ഉയർന്ന ഫീസും കോഴയും: മെഡിക്കല്‍ വിദ്യാഭ്യാസം വഴിവാണിഭമായി

Spread our news by sharing in social media

ആണ്ടുതോറും നടത്തിവരാറുളള സ്വാശ്രയമെഡിക്കല്‍ പ്രവേശനകരാര്‍ ഒപ്പുവയ്ക്കലിനും പ്രതിപക്ഷം വഴിപാടുപോലെ നടത്തുന്ന പ്രതിഷേധ സമരത്തിനും ഇത്തവണയും മാറ്റമുണ്ടായില്ല. കഥയ്ക്കും തിരക്കഥയ്ക്കും വ്യത്യാസമില്ല. അഭിനേതാക്കള്‍ നായക-വില്ലന്‍ വേഷങ്ങള്‍ പരസ്പരം കൈമാറി തങ്ങളുടെ റോള്‍ ഭംഗിയായി ആടിത്തീര്‍ത്തു. കഴിഞ്ഞ വര്‍ഷം വില്ലന്‍ വേഷത്തില്‍ യുഡിഎഫ് നേതാക്കളായിരുന്നെങ്കില്‍ ഇത്തവണയത് എല്‍ഡിഎഫ് നേതാക്കള്‍ ഏറ്റെടുത്തു. പരസ്പരം ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ രാഷ്ട്രീയ മല്ലയുദ്ധത്തിന്റെ സമാപനത്തില്‍ പതിവുപോലെ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്കു കോടികളുടെ അധികലാഭം ഉറപ്പാക്കപ്പെട്ടിരിക്കുന്നു.

ഈ വർഷം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ സ്വാശ്രയ മാനേജുമെന്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം നടത്താൻ പോകുന്നുവെന്ന പ്രതീതി ജനിപ്പിക്കുകയുണ്ടായി. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ സീറ്റുകൾ 100 ശതമാനവും സർക്കാർ ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനം ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ നടത്തിയതോടെയാണ് സ്വാശ്രയ രംഗത്തെ പുതിയഫീസ് വർദ്ധനവിനും കോഴയ്ക്കും കളമൊരുങ്ങിയത്.മെഡിക്കൽ രംഗത്ത് മെറിറ്റ് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് നൂറ് ശതമാനം സീറ്റുകളിലും ഏകീകൃത ഫീസ് ഘടനയുടെ പേരിൽ ഉയർന്ന ഫീസ് ഏർപ്പെടുത്താനുള്ള ഒത്തുകളിയായിരുന്നു അത് എന്ന് ബോദ്ധ്യപ്പെട്ടതോടെ വലിയ പ്രതിഷേധമുണ്ടായി. എല്ലാ സീറ്റുകളിലും മെറിറ്റ് പാലിക്കുമെന്നും സർക്കാർ സീറ്റിലെ ഫീസ് ഏർപ്പെടുത്തുമെന്നും പറഞ്ഞുകൊണ്ട് യഥാർത്ഥത്തിൽ നിലവിലുള്ള മെറിറ്റ്-മാനേജ്‌മെന്റ് ക്വാട്ട ഫീസുകൾ ഏകീകരിച്ച് ഉയർന്ന ഫീസ് തരപ്പെടുത്തുവാൻ മാനേജ്‌മെന്റുകൾക്ക് അവസരം ഒരുക്കുവാനായി നടത്തിയ നാടകം പരാജയമായി. തുടർന്ന് സ്വാശ്രയ മാനേജ്‌മെന്റ്, എല്ലാ സീറ്റുകളും സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും പ്രതീക്ഷിച്ചത് പോലെ അനുകൂലമായ വിധി നേടുകയും ചെയ്തു. അമ്പത്-അമ്പത് എന്ന അനുപാതം പാലിക്കുവാൻ അമ്പത് ശതമാനം മെറിറ്റ്‌സീറ്റുകൾ സംസ്ഥാനപ്രവേശന പരീക്ഷാ ലിസ്‌ററിൽ നിന്നും ബാക്കി അമ്പത് ശതമാനം സീറ്റുകൾ കേന്ദ്ര പരീക്ഷയായ ‘നീറ്റിന്റെ ‘ലിസ്റ്റിൽ നിന്നും എടുക്കുവാനും കോടതി നിർദ്ദേശിച്ചു. എന്നാൽ, സംസ്ഥാന സർക്കാരും വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം എല്ലാ സീറ്റുകളിലും വൻതോതിൽ ഫീസ് വർദ്ധിപ്പിക്കാനും മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിൽ അവരുടേതായ കൗൺസിലിംഗ് നടത്തി വിദ്യാർത്ഥികളെ നിറയ്ക്കാനും പഴുതുകൾ അനുവദിച്ചുകൊടുത്തു. നീറ്റ് പരീക്ഷയുടെ പട്ടിക മാത്രമേ അടിസ്ഥാനമാക്കിയുളളു. ഒരു സീറ്റിലും മെറിറ്റ് പാലിക്കപ്പെട്ടില്ല. അവിടെയാണ് കോഴ വാങ്ങാനുള്ള വാതിലുകൾ മലർക്കെ തുറന്നുകൊടുത്ത കള്ളക്കളികൾ നടന്നിരിക്കുന്നത്.
യഥാർത്ഥത്തിൽ, ഉയർന്ന ഫീസ് തന്നെ നിയമവിധേയമായ കോഴയാണ്. യുഡിഎഫ് സർക്കാരും മാനേജുമെന്റുകളും തമ്മിലുണ്ടാക്കിയിട്ടുള്ള, കഴിഞ്ഞ വർഷം വരെ നിലവിലുണ്ടായിരുന്ന കരാർ പ്രകാരം വർഷാവർഷം പത്തുശതമാനം ഫീസ് വർദ്ധിപ്പിക്കാവുന്നതാണ്. എല്ലാവർഷവും ഫീസ് കൂട്ടാൻ മുൻകൂർ കരാർ ഉറപ്പിക്കുന്ന വിദ്യാഭ്യാസക്കച്ചവടമാണത്.

അതിനെ ചോദ്യം ചെയ്യാൻ എൽഡിഎഫ് (പ്രതിപക്ഷത്തിരിക്കുമ്പോഴും) ഒരിക്കലും തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, ഇത്തവണ യുഡിഎഫിനെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ എൽഡിഎഫ് സർക്കാർ 35 ശതമാനംവരെയുള്ള ഫീസ് വർദ്ധനവാണ് അനുവദിച്ച് നൽകിയത്. 30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസ് കഴിഞ്ഞ വർഷം 1.85 ലക്ഷം രൂപയായിരുന്നത് ഇത്തവണ 2.5 ലക്ഷം രൂപയാക്കി ഉയർത്തിക്കൊടുത്തു. 20 ശതമാനം സംവരണ സീറ്റുകളിൽ മാത്രമാണ് (യുഡിഎഫ് സർക്കാരിന്റെ കാലത്ത് 25 ശതമാനമായിരുന്നു ഇത്) 25,000രൂപ ഫീസ് നിലനിർത്തിയത്.
35 ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിൽ 8.5 ലക്ഷം രൂപയായിരുന്ന ഫീസാണ് ഇത്തവണ 11 ലക്ഷമാക്കി ഉയർത്തിയത്. എൻആർഐ ക്വാട്ടയിലെ സീറ്റുകളിൽ കഴിഞ്ഞ വർഷം നിലവിലുണ്ടായിരുന്നത് 12.5 ലക്ഷം രൂപയായിരുന്നു. ഇത്തവണയത് രണ്ടരലക്ഷം കൂട്ടി 15 ലക്ഷമാക്കികൊടുത്തു. അതായത് 100 സീറ്റുകളുള്ള ഒരു സ്വാശ്രയ മെഡിക്കൽ കോളേജിന് ഈ വർഷം ഫീസിനത്തിൽ മാത്രം ലഭിക്കുന്നത് 6 കോടി 90 ലക്ഷം രൂപ. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 1.44 കോടി രൂപവീതം ഓരോ മാനേജ്‌മെന്റിനും അധികമായി ലഭിക്കുന്നു.
