അഭയാര്‍ത്ഥിപ്രശ്‌നം: സാമ്രാജ്യത്വവിരുദ്ധ ജനകീയ സംഗമം

Spread our news by sharing in social media

അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ അഭയാര്‍ത്ഥികളായി യൂറോപ്പിലേക്ക് നടത്തുന്ന കൂട്ടപാലയനത്തിന് ഇടയാക്കിയ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകള്‍ക്കെതിരെ ഇന്റര്‍നാഷണല്‍ ആന്റി-ഇംപീരിയലിസ്റ്റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റിയുടെ ഇന്ത്യന്‍ ഘടകമായ ആള്‍ ഇന്ത്യ ആന്റി-ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സാമ്രാജ്യത്വവിരുദ്ധ ജനകീയ സംഗമം നടത്തി. എറണാകുളം മേനക ജംഗ്ഷനില്‍ നടന്ന സംഗമം പ്രൊഫ. കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

അമേരിക്കന്‍ സാമ്രാജ്യത്വം നേതൃത്വം കൊടുക്കുന്ന സാമ്രാജ്യത്വ -വിഘടനവാദപ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും അശാന്തിയും യുദ്ധവും കെടുതികളും സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു നൂറ്റാണ്ടിലേറെ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ പോരാടിയ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ മറന്നുപോകുന്ന പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ ‘മന്‍കി ബാത്ത്’ പോലുള്ള പരിപാടികളില്‍പോലും അഭയാര്‍ത്ഥിപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ആള്‍ ഇന്ത്യാ ആന്റി-ഇംപീരിയലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി ജി.എസ്.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സോവിയറ്റ് സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച ലോകത്ത് യുദ്ധരഹിതമായ സാഹചര്യം കൊണ്ടുവരുമെന്ന പ്രചാരണം പൊള്ളയായിരുന്നുവെന്ന് ഇന്നത്തെ സാര്‍വ്വദേശീയ സാഹചര്യം തെളിയിക്കുന്നു. സാമ്രാജ്യത്വ മൂലധന ചൂഷണത്തിന് പര്യാപ്തമായ വിധത്തില്‍ എല്ലാ മൂന്നാംലോകരാജ്യങ്ങളിലും വിഘടന-മതമൗലികവാദ-തീവ്രവാദ ശക്തികളെ ഊട്ടിവളര്‍ത്തിക്കൊണ്ട് രാഷ്ട്രീയ അനിശ്ചിതാവസ്ഥയും അശാന്തിയും സൃഷ്ടിക്കുന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികളാണ്. ലോകമെമ്പാടും അവര്‍ നടത്തുന്ന ഈ അധിനിവേശപ്രവര്‍ത്തനങ്ങളാണ് ഇന്ന് രൂക്ഷമായ ഈ അഭയാര്‍ത്ഥി പ്രശ്‌നത്തിനും കാരണം. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കാനുള്ള അന്തര്‍ദേശീയസാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്കൊപ്പം അണിചേരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെ.കെ.ഗോപിനായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എംസിപിഐ(യു) കേന്ദ്രകമ്മിറ്റിയംഗം ടി.എസ്.നാരായണന്‍മാസ്റ്റര്‍, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശന്‍, നവോത്ഥാനശക്തി നേതാക്കളായ ടി.രവീന്ദ്രന്‍, അഡ്വ.പഞ്ഞിമല ബാലകൃഷ്ണന്‍, മഹിളാ സാംസ്‌കാരിക സംഘടന നേതാക്കളായ കെ.കെ.ശോഭ, എം.കെ.ഉഷ, എഐയുടിയുസി നേതാവ് കെ.ഒ.ഷാന്‍, എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി രശ്മിരവി എന്നിവരും സംബന്ധിച്ചു. ആന്റി ഇംപീരിയിലിസ്റ്റ് ഫോറം നേതാക്കളായ കെ.കെ.സുരേഷ്, ജി.ആര്‍.സുഭാഷ്, എന്‍.കെ.ശശികുമാര്‍, എഐഡിവൈഒ ജില്ലാ പ്രസിഡന്റ് പി.പി.അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എഐഎഐഎഫ് ജില്ലാ സെക്രട്ടറി എന്‍.ആര്‍.മോഹന്‍കുമാര്‍ സ്വാഗതവും എഐഡിവൈഒ ജില്ലാ പ്രസിഡന്റ് കെ.പി.സാല്‍വിന്‍ കൃതജ്ഞതയും പറഞ്ഞു.

Share this