ഇടതു നേതാക്കളോടും അണികളോടും ഒരഭ്യര്‍ത്ഥന: വര്‍ഗ്ഗീയഭ്രാന്തിനെതിരെ ബൃഹത്തായ ജനാധിപത്യ മുന്നേറ്റം സൃഷ്ടിക്കുക

Spread our news by sharing in social media

 

നമ്മുടെ സംസ്ഥാനത്തിന്റെ മണ്ണില്‍ വര്‍ഗ്ഗീയ വികാരവും അന്യമതവെറിയും അന്ധമായ മതാഭിമുഖ്യവും വളരുന്ന സാഹചര്യത്തെ ഇടതുപ്രസ്ഥാനങ്ങളുടെ നേതൃത്വം ഗൗരവപൂര്‍വ്വം വീക്ഷിക്കുന്നു എന്ന എന്ന വിലയിരുത്തലിലാണ് ഈ അഭ്യര്‍ത്ഥന പ്രസിദ്ധീകരിക്കുന്നത്. വര്‍ഗ്ഗീയ ശക്തികള്‍ സൃഷ്ടിക്കുന്ന ആപത്കരമായ സാമൂഹ്യസാഹചര്യത്തെ പ്രതി കേരളത്തിലെ ജനാധിപത്യവിശ്വാസികളും മനുഷ്യസ്‌നേഹികളും പേറുന്ന ഉല്‍ക്കണ്ഠയും ഹൃദയവേദനയും അളവറ്റതാണ്. മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത നാളുകള്‍ സൃഷ്ടിച്ച ഫാസിസ്റ്റ് വാഴ്ചയുടെ പ്രവണതകള്‍ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും ശക്തിപ്പെടുന്നുവെന്നാണ് സമീപകാല സംഭവങ്ങളും ജനൈക്യത്തിനു നേരെയുള്ള ആക്രോശങ്ങളും വ്യക്തമാക്കുന്നത്. ചരിത്രപരമായ കടമ നിറവേറ്റുവാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ മുന്നോട്ടുവരേണ്ട ഈ സാഹചര്യത്തില്‍ അതിന് കളമൊരുക്കുവിധം ഒരാത്മവിമര്‍ശനത്തിന് സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് ആദ്യമേ തന്നെ അഭ്യര്‍ത്ഥിക്കട്ടെ.

തൊലിപ്പുറമേയുള്ള ചികില്‍സ കൊണ്ട് ഭേദപ്പെടുത്താവുന്ന സ്ഥിതിയിലല്ല രോഗം. അതിനാല്‍ ആഴമാര്‍ന്ന പരിശോധനയ്ക്കും ആത്മാര്‍ത്ഥമായ തിരുത്തലുകള്‍ക്കും ഇടതുപ്രസ്ഥാനങ്ങള്‍ തയ്യാറാകണം.
