എഫ്ഡിഐ-കുത്തകകള്‍ക്കുവേണ്ടി ജനജീവിതം തകര്‍ത്തെറിയാനുള്ള നീക്കം

Spread our news by sharing in social media

സര്‍വ്വമേഖലകളിലും പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്ഡിഐ)
കുത്തകകള്‍ക്കുവേണ്ടി ജനജീവിതം
തകര്‍ത്തെറിയാനുള്ള നീക്കം.
എഫ്ഡിഐ അനുവദിക്കാനുള്ള അന്നത്തെ കോണ്‍ഗ്രസ്സ് ഗവണ്മെന്റിന്റെ നീക്കത്തെ സംബന്ധിച്ച് 2012 ഡിസംബര്‍ 5-ന് നരേന്ദ്രമോദി പറഞ്ഞു: ‘കോണ്‍ഗ്രസ്സ് ഈ രാജ്യം വിദേശികള്‍ക്ക് തീറെഴുതുകയാണ്. മിക്ക പാര്‍ട്ടികളും എഫ്ഡിഐ-യെ എതിര്‍ത്തെങ്കിലും സിബിഐ എന്ന വാളിനെ ഭയന്ന് അതില്‍ ചിലര്‍ വോട്ട് ചെയ്തില്ല. അങ്ങനെ പിന്‍വാതിലിലൂടെയുള്ള വിജയമാണ് കോണ്‍ഗ്രസ്സ് നേടിയിരിക്കുന്നത്.’ മൂന്നര വര്‍ഷത്തിന് ശേഷം ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയെന്ന നിലയില്‍ നേരെ വിപരീത നിലപാട് സ്വീകരിച്ചിരിക്കുന്നു. 2016 ജൂണ്‍ 20-ന് മോദി പറഞ്ഞു : ‘ഇ-കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള, ഗവണ്മെന്റ് അംഗീകാരത്തോടുകൂടിയുളള വ്യാപാര രംഗത്ത് 100 ശതമാനം എഫ്ഡിഐ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.’
തങ്ങള്‍ അധികാരത്തിലാണോ പ്രതിപക്ഷത്താണോ എന്നതിനെ ആശ്രയിച്ച് പരസ്പര വിരുദ്ധമായ അഭിപ്രായം പറയുകയെന്നത് ബൂര്‍ഷ്വാ രാഷ്ട്രീയക്കാരുടെ പതിവാണ്. പക്ഷെ, ഇവിടെ കുറച്ചുകൂടി ആഴത്തിലുള്ള വസ്തുതകളുണ്ട്. എഫ്ഡിഐ-യുടെ ഈ മലവെള്ളപ്പാച്ചില്‍ തുറന്നുവിടുന്നതിന് പിന്നിലുളള യഥാര്‍ത്ഥ കാരണം, അധികാരത്തിലിരിക്കുന്ന ഇന്‍ഡ്യന്‍ കുത്തകകള്‍ അങ്ങനെ ആഗ്രഹിക്കുന്നു എന്നതാണ്. ഏഷ്യയിലെ ഒരു വന്‍ശക്തിയും ലോകത്തെ ഗണ്യമായ ശക്തിയുമായി വളരുകയെന്നത് ഇന്‍ഡ്യന്‍ കുത്തകകളുടെ വര്‍ഗ്ഗാഭിലാഷമാണ്. അതിനുവേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വമുള്‍പ്പെടെയുളള മറ്റ് വന്‍ശക്തികളുമായി ഒത്തുകളിക്കാന്‍ പോലും അവര്‍ തയ്യാറാണ്. ഈ സാമ്പത്തിക-രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് എഫ്ഡിഐയുടെ വിഷയത്തിലുള്ള ഈ നിലപാടും. കുത്തകകളുടെ വിശ്വസ്ത രാഷ്ട്രീയ കാര്യദര്‍ശിയെന്ന നിലയില്‍ ഗവണ്മെന്റില്‍ അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസ്സോ ബിജെപിയോ, ഏത് പാര്‍ട്ടിയായാലും, ഈ നയത്തില്‍ മാറ്റമില്ല.
