ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറം സാമ്രാജ്യത്വവിരുദ്ധ കൺവൻഷൻ സംഘടിപ്പിച്ചു.

Spread our news by sharing in social media

ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ സാമ്രാജ്യത്വവിരുദ്ധ കൺവൻഷൻ സംഘടിപ്പിച്ചു. ഫോറം അഖിലേന്ത്യാ നേതാക്കളിലൊരാളായ കെ.ശ്രീധർ (ആന്ധ്രാ പ്രദേശ്) കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതോടെ അമേരിക്കൻ സാമ്രാജ്യത്വം ലോകത്ത് യുദ്ധത്തിന്റെയും അശാന്തിയുടെയും നിഴൽ പരത്തുകയാണ്. അതിൽ ഒടുവിലത്തെ നീക്കമാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ച നടപടിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടും പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ തുടർച്ചയായുണ്ടാകുന്ന യുദ്ധങ്ങളും കലാപങ്ങളും യുദ്ധവ്യാപാരിയായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ വീണ്ടും കലാപമഴിച്ചുവിടാനും മേഖലയിലെ തങ്ങളുടെ ക്രിമിനൽ പങ്കാളിയായ ഇസ്രയേലിനെ പ്രീണിപ്പിക്കാനും മാത്രമേ പുതിയ നടപടിയും വഴിവയ്ക്കൂ. യുദ്ധവും സംഘർഷവും അളവറ്റ ഹാനി വരുത്തിവയ്ക്കുന്നത് ലോകത്തെവിടെയുമുള്ള അദ്ധ്വാനിച്ചു ജീവിക്കുന്ന പാവങ്ങളുടെ മേലാണ്. അതുകൊണ്ടുതന്നെ ശക്തമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിനുപിന്നിൽ അണിനിരക്കാനും പോരാടാനും നേരായി ചിന്തിക്കുന്ന മുഴുവൻ ജനങ്ങളും തയ്യാറാകണമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
ആന്റി ഇംപീരിയലിസ്റ്റ് ഫോറം സംസ്ഥാന വൈസ്പ്രസിഡന്റ് പ്രൊഫ. കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കൻ നടപടിയെ അപലപിച്ചുകൊണ്ടുള്ള പ്രമേയം സംസ്ഥാന നേതാക്കളിലൊരാളായ എസ്.ശേഖർ കൺവൻഷനിൽ അവതരിപ്പിച്ചു.

സംസ്ഥാന നേതാക്കളായ ഡോ.വി.വേണുഗോപാൽ, ഡോ.വിൻസന്റ് മാളിയേക്കൽ, അഡ്വ.മാത്യു വേളങ്ങാടൻ, ജി.എസ്.പത്മകുമാർ, കെ.കെ.ഗോപിനായർ, ടി.കെ.സുധീർകുമാർ എന്നിവർ പ്രസംഗിച്ചു.

Share this