ആര്‍എസ്എസ്-ബിജെപി-സംഘപരിവാര്‍-ശിവസേന ശക്തികളുടെ ഫാസിസ്റ്റ് ചെയ്തികളില്‍ പ്രതിഷേധിച്ചുകൊണ്ട് അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ ബുദ്ധിജീവികളുടെ നടപടിയെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രശംസിക്കുന്നു.

Spread our news by sharing in social media

ആര്‍എസ്എസ്-ബിജെപി-സംഘപരിവാര്‍-ശിവസേന ശക്തികളുടെ ഫാസിസ്റ്റ് ചെയ്തികളില്‍ പ്രതിഷേധിച്ചുകൊണ്ട് അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ ബുദ്ധിജീവികളുടെ നടപടിയെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രശംസിക്കുന്നു. അതോടൊപ്പം വര്‍ഗ്ഗീയത-മൗലികവാദം-കപടദേശഭക്തി എന്നിവയുടെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന വിപത്തിനെതിരെ യോജിച്ച ഇടതു-ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുന്നു. (എസ്‌യുസിഐ(സി) ജനറല്‍ സെക്രട്ടറി പ്രോവാഷ്‌ഘോഷ് ഒക്‌ടോബര്‍ 14ന് പുറപ്പെടുവിച്ച പ്രസ്താവന)

മൂന്ന് പ്രമുഖ യുക്തിവാദികള്‍ പട്ടാപ്പകല്‍ അരുംകൊല ചെയ്യപ്പെട്ടത്, ദാദ്രിയല്‍ നടന്ന കിരാതമായ കൊലപാതകം, പാകിസ്താനില്‍ നിന്നുള്ള പ്രശസ്ത ഗസല്‍ ഗായകന്റെ സംഗീത പരിപാടി ഭീഷണിപ്പെടുത്തി റദ്ദു ചെയ്യിച്ചത്, പാകിസ്താനിലെ ഒരു മുന്‍മന്ത്രി രചിച്ച പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ ബിജെപിയുടെ മുന്‍പ്രധാനമന്ത്രിയുടെ സഹായിയുടെ മുഖത്ത് കരിമഷി ഒഴിച്ചത് തുടങ്ങി സമീപകാലത്തുനടന്ന നിരവധി സംഭവങ്ങള്‍ ഭീതിജനകവും അങ്ങേയറ്റം ആശങ്കാകുലവുമാണ്. ഇത്തരത്തിലുള്ള കൊലപാതകങ്ങളും പൈശാചികമായ അക്രമങ്ങളും വര്‍ഗ്ഗീയാഗ്നി ആളിക്കത്തിക്കുന്ന നടപടികളും കടുത്ത വര്‍ഗ്ഗീയവാദികളായ ആര്‍എസ്എസ്-ബിജെപി-സംഘപരിവാര്‍ സംഘങ്ങളും അവരുടെ ഉറ്റ ചങ്ങാതിയായ ശിവസേനയും കാട്ടിക്കൂട്ടുന്ന ഗുണ്ടായിസവുമൊക്കെ വിരല്‍ചൂണ്ടുന്നത് ജനാധിപത്യത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും തത്വങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും സമ്പൂര്‍ണ്ണമായ തകര്‍ച്ചയിലേയ്ക്കാണ്.

