത്തത്തിലും ഇത് സംഭവിച്ചു. മരണാസന്ന മുതലാളിത്തത്തിന്റെ ഇന്നത്തെ ഘട്ടത്തിലും ഇതുതന്നെ സംഭവിക്കുന്നു. അമേരിക്കയിലെ അടിമ ഉടമകൾ തങ്ങൾ അടിമക്കച്ചവടം നടത്തുന്നതും അടിമകളെ ഉപയോഗിക്കുന്നതും ദൈവേച്ഛയാലാണ് എന്ന് പ്രചരിപ്പിച്ചത് ക്രിസ്തുമതത്തിന്റെ പിൻബലത്താലായിരുന്നു. റോമാസാമ്രാജ്യക്കാർ ദൈവത്തിന്റെ പിൻമുറക്കാർ എന്നവകാശപ്പെട്ടുകൊണ്ടാണ് അടിമകൾക്ക് നരകയാതനകൾ സമ്മാനിച്ചത്. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ അതിനെ ചോദ്യം ചെയ്തപ്പോൾ, സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമെന്ന് ഭയന്ന റോമാസാമ്രാജ്യത്വം ‘ദൈവകൽപ്പന’ നിരസിച്ചവൻ എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ കുരിശിൽ തറച്ചു. നവോത്ഥാനത്തിന്റെ വക്താക്കൾക്കും ഇതേ അനുഭവമാണുണ്ടായത്. മുതലാളിത്തത്തിന്റെ ആവിർഭാവകാലത്ത് അവർ ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഏകാധിപത്യപരമായ രാജവാഴ്ചയ്ക്കും ജീർണ്ണിച്ച ജന്മിത്തവ്യവസ്ഥയ്ക്കുമെതിരെ പൊരുതി. രാഷ്ട്രീയവും സാമൂഹ്യബന്ധങ്ങളുമൊക്കെ മതത്തിനതീതമാണെന്നും മതവിശ്വാസങ്ങളിൽനിന്നൊക്കെ മുക്തമായിരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന മതേതരത്വത്തിനുവേണ്ടി വാദിച്ചു. രാജവാഴ്ചയും പ്രഭുക്കളും അവരുടെ വർഗ്ഗതാൽപ്പര്യം സംരക്ഷിക്കുന്ന പൗരോഹിത്യവും അന്നുവരെ ദൈവത്തിന്റെ സ്വന്തം പ്രതിനിധികൾ എന്ന പേരിൽ ജനങ്ങളുടെ മേൽ തങ്ങളുടെ ആജ്ഞകൾ അടിച്ചേൽപ്പിച്ച് അവരെക്കൊണ്ട് അനുസരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെയെല്ലാം സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന് ഉറപ്പായി. നവോത്ഥാനവും ജ്ഞാനോദയവും ന്യായയുക്തതയുടെയും പുരോഗതിയുടെയും അടിസ്ഥാനമായി അന്ധമായ മതവിശ്വാസത്തിന്റെ സ്ഥാനത്ത് യുക്തിയെ പ്രതിഷ്ഠിച്ചു. സ്വന്തം നിലഭദ്രമാക്കാനുള്ള അവസാനശ്രമമെന്ന നിലയിൽ ഭരണവർഗ്ഗം ‘ദൈവികത ആക്രമിക്കപ്പെടുന്നു’ എന്ന് മുറവിളികൂട്ടി. പോപ്പ്, ‘കോൺസ്റ്റാന്റിന്റെ ദാനം’ എന്ന പേരിൽ ഒരു രേഖ തട്ടിക്കൂട്ടി തനിക്ക് രാജാക്കന്മാരെ നിയമിക്കാനും നീക്കാനും അധികാരമുണ്ടെന്നും അനുസരിക്കാത്തവർക്കുമേൽ ഭ്രഷ്ട് കൽപ്പിക്കപ്പെടുമെന്നും പ്രഖ്യാപിച്ചത് പശ്ചിമയൂറോപ്പിന്റെ ചരിത്രത്തിൽകാണാം. ബൂർഷ്വാ ജനാധിപത്യത്തിന്റെ സ്ഥാപകരിൽ ഒരാളായ തോമസ് ജെഫേഴ്‌സൺ എപ്പോഴും പരാമർശിക്കുന്ന വിഖ്യാത ചരിത്രകാരനും തത്വചിന്തകനുമായിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ സ്‌കോട്‌ലണ്ടിൽ ജീവിച്ചിരുന്ന ഡേവിഡ്ഹ്യൂം. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ”പുരോഹിതന്മാരോടും രാജാക്കന്മാരോടും ജനങ്ങൾക്കുള്ള അന്ധവിശ്വാസപരമായ ആദരവിന്റെ പിൻബലത്തിൽ നിലനിൽക്കുന്ന രാജാധിപത്യം സ്വാതന്ത്ര്യത്തെ വല്ലാതെ വെട്ടിച്ചുരുക്കിയിരിക്കുന്നു….. ഇതിന്റെ ഫലമോ…. അവരുടെ നൈതികവും രാഷ്ട്രീയവുമായ മേൽക്കോയ്മയ്ക്ക് ജനങ്ങൾ സ്വമേധയാ വഴങ്ങിക്കൊടുക്കുന്നു. രാഷ്ട്രീയവും നൈതികവുമായ വിഷയങ്ങളിൽ സ്വന്തം യുക്തിയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പൗരോഹിത്യത്തിന്റെയും ഭരണസംവിധാനത്തിന്റെയും നൈതിക ശാസനങ്ങളെ ആശ്രയിച്ചുകഴിയുന്ന സ്ഥിതിയിലേയ്ക്ക് ജനങ്ങൾ ചെന്നെത്തുന്നു.

എന്നാൽ കാലഹരണപ്പെട്ടതും ഏകാധിപത്യപരവുമായ ജന്മിത്ത-രാജാധിപത്യവാഴ്ച നിലനിർത്തുവാൻ ജീർണത ബാധിച്ച പൗരോഹിത്യം നടത്തുന്ന കുത്സിതവും ഹീനവുമായ നീക്കങ്ങളെല്ലാം വൃഥാവിലാകുകയാണുണ്ടായത്. തുടർന്ന് പുതിയ ഒരു വ്യവസ്ഥ നിലവിൽവന്നു. നിലനിന്നിരുന്ന സാമൂഹ്യ ആചാരങ്ങളെല്ലാം മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. തൽസ്ഥാനത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സ്ത്രീ സ്വാതന്ത്ര്യം, പ്രണയിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയിലൊക്കെ അടിസ്ഥാനമാക്കിയ പുതിയ സാമൂഹ്യവ്യവസ്ഥ നിലവിൽവന്നു. ഈ പുതിയ കാഴ്ചപ്പാടുകൾക്ക് എതിരുനിൽക്കുന്നതോ അഥവാ നിരക്കാത്തതോ ആയ എല്ലാ സമ്പ്രദായങ്ങളും നിഷ്‌കാസനം ചെയ്യപ്പെടും. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജ്ഞാനോദയമുണ്ടായപ്പോഴും പാശ്ചാത്യനാടുകളിലെ പള്ളിമേധാവിത്വത്തെപ്പോലെതന്നെ ജന്മിമാരോടൊപ്പം ഹിന്ദുപൗരോഹിത്യവും എല്ലാ പരിഷ്‌ക്കരണങ്ങളെയും ശക്തിയുക്തം എതിർത്തു. ഭർത്താവിന്റെ ചിതയിൽ ഭാര്യയെ ജീവനോടെ ദഹിപ്പിക്കുന്ന പൈശാചികമായ ‘സതി’ സമ്പ്രദായം നിരോധിക്കുന്നതിനായി റാംമോഹൻ റായ് നടത്തിയ പരിശ്രമങ്ങളെ ഹിന്ദുമതത്തിന്റെ നേർക്കുള്ള ആക്രമണങ്ങളായും ‘ദൈവഹിത’ത്തിനെതിരായ പ്രവൃത്തിയായുമൊക്കെയാണ് അവർ വ്യാഖ്യാനിച്ചത്. വിധവാ വിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമൊക്കെവേണ്ടി പ്രയത്‌നിച്ച ഇന്ത്യൻ നവോത്ഥാനത്തിന്റെ അതികായനായ നായകൻ വിദ്യാസാഗറിനും ഇതേ വാദഗതികളും എതിർപ്പുകളുമൊക്കെത്തന്നെ നേരിടേണ്ടിവന്നു. ഈ പ്രാകൃതാചാരങ്ങൾക്ക് ഒരു ഹിന്ദുശാസ്ത്രത്തിന്റെയും വിശുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമാണങ്ങളുടെയും പിൻബലമില്ലെന്ന് ഇരുവരും ആധികാരികമായി സമർത്ഥിച്ചു. ഇവയൊക്കെ പുറമേനിന്ന് കൂട്ടിച്ചേർക്കപ്പെട്ടവയും ഇതുകൊണ്ടുതന്നെ ദൈവവിധിയായി വ്യാഖ്യാനിക്കാൻ കഴിയാത്തവയുമാണെന്നും വ്യക്തമാക്കപ്പെടുകയുണ്ടായി.

