അണ്‍എയ്ഡഡ് അദ്ധ്യാപകരുടെ തൊഴിലവകാശ സംരക്ഷണ കണ്‍വന്‍ഷന്‍ തുല്യജോലിക്ക് തുല്യവേതനം നല്‍കുന്ന നിയമമാണ് വേണ്ടത് -ജസ്റ്റിസ് കെ. സുകുമാരന്‍

സംസ്ഥാനത്തെ എല്ലാ അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും അര്‍ഹതപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ സമഗ്രനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെയുഎസ്റ്റിഒ) ആഗസ്റ്റ് 24-ന് തൊഴില്‍ അവകാശ സംരക്ഷണ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍കളില്‍നിന്നുമുള്ള അദ്ധ്യാപക പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് അദ്ധ്യാപക ഭവനില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നവിധത്തില്‍, അണ്‍എയ്ഡഡ് അദ്ധ്യാപനരംഗത്തും തുല്യജോലിക്ക് തുല്യവേതനം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന നിയമമാണ് കൊണ്ടുവരേണ്ടതെന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ അഭിപ്രായപ്പെട്ടു. കേവലം മിനിമം വേതനം മാത്രമല്ല അദ്ധ്യാപകരുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കപ്പെടുന്ന തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. കെ.യു.എസ്.റ്റി.ഒയുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ ഒത്തൊരുമിച്ചുനടത്തിയ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെയുഎസ്റ്റിഒ സംസ്ഥാന വൈസ് പ്രസിഡന്റ്എം.ഷാജര്‍ഖാന്‍ പ്രമേയം അവതരിപ്പിച്ചു. അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ക്ക് മിനിമം ശമ്പളം ഉറപ്പാക്കാന്‍ ഒരു തൊഴില്‍നിയമം പാസ്സാക്കാന്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പരിശ്രമങ്ങളെ കണ്‍വന്‍ഷന്‍ സ്വാഗതം ചെയ്തു. ഈ മേഖല അഭിമുഖീകരിക്കുന്ന ഗുരുതരങ്ങളായ തൊഴിലവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ മിനിമം വേജ് നിയമം പര്യാപ്തമല്ലെങ്കിലും അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ക്കായി ഒരു തരത്തിലുള്ള നിയമവും നിലവിലില്ലാതിരിക്കുന്ന സാഹചര്യത്തില്‍, നിയമപരിരക്ഷ പരിമിതമായെങ്കിലും ഉറപ്പാക്കുന്ന ഒന്നെന്ന നിലയിലാണ് കെയുഎസ്റ്റിഒ മിനിമം വേജ് നിയമത്തെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യയില്‍ നിലവിലുള്ള മിനിമം വേതന നിയമം, 1978-ലെ ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ കേസിലെ സുപ്രീം കോടതി വിധി, എന്നിവയുടെ അടിസ്ഥാനത്തിലും അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവരാണ്.

അണ്‍എയ്ഡഡ് മേഖലയ്ക്കുവേണ്ടിയുള്ള മിനിമം വേജ് നിയമം അവയുടെ അടിസ്ഥാനത്തിലായിരിക്കണം രൂപപ്പെടുത്തേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി കൈപ്പറ്റി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.സി.ഇ, ഐ.സി.എസ്.ഇ, ഇതര സിലബസ് സ്‌കൂളുകള്‍ തുടങ്ങിയ എല്ലാ അണ്‍എയ്ഡഡ് സ്‌കുളുകളും ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് വ്യക്തമാക്കണം. മുഴുവന്‍ അദ്ധ്യാപകര്‍ക്കും നിയമന ഉത്തരവ് നല്‍കിയിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കണം. വേജ് രജിസ്റ്റര്‍ പോലുള്ള റിക്കോര്‍ഡുകളോടൊപ്പം സര്‍വ്വീസ് ബുക്ക് മെയിന്റെയിന്‍ ചെയ്യണമെന്നുകൂടി വ്യവസ്ഥ ചെയ്യണം. മിനിമം ശമ്പളം നിര്‍ണ്ണയിക്കാനും പരിഷ്‌ക്കരിക്കാനും ഐ.ആര്‍.സി(കിറൗേെൃശമഹ ഞലഹമശേീി െഇീാാശേേല), രേഖകള്‍ പരിശോധിക്കാന്‍ ഇന്‍സ്‌പെക്ഷന്‍, ശമ്പളം നല്‍കുന്നില്ലായെങ്കില്‍ നടപടിയെടുക്കാന്‍ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സമിതി തുടങ്ങിയ സംവിധാനങ്ങളും മിനിമം വേജ് നിയമത്തില്‍ വ്യവസ്ഥ ചെയ്യപ്പെടണം. അണ്‍എയ്ഡഡ് അദ്ധ്യാപക മേഖല അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ മുകളില്‍ സൂചിപ്പിച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കെ.യു.എസ്.റ്റി.ഒ സംസ്ഥാന പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍, കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദന്‍, കെ.യു.എസ്.റ്റി.ഒ സംസ്ഥാന നേതാക്കളായ കെ.എന്‍.ലജീഷ്, മാര്‍ട്ടിന്‍ പോള്‍, ടി.സി.സിജു, റെജി മലയാലപ്പുഴ, അനൂപ് ജോണ്‍, ബെന്നി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി വിദ്യ.ആര്‍.ശേഖര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഷൈനാ മേബല്‍ കൃതജ്ഞതയും പറഞ്ഞു.

 

Share this