ബിജെപിയുടെ ഉന്നത നേതാക്കളിലൊരാളായ എല്‍.കെ.അദ്വാനിക്കുപോലും, കരിമഷി ഒഴിച്ച സംഭവത്തെ ശക്തമായി അപലപിക്കുകയും, അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്നുവെന്നാണ് സമീപകാലത്തെ പലസംഭവങ്ങളും കാണിക്കുന്നതെന്നും ഇത് ജനാധിപത്യത്തിനെതിരാണെന്നും പറയേണ്ടിവരികയും, ചെയ്യുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. മറ്റൊരു അടിയന്തരാവസ്ഥയിലേയ്ക്ക് നയിക്കാവുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇദ്ദേഹം അഭിപ്രായപ്പെട്ടത് ഇവിടെ സ്മരണീയമാണ്.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്നു എന്ന ധൈര്യത്തിലാണ് ഹിന്ദുത്വ ഭ്രാന്തന്‍മാര്‍ രാജ്യത്ത് അഴിഞ്ഞാടുന്നത്. വര്‍ഗ്ഗീയവും മൗലികവാദപരവുമായ ചിന്താഗതികള്‍ ഊട്ടിവളര്‍ത്തിയും അന്ധവിശ്വാസങ്ങളും കാലഹരണപ്പെട്ടതും പിന്തിരിപ്പനുമായ ആശയങ്ങളും നിരന്തരം പ്രചരിപ്പിച്ചും ജനങ്ങളുടെ ചിന്താശേഷി മുരടിപ്പിച്ച് അവരെ യന്ത്രമനുഷ്യരാക്കിയും രാജ്യത്തിന്റെ മതേതര മനോഘടനതന്നെ തകര്‍ക്കുകയാണിവര്‍. ‘ഭാരതീയത്വം’ എന്ന പേരില്‍ സങ്കുചിത ദേശീയഭ്രാന്ത് വളര്‍ത്തി മദ്ധ്യകാല അന്ധകാരത്തിലേയ്ക്ക് രാജ്യത്തെ പിന്നാക്കം കൊണ്ടുപോകുന്നു എന്നതാണ് ഹിന്ദുത്വസേന നടത്തുന്ന കൂടുതല്‍ അപകടകരമായ നീക്കം.

ഇതിന് തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ ജനവിരുദ്ധശക്തികള്‍ കൂടുതല്‍ സ്വേച്ഛാധികാരത്തോടെ അവരുടെ ദുഷ്‌ചെയ്തികള്‍ തുടരുകയും, മര്‍ദ്ദകശക്തിയായ കുത്തക മുതലാളിത്ത ഭരണവര്‍ഗ്ഗത്തിന് രാജ്യത്തെ ഫാസിസവല്‍ക്കരിക്കുന്നതിനും അതുവഴി സമ്പൂര്‍ണ്ണമായ അന്ധകാരത്തിലേയ്ക്ക് നയിക്കുന്നതിനും ഫലപ്രദമായ ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യും. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രതിഷേധ സൂചകമായി അക്കാദമി അവാര്‍ഡുകളും പത്മ അവാര്‍ഡുകളും തിരിച്ചേല്‍പ്പിക്കുന്നു എന്നത് ഉന്മേഷദായകമായ കാര്യമാണ്. ഫാസിസത്തിന്റെ പൈശാചികമായ കടന്നുവരവിനെതിരെയുള്ള ബുദ്ധിജീവികളുടെ അവസരത്തിനൊത്തുയര്‍ന്നുള്ള ഈ നിലപാട് അഭിനന്ദനീയം തന്നെ.

ഇടതു-ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായിനിന്ന്, ആസന്നമായ വിപത്തിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് രാജ്യവ്യാപകമായി ഒരു വര്‍ഗ്ഗീയ വിരുദ്ധ ജനകീയമുന്നേറ്റം വളര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച്, ഒരു വിഭാഗത്തെ മറ്റൊന്നിനെതിരെ അണിനിരത്തി, നാഗരികതയുടെ ഗതിതന്നെ തിരിച്ചുവിടാന്‍ ഉന്നംവച്ചുള്ള വിഷലിപ്തമായ വര്‍ഗ്ഗീയ-മൗലികവാദ-കപടഭാരതീയത്വ ആശയങ്ങളെ ഫലപ്രദമായി ചെറുക്കാന്‍പോന്ന, തീവ്രമായ ഒരു പ്രത്യയശാസ്ത്ര സമരംകൂടി ഇതോടൊപ്പം കെട്ടഴിച്ച് വിടേണ്ടതുമുണ്ട്.

Share this