ഇന്ത്യൻ നവോത്ഥാനത്തിന്റെ ഉപജ്ഞാതാക്കാളെന്ന നിലയിൽ, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ആവശ്യകതയിൽ പ്രചോദിതരായ റാംമോഹനും വിദ്യാസാഗറും നിരവധി പരിഷ്‌ക്കരണങ്ങൾക്ക് നേതൃത്വം നൽകി. സ്ത്രീകളെ പുരുഷമേധാവിത്വത്തിൽനിന്നും അടിച്ചമർത്തലിൽ നിന്നും പീഡനങ്ങളിൽനിന്നും മോചിപ്പിക്കുകയും അവരുടെ സ്വാതന്ത്ര്യവും സമത്വവും അംഗീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നതും അതിൽ ഉൾപ്പെട്ടിരുന്നു.
ഇന്ത്യൻ നവോത്ഥാനത്തിന്റെ ഉപജ്ഞാതാക്കളെന്ന നിലയിൽ, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ആവശ്യകതയിൽ പ്രചോദിതരായ റാംമോഹനും വിദ്യാസാഗറും നിരവധി പരിഷ്‌ക്കരണങ്ങൾക്ക് നേതൃത്വം നൽകി. സ്ത്രീകളെ പുരുഷമേധാവിത്വത്തിൽനിന്നും അടിച്ചമർത്തലിൽ നിന്നും പീഡനങ്ങളിൽനിന്നും മോചിപ്പിക്കുകയും അവരുടെ സ്വാതന്ത്ര്യവും സമത്വവും അംഗീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നതും അതിൽ ഉൾപ്പെട്ടിരുന്നു.

ആചാരങ്ങൾ മാറ്റാനാവില്ലെന്നത് അബദ്ധ ധാരണ

നിയമങ്ങളും ആചാരങ്ങളുമൊക്കെ ഒന്നുകിൽ ജനങ്ങളുടെ താൽപ്പര്യാർത്ഥം അല്ലെങ്കിൽ ഭരണാധികാരികളുടെ താൽപ്പര്യാർത്ഥം മനുഷ്യൻതന്നെ രൂപം കൊടുത്തതാണ്. ശാസ്ത്രവും സാമൂഹ്യപഠനങ്ങളും പറയുന്നത് എല്ലാം മാറ്റത്തിന് വിധേയമായിരിക്കുന്ന ഈ ലോകത്ത് ഒന്നും സ്ഥിരമോ മാറ്റമില്ലാത്തതോ ആയി നിലനിൽക്കുന്നില്ല എന്നത്രെ. പദാർത്ഥത്തിന്റെ നിലനിൽപ്പിന്റെ രീതിതന്നെ ചലനമാണെന്ന് ശാസ്ത്രം അസന്നിഗ്ധമായി തെളിയിച്ചിട്ടുള്ളതാണ്. ഈ ഭൗതികലോകത്ത് മാറ്റം ഒരു സ്വാഭാവിക പ്രതിഭാസമാണ്. പഴയതും ജീർണ്ണിച്ചതും കാലഹരണപ്പെട്ടതുമായതിൽനിന്ന് പുതിയതും ഉയർന്നതുമായതിലേയ്ക്കുള്ള മാറ്റത്തിലൂടെയാണ് പുരോഗതിയുണ്ടാകുന്നത്. പഴയനിയമമോ, ആചാരമോ, സമ്പ്രദായമോ ഉപയോഗശൂന്യവും കാലഹരണപ്പെട്ടതും സാമൂഹ്യപുരോഗതിക്ക് തടസ്സവുമായാൽ അത് തിരസ്‌ക്കരിക്കപ്പെടുകയും തൽസ്ഥാനത്ത് പുതിയതൊന്ന് വരികയും വേണം. അവയൊക്കെ മാറ്റമില്ലാത്തതാണ് എന്ന് വാദിക്കുന്നത് മനുഷ്യനാഗരികതയുടെ മാറ്റത്തെയും പരിവർത്തനത്തെയും പുരോഗതിയെയും സംബന്ധിച്ച ശാസ്ത്രീയ നിയമങ്ങൾക്ക് വിരുദ്ധമായിട്ടുള്ളതാണ്. ജീവിച്ചിരുന്നപ്പോൾ എത്ര സൗന്ദര്യമുള്ള ആളായാലും മൃതദേഹമായാൽ ദുർഗന്ധം വമിക്കും. മൃതദേഹത്തിൽ കടിച്ചുതൂങ്ങുന്നതുപോലെയാണ് മേൽപ്പറഞ്ഞ വാദഗതി. ഏതെങ്കിലും ആചാരം ‘ദൈവവിധി’യുടെ പേരിൽ മാറ്റാനാവില്ലെന്ന് ശഠിച്ചാൽ യുക്തിപൂർവ്വമായ പരിശോധനയിൽ അത് നിരാകരിക്കപ്പെടുക തന്നെ ചെയ്യും. നേരായി ചിന്തിക്കുന്ന ആർക്കും അത് സ്വീകാര്യമാകില്ല. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ മുത്തലാഖ് പോലുള്ള അനാശാസ്യമായ സമ്പ്രദായങ്ങളെ ന്യായീകരിക്കുന്നതിലെ പൊള്ളത്തരം വെളിവാകും. ദ്വിഭാര്യത്വം, ബഹുഭാര്യത്വം, ശൈശവവിവാഹം, പെൺഭ്രൂണഹത്യ, വന്ധ്യതയുടെ പേരിലോ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെപേരിലോ ഭാര്യയെ ഉപേക്ഷിക്കൽ, വന്ധ്യയായ സ്ത്രീക്ക് സാമൂഹ്യമായി ഭ്രഷ്ട് കൽപ്പിക്കൽ, വന്ധ്യയായ സ്ത്രീയുടെ ഭർത്താവിന് രണ്ടാംവിവാഹത്തിന് അനുമതി നൽകാൻ നിർബന്ധിക്കൽ, ഭർത്താവിന് ദൈവപ്രീതി കിട്ടാൻ ഭാര്യയെ കൊണ്ട് മണിക്കൂറുകളോളം നിരാഹാരമെടുപ്പിക്കൽ, മംഗളകർമ്മങ്ങളിൽനിന്ന് വിധവകളെ ഒഴിവാക്കൽ, ആർത്തവസമയത്ത് സ്ത്രീകളെ അടുക്കളയിൽ കയറ്റാതിരിക്കൽ, ആരാധനാലയങ്ങൾ അശുദ്ധമാകുമെന്ന് പറഞ്ഞ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കൽ, ജൈനമതത്തിലെ ദയാവധം തുടങ്ങി മതത്തിന്റെയും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെപ്പേരിൽ അനുഷ്ഠിക്കപ്പെടുന്ന എല്ലാ ദുരാചാരങ്ങളിലും ഇത് പ്രകടമാണ്.

അതിനാൽ, മുസ്ലീങ്ങളിൽ നല്ലൊരുപങ്ക് ആളുകൾ, വിശേഷിച്ച് സ്ത്രീകൾ, മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെടുമ്പോൾ, അത് പുരുഷാധിപത്യസമൂഹത്തിന്റെ ധിക്കാരമായും സ്ത്രീകളുടെ സ്വാതന്ത്ര്യവും അഭിമാനവും തകിടംമറിക്കുന്ന നടപടിയായും ഉടനടി അവസാനിപ്പിക്കേണ്ട ക്രൂരവും പിന്തിരപ്പനുമായ സമ്പ്രാദയമായും കാണുമ്പോൾ, അതിന്റെ ഗുണവശം സംബന്ധിച്ച് നിഷ്പക്ഷമായും വസ്തുനിഷ്ഠമായും യുക്തിഭദ്രമായും മുൻവിധിയോ, അന്ധതയോ, മർക്കടമുഷ്ടിയോ കൂടാതെയും വിശകലനം നടത്താൻ ഏതൊരാളും ബാദ്ധ്യസ്ഥനാണ്. അതിലൂടെ, അത് ന്യായമായ ഡിമാന്റ് ആണ് എന്ന് മനസ്സിലായാൽ അതിലെ നന്മയെ കെടുത്താനും തെറ്റിദ്ധാരണപരത്താനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്തുകൊണ്ട് അതിന് പിന്തുണ നൽകാനും ഏതൊരാൾക്കും ബാദ്ധ്യതയുണ്ട്.

സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ചരിത്രം

സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ചരിത്രം ഹ്രസ്വമായൊന്ന് അയവിറക്കിക്കൊണ്ട് മുന്നോട്ടുപോകാം. ജന്മിത്ത സമൂഹത്തിൽ അധികാരം കയ്യാളിയ പുരോഹിത വൃന്ദത്തിന്റെ ആജ്ഞാനുസരണമുള്ള മതാചാരങ്ങളും മറ്റും അന്ധമായി പിന്തുടരാൻ ജനങ്ങൾ നിർബന്ധിതരായിരുന്നു. മനുഷ്യൻ ദൈവസൃഷ്ടിയാണെന്ന് അവർ പ്രചരിപ്പിച്ചു. ‘അവന്റെ ഇച്ഛ’യ്ക്കനുസരിച്ച് മാത്രമേ മനുഷ്യന് പ്രവർത്തിക്കാൻ കഴിയൂ. ആ ഇച്ഛയാണ് രാജാവിലൂടെയൂം പുരോഹിതരിലൂടെയും മറ്റും നടപ്പിലാക്കപ്പെടുന്നത്. മുതലാളിത്തം രംഗപ്രവേശനം ചെയ്തപ്പോൾ അത് ഈ പ്രമാണങ്ങളെ ചോദ്യം ചെയ്യുകയും ജന്മിത്തവ്യവസ്ഥ തകർത്ത് മനുഷ്യമനസ്സിനെ അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകളിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു. ഒരു യഥാർത്ഥ മതേതര-ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തിലോ, പൊതുക്കാര്യങ്ങളിലോ മതത്തിന് യാതൊരു സ്ഥാനവുമില്ല. ചരിത്രത്തിന്റെ അനിഷേധ്യ നിയമങ്ങൾക്കനുസരിച്ച് മതം കാലഹരണപ്പെടുകയും എല്ലാ അർത്ഥത്തിലും പിന്തിരിപ്പനായിക്കഴിയുകയും ചെയ്തിരുന്നു. നിയമനിർമ്മാണവും മതേതര-ജനാധിപത്യഭരണകൂടത്തിന്റെ പ്രവർത്തനങ്ങളുമെല്ലാം മതത്തിന്റെ സ്വാധീനത്തിൽ നിന്ന് മുക്തമായിട്ടാണ് വീക്ഷിക്കപ്പെട്ടിരുന്നത്. മതം വ്യക്തിയുടെ സ്വകാര്യവിഷയമാണെന്നും സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരികരംഗങ്ങളിൽ ഇടപെടാൻ അതിന് അവകാശമില്ലെന്നുമുള്ള കാഴ്ചപ്പാടാണ് മതേതരത്വം ഉയർത്തിപ്പിടിച്ചത്. ഭരണകൂടത്തെയും പള്ളിയെയും വേർപെടുത്താൻ, അഥവാ ഭരണകൂടത്തെ പള്ളിയുടെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ, അതുവഴി സാമൂഹ്യാചാരങ്ങളെ മതത്തിന്റെ ബന്ധനത്തിൽനിന്ന് വേർപെടുത്താൻ വ്യക്തിസ്വാതന്ത്ര്യത്തിൽ, വിശേഷിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിൽ അനാവശ്യമായ ഇടപെടൽ നടത്തിയിരുന്ന മതശാസനങ്ങളും മറ്റും നിരോധിക്കാൻ യൂറോപ്പിൽ സുദീർഘമായ പ്രചാരണപ്രവർത്തനങ്ങളും പോരാട്ടങ്ങളുമാണ് നടന്നത്. ഈ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതപരിഷ്‌ക്കരണപ്രസ്ഥാനം മാർട്ടിൻ ലൂതറെപ്പോലുള്ളവരുടെ നേതൃത്വത്തിൽ ഉയർന്നുവന്നത് ക്രിസ്തീയ സമുദായത്തിൽനിന്ന് തന്നെയായിരുന്നു. ഇതിന്റെ ഫലമായി അന്ധവിശ്വാസങ്ങളുടെയും മതാന്ധതയുടെയും ചങ്ങലക്കെട്ടുകൾ തകർക്കപ്പെട്ടു. ശാസ്ത്രത്തിന്റെ പുരോഗതിക്കനുസരിച്ചുള്ള ജനാധിപത്യ ജീവിതസങ്കൽപ്പങ്ങൾ കടന്നുവരികയും ജന്മിത്തത്തിൽനിന്ന് ജനാധിപത്യ സമൂഹത്തിലേയ്ക്കുള്ള പരിവർത്തനം സുഗമമാക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിൽ ഇതിന് സമാനമായ മുന്നേറ്റമാണ് ഇന്ത്യൻ നവോത്ഥാനപ്രസ്ഥാനത്തിലും ഉണ്ടായത്. ഹൈന്ദവപുരോഹിതന്മാരും ആചാര്യന്മാരുമൊക്കെ മതത്തിന്റെ പേരിൽ പ്രചരിപ്പിച്ചിരുന്ന കാലഹരണപ്പെട്ടതും ക്രൂരവുമായ ആചാരാനുഷ്ഠാനങ്ങൾ തുടച്ചുനീക്കുന്നതിനുള്ള മതപരിഷ്‌ക്കരണപ്രസ്ഥാനം ഹിന്ദു സമുദായത്തിൽ വലിയ ചലനമുണ്ടാക്കി. എല്ലാ അന്ധവിശ്വാസങ്ങൾക്കും എതിരായി മനുഷ്യന്റെ മേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിനായി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെയാണ് സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം മുന്നേറിയത്.

എന്നാൽ, അറബ് ലോകത്തിന്റെ ചിത്രം വ്യത്യസ്തമായിരുന്നു എന്ന കാര്യം ഇസ്ലാമിക ചരിത്രം പഠിക്കുന്ന ഏതൊരു ചരിത്രവിദ്യാർത്ഥിക്കും പണ്ഡിതനും മനസ്സിലാക്കാൻ സാധിക്കും. ഖേദകരമെന്നുപറയട്ടെ, സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും നവോത്ഥാനമോ ജ്ഞാനോദയമോ സംഭവിക്കാതിരുന്നതുമൂലം അവിടങ്ങളിൽ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം നടന്നില്ല. അതുകൊണ്ടുതന്നെ, മാറിവരുന്ന സാമൂഹ്യാവശ്യകതയ്ക്കും പുരോഗമനത്വരയ്ക്കും നിരക്കുംപടി മുസ്ലീം ജനവിഭാഗത്തിനിടയിൽനിന്ന് മുമ്പേതന്നെ ഉയർന്നുവരേണ്ടിയിരുന്ന, പഴഞ്ചൻ മതാചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റും നിരോധിക്കണമെന്നാവശ്യപ്പെടുന്ന പ്രസ്ഥാനം, വളർന്നുവരാതിരുന്നതുമൂലം ആ കടമകൾ അവിടങ്ങളിൽ പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു. അതിനാൽ പിന്നാക്കാവസ്ഥയും പിടിവാശിയുമൊക്കെ നിലനിൽക്കുകയും അവശതയനുഭവിക്കുന്ന മുസ്ലീം ജനവിഭാഗങ്ങളിൽ അഭികാമ്യമാംവിധമുള്ള പ്രബുദ്ധതയും പുരോഗതിയും ഉണ്ടാകാതെപോകുകയും ചെയ്തു. ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ചരിത്രത്തിന്റെ നിനച്ചിരിക്കാതെയുള്ള ഈ ചുറ്റിത്തിരിയൽ മൂലം, അടിച്ചമർത്തപ്പെടുന്ന മുസ്ലീം ജനസാമാന്യത്തെ മതാന്ധതയുടെയും അന്ധവിശ്വസങ്ങളുടെയും യുക്തിഹീനതയുടെയും സങ്കീർണ്ണതകളിൽ തളച്ചിടാനും യുക്തിചിന്ത നിഷേധിക്കാനും മതമൗലികവാദികൾക്ക് അവസരം ലഭിച്ചു. മറ്റേതൊരു സമൂഹത്തെയുംപോലെ മുതലാളിത്ത ചൂഷണത്തിന്റെ ദുരിതങ്ങൾ പേറുന്ന ഈ ജനവിഭാഗത്തിന് സത്യം മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള അവസരം ഇതുവഴി നഷ്ടമായി. ആർക്കും അവഗണിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണിത്.