എന്തുവില നല്‍കിയും ജനതയുടെ ഐക്യം നിലനിര്‍ത്താനായി ജനാധിപത്യ അന്തരീക്ഷം സംരക്ഷിക്കുക എന്ന ലക്ഷ്യം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു സംവാദത്തിന് ഇടതുപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ മണ്ണിന്റെ നവോത്ഥാനനായകന്മാര്‍ കല്ലിനുമേല്‍ കല്ല് വച്ച് പണിതുയര്‍ത്തിയ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെയും ജനൈക്യത്തെയും പ്രാണനെപ്പാലെ കാത്തുപുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു ജനാധിപത്യമുന്നേറ്റത്തിന്റെ ആശയതലം രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള ചര്‍ച്ചയുടെ തുടക്കമെന്ന നിലയിലാണ് ഈ അഭ്യര്‍ത്ഥന പ്രസിദ്ധീകരിക്കുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച അനുകൂലമായ വിധിയെഴുത്തിന്റെ സാഹചര്യം പ്രയോജനപ്പെടുത്തിയും വര്‍ഗ്ഗീയ പ്രചാരണം ഊര്‍ജ്ജിതമാക്കിയും കേരളത്തില്‍ വേരുറപ്പിക്കാന്‍ ബിജെപി പരിശ്രമിക്കുകയാണെന്ന് ഏവര്‍ക്കും അറിയാമല്ലോ. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിന്റെ ശതമാനം സാരമായി ഉയര്‍ത്താന്‍ കേരളത്തില്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ട് അവര്‍ നേടുകയുണ്ടായി. ഏറ്റവും ഒടുവില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ മനക്കോട്ട കെട്ടിയ പോലെയും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അവര്‍ക്ക് കനിഞ്ഞ് പ്രവചിച്ചതു പോലെയും നേടാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സീറ്റുകളുടെ മൂന്നിരട്ടി എണ്ണത്തില്‍ ഇക്കുറി മല്‍സരിക്കാനും കഴിഞ്ഞതവണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വോട്ടിന്റെ എണ്ണത്തിലെ വര്‍ദ്ധന എന്ന വിഷയത്തേക്കാളും ആശങ്കപ്പെടുത്തുന്നത് നമ്മുടെ സംസ്ഥാനത്ത് രൂപപ്പെട്ടുവരുന്ന സ്പര്‍ദ്ധയുടേയും വിദ്വേഷത്തിന്റെയും സാമൂഹ്യ അന്തരീക്ഷമാണ്. യുക്തിബോധവും ശാസ്ത്രീയവീക്ഷണവും വലിയ അളവില്‍ ഒലിച്ചുപോകുന്നു.

മതവികാരം ആളിക്കത്തിക്കാന്‍ എന്തും പറയാമെന്നതായിരിക്കുന്നു സ്ഥിതി. നേതൃത്വത്തിലിരിക്കുന്നവര്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്നുവെന്നു മാത്രമല്ല, സമൂഹത്തില്‍ ഒരു പിടി ആളുകളെ അത് സ്വാധീനിക്കുകയും ചെയ്യുന്നു എന്നതിലാണ് അപകടം. വടക്കേന്ത്യയില്‍ ആയിരക്കണക്കിന് സാധാരണ പൗരന്മാര്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ ചാരമായി മാറിയപ്പോഴും അതില്‍ നിന്നും വേറിട്ട അസ്തിത്വം പ്രദര്‍ശിപ്പിച്ച കേരളത്തെ ഇപ്രകാരം നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ അജണ്ട നടപ്പാക്കാനാകില്ലെന്ന് സംഘപരിവാര്‍ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവും കേരളത്തിന്റെ മതാതീതമായ സാമൂഹ്യാന്തരീക്ഷത്തോടുള്ള വിദ്വേഷവും രോഷവുമാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കേരളത്തെ പുലഭ്യം പറഞ്ഞുകൊണ്ട് എഴുതിയ ലേഖനത്തില്‍ പ്രകടമാകുന്നത്. അതിനാല്‍ നിലവില്‍ കൈക്കൊണ്ടിട്ടുള്ള വര്‍ഗ്ഗീയതയുടെയും മതവെറിയുടെയും പ്രചാരണം പോരാ എന്ന തിരിച്ചറിവിലാണ് ബിജെപിയും സംഘപരിവാറും. ഏറ്റവുമൊടുവില്‍ വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്നതില്‍ എക്കാലത്തും മുമ്പില്‍ നിന്നിട്ടുള്ള കുമ്മനം രാജശേഖരനെപ്പോലെ ഒരാളെ സംസ്ഥാന അദ്ധ്യക്ഷനാക്കിയതുവഴി അവര്‍ കേരളത്തിനായി തയ്യാറാക്കുന്ന അജണ്ടയെന്താണെന്ന് വ്യക്തമായിരിക്കുകയാണ്.

