ഇടതുപക്ഷ ഐക്യമുന്നണിയുടെ നയപ്രസ്താവന

Spread our news by sharing in social media

2016 ജനുവരി 28 ന് ആലുവയിലുള്ള എംസിപിഐ(യു) ഓഫീസില്‍വച്ച് ചേര്‍ന്ന എല്‍യുഎഫ് സംസ്ഥാന കമ്മിറ്റിയോഗം അംഗീകരിച്ച നയപ്രസ്താവനയാണ് താഴെ കൊടുക്കുന്നത്

2014 മാര്‍ച്ച് 12 ന് ആലപ്പുഴയില്‍ വച്ച് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍എംപി), സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്‍ഡ്യ (കമ്യൂണിസ്റ്റ്) (എസ്‌യുസിഐ(സി), മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ(യുണൈറ്റഡ്) (എംസിപിഐ(യു) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇടതുപക്ഷ ഐക്യമുന്നണി(എല്‍യുഎഫ്)ക്ക് രൂപം നല്‍കി. യഥാര്‍ത്ഥ ഇടതുപക്ഷ ബദല്‍ രാഷ്ട്രീയത്തിന് കരുത്തുപകരുന്നതിനും ശരിയായ ജനകീയ സമര രാഷ്ട്രീയം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് എല്‍യുഎഫിന് രൂപം നല്‍കിയത്. കുത്തക മൂലധനശക്തികള്‍ക്കുവേണ്ടി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരുമുള്‍പ്പെടെയുള്ള സാധാരണമനുഷ്യരുടെ ഉശിരന്‍ പോരാട്ടങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനാണ് ഇടതുപക്ഷ ഐക്യമുന്നണി ഊന്നല്‍ നല്‍കുന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ മുതലാളിത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഭയാനകമായ സാമ്പത്തിക അസമത്വവും ദാരിദ്ര്യവും തൊഴില്‍രാഹിത്യവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിന്‍ ഫലമായി കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം മുച്ചൂടും മുടിഞ്ഞുകഴിഞ്ഞു. ലോകത്തെങ്ങും ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ പോരാട്ടങ്ങള്‍ വളര്‍ന്നുവരുന്ന കാലഘട്ടമാണിത്. ലാറ്റിനമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ അതിശക്തമായ ഭരണവിരുദ്ധ ജനകീയ മുന്നേറ്റങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ നയങ്ങളുടെ ആഘാതം വന്‍തോതില്‍ നേരിടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇത്തരം ജനകീയ മുന്നേറ്റങ്ങള്‍ രൂപംകൊള്ളുന്നില്ല. ജനകീയ സമരരാഷ്ട്രീയം കൈവെടിയുകയും ഭരണവര്‍ഗ്ഗ താല്‍പ്പര്യങ്ങളുമായി സന്ധിചെയ്യുകയും ചെയ്ത വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന് പ്രധാന കാരണം. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ജനവികാരത്തെ മുതലെടുത്ത് സങ്കുചിതമായ പാര്‍ലമെന്ററി നേട്ടങ്ങള്‍ സൃഷ്ടിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമേ ഇക്കൂട്ടരുടെ സമരങ്ങള്‍ക്കുള്ളൂ. ജനങ്ങളുടെ മുന്നണിപ്പോരാളികളായി നിലയുറപ്പിക്കാന്‍ പരമ്പരാഗത ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്ന പശ്ചാത്തലത്തിലാണ്, വിട്ടുവീഴ്ചയില്ലാത്ത ആഗോളവല്‍ക്കരണവിരുദ്ധ പോരാട്ടങ്ങള്‍ വികസിപ്പിക്കുന്നതിനും ബദല്‍ ഇടതുപക്ഷ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഇടതുപക്ഷ ഐക്യമുന്നണിക്ക് രൂപം നല്‍കിയത്.