ഭരണവര്‍ഗ്ഗത്തിന്റെ താല്പര്യപ്രകാരം ഈ പ്രക്രിയ തുടങ്ങിവച്ചത് കോണ്‍ഗ്രസ്സാണ്. ഇതേ കോണ്‍ഗ്രസ്സാണ് ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയത്. അന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിദേശവസ്തുക്കള്‍ക്കെതിരെ സമരം ചെയ്തു. വിദേശമൂലധനം കണ്ടുകെട്ടണമെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ അവര്‍ ജനങ്ങളെ നയിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെയുളള വര്‍ഷങ്ങളില്‍ ജനങ്ങളില്‍ സാമ്രാജ്യത്വ വിരുദ്ധവികാരം ശക്തമായിരുന്നതിനാല്‍ അവര്‍ ആ മുദ്രാവാക്യം ഉപേക്ഷിച്ചില്ല. പക്ഷെ, ഭൂമുഖത്തെ പ്രതിസന്ധിയില്‍ ആണ്ടുമുങ്ങിയ മുതലാളിത്ത രാജ്യങ്ങളിലാകെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണ – ഉദാരവല്‍ക്കരണ നയങ്ങളുടെ കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ്സ് നിലപാട് മാറ്റി. നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ അന്ന് മുതലാളിത്ത ഇന്‍ഡ്യയില്‍ ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റ് നേര്‍വിപരീതദിശയിലേയ്ക്ക് കാര്യങ്ങള്‍ തിരിച്ചുവിട്ടു. ക്രമേണ ചില്ലറ വ്യാപാരം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ആരോഗ്യരംഗം, എന്നല്ല പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലേയ്ക്ക് പോലും ക്രമേണ എഫ്ഡിഐ-യുടെ കടന്നുവരവിന് വഴിയൊരുക്കപ്പെട്ടു. അതിന്റെ തുടര്‍ച്ച മാത്രമാണ് മോദിഗവണ്മെന്റിന്റെ ഈ ഉദ്യമവും. പ്രധാനമന്ത്രി മോദി തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തൊട്ടുമുമ്പായി, എഫ്ഡിഐ നയങ്ങളുടെ ഒരു പരമ്പര തന്നെ പ്രഖ്യാപിക്കുകയുണ്ടായി. 2016 ജൂണ്‍ 20-ന് സര്‍ക്കാര്‍ ആ നയങ്ങള്‍ ഔദ്യോഗികമായി ശരിവച്ചു. ആഭ്യന്തര വിമാനസര്‍വ്വീസുകളുള്‍പ്പെടെയുള്ള സൈനികേതര വ്യോമയാനം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളില്‍ 100 ശതമാനം എഫ്ഡിഐ, 1959-ലെ ആയുധനിയമത്തിന്റെ പരിധിയില്‍പ്പെടുന്ന ചെറുകിട ആയുധസാമഗ്രികളുടെ ഉല്‍പ്പാദനമുള്‍പ്പെടെയുള്ള പ്രതിരോധവ്യവസായരംഗത്തെ എഫ്ഡിഐ-യുടെ കാര്യത്തില്‍ കൂടുതല്‍ ഇളവ്, ഔഷധവ്യവസായത്തില്‍ 74 ശതമാനം വരെ എഫ്ഡിഐ അനുവദിക്കല്‍, പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സികളില്‍ 74 ശതമാനം വരെ എഫ്ഡിഐ വര്‍ദ്ധിപ്പിക്കല്‍, ഏകബ്രാന്റ് റീട്ടെയില്‍ രംഗത്ത് എഫ്ഡിഐ അനുവദിക്കണമെങ്കില്‍ തദ്ദേശീയമായ അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ചിരിക്കണമെന്ന വ്യവസ്ഥ നീക്കംചെയ്യല്‍, ഡയറക്ട് ടു ഹോം, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, മൊബൈല്‍ ടിവി, ടെലിപ്പോര്‍ട്ടുകള്‍ മുതലായ വിവിധ രംഗങ്ങളില്‍ 100 ശതമാനം എഫ്ഡിഐ, മൃഗപരിപാലനം, ഇ-കൊമേഴ്‌സ് വഴിയുളളവയുള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പ്പന്ന വ്യാപാരമേഖലയില്‍ എഫ്ഡിഐ വ്യവസ്ഥകളുടെ ഉദാരവല്‍ക്കരണം തുടങ്ങിയവ ആ നയങ്ങളില്‍പ്പെടുന്നു.
എന്താണ് എഫ്ഡിഐ?