കേരളത്തില്‍ ഇത്തരമൊരു സമൂഹ്യ സാഹചര്യം എങ്ങിനെ രൂപപ്പെടുന്നുവെന്ന് ഈ വൈകിയ വേളയിലെങ്കിലും വിലയിരുത്താന്‍ ഇടതുപ്രസ്ഥാനങ്ങള്‍ ആത്മാര്‍ത്ഥമായി തയ്യാറാകണം. പരാധീനതകളോടെയെങ്കിലും നിലനിന്നിരുന്ന മതേതരമൂല്യങ്ങളുടെയും മതാതീതമായ സാഹോദര്യത്തിന്റെയും സാമൂഹ്യഅന്തരീക്ഷം ക്രമേണ അപ്രത്യക്ഷമാകുന്നതെന്തുകൊണ്ടെന്ന് നാം ഗൗരവപൂര്‍വ്വം വിലയിരുത്തണം. ജനാധിപത്യ – മതേതര മനോഭാവവും സംസ്‌കാരവും ബലപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു ജനാധിപത്യമുന്നേറ്റം ചിട്ടയായി വളര്‍ത്തിയെടുക്കുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് ഇന്നത്തെ ഈ പതനത്തിന്റെ മുഖ്യകാരണം. ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്‌നങ്ങളെ ആധാരമാക്കി പടുത്തുയര്‍ത്തേണ്ടുന്ന ജനാധിപത്യ സമരങ്ങളിലൂടെ മാത്രമേ ജനങ്ങളുടെ പ്രബുദ്ധതയും നിലവാരവും ഉയര്‍ത്താന്‍ കഴിയൂ. പാര്‍ലമെന്ററി ലക്ഷ്യത്തോടെ, മുന്‍കൂര്‍ തയ്യാറാക്കിയ ഒരു തിരക്കഥ പ്രകാരം പാര്‍ട്ടി അംഗങ്ങളായ കുറെപ്പേരെ അണിനിരത്തി നടത്തുന്ന അനുഷ്ഠാന സമരങ്ങളല്ല, യഥാര്‍ത്ഥ ജനകീയ പ്രക്ഷോഭങ്ങള്‍.

കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ ഈ സ്വഭാവത്തിലുള്ളതാണെന്ന് വിനയപൂര്‍വ്വം ഞങ്ങള്‍ പറയട്ടെ. ഇത്തരം സമരങ്ങള്‍ക്ക് വളരെ പരിമിതവും സങ്കുചിതവുമായ ലക്ഷ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാലാണ് ഈ പ്രസ്ഥാനങ്ങള്‍ക്കു പുറമേ നിന്ന് ഒരാളുപോലും ഈ സമരങ്ങളില്‍ അണിചേരാത്തത്. സാധാരണ ജനങ്ങള്‍ സമരങ്ങളില്‍ നിന്ന് ഇപ്രകാരം ക്രമേണ അകന്നുപോകുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ നിരാശയും സാമൂഹ്യനിരാസവും നിഷ്‌ക്രിയതയും വര്‍ദ്ധിക്കുന്നു. വര്‍ഗ്ഗീയ ഭ്രാന്തന്‍ പ്രസ്ഥാനങ്ങള്‍ക്ക് വളരെ എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്നവരായി ജനങ്ങള്‍ അങ്ങിനെ മാറുന്നു.