തുർക്കിയിലെ പരിഷ്‌ക്കാരണം

ഇതിനൊരപവാദം തുർക്കിമാത്രമായിരുന്നു. അവിടെ സാമൂഹ്യപരിഷ്‌ക്കരണ ചരിത്രത്തിലെ ഇതിഹാസമായ മുസ്തഫ കെമാൽ അറ്റാത്തുർക്ക് തുർക്കിയുടെ സ്വാതന്ത്ര്യത്തിന് നായകത്വം വഹിക്കുകയും അവിടെ ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തതിനുശേഷം സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ധീരമായ നേതൃത്വംനൽകി. ആത്മീയനേതാവായ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുക, മതപരമായ കോടതികളും വിദ്യാലയങ്ങളും നിർത്തലാക്കുക, പൊതുമേഖലയിൽ പണിയെടുക്കുന്നവർ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുക, മതനിയമങ്ങൾക്കായുള്ള മന്ത്രാലയം അടച്ചുപൂട്ടുക, ആത്മീയാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ധർമ്മസ്ഥാപനങ്ങൾ നിർത്തലാക്കുക, തുർക്കിത്തൊപ്പി ധരിക്കുന്നത് വിലക്കുക, വ്യവസായവൽക്കരണം ആരംഭിക്കുക, യൂറോപ്യൻ നാടുകളിലെ, വിശേഷിച്ച് അവയിൽ ഏറ്റവും പുരോഗമനസ്വഭാവം പ്രകടിപ്പിച്ച സിറ്റ്‌സർലാണ്ടിലെ ജനാധിപത്യമാതൃക പിന്തുടർന്നുകൊണ്ട് നിയമാവലി രൂപപ്പെടുത്തുക തുടങ്ങിയ നടപടികളൊക്കെ അദ്ദേഹം കൈക്കൊണ്ടു. ചരിത്രത്തിലാദ്യമായി ഇസ്ലാമിക നിയമത്തെ മതേതര നിയമവ്യവസ്ഥയിൽനിന്ന് വേർപെടുത്തി മതപരമായ കാര്യങ്ങളിലേയ്ക്ക് ഒതുക്കുകയും ചെയ്തു. മുസ്തഫ കെമാൽ പ്രഖ്യാപിച്ചു:
”നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് വിരുദ്ധമായി നമ്മളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കെട്ടുപാടുകളിൽനിന്ന് നമ്മുടെ നീതിബോധത്തെയും നിയമങ്ങളെയും നിയമസ്ഥാപനങ്ങളെയുമെല്ലാം നമുക്ക് മോചിപ്പിക്കേണ്ടതുണ്ട്”. സ്വത്തവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിലൊക്കെ പുരുഷനോട് സ്ത്രീകൾക്ക് തുല്യത കിട്ടുന്ന ഒരു നിയമവ്യവസ്ഥ അദ്ദേഹം ആവിഷ്‌ക്കരിച്ചു. സ്ത്രീപുരുഷന്മാർ ഒന്നിക്കുന്നതിലൂടെയാണ് സമൂഹം പുരോഗതിയിലേയ്ക്ക് നീങ്ങുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഒരു മീറ്റിംഗിൽ അദ്ദേഹം സ്ത്രീകളെ ആഹ്വാനം ചെയ്തത് വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം വിജയംവരിക്കാൻ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് പങ്കുവഹിക്കാൻ കഴിയുമെന്നാണ്. സാമൂഹിക ഉത്തരവാദിത്വങ്ങൾ സ്ത്രീകൾ കൂടി നിറവേറ്റിയില്ലെങ്കിൽ സമ്പൂർണ്ണമായ പുരോഗതി കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പുരുഷന്മാരെ ഓർമ്മിപ്പിക്കുകയും ചെയ്തു. അപരിഹാര്യമായ പിന്നാക്കാവസ്ഥയിലേയ്ക്ക് നമ്മൾ പിന്തള്ളപ്പെടുമെന്നും യൂറോപ്യൻ നാഗരികതയ്‌ക്കൊപ്പമെത്താൻ നമുക്കൊരിക്കലും കഴിയാതെ വരുമെന്നും അദ്ദേഹം അവർക്ക് മുന്നറിയിപ്പുനൽകി.

സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ ഉത്തരവാദിത്വം ബൂർഷ്വാസിക്ക് ഏറ്റെടുക്കാനാവില്ല.

ചരിത്രത്തിലെ ഒരു പുതുയുഗപ്പിറവിക്ക് ബൂർഷ്വാസി ഒരിക്കൽ നേതൃത്വം നൽകി. ശാസ്ത്രീയയുക്തിയും ന്യായവും ഉയർത്തിപ്പിടിച്ച് സത്യാന്വേഷണത്തിന്റെ പാതയിലൂടെ മുന്നേറുകയും കാലഹരണപ്പെട്ട ചിന്താഗതികൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പൊരുതുകയും ചെയ്തു. അവർ പിന്തിരിപ്പൻ സമ്പ്രദായങ്ങൾക്കും ആചാരങ്ങൾക്കും പകരം സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിനായി വമ്പിച്ച സാമൂഹ്യ-സാംസ്‌കാരിക പരിഷ്‌ക്കാരങ്ങൾ ആവിഷ്‌ക്കരിച്ചു. എന്നാൽ അതേ ബൂർഷ്വാസി, ജീർണതയുടെ ഘട്ടമെത്തിയപ്പോൾ പിന്തിരിപ്പനായിത്തീരുകയും നിർദ്ദയമായ അടിച്ചമർത്തൽ ശക്തിയായിതീരുകയും ചെയ്തു. അതുകൊണ്ടുതന്നെ പുരോഗതിക്കുമുന്നിലെ പ്രധാന പ്രതിബന്ധമായി മുതലാളിത്തംമാറുകയും മുൻകാല ഭരണാധികാരിവർഗ്ഗങ്ങളെപ്പോലെ കാലഹരണപ്പെട്ട സ്വന്തം വർഗ്ഗഭരണം, ചൂഷണവാഴ്ച തുടർന്നുകൊണ്ടുപോകാനായി എല്ലാ അടവുകളും പയറ്റുന്ന സ്ഥിതിയിലെത്തുകയും ചെയ്തിരിക്കുന്നു. ചിന്താപ്രക്രിയയെ പിന്നോട്ടടിക്കുകയും ചിന്താശേഷിയുടെ മുനയൊടിക്കുകയും ചെയ്തുകൊണ്ട് സത്യത്തിലേയ്ക്കുള്ള പാത കൊട്ടിയടയ്ക്കുന്നതാണ് അതിൽ പ്രധാനം. സത്യം കണ്ടെത്താനും തീരുമാനങ്ങളെടുക്കാനും ജനങ്ങൾ ശാസ്ത്രീയ രീതി പിന്തുടരുകയും ശാസ്ത്രീയ മനോഭാവം പുലർത്തുകയും ചെയ്താൽ മുതലാളിത്ത വ്യവസ്ഥ എത്രത്തോളം കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് അവർക്ക് എളുപ്പം മനസ്സിലാകും. എല്ലാ തിന്മകളുടെയും അപഭ്രംശങ്ങളുടെയും ദുരിതങ്ങളുടെയും വിവേചനങ്ങളുടെയും നിഷേധങ്ങളുടെയുമൊക്കെ മൂലകാരണം മുതലാളിത്ത വ്യവസ്ഥയാണെന്നും അതിനെ വിപ്ലവത്തിലൂടെ നിഷ്‌ക്കാസനം ചെയ്യുകമാത്രമാണ് മോചനമാർഗ്ഗമെന്നും ജനങ്ങൾ മനസ്സിലാക്കും. അതവരെ പ്രചോദിപ്പിക്കും.. അതിലേയ്ക്കുള്ള ശരിയായ പ്രക്രിയ അവർ സ്വായത്തമാക്കിയാൽ ജനങ്ങളുടെ യോജിച്ചതും ബോധപൂർവ്വവുമായ വിപ്ലവമുന്നേറ്റം മുതലാളിത്ത ചൂഷണവാഴ്ചയ്‌ക്കെതിരെയുണ്ടാകുകയും അവർ മുതലാളിത്ത വിരുദ്ധ തൊഴിലാളിവർഗ്ഗ വിപ്ലവം യാഥാർത്ഥ്യമാക്കുന്നതിനുള്ള മാർഗ്ഗം അവലംബിക്കുകയും ചെയ്യും. അതുകൊണ്ടാണവർ ജന്മിത്ത അവശിഷ്ടങ്ങളോടും മതാന്ധതയോടും മറ്റും സന്ധിചെയ്യുക മാത്രമല്ല എല്ലാത്തരം പിന്തിരിപ്പൻ ചിന്താഗതികളെയും നടപടികളെയും പ്രോത്സാഹിപ്പിക്കുകയും മതമൗലികവാദവും വർഗീയതയുമൊക്കെ ഊട്ടിവളർത്തുകയും മതശാസനങ്ങൾ അലംഘനീയമാണെന്ന ആത്മീയവാദ നിലപാടുകളെ പിന്തുണയ്ക്കുകയുമൊക്കെ ചെയ്യുന്നത്. അന്ധതയുടെയും മതഭ്രാന്തിന്റെയും മുൻവിധികളുടെയും യുക്തിരാഹിത്യത്തിന്റെയും വിധി വിശ്വാസത്തിന്റെയുമൊക്കെ ദുരൂഹ ഗർത്തങ്ങളിൽ ജനങ്ങളെ തളച്ചിടുക എന്ന ഏകലക്ഷ്യമാണ് അവർക്കുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം സാദ്ധ്യമാകണമെങ്കിൽ ബൂർഷ്വാജനാധിപത്യവിപ്ലവത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത കടമകൾ മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവ പരിപാടിയിൽ ഉൾക്കൊള്ളിക്കുകയേ മാർഗ്ഗമുള്ളൂ. മതപ്രതിപത്തിയുടെയും യുക്തിഹീനമായ ചിന്താഗതികളുടെയും സ്ഥാനത്ത് മതേതര ശാസ്ത്രീയവീക്ഷണം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള ഈ കർത്തവ്യങ്ങൾ, നാഗരികതയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ചരിത്രപരമായി ബാദ്ധ്യസ്ഥമായ തൊഴിലാളിവർഗ്ഗം നയിക്കുന്ന വിപ്വത്തിന്റെ ഭാഗമാകണം. ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതമായ പ്രത്യയശാസ്ത്രമായ മാർക്‌സിസം-ലെനിനിസത്തിൽ അധിഷ്ഠിതമായി, ചരിത്രത്തിലെ ഏറ്റവും പുരോഗമനകാരിയായ വർഗ്ഗമെന്ന നിലയിൽ തൊഴിലാളിവർഗ്ഗം നയിക്കുന്ന വിപ്ലവമാണത്. ഇന്ത്യയുടെ കാര്യത്തിൽ, സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ പൂർണ്ണമായി ജനാധിപത്യവൽക്കരണം നടതന്നില്ല.

സത്യത്തിലേയ്ക്കുള്ള പാത കൊട്ടിയടയ്ക്കുന്നതാണ് അതിൽ പ്രധാനം. സത്യം കണ്ടെത്താനും തീരുമാനങ്ങളെടുക്കാനും ജനങ്ങൾ ശാസ്ത്രീയ രീതി പിന്തുടരുകയും ശാസ്ത്രീയ മനോഭാവം പുലർത്തുകയും ചെയ്താൽ മുതലാളിത്ത വ്യവസ്ഥ എത്രത്തോളം കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് അവർക്ക് എളുപ്പം മനസ്സിലാകും. എല്ലാ തിന്മകളുടെയും അപഭ്രംശങ്ങളുടെയും ദുരിതങ്ങളുടെയും വിവേചനങ്ങളുടെയും നിഷേധങ്ങളുടെയുമൊക്കെ മൂലകാരണം മുതലാളിത്ത വ്യവസ്ഥയാണെന്നും അതിനെ വിപ്ലവത്തിലൂടെ നിഷ്‌കാസനം ചെയ്യുക മാത്രമാണ് മോചനമാർഗ്ഗമെന്നും ജനങ്ങൾക്ക് മനസ്സിലാക്കും. അതവരെ പ്രചോദിപ്പിക്കും… അതിലേയ്ക്കുള്ള ശരിയായ പ്രക്രിയ അവർ സ്വായത്തമാക്കിയാൽ ജനങ്ങളുടെ യോജിച്ചതും ബോധപൂർവ്വവുമായ വിപ്ലവ മുന്നേറ്റം മുതലാളിത്ത ചൂഷണ വാഴ്ചയ്‌ക്കെതിരെയുണ്ടാകുകയും അവർ മുതലാളിത്ത വിരുദ്ധ തൊഴിലാളിവർഗ്ഗ വിപ്ലവം യാഥാർത്ഥ്യമാക്കുന്നതിനുള്ള മാർഗ്ഗം അവലംബിക്കുകയും ചെയ്യും. അതുകൊണ്ടാണവർ ജന്മിത്ത അവശിഷ്ടങ്ങളോടും മതാന്ധതയോടും മറ്റും സന്ധിചെയ്യുക മാത്രമല്ല എല്ലാത്തരം പിന്തിരിപ്പൻ ചിന്താഗതികളെയും നടപടികളെയും പ്രോത്സാഹിപ്പിക്കുകയും മതമൗലികവാദവും വർഗ്ഗീയതയുമൊക്കെ ഊട്ടിവളർത്തുകയും മതശാസനങ്ങൾ അലംഘനീയമാണെന്ന ആത്മീയവാദ നിലപാടുകളെ പിന്തുണയ്ക്കുകയുമൊക്കെ ചെയ്യുന്നത്. അന്ധതയുടെയും മതഭ്രാന്തിന്റെയും മുൻവിധികളുടെയും യുക്തിരാഹിത്യത്തിന്റെയും വിധിവിശ്വാസത്തിന്റെയുമൊക്കെ ദുരൂഹ ഗർത്തങ്ങളിൽ ജനങ്ങളെ തളച്ചിടുക എന്ന ഏക ലക്ഷ്യമാണ് അവർക്കുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം സാദ്ധ്യമാകണമെങ്കിൽ ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത കടമകൾ മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവ പരിപാടിയിൽ ഉൾക്കൊള്ളിക്കുകയേ മാർഗ്ഗമുള്ളൂ. മതപ്രതിപത്തിയുടെയും യുക്തിഹീനമായ ചിന്താഗതികളുടെയും സ്ഥാനത്ത് മതേതര ശാസ്ത്രീയ വീക്ഷണം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള ഈ കർത്തവ്യങ്ങൾ, നാഗരികതയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ചരിത്രപരമായി ബാദ്ധ്യസ്ഥമായ തൊഴിലാളിവർഗ്ഗം നയിക്കുന്ന വിപ്ലവത്തിന്റെ ഭാഗമാകണം. ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതമായ പ്രത്യയശാസ്ത്രമായ മാർക്‌സിസം-ലെനിനിസത്തിൽ അധിഷ്ഠിതമായി, ചരിത്രത്തിലെ ഏറ്റവും പുരോഗമനകാരിയായ വർഗ്ഗമെന്ന നിലയിൽ തൊഴിലാളിവർഗ്ഗം നയിക്കുന്ന വിപ്ലവമാണത്. ഇന്ത്യയുടെ കാര്യത്തിൽ, സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ പൂർണ്ണമായ ജനാധിപത്യവൽക്കരണം നടന്നില്ല.

ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ചിന്തകരിലൊരാളായ സഖാവ് ശിബ്ദാസ് ഘോഷ്, ഇന്ത്യയുടെ മൂർത്ത സാഹചര്യത്തിൽ മാർക്‌സിസം മൂർത്തവൽക്കരിക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. നമ്മുടെ ദേശീയ നേതാക്കൾ എല്ലാത്തരം മതപരമായ സങ്കുചിതത്വത്തിൽ നിന്നും പുറത്തുവരുന്നതിനുപകരം, ദേശീയ വിമോചന പോരാട്ടത്തിന് ആശയപരമായ അടിത്തറയൊരുക്കുന്നതിനായി, പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ പ്രതിപാദിക്കുന്ന ഹിന്ദു മതമൂല്യങ്ങൾ ഊട്ടിവളർത്താൻ ആഹ്വാനം ചെയ്യുകയാണുണ്ടായത്. ഹിന്ദുമതാഭിമുഖ്യം പുലർത്തിയ ഈ ദേശീയബോധം മുസ്ലീങ്ങളുടെ വിശാല വിഭാഗങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നകറ്റി നിർത്തുകയും ജനാധിപത്യ സമൂഹത്തിന്റെ തത്വസംഹിതകളുമായി പൊരുത്തപ്പെടാത്ത ഇസ്ലാമിക മതാചാരങ്ങളുമായി മുന്നോട്ടുപോകാൻ പ്രേരണ ചെലുത്തുകയും ചെയ്തു. ദേശീയവാദികളും മുസ്ലീം ജനവിഭാഗങ്ങളുമായുള്ള അകലം വർദ്ധിപ്പിക്കാനേ ഇതുപകരിച്ചുള്ളൂ. വ്യത്യസ്ത വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന വ്യത്യസ്ത ജനവിഭാഗങ്ങളെ ഏകാത്മകമായ ഒരു സമൂഹമായി ഉദ്ഗ്രഥിച്ചെടുക്കുക എന്ന സുപ്രധാന കടമ ഇതുമൂലം പൂർത്തീകരിക്കപ്പെടാതെപോയി. പഴയജന്മിത്താചാരങ്ങളും ചിന്താഗതികളും സ്വഭാവങ്ങളും മതാന്ധതയുമെല്ലാം ജന്മിത്ത അവശിഷ്ടങ്ങൾ എന്ന നിലയിൽ ഇന്ത്യൻ മുതലാളിത്ത സമൂഹത്തിൽ അവശേഷിക്കുകയും ചെയ്തു. നമുക്ക് തികച്ചും മതേതരമായ ഒരു ഭരണം ഉദയം ചെയ്യാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ഭരണഘടനയിലെ പല വകുപ്പുകളും പരസ്പര വിരുദ്ധമായി നിലകൊള്ളുന്നു. ഭരണഘടനയുടെ നിർമ്മാണത്തിൽ അഭികാമ്യമല്ലാത്ത പല വിട്ടുവീഴ്ചകളും കൈക്കൊള്ളുകയും ചെയ്തിരിക്കുന്നു. വർഗ്ഗീയ മതമൗലികവാദ ശക്തികൾ ഈ പഴുതുകൾ മുതലെടുക്കുന്നു. അവരുടെ സങ്കുചിത താൽപ്പര്യാർത്ഥമുള്ള ഈ നടപടിക്ക് മുതലാളിവർഗ്ഗം ഒത്താശ ചെയ്യുന്ന സ്ഥിതിയാണ് ഇന്നുമുള്ളത്. മുത്തലാഖ് നിരോധിക്കണമെന്ന ഡിമാന്റിനെക്കുറിച്ച് ശരിയായ അവബോധമുണ്ടാകണമെങ്കിൽ ഈ പശ്ചാത്തലം മനസ്സിലാക്കിയിരിക്കണം. മുസ്ലീം മതാചാര്യന്മാരെയും മതമൗലിക വാദികളെയും എതിർക്കുന്ന ആർഎസ്എസ്-ബിജെപി-സംഘപരിവാർ ശക്തികളാകട്ടെ മുസ്ലീം വിരുദ്ധതയുടെ വിഷം ചീറ്റിക്കൊണ്ട് അന്തരീക്ഷം കൂടുതൽ മലീമസമാക്കുകയും വിഷയം കൂടുതൽ സങ്കീർണ്ണമാക്കുകയുമാണ് ചെയ്യുന്നത്.