2014 മാര്‍ച്ച് 12 നുശേഷം ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഇടതുപക്ഷ ഐക്യമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. അന്യായമായ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരായ സമരം, റെയില്‍വേ ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരായ സമരം, റബര്‍ വിലയിടിവിനെതിരെ സംഘടിപ്പിച്ച കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ച്, യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ അതിഭീമമായ നികുതി -ചാര്‍ജ്ജ് വര്‍ദ്ധനവുകള്‍ക്കെതിരെ നടത്തിയ ആവേശകരമായ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും, വിലക്കയറ്റത്തിനും അഴിമതിക്കും ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ കളക്‌ട്രേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ച് തുടങ്ങി കേരളത്തില്‍ ജനകീയ സമര രാഷ്ട്രീയത്തെ വളര്‍ത്തുന്നതിനായി ശക്തമായ ഇടപെടലുകള്‍ ഇടതുപക്ഷ ഐക്യമുന്നണിയുടെ ഭാഗത്തുനിന്ന് നടത്തിയിട്ടുണ്ട്. 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 17 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കൊണ്ട് ഇടതു-വലതു ബിജെപി ചേരികളുടെ മുതലാളിത്താനുകൂല രാഷ്ട്രീയം തുറന്നുകാട്ടുകയും യഥാര്‍ത്ഥ ഇടതുരാഷ്ട്രീയത്തിന്റെ പാത അവതരിപ്പിക്കുകയും ചെയ്തു

ആലപ്പുഴ പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷ ഐക്യമുന്നണി ലക്ഷ്യമിട്ട ജനകീയ സമര രാഷ്ട്രീയ പ്രവര്‍ത്തനം വലിയ അളവില്‍ ശക്തിപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യേണ്ടുന്ന രാഷ്ട്രീയസാഹചര്യമാണ് ദേശീയ തലത്തിലും സംസ്ഥാനത്തും ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. സ്വദേശ-വിദേശ കുത്തകകളുടെ മാനസപുത്രനായ നരേന്ദ്ര മോദി അധികാരമേറ്റതോടെ കടിഞ്ഞാണില്ലാത്ത സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കാണ് തുടക്കം കുറിക്കപ്പെട്ടത്. ലോകമാര്‍ക്കറ്റിലെ വിലയുടെ വ്യതിയാനമനുസരിച്ച് പെട്രോള്‍ – ഡീസല്‍ വില ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ച വില നിര്‍ണ്ണയ സംവിധാനം, ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്‍ഡ്യയില്‍ ഒരു രൂപ പോലും കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. വിലയിടിവ് വഴി ഉണ്ടാകുന്ന ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 7 തവണ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചു! ലോകവിപണിയിലെ വിലനിലവാരമനുസരിച്ച് പെട്രോളിന് ലിറ്ററിന് 28.61 രൂപയ്ക്ക് വില്‍ക്കാമെന്നിരിക്കവെ രാജ്യത്ത് ഇപ്പോഴും പെട്രോളിന്റെ വില 63 രൂപയാണ്. റിലയന്‍സ് അടക്കമുള്ള ഭീമന്‍ കമ്പനികള്‍ക്ക് ജനങ്ങളുടെ പണം കുത്തിച്ചോര്‍ത്തുന്നതിനു വേണ്ടി മാത്രമാണ് മോദി സര്‍ക്കാര്‍ പെട്രോളിന് വില കുറയ്ക്കാന്‍ തയ്യാറാകാത്തത്. റെയില്‍വേ ചാര്‍ജ്ജിന്റെ രംഗത്ത് സമാനതകളില്ലാത്ത കുത്തിക്കവര്‍ച്ചയാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഡൈനാമിക് പ്രൈസിംഗ് എന്ന പേരില്‍ സ്‌പെഷ്യല്‍ ട്രെയിനുകളിലെയും സുവിധ ട്രെയിനുകളിലെയും ടിക്കറ്റ് ചാര്‍ജ്ജില്‍ 40 ശതമാനം മുതല്‍ 700 ശതമാനം വരെയാണ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിച്ചത്. ഡൈനാമിക് പ്രൈസിംഗ് മറ്റ് സാധാരണ എക്‌സ്പ്രസ്സ് ട്രെയിനുകളിലും നടപ്പാക്കുമെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. തല്‍ക്കാല്‍ ചാര്‍ജ്ജ്, ക്യാന്‍സലേഷന്‍ ചാര്‍ജ്ജ്, പ്ലാറ്റ്‌ഫോം ചാര്‍ജ്ജ്, തേര്‍ഡ് ക്ലാസ്സ് ടിക്കറ്റ് ചാര്‍ജ്ജ്, സര്‍വ്വീസ് ചാര്‍ജ്ജ് ഇവയെല്ലാം ഒരു നീതീകരണവുമില്ലാതെ കുത്തനെ വര്‍ദ്ധിപ്പിച്ചു. കൊച്ചു കുട്ടികള്‍ക്കുണ്ടായിരുന്ന യാത്രാ ഇളവ് പിന്‍വലിച്ചു. ഇളവുകളെല്ലാം ക്രമേണ പിന്‍വലിക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും ചിന്തിക്കാതിരുന്ന പിടിച്ചുപറിയാണ് റെയില്‍വേ ചാര്‍ജ്ജിന്റെ വര്‍ദ്ധനവിലൂടെ ജനങ്ങളുടെ മേല്‍ മോദി സര്‍ക്കാര്‍ നടത്തുന്നത്. ബജറ്റിലും പുറത്തുമായി റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് നിരവധി നടപടികള്‍ പ്രഖ്യാപിക്കുകയും അവയെല്ലാം ഒന്നൊഴിയാതെ നടപ്പാക്കുകയുമാണ് മോദി സര്‍ക്കാര്‍.