സർക്കാരുമായി കരാറിലൊപ്പിട്ട എല്ലാ സ്വാശ്രയ കോളേജുകൾക്കുമായി ഈ വർഷം ലഭിച്ച തുക 30.34 കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാനേജുമെന്റുകൾക്കു പോലും പ്രതീക്ഷിക്കാത്ത ലാഭമാണ് എൽഡിഎഫ് സർക്കാർ അവർക്ക് സമ്മാനമായി നൽകുന്നത്. ഈ കൊള്ളയ്ക്ക് അവസരം നൽകിയ എൽഡിഎഫിന് പ്രത്യുപകാരമായി എന്താണ് മാനേജുമെന്റുകൾ നൽകിയതെന്ന ചോദ്യം ചില പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്നുണ്ട്. അവരുടെ മുൻകാല അനുഭവം വെച്ച് ചോദിക്കുന്നതാണെങ്കിലും ആ ചോദ്യം പ്രധാനപ്പെട്ടതു തന്നെ.

പരിയാരം മെഡിക്കൽ കോളേജിൽ  ലക്ഷണമൊത്ത സ്വാശ്രയക്കച്ചവടം

സ്വാശ്രയ മാനേജുമെന്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഉയർന്ന ഫീസ്ഘടന എൽഡിഎഫ് സർക്കാർ നിശ്ചയിച്ചതെന്ന വാദത്തിന്റെ അടിസ്ഥാനംതന്നെ ചോദ്യം ചെയ്യുന്നതാണ് സിപിഐ(എം) നേതാക്കൾ നേതൃത്വം നൽകുന്ന പരിയാരം മെഡിക്കൽകോളേജിലെ ഫീസ് വർധന. വർഷാവർഷം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധനവിന് ആനുപാതികമായി ഫീസ് കൂട്ടിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് പരിയാരം സഹകരണ മെഡിക്കൽ കോളേജ്. എന്നാൽ, ഇത്തവണ കുത്തനെയുള്ള വർധനവാണ് അവിടെ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 1.79 കോടിരൂപയുടെ അധിക ലാഭമാണ് ഫീസ് ഏകീകരിച്ചതിലൂടെ പരിയാരം മാനേജ്‌മെന്റ് കൊയ്‌തെടുത്തിരിക്കുന്നത്. അവിടെയും സർക്കാർ സീറ്റ്/മാനേജ്‌മെന്റ് ക്വാട്ട/എൻ ആർഐ തുടങ്ങിയ എല്ലാവിധ സ്വാശ്രയ ഫോർമുലയും നിലനിൽക്കുന്നു. എന്നുമാത്രമല്ല, ആകെയുള്ള 27 സർക്കാർ സീറ്റിൽ കഴിഞ്ഞ വർഷമുണ്ടായിരുന്ന ഒന്നരലക്ഷം രൂപ ഫീസ് ഇത്തവണ ഒറ്റയടിക്ക് 2.5 ലക്ഷമാക്കി ഉയർത്തിയിരിക്കുന്നു. മറ്റ് സ്വാശ്രയ കോളേജുകളിൽ ഈ വർഷം 65,000 രൂപ വർദ്ധിപ്പിച്ചപ്പോഴാണ് പരിയാരത്ത് അതിനെയും വെല്ലുന്ന ഫീസ് വർദ്ധന. അതുപോലെ, 35 ശതമാനം വരുന്ന മാനേജ്‌മെന്റ് സീറ്റിൽ കഴിഞ്ഞ വർഷത്തെ 6 ലക്ഷം രൂപ 10 ലക്ഷമാക്കിയാണ് ഉയർത്തിയത്. പതിനഞ്ച് ശതമാനം എൻആർഐ സീറ്റിൽ 12 ലക്ഷമെന്നത് 14 ലക്ഷമാക്കിയും ഉയർത്തി