രാജ്യത്തിനകത്തെ ബിസിനസ്സില്‍ വിദേശകമ്പനി മൂലധന നിക്ഷേപം നടത്തുന്നതിനെയാണ് പ്രത്യക്ഷ വിദേശ നിക്ഷേപം (എീൃലശഴി ഉശൃലര േകി്‌ലേൊലി)േ അഥവാ എഫ്ഡിഐ എന്ന് പറയുന്നത്. എഫ്ഡിഐ രണ്ട് രൂപത്തിലുണ്ട്-ഗ്രീന്‍ഫീല്‍ഡും ബ്രൗണ്‍ഫീല്‍സും. വിദേശകമ്പനി ഒരു രാജ്യത്ത് പുതിയ വ്യവസായം തുടങ്ങുന്നത് ഗ്രീന്‍ഫീല്‍ഡ്. നിലനില്‍ക്കുന്ന സംരംഭത്തില്‍ മൂലധനനിക്ഷേപം നടത്തി അതിനെ ഏറ്റെടുത്താല്‍ അത് ബ്രൗണ്‍ഫീല്‍ഡ്. ഒരു കുത്തകക്കമ്പനി ഇങ്ങനെ വിദേശത്തേയ്ക്ക് മൂലധനം കയറ്റുമതി ചെയ്യുന്നതെന്തിനാണ്? തീര്‍ച്ചയായും അത് ജീവകാരുണ്യമെന്ന നിലയിലോ സൗഹൃദപ്രകടനമെന്നോ നിലയിലോ അല്ല. മൂലധനം കുത്തകസ്വഭാവമാര്‍ജ്ജിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലെ മൂലധനത്തിന്റെ നിയമപ്രകാരം പരമാവധിലാഭം നേടുക എന്നതാണ് അതിന്റെ വ്യക്തമായ ലക്ഷ്യം. കുത്തകകള്‍ മൂലധനം നിക്ഷേപിക്കുന്ന രാജ്യത്ത് ഉല്‍പ്പാദനച്ചെലവ് കുറവായിരിക്കുന്നത് പരമാവധിലാഭം നേടാന്‍ സഹായിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറഞ്ഞിരിക്കുക, വൈദ്യുതിയും ഗതാഗതവും ഭൂമിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാവുക, പരമാവധി കുറഞ്ഞ കൂലി തുടങ്ങിയവ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. നരേന്ദ്രമോദി ”മെയ്ക്ക് ഇന്‍ ഇന്‍ഡ്യ” എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തേയ്ക്ക് എഫ്ഡിഐ ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹവും ചെയ്യുന്നത് വിദേശ കുത്തകകള്‍ക്ക് ഈ രാജ്യത്ത് മേല്‍പ്പറഞ്ഞ വിധത്തില്‍ പരമാവധി കുറഞ്ഞ ഉല്‍പ്പാദനച്ചെലവില്‍ ബിസിനസ്സ് നടത്താന്‍ സൗകര്യമൊരുക്കാമെന്ന് ഉറപ്പ് നല്‍കുകയാണ്. അതിനാല്‍, എഫ്ഡിഐ എന്നാല്‍, ഒരു രാജ്യത്തെ വിലക്കുറഞ്ഞ അസംസ്‌കൃത വസ്തുക്കളും അദ്ധ്വാനശേഷിയും മറ്റടിസ്ഥാനസൗകര്യങ്ങളും ചൂഷണം ചെയ്യുന്നതിന് വേണ്ടി മറ്റ് രാജ്യങ്ങളിലെ കുത്തകമുതലാളിമാര്‍ നടത്തുന്ന മൂലധന ഇറക്കുമതിയല്ലാതെ മറ്റൊന്നുമല്ല. നിര്‍ദ്ദയമായ മുതലാളിത്ത ചൂഷണത്തിന്റെ നുകത്തിനടിയില്‍പ്പെട്ട് നരകിക്കുന്ന ജനങ്ങളുടെ യാതനകള്‍ വര്‍ദ്ധിപ്പിക്കാനേ എഫ്ഡിഐ ഉതകുകയുള്ളു.