സേവനനികുതി 3 ശതമാനം വര്‍ദ്ധിപ്പിച്ചതിനുശേഷം സ്വഛഭാരത് സെസ്സ് എന്ന പുതിയ നികുതിയും നടപ്പാക്കി. ഉന്നത വിദ്യാഭ്യാസ സെസ്സ് ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വിവിധ സെസ്സുകളിലൂടെ പിരിച്ചെടുത്ത തുക മൂന്നുലക്ഷം കോടി രൂപയാണ്. ഈ തുക വക മാറ്റി ചെലവഴിച്ചതായി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷവും പുതിയ പേരുകളില്‍ സെസ്സുകളുടെ ബാധ്യതകള്‍ ജനങ്ങളുടെ ശിരസ്സില്‍ അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വിവരിക്കാനാവാത്ത പ്രതിസന്ധിയാണ് കര്‍ഷകരുടെ ജീവിതത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലും കര്‍ഷക ആത്മഹത്യ വേദനാകരമാംവിധം തുടരുന്നത്.

സാമ്പത്തികരംഗത്തെ ക്രൂരമായ ഈ നീക്കങ്ങള്‍ക്കൊപ്പം സാമൂഹ്യജീവിതത്തില്‍ സ്പര്‍ദ്ധയും അവിശ്വാസവും വിഭജനവും വളര്‍ത്തുന്ന നീക്കങ്ങളും ആസൂത്രിതമായി ഹിന്ദുത്വശക്തികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് വലിയതോതിലുള്ള വര്‍ഗ്ഗീയവല്‍ക്കരണം, ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നിരന്തരമായി തുടരുന്ന ആക്രമണങ്ങള്‍ ഇതെല്ലാം ജനാധിപത്യ -മതേതര ജീവിതവ്യവസ്ഥയ്ക്കുമേല്‍ ഗുരുതരമായ പരിക്കുകളേല്‍പ്പിക്കുന്നു. ഹരിയാനയില്‍ ദളിത് കുടുംബത്തെ ചുട്ടെരിച്ചതിനു പിറകെയാണ് രോഹിത് വെമുല എന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ ജീവഹത്യയിലേക്ക് തള്ളിവിട്ടത്. ഇതിനെല്ലാമെതിരെ അതിശക്തമായ ജനകീയസമരങ്ങള്‍ രൂപപ്പെടുത്താനും കോര്‍പ്പറേറ്റ് ഫാസിസത്തിനെതിരായ ഇന്‍ഡ്യന്‍ സമരോല്‍സുകത കെട്ടഴിച്ചുവിടാനുമാണ് എല്‍യുഎഫ് പരിശ്രമിക്കുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരുമുന്നണികളും ബിജെപിയും ജാഥകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ജാഥകള്‍ ഉയര്‍ത്തുന്ന വിചിത്ര മുദ്രാവാക്യങ്ങളില്‍ അത്ഭുതകരമായ സാദൃശ്യമാണ് നാമിന്നു കാണുന്നത്. ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളൊന്നും ഈ ജാഥയ്ക്ക് വിഷയമേയല്ല. കോണ്‍ഗ്രസ്സ് നയിക്കുന്ന യു.ഡി.എഫ് ഭരണം ജനദ്രോഹനയങ്ങളുടെയും അഴിമതിയുടെയും പ്രതിരൂപമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തെ ഭരണകാലയളവിനുള്ളില്‍ 3 തവണ വൈദ്യുതി ചാര്‍ജ്ജും 2 തവണ ബസ് ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 10 മടങ്ങ് വരെ വര്‍ദ്ധിപ്പിച്ചു. ഏറ്റവുമൊടുവില്‍ ഭൂമി രജിസ്‌ട്രേഷന്റെ ചാര്‍ജ്ജ് 50 ശതമാനമായി ഉയര്‍ത്തുകയുണ്ടായി. നികുതികളും കരങ്ങളും 300 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. പൊതുജനാരോഗ്യരംഗം