വൻ കൊളളയടി നടത്തുകയാണ്. മറ്റ് സ്വാശ്രയകോളേജുകളിൽ 20 ശതമാനം സംവരണ സീറ്റുകളിൽ 25,000 രൂപയ്ക്ക് പഠിപ്പിക്കുമ്പോൾ, പരിയാരത്ത് അത് 10 സീറ്റുകളിൽ മാത്രമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു. ബാക്കി പതിമൂന്ന് സീറ്റുകളിലെ(എസ്ഇബിസി) ഫീസാകട്ടെ 45,000 രൂപയുമാണ്. അങ്ങനെ ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത വിധത്തിലുളള വിദ്യാഭ്യാസക്കച്ചവടത്തിന് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ നേരിട്ടു നടത്തുന്ന സ്ഥാപനത്തിൽ നേതൃത്വം നൽകിയതിന് ശേഷമാണ് മെറിറ്റിനെക്കുറിച്ച് ചാരിത്ര്യപ്രസംഗം നടത്തുന്നത്. പരിയാരത്ത് ഫീസ് കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നിരിക്കുന്ന സന്ദർഭമാണിത്. അപ്പോൾ, അതിനു മറുപടിയെന്നോണം മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭയിൽ പറയുന്നത് പരിയാരം സർക്കാർ ഏറ്റെടുക്കുമെന്നാണ്!!
ഇപ്പോൾ പരിയാരം ആരുടെ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയാൽ നന്നായിരുന്നു. ഇങ്ങനെ ഫീസ് കൂട്ടാനും മെറിറ്റ് അട്ടിമറിയ്ക്കാനുമായിട്ടാണെങ്കിൽ പിന്നെ സർക്കാർ ഏറ്റെടുക്കുന്നതുകൊണ്ട് ആർക്ക് നേട്ടം? 23 വർഷങ്ങൾക്കുമുമ്പ്, അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും അന്നത്തെ സഹകരണവകുപ്പ് മന്ത്രി എം.വി.രാഘവനും ചേർന്ന് സർക്കാർ ഭൂമിയും കെട്ടിടങ്ങളും ഉപയോഗിച്ച് സ്വകാര്യട്രസ്റ്റിന് കീഴിൽ സ്വാശ്രയ കോളേജ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ കേരളമെങ്ങും വലിയ പ്രക്ഷോഭമാണുണ്ടായത്. കൂത്തുപറമ്പിൽ 5 രക്തസാക്ഷികൾ അന്ന് സൃഷ്ടിക്കപ്പെട്ടു. എല്ലാവരും ഡിവൈഎഫ്‌ഐ പ്രവർത്തകരായിരുന്നു. തുടർന്നാണ്, പരിയാരം മെഡിക്കൽകോളേജ് സർക്കാർ ഏറ്റെടുക്കുക എന്ന മുദ്രാവാക്യം എഐഡിഎസ്ഒയും എസ്എഫ്‌ഐയും ഉൾപ്പെടുന്ന സംയുക്ത വിദ്യാർത്ഥി സമര സമിതി മുന്നോട്ടുവച്ചത്. അതിനുശേഷം, 5 സർക്കാരുകൾ അധികാരത്തിൽ വന്നു. അതിൽ രണ്ടും എൽഡിഎഫ് സർക്കാരുകളാണ്. ഇത് മൂന്നാമത്തെ എൽഡിഎഫ് സർക്കാർ. ഇതുവരെയും പരിയാരം സർക്കാർ ഏറ്റെടുത്തില്ല.
