ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ധർണ്ണയും നിയമസഭാമാർച്ചും

Spread our news by sharing in social media

ആശാ വർക്കർമാർക്ക് സംസ്ഥാന ആരോഗ്യമന്ത്രി പ്രഖ്യാപിച്ച 7500 രൂപ പ്രതിമാസ വേതനം ഉടൻ നൽകുക, ആശാവർക്കർമാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുക, വേതനം അതാത് മാസം തന്നെ നൽകുക എന്നീ പ്രധാന ഡിമാന്റുകളുന്നയിച്ചുകൊണ്ട് ജനുവരി 23 ന് ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് ധർണ്ണയും നിയമസഭാ മാർച്ചും നടത്തി. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സമരം, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ മുഖ്യപ്രസംഗം നടത്തി. ജി.ആർ.സുഭാഷ്, കെ.ഷൈലജ, ആർ.ഷാമിലാ ബീവി എന്നിവർ പ്രസംഗിച്ചു. എസ്.മിനി അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിതകുമാരി സ്വാഗതവും ശോഭ കൃതജ്ഞതയും പറഞ്ഞു. ശ്രീലത കുന്നത്തുകാൽ, ഷീല ജയൻ, അജിത പാപ്പനംകോട് എന്നിവർ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.
ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെടുന്ന നിവേദനം യൂണിയൻ നേതാക്കൾ മന്ത്രിക്കു സമർപ്പിച്ചു.

കഴിഞ്ഞ പത്ത് വർഷമായി ആരോഗ്യമേഖലയിൽ ജോലിചെയ്തുവരുന്ന ആശാ പ്രവർത്തകർ വളരെ തുച്ഛമായ പ്രതിഫലത്തിനാണ് ജോലിചെയ്യുന്നത്. മാസത്തിൽ ഏതാണ്ട് 25 ദിവസവും, ചില മാസങ്ങളിൽ 30 ദിവസവും വിശ്രമമില്ലാതെ പണിയെടുത്താൽ മാത്രമേ ഇന്ന് ആശാ പ്രവർത്തകർക്ക് അവരുടെ നിയതമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ. ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ഫീൽഡ് പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ആശാ പ്രവർത്തകരെ സ്ഥിരപ്പെടുത്തണമെന്നും അത് നടപ്പിലാക്കുന്നതുവരെ 18,000 രൂപ മാസവതനം നൽകണമെന്നുമാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ നിരന്തരസമരത്തിലാണ്. എൽ.ഡി.എഫ് ഗവൺമെന്റിന്റെ ഒന്നാം വാർഷികത്തിന്റെ തലേന്ന്‌രാത്രി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാലം സമരം നടത്തിയവരുമായി ആരോഗ്യമന്ത്രി ഉണ്ടാക്കിയ ഒത്തുതീർപ്പിൽ ആദ്യപടിയെന്ന നിലയിൽ 7500 രൂപ ശമ്പളം നൽകാമെന്ന് പ്രഖ്യാപിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും മന്ത്രിയുടെ വാഗ്ദാനം നടപ്പിലാക്കപ്പെട്ടിട്ടില്ല. നിങ്ങൾ സന്നദ്ധപ്രവർത്തകരല്ലേ? നിങ്ങൾ ശമ്പളം ആവശ്യപ്പെടുന്നത് അന്യായമല്ലേ? എന്നാണ് മന്ത്രി ഇപ്പോൾ ചോദിക്കുന്നത്. ഇത് അങ്ങേയറ്റത്തെ വഞ്ചനയാണ്. സന്നദ്ധ പ്രവർത്തകരായ ആശാ വർക്കർമാർക്ക് എന്തിനാണ് ശമ്പളമെന്ന മന്ത്രിയുടെ ചോദ്യം ആശാ പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. 7500 രൂപ വർദ്ധനവ് ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകുമെന്ന് പറഞ്ഞ് ആശാ പ്രവർത്തകരെ സമരരംഗത്തുനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുകയുണ്ടായി. എന്നാൽ, ഇപ്പോൾ ലഭിക്കുന്ന 2000 രൂപ 7500 ആയി ഉയർത്തുന്നതിന് പകരം കേവലം 2000 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.

Share this