അടിമുടി രോഗാതുരമായി. താലൂക്ക് ആശുപത്രികളുടെ അത്രപോലും സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ലാതെ സംസ്ഥാനത്ത് ആരംഭിച്ച മെഡിക്കല്‍ കോളേജുകള്‍, നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പോലും താറുമാറാക്കാനിട വരുത്തി. വിദ്യാഭ്യാസരംഗം വീണ്ടും താഴേക്ക് കൂപ്പുകുത്തി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാലും വ്യാജയോഗ്യത അവകാശപ്പെട്ടതിനാലും വി.സിമാര്‍ രാജിവച്ചു പോകേണ്ടി വന്നു. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍മാര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ടു. സര്‍വ്വകലാശാലകള്‍ ഇപ്രകാരം വിലകെട്ട് തകര്‍ന്നപ്പോള്‍ കോളേജുകള്‍, സ്വയംഭരണ സ്ഥാപനങ്ങളായും സര്‍വ്വകലാശാലകളായും ‘വളര്‍ന്നു’. അക്കാദമിക വര്‍ഷത്തിന്റെ ഒടുവില്‍ പോലും പാഠപുസ്തകം ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍ ഈ മേഖലയില്‍ നിന്ന് അഴിമതിയും കമ്മീഷനും വഴി കോടികള്‍ ഭരണതലപ്പത്തേക്ക് ഒഴുകി. അഴിമതിക്കേസ്സുകളില്‍ ഭരണനേതൃത്വം നാണംകെട്ട നിലയില്‍ കോടതിയില്‍ നിന്നും കോടതികളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. ഈ ദുര്‍ഗന്ധം വമിക്കുന്ന ഭരണത്തിനെതിരെ തത്വാധിഷ്ഠിതമായ ഒരു ജനകീയ മുന്നേറ്റം വളര്‍ത്താന്‍ വ്യവസ്ഥാപിത ഇടതുപക്ഷം നയിക്കുന്ന പ്രതിപക്ഷം പരിശ്രമിക്കുന്നതേയില്ല. ജനങ്ങളുടെ നിരന്തര വെറുപ്പിന് പാത്രമായി ഈ സര്‍ക്കാര്‍ പോവുമ്പോള്‍ മെയ്യനങ്ങാതെ തല്‍സ്ഥാനത്ത് ഇരുപ്പുറപ്പിക്കാന്‍ തക്കം കാത്തിരിക്കുകയാണ് ഇക്കൂട്ടര്‍. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ കടമ വിസ്മരിച്ച് എന്ത് നെറിവ് കെട്ട മാര്‍ഗ്ഗത്തിലൂടെയും അധികാരത്തിന്റെ പിന്നാലെ പായുകയാണിവര്‍.

സാധാരണ ജനങ്ങളും തൊഴിലാളികളും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ പ്രതിഫലനമാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 2-ന്റെ ദേശീയ പണിമുടക്കില്‍ ഉണ്ടായത്. ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യപ്രക്ഷോഭത്തെ പ്രാണനെപ്പോലെ ഗണിക്കുന്ന ഒരു രാഷ്ട്രീയ ശക്തി ഇവിടെ ഉയര്‍ന്നു വന്നേ മതിയാകൂ. കേവലമൊരു സര്‍ക്കാര്‍ മാറ്റമല്ല, സര്‍ക്കാരുകളെ നേര്‍വഴിക്ക് നയിക്കാന്‍ കരുത്തുള്ള ജനകീയ പ്രബുദ്ധത സൃഷ്ടിക്കുകയാണ് അടിയന്തര കടമ. ഈ കടമ നിര്‍വ്വഹിക്കാന്‍ ഇടതുപക്ഷ ഐക്യമുന്നണി പ്രതിജ്ഞാബദ്ധമായി മുന്നേറുകയാണ്. നിയോലിബറല്‍ നയങ്ങള്‍ അനുദിനം ശക്തിപ്പെടുത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് എല്‍.യു.എഫ് നേതൃത്വം നല്‍കും.

Share this