മറിച്ച് ഉന്നതമായ സാംസ്‌കാരിക – ധാര്‍മ്മിക മൂല്യങ്ങളെ ആധാരമാക്കി, തികച്ചും സത്യസന്ധമായ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഒരു പ്രക്ഷോഭം, ജാതി-മത -പ്രദേശ-ഭാഷാ വ്യത്യാസങ്ങളെ മുഴുവന്‍ നിഷ്പ്രഭമാക്കും. പോരാട്ടരംഗത്തുനിന്ന് ജനങ്ങള്‍ ജീവിതപ്രശ്‌നങ്ങളുടെ മൂലകാരണം തിരിച്ചറിയും. ഇതര മതവിശ്വാസികളല്ല, സാമ്പത്തികചൂഷണത്തിന് നേതൃത്വം നല്‍കുന്ന സാമൂഹ്യവ്യവസ്ഥയാണ് തന്റെ ശത്രുവെന്നുമുള്ള അതീവ പ്രാധാന്യമേറിയ രാഷ്ട്രീയവിദ്യാഭ്യാസം സമരഭൂമിയില്‍ നിന്നും സാധാരണജനങ്ങള്‍ ആര്‍ജ്ജിക്കും. അങ്ങിനെ ചുറ്റുപാടിനെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണാന്‍ പരിശീലനം നേടുന്ന ജനങ്ങള്‍ യുക്തിരാഹിത്യത്തില്‍ നിന്നും മായക്കാഴ്ചകളില്‍ നിന്നും ക്രമേണ വിടുതല്‍ നേടും. ഈ യാഥാര്‍ത്ഥ്യബോധത്തെ ശാസ്ത്രബോധത്തോടും യുക്തിചിന്തയോടും സ്വഭാവികമായി വിളക്കിച്ചേര്‍ക്കാന്‍ സമരനേതൃത്വത്തിന് കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രബുദ്ധതയും ചിന്താശേഷിയും ക്രമേണ വളര്‍ന്നുമുന്നേറും. അവരെ അന്ധതയിലേക്കും അന്യമതവെറിയിലേക്കും നയിക്കാന്‍ ഒരു ശക്തിക്കുമാകില്ല. പ്രസ്തുത പ്രക്ഷോഭം സൃഷ്ടിക്കുന്ന നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും ജനങ്ങളെ കരുത്തരാക്കും. ഉന്നതമായ ജനാധിപത്യപ്രക്ഷോഭങ്ങള്‍ പ്രസരിപ്പിക്കുന്ന മൂല്യങ്ങള്‍ ജനങ്ങളെയാകെ സ്പര്‍ശിക്കുന്ന ഒന്നായി വളരുന്നതോടെ ഒരു പുതുശക്തിയായി ജനത മാറും. വര്‍ഗ്ഗീയ – വിഭാഗീയ വികാരങ്ങള്‍ക്ക് സ്വാധീനിക്കാനാവാത്തവിധം അറിവും സംസ്‌കാരവും പ്രബുദ്ധതയും യുക്തിബോധവും നേടിയ ഒരു ജനതയെ ഇപ്രകാരം വാര്‍ത്തെടുക്കുക എന്നത് മാത്രമാണ് വര്‍ഗ്ഗീയതയെ ചെറുക്കാനുള്ള ഏറ്റവും ശാസ്തീയമായ മാര്‍ഗ്ഗം. ആഴമാര്‍ന്ന ഇത്തരം ഉള്ളടക്കമുള്ള ഒരു പ്രക്ഷോഭത്തിന്റെ കര്‍മ്മപരിപാടി എന്നെങ്കിലും ഇടതുപ്രസ്ഥാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ എന്ന് ആത്മാര്‍ത്ഥമായി പരിശോധിക്കാന്‍ ഇടതു നേതൃത്വം തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ചരിത്രപ്രധാനമായ ഈ കടമ നിര്‍വ്വഹിക്കുവാന്‍ ഇടതുപ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടു എന്നു മാത്രമല്ല, ജനങ്ങള്‍ സ്വന്തം മുന്‍കൈയില്‍ വളര്‍ത്തിയെടുത്ത ചെറുതും വലുതുമായ ജനകീയസമരങ്ങളെ ഇടതുപ്രസ്ഥാനങ്ങള്‍ തള്ളിപ്പറയുകയോ തകര്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിനീതമായ അഭിപ്രായം. അത് സംസ്ഥാനത്തിന്റെ ജനാധിപത്യക്രമത്തിന് ഏല്‍പ്പിച്ച ആഘാതം നിസ്സാരമല്ല.
