ഇന്ത്യനൂര്‍ ഗോപിക്ക് ആദരാഞ്ജലികള്‍

Spread our news by sharing in social media

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായ ഇന്ത്യനൂര്‍ ഗോപി (പി.ഗോവിന്ദമേനോന്‍ (86)) 2015 ഡിസംബര്‍ 15-ന് പെരിന്തല്‍മണ്ണയില്‍ അന്തരിച്ചു. വിദ്യാഭ്യാസകാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിരുന്ന അദ്ദേഹം, അദ്ധ്യാപകനായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ അദ്ധ്യാപകസംഘടനാ നേതാവായി. പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് പരിസ്ഥിതിസംരക്ഷണപ്രസ്ഥാനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഭാരതപ്പുഴ സംരക്ഷണസമിതിയുടെ സ്ഥാപകനായിരുന്ന അദ്ദേഹം നിലവില്‍ സമിതിയുടെ സെക്രട്ടറിയായിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തിനുടമയായിരുന്നു.
എസ്‌യുസിഐ(സി) പാലക്കാട് ജില്ലാക്കമ്മിറ്റി ഇന്ത്യനൂര്‍ ഗോപിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കപ്പെട്ട സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങളിലെല്ലാം നേതൃനിരയിലുണ്ടായിരുന്ന ഗോപിമാഷിന്റെ മരണം തീരാനഷ്ടമാണെന്ന് ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു. 1997-ല്‍ നേതാജി ജന്മശതാബ്ദിയാചരണ വേള മുതല്‍ അദ്ദേഹം എസ്‌യുസിഐ(സി)യുമായി സഹകരിച്ചിരുന്നു. ഡിപിഇപി വിരുദ്ധസമരം, ചെങ്ങറ ഭൂസമര ഐക്യദാര്‍ഢ്യപ്രസ്ഥാനം, മദ്യവിരുദ്ധ ജനകീയ സമരസമിതി, മഹാനായ അയ്യന്‍കാളി നയിച്ച കാര്‍ഷികസമരത്തിന്റെ ശതാബ്ദിയാചരണസമിതി തുടങ്ങിയ വേദികളിലെല്ലാം അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. 2013-ല്‍ തിരുവനന്തപുരത്ത് എഐഎംഎസ്എസ് സംഘടിപ്പിച്ച അഖിലേന്ത്യാ വനിതാസമ്മേളനത്തിന്റെ സ്വാഗതസംഘത്തിലും അദ്ദേഹം അംഗമായിരുന്നു. ജനകീയ പ്രതിരോധസമിതിയുടെ ജില്ലയിലെ ഉപദേശകരിലൊരാളായിരുന്നു. ജനകീയ പ്രതിരോധസമിതി ജില്ലാപ്രസിഡന്റ് ഡോ.പി.എസ്.പണിക്കരുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 21-ന് പാലക്കാട്ട് നടന്ന അനുസ്മരണസമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി സ.കെ.അബ്ദുള്‍ അസീസ്, എഐഎംഎസ്എസ് ജില്ലാസെക്രട്ടറി കെ.എം.ബീവി എന്നിവര്‍ സംസാരിച്ചു.

Share this