മുത്തലാക്ക് സമ്പ്രദായം

ഇനി മുസ്ലീം വ്യക്തിനിയമത്തെക്കുറിച്ചും മുത്തലാക്കിനെക്കുറിച്ചും അൽപ്പം ചർച്ച ചെയ്യാം. ഇന്ത്യയിൽ വ്യത്യസ്ത മത,വംശീയ വിഭാഗങ്ങൾക്ക് പ്രത്യേകം വ്യക്തിനിയമങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളിൽ പ്രത്യേക നിയമങ്ങൾ പാസ്സാക്കപ്പെട്ടിട്ടുണ്ട്. ഗോവയിലെ ഒരു ഹിന്ദു ഹിന്ദു വിവാഹ നിയമമനുസരിച്ചല്ല വിവാഹം കഴിക്കുന്നത്. പുതുച്ചേരിയിലെ സ്ഥിതിയും ഇതുതന്നെ. കാശ്മീരിലെയും ഉത്തർപ്രദേശിലെയും മുസ്ലീം നിയമങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. ക്രിസ്ത്യാനികൾക്ക് പ്രത്യേകം ക്രിസ്ത്യൻ നിയമവുമുണ്ട്. പാഴ്‌സികൾക്ക് പാഴ്‌സി നിയമവും. മൂന്ന് തവണ അടുപ്പിച്ച് തലാഖ് ചൊല്ലിയാൽ ഒരാൾക്ക് ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്താമെന്ന് 1937 ലെ ങൗഹെശാ ജലൃീെിമഹ ഘമം(ടവമൃശമ)േ അുുഹശരമശേീി അര േപറയുന്നു. മൂന്ന് തവണ തലാഖ് എന്നെഴുതിയ ഒരു കത്തോ, ഇമെയിലോ, ടെലഗ്രാമോ, എസ്എംഎസ്സോ അയച്ചാലും മതിയാകും. തലാഖ് അഥവാ വിവാഹബന്ധം വേർപെടുത്തൽ പുരുഷന്റെ ഏകപക്ഷീയവും അനിഷേധ്യവുമായ വിശേഷാവകാശമാണെന്നർത്ഥം. എത്ര നിസ്സാരമോ, ക്രൂരമോ ആയ കാരണത്തിന്മേലാണെങ്കിലും മുസ്ലീം സ്ത്രീ അത് അംഗീകരിച്ചേ തീരൂ. തലാഖ് ചൊല്ലപ്പെടുന്ന സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ദുരിതങ്ങളും ദ്രോഹങ്ങളും അവൾക്കുണ്ടാകുന്ന അവമതിയും തലാഖിന്റെ സാമൂഹ്യമായ ദുരുപയോഗവുമൊക്കെ തുടരുമ്പോഴും ‘മതേതര ഇന്ത്യ’യിൽ ‘പാവനമായ ഒരു മതാചാരമായി ഇത് തുടരുന്നു. മുസ്ലീം വ്യക്തി നിയമബോർഡ് പോലുള്ള മൗലികവാദ സംഘടനകൾ ഇതിന് നായകത്വം വഹിക്കുകയും ചെയ്യുന്നു. ഇത് പാവനമാണെങ്കിൽ അലംഘനീയമാണെങ്കിൽ സുന്നി മുസ്ലീംങ്ങൾക്ക് മാത്രം ബാധകമായിരിക്കുന്നതെന്തുകൊണ്ട്? ഷിയാകൾക്ക് ബാധകമാകാത്തതെന്തുകൊണ്ട്? രണ്ടുകൂട്ടരും ഇസ്ലാം മതക്കാരാണല്ലോ. പല ഇസ്ലാമിക രാഷ്ട്രങ്ങളും മുസ്ലീം വ്യക്തിനിയമം ക്രോഡീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്തതെങ്ങനെ? പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ തുടങ്ങി 20 ലേറേ മുസ്ലീം രാഷ്ട്രങ്ങളിൽ മുത്തലാഖ് നിരോധിക്കപ്പെട്ടതെങ്ങനെ? ഈജിപ്തിൽ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്ന പുരുഷൻ താമസിക്കുന്ന ഫ്‌ളാറ്റും മറ്റുപകരണങ്ങളും ഭാര്യക്ക് നൽകണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ ബന്ധം വേർപെടുത്തൽ നിരക്ക് കുറഞ്ഞിരിക്കുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സിറിയൻ നിയമത്തിലെ 72(1) വകുപ്പും സമാന സ്വഭാവത്തിലുള്ളതാണ്. സിറിയ, ഈജിപ്ത്, തുർക്കി, മൊറോക്കോ, ഇറാൻ, അസർ ബൈജാൻ, ടുണീഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ബഹുഭാര്യത്വത്തിന് നിരോധനമോ കർശന നിയന്ത്രണമോ നിലനിൽക്കുന്നുണ്ട്. പാകിസ്ഥാനിൽ മുസ്ലീം കുടുംബ നിയമ ഓർഡിനൻസ് നടപ്പിലാക്കിയതിനുശേഷം ബന്ധം വേർപെടുത്തുമ്പോൾ ജീവനാംശം നൽകുന്നത് നിർബ്ബന്ധമാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ശരിഅത്ത് ബാധകമാണ്. എന്നാൽ ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ അത് വ്യക്തി നിയമത്തിൽ മാത്രമേ ബാധകമാകുന്നുള്ളൂ. തുർക്കിയിലാകട്ടെ അത് നിയമവ്യവസ്ഥയുടെ ഭാഗമേ അല്ല. തുർക്കിയും സൈപ്രസും മതേതരമായ കുടുംബ നിയമമാണ് സ്വീകരിച്ചിട്ടുള്ളത്. ഷിയാ നിയമം നിലവിലുള്ള ഇറാനിൽ മുത്തലാഖിന് നിയമസാധ്യതയില്ല. രണ്ടാമതായി, മുത്തലാഖ് സംബന്ധിച്ച് ശരിഅത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മത്തുപിടിച്ച ഒരാൾ മുത്തലാഖ് ചൊല്ലുന്ന കാര്യത്തിൽ ഈ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നു.

പല ഇസ്ലാമിക ചരിത്ര പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നത് ശരിഅത്ത് അതേപടി വിശുദ്ധ ഖുറാനിൽ നിന്നെടുത്തതല്ല, പല ഹനീഫമാരും നൽകിയ വ്യാഖ്യാനങ്ങളാണ് അതെന്നാണ്. അറേബ്യൻ നാടുകളിൽ നിന്ന് ഇസ്ലാംമതം മറ്റു ദേശങ്ങളിലേയ്ക്ക് വ്യാപിക്കുകയും കാലം മുന്നോട്ടുപോകുകയും ചെയ്തതോടെ ഇസ്ലാം മതം പിന്തുടരുന്നവരുടെ ജീവിതത്തിൽ അനേകം പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടു എന്നതാണ് വസ്തുത. ഈ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി അവർ പ്രമുഖ മതപണ്ഡിതരെ സമീപിച്ചു. ഓരോരുത്തരും വ്യാഖ്യാനങ്ങൾ നൽകി. ഇതെല്ലാം ശരിഅത്തിൽ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ഇവയൊക്കെ ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങളാണ് എന്നതിനാൽ അവയൊക്കെ തമ്മിൽ അന്തരവും നിലനിൽക്കുന്നു. സുന്നികൾ നാല് ഇമാമുമാരുടെ വ്യാഖ്യാനങ്ങൾ ക്രോഡീകരിച്ച ശരിഅത്തിന്റെ ഒരു പ്രത്യേക വകഭേദമാണ് പിന്തുടരുന്നത്. പല വിഷയങ്ങളിലും ഇവരുടെ അഭിപ്രായങ്ങൾ തമ്മിലും അന്തരമുണ്ട്. ഏകപക്ഷീയമായ തലാഖ് അംഗീകരിക്കാത്ത മുസ്ലീംവിഭാഗങ്ങളുമുണ്ട്. ”ഒമയ്യാദ് രാജാക്കന്മാരുടെ ആവശ്യപ്രകാരം അവരുടെ ആശ്രിതനായ ഒരു മുസ്ലീം പണ്ഡിതൻ തയ്യാറാക്കിയതാണ് മുത്തലാഖെന്നും ഇത് ദൈവത്തിന്റെ വെളിപാട് ആണെന്ന് മുസ്ലീംങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണെന്നും പ്രവാചകനായ മുഹമ്മദ് മരിച്ച് വളരെക്കഴിഞ്ഞ് മുഹമ്മദൻ ഇറയുടെ രണ്ടാം നൂറ്റാണ്ടിലാണ് ഇത് സംഭവിച്ചതെന്നും” ഇസ്ലാമിക ചരിത്രത്തിന്റെ ഒരു വ്യാഖ്യാതാവ് ചൂണ്ടിക്കാണിക്കുന്നു. (2016 നവംബർ 4 ന്റെ ടൈംസ് ഓഫ് ഇന്ത്യയിൽ ഹനീഫ് മുറാദ് എഴുതിയ ലേഖനം) ”ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു ദിവ്യ കർമ്മമല്ല, പൗരന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു കരാറാണ്, എന്നും അദ്ദേഹം തുടർന്ന് പറയുന്നു. പാകിസ്ഥാൻ സുപ്രീംകോടതി പറയുന്നു: ”മുസ്ലീങ്ങൾക്കിടയിൽ വിവാഹം എന്നത് ഒരു ദിവ്യകർമ്മമല്ല, നിയമപരമായ ഒരു കരാറാണ്. ഇത്തരമൊരു കരാറിന്റെ ആത്മീയവും സദാചാരപരവുമായ വശങ്ങളെ സംബന്ധിച്ച് പ്രത്യക്ഷവും പരോക്ഷവുമായ പല അഭിപ്രായങ്ങളും ഉണ്ടാകാമെങ്കിലും അതിന്റെ സത്തയിൽ അത് കക്ഷികൾ തമ്മിലുള്ള ഒരു കരാർ തന്നെയാണ്”(മേൽപ്പറഞ്ഞ ലേഖനം). മറ്റൊരു വ്യാഖ്യാതാവ് എഴുതുന്നു: ”ഒരിക്കൽ രണ്ടുപേർ എത്രയും പെട്ടെന്ന് തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. അവർ മുത്തലാഖ് ചൊല്ലി. പ്രവാചകൻ ഇതിൽ ക്ഷുഭിതനായി. ആധികാരികമായ ഒരു ആചാരമാണ്, ആറ് ഹദീസ് ഗ്രന്ഥങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ളത്. ”ഞാൻ ഇവിടെ ജീവനോടെ ഉണ്ട്. നിങ്ങൾ ഖുറാന്റെ നിയമങ്ങളെ പരിഹസിക്കുകയാണോ” എന്നാണദ്ദേഹം ചോദിച്ചത്. അദ്ദേഹം മുത്തലാഖ് റദ്ദാക്കി. വിവാഹബന്ധം വേർപെടുത്താൻ അനുവദിച്ചില്ല. ആ ബന്ധം നിലനിന്നു. ”മുത്തലാഖിന് യഥാർത്ഥ ഇസ്ലാമിക നിയമത്തിൽ അംഗീകാരമില്ല, ഇറാൻ നിയമത്തിൽ അത് നിലനിൽക്കുന്നേയില്ല. ഇറാനിൽ ഒരിടത്തും മുത്തലാഖ് എന്നൊരു വാക്കേ ഇല്ല. ഇതെല്ലാം കെട്ടുകഥയാണ്. ഇത് കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്നും ‘ഹറാ’മാണ് എന്നും മൗലവിമാരും സമ്മതിക്കുന്നു. നിയമത്തിൽ ഇത് നല്ലതാണെങ്കിലും ദൈവശാസ്ത്രത്തിൽ ഇത് നല്ലതല്ല എന്നാണവരുടെ അഭിപ്രായം. ഇത് അപഹാസ്യമാണ്.”(പ്രൊഫ.താഹിർ മഹമൂദ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ മേധാവി, ‘ഫണ്ട് ലൈൻ’, 2016 നവംബർ 11). മുത്തലാഖ് ദൈവികമാണെന്നും അത് അലംഘനീയമാണെന്നുമുള്ള വാദഗതികളൊക്കെ നിരാകരിക്കുന്നതാണ് ഈ വിശദീകരണങ്ങൾ.

