അഭിമന്യു വധം: ജനാധിപത്യവിരുദ്ധ കാമ്പസ്സ് സൃഷ്ടിച്ചവർ ഉത്തരവാദികൾ

Spread our news by sharing in social media

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഏവരെയും നടുക്കുകയുണ്ടായി. കൊലപാതകികളെ അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതും അതുകൊണ്ടാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുകതന്നെ വേണം. നിർദ്ധനനായ ഒരു വിദ്യാർത്ഥിയുടെ ദാരുണാന്ത്യത്തെച്ചൊല്ലിയുണ്ടായ വികാരവും പ്രതിഷേധവും ശരിയായ ദിശയിലുള്ള ഫലങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തണം. കലായലങ്ങളെ കൊലക്കളമാക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനം ഏതായാലും ജനാധിപത്യ കേരളത്തിന്റെ മണ്ണിൽ ഒറ്റപ്പെടുത്തപ്പെടണം.

അഭിമന്യുവിന്റെ ഘാതകരെ പിടികൂടി തുറുങ്കലടയ്ക്കുന്നിടത്ത് നടപടികൾ അവസാനിച്ചാൽ വേദനാകരമായ ഈ സാഹചര്യം ഇല്ലാതാവുകയില്ല. മേധാവിത്തമുള്ള സംഘടനകൾ ഇതര വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ കാമ്പസ്സുകൾ തുടരുന്നിടത്തോളം കാലം അഭിമന്യുമാർ കൊലയ്ക്കുകൊടുക്കപ്പെടുക തന്നെ ചെയ്യും. കേരളമെമ്പാടുമുള്ള കലാലയ കാമ്പസ്സുകളിൽ കയ്യൂക്കിന്റെയും ജനാധിപത്യവിരുദ്ധതയുടെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളതിന്റെ പ്രധാന ഉത്തരവാദിത്തം എസ്എഫ്‌ഐക്കുതന്നെയാണ്. ഈ അന്തരീക്ഷമാണ് തികഞ്ഞ വർഗ്ഗീയ സംഘടനകളായ എബിവിപിക്കും കാമ്പസ്സ് ഫ്രണ്ടിനും ഇന്ന് വളക്കൂറുള്ള മണ്ണായി മാറുന്നത്. ആരോഗ്യകരമായ രാഷ്ട്രീയ സംവാദത്തെ ആധാരമാക്കിയ ഉയർന്ന ജനാധിപത്യ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടു മാത്രമേ ഈ പിന്തിരിപ്പൻ സംഘടനകളെ ഒറ്റപ്പെടുത്തപ്പെടുത്താൻ കഴിയൂ. ആയതിനാൽ ജനാധിപത്യ പ്രവർത്തനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം ശക്തികളുടെ ഭാഗത്തുനിന്ന് അക്രമത്തിന്റെ സമീപനം ഉണ്ടാകുന്ന വേളകളിൽപ്പോലും തികഞ്ഞ സംയമനത്തോടെ പ്രബുദ്ധമായ രാഷ്ട്രീയത്തിന്റെ പ്രവർത്തന ശൈലിയെ മുറുകെപ്പിടിച്ചുകൊണ്ട് മാതൃകാപരമായി പ്രവർത്തിക്കേണ്ടത് പുരോഗമനപ്രസ്ഥാനങ്ങളാണ്. എന്നാൽ ഇതിനു നേർ വിപരീതമായി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നൊക്കെ പതാകയിൽ എഴുതിച്ചേർത്തിട്ടുള്ള എസ്എഫ്‌ഐയാണ് കേരളത്തിന്റെ കാമ്പസ്സുകളെ കൊലക്കളമാക്കി മാറ്റുന്നതിൽ ഇന്ന് പ്രമുഖ പങ്കുവഹിക്കുന്നത്. ഒരേ മുന്നണിയിൽ പ്രവർത്തിക്കുന്ന എഐഎസ്എഫിന്റെ പ്രവർത്തകരെപ്പാലും അവർ വേട്ടയാടിയിട്ടുണ്ട്.
അക്രമത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയം കണ്ട് മനസ്സ് മടുത്ത കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെയും സമാധാനസ്‌നേഹികളുടെയും പിന്തുണയും അഭിപ്രായവും പരോക്ഷമായി ഉപയോഗപ്പെടുത്തിയാണ് കോടതികൾ വിദ്യാർത്ഥിരാഷ്ട്രീയത്തെ നിരോധിച്ചത്. അങ്ങിനെ വർഗ്ഗീയതയുടെയും അഴുകിയ സംസ്‌കാരത്തിന്റെയും വിളനിലങ്ങളായി മാറിയ രാഷ്ട്രീയരഹിത കാമ്പസ്സുകൾ സൃഷ്ടിച്ചതിലും ഈ പ്രസ്ഥാനങ്ങൾക്കെല്ലാം പങ്കുണ്ട് – എസ്എഫ്‌ഐക്ക് കൂടുതലും പങ്കുണ്ട്. അതിനാൽ ഈ സാഹചര്യത്തിൽ ഏവരും സത്യസന്ധമായ ഒരാത്മപരിശോധയക്ക് തയ്യാറാകണം.

മഹത്വമാർന്ന വിദ്യാർത്ഥി രാഷ്ട്രീയത്തെ കളങ്കപ്പെടുത്തുന്ന, ജനാധിപത്യ കേരളത്തിന്റെ ഘടനയക്ക് ഗുരുതരമായ ആഘാതമേൽപ്പിക്കുന്ന വിധ്വംസക രാഷ്ട്രീയത്തിൽനിന്നും പിന്മാറുമെന്ന് ഈ പ്രസ്ഥാനങ്ങൾ പ്രതിജ്ഞയെടുക്കണം. അതു പാലിക്കാൻ അവരുടെമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് നിതാന്തജാഗ്രതയുമായി ജനാധിപത്യ സമൂഹം ഉണ്ടാകണം. എങ്കിൽമാത്രമേ അഭിമന്യുവിന്റെ പേരിൽ ഉയർത്തപ്പെടുന്ന പ്രതിഷേധത്തിനും കണ്ണീരിനും അർത്ഥമുണ്ടാകുകയുള്ളൂള

Share this