ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

Spread our news by sharing in social media

ജനസമരങ്ങള്‍ക്കും ഇടതുപക്ഷ മുന്നേറ്റത്തിനും പുതിയദിശാബോധം പകര്‍ന്ന്
ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

കേരളത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍, ഇടതുപക്ഷ പ്രവര്‍ത്തകരുടെ കടമകളും ഉത്തരവാദിത്വവും വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിക്കുന്നതിനുംവേണ്ടി ഇടതുപക്ഷ ഐക്യമുന്നണി(എല്‍യുഎഫ്)യുടെ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജൂണ്‍ 30ന് രാവിലെ 10 മണിക്ക് എറണാകുളം ശിക്ഷക് സദനില്‍ നടന്നു. ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ചെയര്‍മാനും ആര്‍എംപി സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ സഖാവ് കെ.എസ്.ഹരിഹരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ എംസിപിഐ(യു) സംസ്ഥാന സെക്രട്ടറി സഖാവ് ടി.എസ്.നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

”നമ്മുടെ രാജ്യത്തും ലോകത്തുള്ള എല്ലാ മുതലാളിത്ത രാജ്യങ്ങളിലുമുള്ളതുപോലെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോയതും, ഫ്രാന്‍സില്‍ ദിവസങ്ങളായി നടക്കുന്ന തൊഴിലാളി പ്രക്ഷോഭണങ്ങളുമെല്ലാം കാണിക്കുന്നത് ലോകമുതലാളിത്ത സമ്പദ്ഘടന വലിയൊരു സാമ്പത്തിക പൊതുകുഴപ്പത്തെ നേരിടുന്നുവെന്നാണ്. ബംഗാളില്‍ വര്‍ഗ്ഗ ശത്രുവായ കോണ്‍ഗ്രസ്സിന്റെ കൂടെ സിപിഐ(എം) ചേര്‍ന്നതുവഴി അവര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിതം വിലക്കയറ്റവും ചാര്‍ജ്ജ് വര്‍ദ്ധനയും കൊണ്ട് വഴിമുട്ടിനില്‍ക്കുമ്പോളും സംസ്ഥാനത്തിന്റെ മൗലികപ്രശ്‌നങ്ങള്‍ക്കൊന്നും നിലനില്‍ക്കുന്ന മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയില്‍ പരിഹാരം കാണാന്‍ കഴിയില്ലായെന്നിരിക്കെ, ‘എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവുമെന്ന’ തെറ്റായ വലതുപക്ഷ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നിരിക്കുന്നത്. എന്നാല്‍, സാധാരണ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള പോംവഴി, ജനങ്ങളുടെ യോജിച്ച സമരം വളര്‍ത്തിയെടുക്കുകയെന്നതാണ്; അതിലൂടെ മാത്രമേ ജനങ്ങളുടെ ഡിമാന്റുകള്‍ നേടിയെടുക്കാനും കഴിയൂ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് സഖാവ് ടി.എസ്. നാരായണന്‍ മാസ്റ്റര്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചു.

കണ്‍വന്‍ഷന്റെ അജണ്ട അവതരിപ്പിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്നണി സംസ്ഥാന കണ്‍വീനറുമായ ഡോ: വി.വേണുഗോപാല്‍ പ്രസംഗിച്ചു. ഇന്ന് ഇടതുപക്ഷ ഐക്യമുന്നണി കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായൊരു സാന്നിദ്ധ്യമായി മാറിയിട്ടുണ്ട്. അതീവ ഗുരുതരമായൊരു രാഷ്ട്രീയ പരിതസ്ഥിതിയാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ക്കനുകൂലമായതെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് കോര്‍പ്പറേറ്റ് മൂലധനത്തിന് കടന്നുവരാനുള്ള വേദിയൊരുക്കുകയാണ് കേരളത്തില്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആ രംഗത്തേയ്ക്ക് നാം കടന്നുവന്ന് ശരിയായ ഇടതുപക്ഷ സമരരാഷ്ട്രീയം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഒരു രാജ്യത്ത് തൊഴിലാളിവര്‍ഗ്ഗ വിപ്ലവമുന്നേറ്റത്തില്‍ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ ആവശ്യകത കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈയൊരു രാഷ്ട്രീയ കാഴ്ചപ്പാടോടെ ജില്ലാതലം മുതല്‍ പ്രാദേശിക തലംവരെ എല്‍യുഎഫിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും സ്വയം വിമര്‍ശനങ്ങളും ഈ കണ്‍വെന്‍ഷനില്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പതിനാല് ജില്ലകളില്‍ നിന്നുമുള്ള ഇടതുപക്ഷ ഐക്യമുന്നണിയുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പങ്കെടുത്തു. മറ്റു ജില്ലാനേതാക്കളും പ്രവര്‍ത്തകരും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.
കേരളത്തില്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍, യഥാര്‍ത്ഥത്തില്‍ വലതുപക്ഷനയങ്ങളാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ രാഷ്ട്രീയസ്ഥിതി തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് വളര്‍ന്നുവരാനുള്ള സാഹചര്യമൊരുക്കുന്നതാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി സഖാവ് എന്‍.വേണു പറഞ്ഞു. എല്ലാ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സമരരംഗത്ത് അണിനിരക്കാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.

സംസ്ഥാനനേതാക്കളായ സഖാക്കള്‍ ടി.എല്‍.സന്തോഷ്, കെ.ആര്‍.സദാനന്ദന്‍, ജി.എസ്. പത്മകുമാര്‍, ജയ്‌സണ്‍ ജോസഫ് എന്നിവരും പ്രസംഗിച്ചു. ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വന്‍ഷന്‍ രൂപം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 26 ന് ജില്ലാ തലത്തില്‍ സമരപരിപാടികള്‍ നടത്തുവാനും തീരുമാനിച്ചു. പ്രവര്‍ത്തകരില്‍ പുതിയൊരു സമരോന്മേഷം പകര്‍ന്നു നല്‍കാന്‍ കണ്‍വെന്‍ഷന് കഴിഞ്ഞു. സഖാവ് ഇ.കെ.മുരളി സ്വാഗതവും സഖാവ് പി.എം.ദിനേശന്‍ നന്ദിയും രേഖപ്പെടുത്തി.

Share this