മതം, നിയമാവലി, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയൊക്കെ വിഭിന്നങ്ങളാണ്

ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം പൂർത്തീകരിക്കാത്തതുമൂലം ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിൽ അനൈക്യത്തോടെ നിലകൊള്ളുന്നതിനാൽ ഇത്തരത്തിൽ ഉയർന്നുവരുന്ന വിഷയങ്ങളെയും ബന്ധപ്പെട്ട വിവാദങ്ങളെയും എങ്ങനെ സമീപിക്കണം എന്നതു സംബന്ധിച്ച് സഖാവ് ശിബ്ദാസ്‌ഘോഷ് പ്രദാനം ചെയ്ത അമൂല്യമായ പാഠങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പിന്തുടരേണ്ടത് അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. അദ്ദേഹം പറഞ്ഞു: ”ഇന്നും നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക വിപ്ലവകടമകൾ പൂർത്തീകരിക്കപ്പെടാതെ അവശേഷിക്കുകയാണ്. ആ കടമകൾ ഏറ്റെടുക്കാൻ ജനാധിപത്യ മുന്നേറ്റത്തിന് കഴിയണം. ഇവ പൂർത്തീകരിക്കാതെ, ജനങ്ങൾ, സാമൂഹ്യവും മതപരവുമായ മുൻവിധികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മുക്തരാകാതെ, സാമൂഹ്യവും സാംസ്‌ക്കാരികവുമായി അവർക്കിടയിലുള്ള വേലിക്കെട്ടുകൾ തകർക്കാതെ, രാഷ്ട്രീയമായി മാത്രമല്ല സാമൂഹ്യമായി പരിവർത്തനം ചെയ്യപ്പെടാതെ, വർഗ്ഗീയത തുടച്ചുനീക്കുക എന്നത് യാഥാർത്ഥ്യമാകില്ല. ഇത് മതത്തിനെതിരായ ഒരു പ്രസ്ഥാനമല്ല എന്ന കാര്യം ഒരിക്കൽക്കൂടി ഞാൻ ഊന്നിപ്പറയുകയാണ്. വിശ്വാസികളുടെയും അവിശ്വാസികളുടെയും സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള മുന്നേറ്റമാണിത്. മതവും മതപരമായ ആചാരങ്ങളും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് ആചാരങ്ങൾ മാറിയിട്ടുണ്ട്. ഇനിയും മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ നിലവിലുള്ള ഏതെങ്കിലും ആചാരത്തിൽ മാറ്റം വരുത്താൻ വേണ്ടി പൊരുതുന്ന ആളെ മതവിരോധിയായി മുദ്രകുത്താനാകില്ല. തുർക്കിയുടെ ജനാധിപത്യ പ്രക്രിയയ്ക്ക് വിഘാതം നിന്ന ഇസ്ലാം മതാചാരങ്ങൾക്കെതിരെ, ഒരു യഥാർത്ഥ മുസ്ലീം ആയിരുന്ന കെമാൽ അതാതുർക്ക്, പൊരുതിയില്ലേ, ഈജിപ്തിൽ പല ഇസ്ലാം മതാചാരങ്ങളും എടുത്തുകളയുന്ന നാസർ ഒരു മുസ്ലീമല്ലേ. ഫലത്തിൽ ഒരു ഇസ്ലാമിക ആചാരവും അനുഷ്ഠിക്കുന്ന ആളല്ല ജിന്ന. ജിന്ന ഒരു മുസ്ലീമല്ലെന്ന് ഏതെങ്കിലുമൊരു മുസ്ലീം പറയുമോ? മുമ്പ് അനുഷ്ഠിച്ചിരുന്ന പല ആചാരങ്ങളും ഹിന്ദുക്കൾ ഉപേക്ഷിച്ചിട്ടില്ലേ? ഇന്നത്തെ സാമൂഹ്യാവശ്യകതയ്ക്ക് നിരക്കാത്ത എല്ലാ മതപരമായ ആചാരങ്ങൾക്കെതിരെയും ജനാധിപത്യ മുന്നേറ്റം പൊരുതുകതന്നെ ചെയ്യും. അത് മതത്തിനെതിരായ പോരാട്ടമല്ലെന്നുമാത്രം.”(വർഗ്ഗീയതാ പ്രശ്‌നത്തെപ്പറ്റി)
സ്ത്രീ വിമോചനമാണ് യഥാർത്ഥ പ്രശ്‌നം