ഇപ്പോൾ, പ്രതിഷേധത്തെ മറികടക്കാൻ വേണ്ടിമാത്രം ലജ്ജയില്ലാതെ പറയുന്ന പ്രസ്താവമാണ് പരിയാരം സർക്കാർ ഏറ്റെടുക്കുമെന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരും ആ കോളേജ് സർക്കാർ ഏറ്റെടുക്കമെന്ന് രണ്ടുതവണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. അപ്പോൾ, ഇതൊരു കൂട്ടുകച്ചവടമാണെന്ന് തിരിച്ചറിയാൻ ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമുണ്ടോ ?
എൽഡിഎഫ് സർക്കാരിന്റെ പുതിയ സ്വാശ്രയക്കരാറിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാൻ അവസരം കൈവന്നിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും മററും ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതായത്, കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 സ്വാശ്രയ മെഡിക്കൽ കോളേജുകളാണ് സർക്കാരുമായി കരാറൊപ്പിട്ടത്. ഇത്തവണ 19 കോളേജുകൾ ഒപ്പിട്ടു. ഉയർന്ന ഫീസ്ഘടനയുള്ള ഒരു കരാറായതിനാലാണ് സ്വാശ്രയമാനേജുമെന്റുകൾ ഒപ്പിടാൻ തയ്യാറായത്. ആയതിനാൽ, ആ കോളേജുകളിലെ സംവരണ സീറ്റുകൾ ആകെ (അതായത്, മെറിറ്റ് ക്വാട്ടയിലെ 20 ശതമാനം സീറ്റുകൾ) കൂട്ടുമ്പോൾ 219 കുട്ടികൾക്കു 25,000 രൂപയ്ക്കു പഠിക്കുവാൻ അവസരം ലഭിച്ചിരിക്കുന്നുവെന്നാണ് അവകാശവാദം. ഏകദേശം 2300 സീറ്റുകളിലാണ് 219 സംവരണ സീറ്റുകളിലെ ഫീസാനുകൂല്യം. യഥാർത്ഥത്തിൽ ഫീസാനുകൂല്യം ലഭിയ്‌ക്കേണ്ട മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും അതിനുള്ള സാധ്യതകൾ സ്വാശ്രയകോളേജുകളിൽ ലഭിക്കുന്നില്ലയെന്നതാണ് വസ്തുത. പക്ഷേ, അതിന്റെ മറയിൽ ബാക്കി 2,000 സീറ്റുകളിൽ പിണറായി സർക്കാർ പിടിച്ചുപറി അനുവദിച്ചിരിക്കുന്നു. മാനേജ്‌മെന്റിന്റെ വകയായ 50 ശതമാനം സീറ്റുകളിലാകട്ടെ മെറിറ്റ് പൂർണ്ണമായി അട്ടിമറിച്ചുകൊണ്ടാണ് കരുണമെഡിക്കൽ കോളേജ്, പുഷ്പഗിരി, കാരക്കോണം, അടൂർ മൗണ്ട് സിയോൺ,പാലക്കാട് പി.കെ.ദാസ്,അസീസിയ, ശ്രീനാരായണ, അൽ അസ്ഹർ, ട്രാവൻകൂർ മെഡിക്കൽ കോളേജ് തുടങ്ങിയ ഒട്ടുമിക്ക മെഡിക്കൽ കോളേജുകളും ഈ വർഷം പ്രവേശനം നടത്തിയത്. അവർ ഒരു ലിസ്റ്റും അടിസ്ഥാനപ്പെടുത്തിയിട്ടില്ല. നീറ്റ് റാങ്ക് പട്ടികയിൽ മുന്നിൽ വന്ന 1300 വിദ്യാർത്ഥികളാണ് ഫീസ് നിയന്ത്രണകമ്മിറ്റിയുടെ മുമ്പാകെ പരാതികൾ സമർപ്പിച്ചത്. പട്ടികയിൽ വളരെ താഴെയുള്ള വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ കോഴവാങ്ങിക്കൊണ്ടാണ് പ്രവേശന നടപടികൾ മാനേജ്‌മെന്റുകൾ പൂർത്തീകരിച്ചിരിക്കുന്നത്.