സംസ്ഥാനത്തിന്റെ തിരിച്ചുപോക്കിന്റെ മറ്റൊരു കാരണം കേരളത്തിലെ ഇടതുപ്രസ്ഥാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ള ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനശൈലിയാണ്. രാഷ്ട്രീയ നയങ്ങളും നിലപാടുകളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാഗ്രഹിക്കുന്ന വലതുപ്രസ്ഥാനങ്ങള്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയം സ്വീകരിക്കുമെന്നത് അസ്വഭാവികമായ ഒന്നല്ല. എന്നാല്‍ അതിനെ നേരിടാനാണെന്ന പേരില്‍ ഇടതുപ്രസ്ഥാനങ്ങള്‍ അക്രമത്തിന്റെയും കയ്യൂക്കിന്റെയും മാര്‍ഗ്ഗം അവലംബിച്ചാല്‍ വലതുപ്രസ്ഥാനങ്ങളില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഇവര്‍ക്കുണ്ടാവുക? എത്ര പ്രകോപനമുണ്ടായാലും ആരോഗ്യകരമായ ചര്‍ച്ചയുടെയും രാഷ്ട്രീയസംവാദത്തിന്റെയും അന്തരീക്ഷത്തെ മുറുകെപ്പിടിച്ചുകൊണ്ട്, വലതുപ്രസ്ഥാനങ്ങളെ തുറന്നുകാണിക്കുകയാണ് ഇടതു പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ കടമ. ഇത് പൂര്‍ണ്ണമായും വിസ്മരിച്ചുകൊണ്ട്, രാഷ്ട്രീയ എതിരാളികളെ കയ്യൂക്കിനും കൊലക്കത്തിയ്ക്കും ഇരയാക്കുക എന്ന ഫാസിസ്റ്റ് സമീപനം ഇടതുപ്രസ്ഥാനങ്ങള്‍ വിശിഷ്യാ സിപിഐ(എം) സ്വീകരിച്ചതാണ് ബിജെപിയ്ക്കും ആര്‍എസ്എസിനും കാലുറപ്പിക്കാനുള്ള സാഹചര്യം ഒരു പരിധി വരെ ഉണ്ടാക്കിയത് . ചര്‍ച്ചയും സംവാദവും കേന്ദ്രസ്ഥാനത്തുള്ള ജനാധിപത്യ അന്തരീക്ഷം പിറകോട്ടടിക്കപ്പെട്ട് അവിടെ ഏകാധിപത്യവും അന്ധതയും യുക്തിരാഹിത്യവും പിടിമുറുക്കിയപ്പോള്‍ അത് ബിജെപിയുടെയും ആര്‍എസ്എസിന്റെ യും കുതിപ്പിന് വഴിയൊരുക്കി. ഈ വസ്തുത തിരിച്ചറിയാനും അംഗീകരിക്കാനും ഇടതുപ്രസ്ഥാനങ്ങള്‍ തയ്യാറാകണം. ജനാധിപത്യ അന്തരീക്ഷത്തിന് ആഴമാര്‍ന്ന ക്ഷതമേല്‍പ്പിച്ച ഇടതുപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനശൈലി സമ്പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ ഇടതുകക്ഷികള്‍ തയ്യാറാകണം.