മുത്തലാഖോ മറ്റേതെങ്കിലും മതാചാരമോ റദ്ദാക്കുന്ന വിഷയത്തിൽ നമ്മുടെ കാഴ്ചപ്പാട് രൂപീകരിക്കുമ്പോൾ മുന്തിയ പരിഗണന നൽകേണ്ടത് എന്തിനാണ്? മതശാസനകൾ അലംഘനീയങ്ങളാണെന്ന മർക്കട മുഷ്ടിക്കാണോ? ആർഎസ്എസ്-ബിജെപി വർഗ്ഗീയവാദികൾ മനഃപൂർവ്വം സൃഷ്ടിക്കുന്ന കോലാഹലങ്ങൾക്കാണോ? അതോ പുരുഷമേധാവിത്വ സമൂഹം അടിച്ചേൽപ്പിക്കുന്ന  അടിമത്തത്തിൽ നിന്നുള്ള സ്ത്രീകളുടെ മോചനത്തിനാണോ? ശരിയായ മാനുഷിക വീക്ഷണം ഇതിലേതാണ് സ്വീകരിക്കുക? സാമൂഹ്യ പുരോഗതിയുടെ കവാടം തുറക്കാൻ പര്യാപ്തമായതേതാണ്? മുത്തലാഖിന് ഇരയായ സ്ത്രീകളുടെ ദയനീയ സ്ഥിതിയിൽ മനസ്സുരുകുന്ന, നേരായി ചിന്തിക്കുന്ന ഏതൊരാളും മുഴുവൻ സ്ത്രീകളുടെയും വിമോചനത്തിനാണ് തീർച്ചയായും പ്രാമുഖ്യം നൽകുക, എന്നാൽ ആ വിമോചനം എങ്ങനെയാണ് സാദ്ധ്യമാകുക? അടിച്ചമർത്തപ്പെടുന്ന ഇതര ജനവിഭാഗങ്ങളുമായി ഐക്യപ്പെട്ടുകൊണ്ട് മുസ്ലീം സമുദായത്തിൽനിന്നുതന്നെ പരിഷ്‌ക്കരണത്തിനായുള്ള മുറവിളി ഉയരണം എന്നതാണ് ആദ്യപടി. മുസ്ലീങ്ങളല്ലാത്തവർ ആ ഡിമാന്റ് ഉയർത്തുകയോ ഗവണ്മെന്റ് നിയമനിർമ്മാണം നടത്തി അതിലിടപെടുകയോ ചെയ്താൽ മുസ്ലീങ്ങൾക്കിടയിൽ അതിന് അംഗീകാരം ലഭിക്കുകയോ ഉദ്ദേശിച്ച ഫലം ഉളവാക്കുകയോ ചെയ്യില്ല. എന്നുമാത്രമല്ല, അത് തിരിച്ചടിക്കുകയും ഇന്ന് കാണുന്നതുപോലെ മതമൗലികവാദത്തിലേയ്ക്കുള്ള ചായ്‌വും ജനങ്ങൾക്കിടയിലുള്ള വർഗ്ഗീയമായ ചേരിതിരിവും പോലുള്ള അനാവശ്യമായ സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ‘സതി’ പോലെ പൈശാചികമായൊരു ആചാരം നിരോധിക്കുന്നതിനുവേണ്ടി റാംമോഹൻ നടത്തിയ ഐതിഹാസിക പരിശ്രമവും വിധവാ വിവാഹം നടപ്പിൽ വരുത്താനായി വിദ്യാസാഗർ നടത്തിയ അക്ഷീണമായ പ്രയത്‌നവും, അഹിന്ദുക്കൾ ആ ആവശ്യം ഉന്നയിക്കുകയോ ഗവണ്മെന്റ് ഒരു നിയമ നിർമ്മാണത്തിലൂടെ അത് നിരോധിക്കുകയോ ആണ് ചെയ്തിരുന്നതെങ്കിൽ, ഫലം കാണില്ലായിരുന്നു എന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഹിന്ദു ജനസാമാന്യത്തെക്കൊണ്ട് ആ ആവശ്യം ഉന്നയിപ്പിക്കാനും അതുവഴി ഹിന്ദു പൗരോഹിത്യത്തെ ഒറ്റപ്പെടുത്താനും കഴിഞ്ഞതുകൊണ്ടാണ് റാംമോഹനും വിദ്യാസാഗർക്കും വിജയം വരിക്കാൻ കഴിഞ്ഞത്. ഇവിടെയും സ്ത്രീകളുടെ വിമോചനം സാദ്ധ്യമാകണമെങ്കിൽ മുസ്ലീം സ്ത്രീ-പുരുഷന്മാരിൽ ശരിയായ അവബോധം വളർന്നുവരണം. നിർദ്ദയമായ മുതലാളിത്ത ചൂഷണത്തിൽ ഞെരിഞ്ഞമരുന്ന മറ്റേതൊരു മർദ്ദിത സമൂഹത്തിന്റെയും താൽപ്പര്യവുമായി തങ്ങളുടെ താൽപ്പര്യങ്ങളുമെന്ന കാര്യവും അഭേദ്യമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ താൽപ്പര്യങ്ങളുമെന്ന കാര്യവും അവർ തിരിച്ചറിയണം. മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യം, ‘ദുരഭിമാനക്കൊല’യും പെൺഭ്രൂണഹത്യയും പോലെ ഹിന്ദു സമുദായത്തിൽ നിലനിൽക്കുന്ന പൈശാചികമായ സമ്പ്രദായങ്ങൾ അവസാനിപ്പിക്കണമെന്ന ഡിമാന്റുമായി പൊരുത്തപ്പെടുന്നതാണെന്ന വസ്തുതയ്ക്കും ഊന്നൽ നൽകണം. രണ്ടും ഒരുപോലെ സ്ത്രീവിരുദ്ധവും പിന്തിരിപ്പനും പ്രാകൃതവുമാണ്. മുത്തലാഖ് പോലുള്ള പിന്തിരിപ്പനായ ആചാരങ്ങൾ നിർത്തലാക്കാനുള്ള സമ്മർദ്ദം മുസ്ലീം ജനസാമാന്യത്തിൽ നിന്നു തന്നെ ഉയർന്നു വരണം. ന്യായമായ ഈ ആവശ്യം കുറ്റമറ്റതും യുക്തിസഹവുമായ ഒരു അടിത്തറയിൽ ഉയർത്തപ്പെടുകയും അത് ഒരു മഹാപ്രസ്ഥാനമായി വളർന്നുവരികയും ചെയ്യുമ്പോൾ മതമൗലിക വാദശക്തികൾക്ക് അതിനെ വഴിതെറ്റിക്കാനോ മുസ്ലീം വിരുദ്ധരുടെ കുത്തിത്തിരുപ്പായി ചിത്രീകരിച്ചുകൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാനോ കഴിയില്ല. പ്രാകൃതമായ ആചാരങ്ങൾക്കെതിരെ ഇവ്വിധം ഉയർന്നുവരുന്ന മുസ്ലീം സ്ത്രീകളുടെ മുന്നേറ്റങ്ങൾക്കും മറ്റ് പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾക്കും ഗതിവേഗം ആർജ്ജിക്കാൻ കഴിയണമെങ്കിൽ ജനങ്ങളുടെ യോജിച്ച സമരങ്ങളും ജനാധിപത്യ പ്രക്ഷോഭങ്ങളും സമൂഹത്തിൽ ശക്തിപ്പെടേണ്ടതുണ്ട്. ജാതി-മത-വംശീയ പരിഗണനകൾക്കൊക്കെ ഉപരിയായി, ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്‌നങ്ങളുടെമേൽ, അദ്ധ്വാനിച്ചു ജീവിക്കുന്ന ജനവിബാഗങ്ങളെയാകെ അണിനിരത്തിക്കൊണ്ട്, കൃത്രിമമായ വിഭാഗീയതകൾക്കെല്ലാം അതീതമായി, ഉന്നതമായ തൊഴിലാളിവർഗ്ഗ നീതി ബോധത്തിലും സംസ്‌ക്കാരത്തിലും അധിഷ്ഠിതമായി, ശരിയായ വിപ്ലവ നേതൃത്വത്തിൻ കീഴിൽ വേണം ഇത്തരം ശക്തമായ മുന്നേറ്റങ്ങൾ വളർന്നുവരാൻ. പൊതുവായ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് വളർന്നുവരുന്ന സാംസ്‌ക്കാരിക അന്തരീക്ഷത്തിലേയ്ക്ക് ചൂഷിതനായ ഏതൊരാളും ആകർഷിക്കപ്പെടും. അത് സ്ത്രീയോ പുരുഷനോ ആകാം. ഏത് മതവിഭാഗത്തിൽപെടുന്ന ആളുമാകാം. ജനങ്ങളുടെ ബോധപൂർവ്വമായ പങ്കാളിത്തം അത്തരമൊരു പ്രസ്ഥാനത്തിന് ഉറപ്പാക്കാൻ കഴിയും. ജനങ്ങൾക്കിടയിലുള്ള അവിശ്വാസം, സഹാനുഭൂതിയില്ലായ്മ, സംശയം, അന്ധത, മതഭ്രാന്ത്, പിടിവാശി തുടങ്ങിയ ജനങ്ങളുടെ ഐക്യം തകർക്കാൻ സ്ഥാപിത താൽപ്പര്യക്കാർ വളർത്തിയെടുക്കുന്ന തിന്മകളൊക്കെ തുടച്ചുനീക്കാൻ ഇത്തരമൊരു ബൃഹത്തായ ജനമുന്നേറ്റത്തിന് സാധിക്കും.

പിന്തിരിപ്പൻ ശക്തികളുടെ ഗൂഢനീക്കങ്ങളുടെ ഫലമായി സമൂഹത്തിൽ വർഗ്ഗീയ പിരിമുറുക്കവും ശത്രുതയുമൊക്കെ പടരുമ്പോൾ, ഇത്തരമൊരു മഹത്തായ ജനാധിപത്യ മുന്നേറ്റത്തിന് സഹായകമാംവിധം വർഗ്ഗീയ വിരുദ്ധ പ്രസ്ഥാനം വളർത്തിയെടുക്കാൻ ജനാധിപത്യ ശക്തികൾ ശ്രമം നടത്തണം. മറ്റ് സമുദായങ്ങളിലെ അദ്ധ്വാനിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചെങ്കിൽ മാത്രമേ തങ്ങൾ നടത്തുന്ന അനീതിക്കെതിരായ പോരാട്ടം വിജയം വരിക്കൂ എന്ന കാര്യം മുസ്ലീം സ്ത്രീ-പുരുഷന്മാരും മനസ്സിലാക്കണം. അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ഈ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും മർദ്ദിതരായ മുസ്ലീം സ്ത്രീകൾ ഉന്നയിക്കുന്ന ന്യായമായ ഡിമാന്റ് മതമൗലികവാദികളുടെയും മറ്റ് പിന്തിരിപ്പൻ ശക്തികളുടെയും കുത്തിത്തിരുപ്പിന് വിധേയമാകുന്നില്ല എന്നുറപ്പുവരുത്താനും ഹിന്ദു-മുസ്ലീം വിഭാഗങ്ങളിൽ പെടുന്ന മനഃസാക്ഷിയുള്ള ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top