മെറിറ്റ് നഗ്നമായ വിധത്തിൽ അട്ടിമറിച്ചതിന്റെ കണക്കുകൾ ജെയിംസ്‌കമ്മിറ്റിക്കു മുമ്പാകെയുള്ളപ്പോഴാണ്, സുപ്രീം കോടതിയിൽ കേരളത്തിന്റെ സ്വാശ്രയക്കേസ്സ് പരിഗണനയ്ക്കുവന്നത്. അന്തിമവിധിയിൽ ‘പ്രവേശന നടപടികൾ പൂർത്തിയാക്കപ്പെട്ടു കഴിഞ്ഞു. ആയതിനാൽ, ഈ വർഷം കോടതി ഇടപെടുന്നില്ലായെന്ന് ‘ സുപ്രീം കോടതിക്ക് പറയേണ്ടിവന്നു. മെറിറ്റ് അട്ടിമറിച്ച്, കോഴവാങ്ങി മാനേജുമെന്റുകൾ നടത്തിയ നിയമവിരുദ്ധമായ പ്രവേശന നടപടിയെക്കുറിച്ച് കേരള സർക്കാർ നിശബ്ദത പാലിച്ചതുകൊണ്ടാണ് അത് സംഭവിച്ചത്.
സുപ്രീംകോടതിയിൽ ഈ കേസ് എത്തിച്ചേർന്നതും മഹാരാഷ്ട്രയിലെ സ്വാശ്രയകേസിന്റെ അനുബന്ധമായിട്ടാണ്. സുതാര്യമായിട്ടല്ലാതെ പ്രവേശനം നടത്തിയ മാനേജുമെന്റുകൾക്കെതിരെ മഹാരാഷ്ട്ര സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സമാനമായ സാഹചര്യമാണ് കേരളത്തിലേതെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസിൽ കേരളം കക്ഷിയായതുപോലും.
എന്നുവച്ചാൽ, കേരളത്തിലെ സ്വാശ്രയ മാനേജുമെന്റുകളും എൽഡിഎഫ് സർക്കാരും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ സമീപിക്കാതിരുന്നതെന്നും വ്യക്തമായിരിക്കുന്നു. അപ്പോൾ, ഇതിനുമുമ്പു നടന്ന എല്ലാ വാക്പയറ്റും നാടകമായിരുന്നുവെന്ന് തെളിയുന്നു.
ചർച്ചനടത്താം, ഫീസ് കുറയ്ക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് മാനേജുമെന്റുകളുമായുള്ള ഒത്തുകളി വിളിച്ചോതുന്നതായിരുന്നു. മാനേജുമെന്റുകൾ ഫീസ് കുറയ്ക്കാൻ തയ്യാറായിട്ടും സർക്കാർ തയ്യാറല്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
സ്വാശ്രയ ഫീസ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സും കെഎസ്‌യുവും സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച നിരാഹാര സമരമാണ് ഇതിനിടയിലെ രാഷ്ട്രീയ ഫലിതം. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന്റെ തലതൊട്ടപ്പന്മാരാണ് കോൺഗ്രസ്സും യുഡിഎഫും. അവരുടെ കുഞ്ഞാടുകൾക്ക് വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ എന്താണ് ഒരു എതിർപ്പ്? രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവർത്തകരും മൂക്കത്ത് വിരൽ വച്ച് കണ്ടുകൊണ്ടിരുന്ന സ്വാശ്രയ സമരം ഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ കലാപകലുഷിതമാക്കി. അടി, കല്ലേറ്, മഷിക്കുപ്പി, തെറിയഭിഷേകം, കണ്ണീർവാതകപ്രയോഗം, ലാത്തിച്ചാർജ് തുടങ്ങിയ സ്ഥിരം ഐറ്റംസ് ഇത്തവണയും പയറ്റിയതിന് ശേഷമാണ് യൂത്ത് നേതാക്കൾ കളമൊഴിഞ്ഞുകൊടുത്തത്. സെപ്റ്റംബർ 27 ന് സമരം യു.ഡി.എഫ് ഏറ്റെടുത്തു. പിന്നീട്, നിരാഹാരമനുഷ്ഠിക്കാൻ പ്രതിപക്ഷ സാമാജികർ അണിനിരന്നു. എന്നാൽ ഫീസ് വർദ്ധനവിന് എതിരെ എന്നത് കോഴവാങ്ങുന്നതിനെതിരെയെന്നായി ഡിമാന്റ്. പരിയാരത്തെ ഫീസെങ്കിലും കുറയ്ക്കണമെന്ന് അപേക്ഷയും.