മറ്റൊരു സുപ്രധാന വിഷയം ഇടതു നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് അധികാരത്തിലെത്തുമ്പോള്‍ കൈക്കൊള്ളുന്ന നയങ്ങളെ സംബന്ധിച്ചാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലുമായി നടപ്പാക്കപ്പെടുന്ന മുതലാളിത്ത അനുകൂല നവ ലിബറല്‍ നയങ്ങള്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയിട്ടുള്ള വേളകളില്‍ യുഡിഎഫിനെപ്പോലെ തന്നെ ഇടതുമുന്നണിയും നടപ്പാക്കിയിട്ടുണ്ടെന്നത് ജനങ്ങളുടെ ജീവിതാനുഭവമാണ്. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമവായം ഒരു യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഒട്ടനവധി ഉദാഹരണങ്ങള്‍ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടാനുണ്ട്. സ്ഥല പരിമിതി മൂലം അതിലേക്ക് പ്രവേശിക്കുന്നില്ല. അഴിമതിയും ജനവിരുദ്ധതയും ചാര്‍ജ്ജ് വര്‍ദ്ധനവുകളും വിലക്കയറ്റം സൃഷ്ടിക്കുന്ന നടപടികളും ഇരുമുന്നണികളുടെയും സമാന അജണ്ടയാണെന്ന തിരിച്ചറിവ് സൃഷ്ടിച്ചിട്ടുള്ള നിരാശയും രോഷവും മൂന്നാമത് ഒരു ബദലിനെ അന്വേഷിക്കാന്‍ ജനങ്ങളെ ശക്തമായി പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം മുതലാളിത്തശക്തികളുടെ സഹായത്തോടെ പ്രയോജനപ്പെടുത്താന്‍ ബിജെപി പരിശ്രമിക്കുകയാണ്. യുഡിഎഫ് സ്വീകരിക്കുന്ന ശക്തമായ വലതുനയങ്ങളില്‍ നിന്ന് വിഭിന്നവും വിപരീതവുമായ നടപടികള്‍ കൈക്കൊണ്ടുകൊണ്ട് ഇടതുരാഷ്ട്രീയത്തിന്റെ വ്യതിരക്തത തെളിയിക്കാന്‍ ഇടതുമുന്നണി അമ്പേ പരാജയപ്പെട്ടതാണ് ബിജെപിയ്ക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സിനെപ്പോലെ തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതൃത്വമായി ഇടതു പ്രസ്ഥാനങ്ങള്‍ മാറി എന്നത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകണം. സ്വകാര്യമൂലധനശക്തികളുടെ കൊള്ളതാല്‍പ്പര്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ജനതാല്‍പ്പര്യം പരമപ്രാധാന്യത്തോടെ ഉയര്‍ത്തിപ്പിടിക്കാനും അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടത്താനും ഇടതു നേതൃത്വത്തിന് കഴിഞ്ഞാല്‍ മാത്രമേ ഇടതു-ജനാധിപത്യചേരി ശക്തിപ്പെടൂ.

വര്‍ഗ്ഗീയതക്കെതിരായ അതിശക്തമായ ബഹുജന -ജനാധിപത്യ മുന്നേറ്റം പടുത്തുയര്‍ത്താന്‍ കേരളത്തിന്റെ സാമൂഹ്യസാഹചര്യം ഇന്നും അനുകൂലമാണ്. സമീപദശാബ്ദങ്ങളില്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന്റെ സങ്കുചിത നേട്ടങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തിന് കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും അത് തകര്‍ക്കപ്പെട്ടിട്ടില്ല എന്നത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. കേരളത്തില്‍ നിയമസ്സഭയില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബിജെപി നടത്തിയിട്ടുള്ള മുഴുവന്‍ രാഷ്ട്രീയ തന്ത്രങ്ങളും പരാജയപ്പെടാന്‍ കാരണം അവര്‍ അവതരിപ്പിക്കുന്ന വര്‍ഗ്ഗീയതയുടെയും സ്പര്‍ദ്ധയുടെയും സമീപനം കേരളത്തിലെ ജനാധിപത്യ സാമൂഹ്യബോധത്തിന് അംഗീകരിക്കാനാവില്ല എന്നതിനാലാണ്. രാഷ്ട്രീയ ചേരി വ്യത്യാസമില്ലാതെ ജനങ്ങളൊന്നാകെ കാലൂഷ്യരഹിതമായ സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് അത്രമേല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ജനതയാണ് ഈ സംസ്ഥാനത്തുള്ളത്. ഈ സാമൂഹ്യാന്തരീക്ഷത്തിന് ഒട്ടും യോജിച്ച പ്രത്യയശാസ്ത്രമല്ല ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്ന് വിവേകപൂര്‍വ്വം കേരളത്തെക്കുറിച്ച് പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ആരാധനാലയങ്ങളെയും മതവിശ്വാസത്തെയും കേന്ദ്രീകരിച്ച് സംഘടന സൃഷ്ടിക്കുക എന്ന ആയാസരഹിതമായ മാര്‍ഗ്ഗം സ്വീകരിച്ചിട്ടും ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളെയും വര്‍ഗ്ഗീയമുദ്രാവാക്യങ്ങളാല്‍ ആകര്‍ഷിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്നത് കേരളത്തില്‍ അവശേഷിക്കുന്ന മതേതരബോധത്തിന്റെ പ്രതിഫലനമാണ്. മാധ്യമങ്ങളുടെ ലജ്ജാകരമായ മോദി സ്തുതിയും നിര്‍ലോഭമായ പിന്തുണയും എസ്എന്‍ഡിപിയുടെയും കെപിഎംഎസിന്റെ ഒരു വിഭാഗത്തിന്റെയും പൂര്‍ണ്ണ പിന്തുണയും തുടര്‍ന്ന് ഉണ്ടായ സമത്വമുന്നണിയും ഇവയെല്ലാം ഉണ്ടായിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാരമായ നിലയില്‍ മുന്നേറാനായില്ല എന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ ജനാധിപത്യവിശ്വാസികളെയും മനുഷ്യസ്‌നേഹികളെയും അതിബൃഹത്തായ ഒരു ജനാധിപത്യ മുന്നേറ്റത്തില്‍ അണിനിരത്തുകയാണ് വേണ്ടത്. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയും ലേഖനമെഴുതിയും സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ എണ്ണമറ്റ പ്രമുഖര്‍ ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയത് സാധാരണ ജനങ്ങള്‍ക്ക് അളവറ്റ ആത്മവിശ്വാസമാണ് പകര്‍ന്ന് നല്‍കിയത്. ഈ ആത്മവിശ്വാസത്തിനും വര്‍ഗ്ഗീയതക്കെതിരായ ജനവികാരത്തിനും സംഘടിതമായ പ്രക്ഷോഭത്തിന്റെരൂപം നല്‍കുന്നതിന് പകരം വര്‍ഗ്ഗീയതയെയും മതാഭിമുഖ്യത്തെയും ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇടതുപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനെ ശക്തമായി തിരസ്‌കരിക്കാന്‍ ഉടതുരാഷ്ട്രീയത്തിന്റെ മഹിമയെ പ്രാണനെപ്പോലെ കരുതുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ശ്രീകൃഷ്ണജയന്തി ആചരണവും ഗണപതി പൂജയും ക്രിസ്തുമസ്സ് ആഘോഷവും നോമ്പുതുറയും ഉല്‍സവക്കമ്മിറ്റി പ്രവര്‍ത്തനവും ഒരു വിധത്തിലും വര്‍ഗ്ഗീയതയെ നേരിടാനുള്ള മാര്‍ഗ്ഗമല്ല എന്ന് ഇടതു പ്രസ്ഥാനങ്ങളുടെ ആത്മാര്‍ത്ഥതയുള്ള അണികള്‍ മനസ്സിലാക്കണം. മതവിശ്വാസികളുടെ ജോലികള്‍ അവര്‍ ചെയ്യട്ടെ. ഇടതുപാര്‍ട്ടികള്‍ നിര്‍വ്വഹിക്കേണ്ട ചരിത്രപ്രധാനമായ ചുമതലകള്‍ മറ്റ് അനവധിയാണ്. ഇടതുരാഷ്ട്രീയ പ്രതിരോധത്തിന്റെ അവസാനകല്ലും ഇളക്കി കളയുന്ന ഈ നടപടി ഈ സംസ്ഥാനത്തിനുമേല്‍ ഏല്‍പ്പിക്കുന്നത് വിവരിക്കാനാവാത്ത ആഘാതമാണ്. മനുഷ്യനെയും മാനവികമൂല്യങ്ങളെയും സംരക്ഷിക്കാനാഗ്രഹിക്കുന്ന ഏതൊരുവനും ആധുനിക മതേതരവീക്ഷണത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പൊരുതാന്‍ തീരുമാനിക്കണം. അതിന് കളമൊരുക്കലാണ് ഇടതുപ്രസ്ഥാനങ്ങളുടെ ചുമതല.

Share this