ഇടതുപക്ഷ ഐക്യമുന്നണി തൃശൂര്‍ ജില്ലാകണ്‍വന്‍ഷന്‍

LUF Trichur District Convention. Com KK Rema (RMP) Inaugurates
Spread our news by sharing in social media

തൃശൂര്‍, ജൂണ്‍ 22
അരുവിക്കര തെരഞ്ഞടുപ്പില്‍ ഒരു മുന്നണിയും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തെരഞ്ഞടുപ്പ്‌ വിഷയമാക്കുന്നില്ലെന്ന്‌ കെ.കെ.രമ പ്രസ്‌താവിച്ചു. ഇടതുപക്ഷ ഐക്യമുന്നണി തൃശൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ സാഹിത്യഅക്കാദമി ഹാളില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു കെ.കെ. രമ.
രാഷ്‌ട്രീയ ജീര്‍ണ്ണത നിറഞ്ഞ മുന്നു മുന്നണികളാണ്‌ പ്രധാനമായും അരുവിക്കരയില്‍ മല്‍സരിക്കുന്നത്‌. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തില്‍ നേതാക്കളും പാര്‍ട്ടികളും പരസരം മല്‍സരിക്കുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌. രാഷ്‌ട്രീയത്തില്‍ പുതിയ മൂല്യബോധങ്ങള്‍ ഉയര്‍ന്ന്‌ വരണം. നരേന്ദ്രമോദിയുടെ ഒരു വര്‍ഷത്തെ ഭരണം കോര്‍പ്പറേറ്റ്‌ ദാസ്യത്തിന്റേതാണെന്നും യുപിഎ യെ കടത്തിവെട്ടുന്ന ജനവിരുദ്ധ നിലപാടുകളാണ്‌ മോദിയും പിന്‍തുടരുന്നതെന്നും അതിനാല്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ശക്തമായ പ്രക്ഷോഭണം ഉയര്‍ന്നുവരണമെന്നും. സഖാവ്‌ കെ.കെ.രമ പറഞ്ഞു.

അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം വേണമെന്നും ജനദ്രോഹ നയങ്ങള്‍ക്ക്‌ അറുതിവരുത്തണമെന്നും ആവശ്യപ്പെട്ട്‌ എല്‍യുഎഫ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ വിജയിപ്പിക്കുവാന്‍ കണ്‍വെഷന്‍ തീരുമാനിച്ചു. സുവിധ, പ്രീമിയം ട്രെയിനുകളും തല്‍ക്കാല്‍ നിരക്കുകളും വഴി യാത്രക്കാരെ കൊള്ളയടിക്കുന്ന റെയില്‍വേയുടെ നടപടി അവസാനിപ്പിക്കണമെന്ന്‌ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

ആര്‍.എംപി സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍ സന്തോഷ്‌ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ചെയര്‍മാന്‍ കെ.എസ്‌. ഹരിഹരന്‍ കണ്‍വീനര്‍ ഡോ.വി.വേണുഗോപാല്‍, വൈസ്‌പ്രസിഡന്റ്‌ കെ.ആര്‍.സദാനന്ദന്‍ എന്നിവരും, ആര്‍.എം.പി ജില്ലാ സെക്രട്ടറി പി.ജെ.മോന്‍സി, എസ്‌.യു.സി. ഐ കമ്മ്യുണിസ്റ്റ്‌ സംസ്ഥാന കമ്മിറ്റിയംഗം ടി..കെ സുധീര്‍കുമാര്‍, എം.സി.പി.ഐ. (യു) ജില്ലാ സെക്രട്ടറി പി.ആര്‍.സിദ്ധാര്‍ത്ഥന്‍, ഡോ. പി.എസ്‌.ബാബു എന്നിവര്‍ പ്രസംഗിച്ചു. പി.ജെ.മോന്‍സി പ്രസിഡന്റായും ഡോ.പി.എസ്‌.ബാബു സെക്രട്ടറിയായും പി.ആര്‍.സിദ്ധാര്‍ത്ഥന്‍ വൈസ്‌ പ്രസിഡന്റുമായി 12 അംഗ പുതിയ എല്‍.യു.എഫ്‌ ജില്ലാക്കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

Share this