ഫീസ് ഒരുരൂപപോലും കുറയ്ക്കില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ധാർഷ്ട്യത്തോടെ പറയാൻ കാരണം സമരം നയിക്കുന്നത് യുഡിഎഫ് നേതാക്കളായതുകൊണ്ടാണ്. അതേസമയം പ്രശ്‌നത്തിൽനിന്ന് ശ്രദ്ധതിരിക്കാനായി, വഴിതടയൽ സമരം നടത്തിയത് ചാനൽ വാടകയ്ക്ക് എടുത്തവരാണെന്നും മറ്റുമുള്ള തോന്നലുകൾ പറയാനുള്ള സ്ഥലമായിട്ട് മുഖ്യമന്ത്രി തെരഞ്ഞെടുത്തത് നിയമസഭയുടെ അകത്തളമായിരുന്നു.
എന്തായാലും, വളരെപെട്ടെന്നുതന്നെ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളുടെ സ്ഥാനത്ത് മുഖ്യമന്ത്രി നടത്തിയ അധിക്ഷേപാർഹമായ പ്രസ്താവനയെ ചുറ്റിപ്പറ്റിയായി പിന്നീടുള്ള രാഷ്ട്രീയ സംവാദങ്ങൾ. ജയിച്ചത് സർക്കാരോ, പ്രതിപക്ഷമോ എന്നൊരു കൗതുകത്തിലേയ്ക്ക് പതിവുപോലെ കാര്യങ്ങൾ എത്തിച്ചേരുമ്പോൾ ജനങ്ങൾ ഒരിക്കൽകൂടി പരാജയപ്പെടുകയാണ്.
എന്തായാലും, സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഒരു മാറ്റവും സംഭവിച്ചില്ലായെന്നുമാത്രമല്ല, കൂടുതൽ കൂടുതൽ പ്രതിസന്ധികൾക്കു ജന്മം നൽകിക്കൊണ്ട് ആ ദുർഭൂതം മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നൈതികതയെ കശാപ്പുചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ എത്തിക്‌സ് പുനഃസ്ഥാപിക്കാൻ സ്വാശ്രയനയം ആരോഗ്യ രംഗത്ത് അനുവദിക്കുകയില്ലായെന്ന് തീരുമാനമെടുക്കുകയാണ് ഒരു ഇടതുപക്ഷ സർക്കാർ-അത് ഇടതുപക്ഷമാണെങ്കിൽ -ആദ്യം ചെയ്യേണ്ടത്. യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ നയം അപ്പടി നടപ്പാക്കാനല്ല എൽഡിഎഫ് സർക്കാറിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചതെന്ന സാമാന്യയുക്തിയെങ്കിലും പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാരിന് ഉണ്ടാകേണ്ടതുണ്ട്.
ജനങ്ങൾ ആവശ്യപ്പെടുന്നതുപോലെ സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടേ ശാശ്വതപരിഹാരത്തിലേയ്ക്ക് നീങ്ങാനാകൂ എന്ന വസ്തുത നാൾചെല്ലുംതോറും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി വമ്പിച്ച വിദ്യാഭ്യാസ പ്രക്ഷോഭം പടുത്തുയർത്തുക മാത്രമേ പോംവഴിയുള്ളൂ.

Share this