എഫ്ഡിഐ-യുടെ വക്കാലത്തുകാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു
ഭരിക്കുന്ന കുത്തകമുതലാളിമാരുടെ രാഷ്ട്രീയ വക്താക്കളെന്ന നിലയിലാണ് ബൂര്‍ഷ്വാ ഗവണ്മെന്റ് എഫ്ഡിഐ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വാദിക്കുന്നത്. എഫ്ഡിഐ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടും, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ബിസിനസ്സ് തത്ത്വങ്ങളും രാജ്യത്തേയ്ക്ക് ആനയിക്കും, ഉപഭോക്താക്കള്‍ക്ക് വമ്പിച്ച നേട്ടമുണ്ടാക്കുന്ന തരത്തില്‍ വിലകള്‍ കുറയാനിടയാക്കും, നിക്ഷേപത്തിനുള്ള മൂലധനത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കും എന്നൊക്കെയാണ് അവര്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഒന്നാമതായി, ഇന്‍ഡ്യയില്‍ നിക്ഷേപത്തിനുള്ള മൂലധനത്തിന്റെ ദൗര്‍ലഭ്യം എന്നൊരു പ്രശ്‌നം യഥാര്‍ത്ഥത്തിലുണ്ടോ? വലിപ്പംകൊണ്ട് ലോകത്ത് എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്‍ഡ്യയുടേത്. ഇന്‍ഡ്യന്‍ കുത്തകകള്‍ ലോകത്തെ തന്നെ അതിസമ്പന്നന്മാരില്‍പെടുന്നവരാണ്. വിദേശരാജ്യങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നവരുമാണവര്‍. അതിനാല്‍, മൂലധനദൗര്‍ലഭ്യം എന്ന വാദം തീര്‍ത്തും അസത്യമാണെന്ന് വ്യക്തം. ഇനി, സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന വാദമെടുക്കുക. സാമ്പത്തികവളര്‍ച്ചയെന്നതുകൊണ്ട് ബൂര്‍ഷ്വാസാമ്പത്തികശാസ്ത്രകാരന്മാരും ഗവണ്മെന്റുകളും ഉദ്ദേശിക്കുന്നത് പൗരന്മാരുടെ ജീവിതനിലവാരത്തിലുണ്ടാകുന്ന ഉയര്‍ച്ച എന്നല്ല, മറിച്ച് മൊത്തം ദേശീയോല്‍പ്പാദനത്തില്‍ (ജിഡിപി) ഉളള വളര്‍ച്ചയെയാണെന്നോര്‍ക്കണം. എഫ്ഡിഐ ഒരു സര്‍വ്വരോഗസംഹാരിയാണെങ്കില്‍ എന്തുകൊണ്ടാണ് ഉദാരമായ എഫ്ഡിഐ വ്യവസ്ഥകളുളള രാജ്യങ്ങളിലും ജിഡിപിയില്‍ മുരടിപ്പും വ്യാപാരമാന്ദ്യവുമൊക്കെയുണ്ടാകുന്നത്? യൂറോപ്യന്‍ യൂണിയനില്‍പ്പെടുന്ന രാജ്യങ്ങളും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിവിധ രാജ്യങ്ങളും ഉദാഹരണം. പര്യാപ്തമായ നിയന്ത്രണസംവിധാനങ്ങളില്ലാതെയോ, ഉല്‍പ്പാദനം, വിപണി, സാങ്കേതികശേഷി തുടങ്ങിയവയുടേതായ ശക്തമായ ഒരു തദ്ദേശീയ സമ്പദ്‌വ്യവസ്ഥയില്ലാതെയോ, അവര്‍ പറയുന്ന തരത്തിലുളള വളര്‍ച്ച നേടുന്നതിനുളള കുറുക്കുവഴിയെന്ന നിലയില്‍ എഫ്ഡിഐയ്ക്ക് വാതില്‍ തുറന്നുകൊടുത്ത സമ്പദ്‌വ്യവസ്ഥകളൊന്നും ആരോഗ്യത്തോടെ വളര്‍ന്നിട്ടില്ല. മറിച്ച്, മരുന്നു കുത്തിവെച്ച് തടിപ്പിച്ച മനുഷ്യനെപ്പോലെ സ്വതവേ ദുര്‍ബ്ബലമായ ഒരു സമ്പദ്‌വ്യവസ്ഥയായി അത് മാറുന്നു.
എഫ്ഡിഐ വന്നാല്‍ വില കുറയുമോ?
ഇനി, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഫലമായി വില കുറയുമെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാകുമെന്നുമുള്ള വാദം പരിശോധിക്കാം. പത്ത് കൊല്ലം മുമ്പ് പോലും നമ്മുടെ ചില്ലറ വ്യാപാരമേഖലയുടെ 98 ശതമാനവും ചെറുകിട കച്ചവടക്കാരുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രംഗത്ത് കുത്തകമൂലധനത്തിന്റെ നിര്‍ണ്ണായകമായ കടന്നുകയറ്റം ഉണ്ടായിക്കഴിഞ്ഞു. വലിയ ഇന്‍ഡ്യന്‍ കുത്തകകളുടെ ഉടമസ്ഥതയിലുളള സ്‌പെന്‍സേഴ്‌സ്, ബിഗ് ബസാര്‍, ഷോപ്പേഴ്‌സ് സ്റ്റോപ്പ് മുതലായ ഷോപ്പിംഗ്മാളുകള്‍ വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്നത് അതിന്റെ തെളിവാണ്. പക്ഷെ, അത് വഴി വിലകള്‍ കുറയുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ടോ? വിവിധ ഉല്‍പ്പന്നങ്ങള്‍ ഒരു സ്ഥലത്ത് നിന്ന് തന്നെ വില്പന നടത്തുന്ന വര്‍ണ്ണപ്പകിട്ടും പളപളപ്പുമുള്ള കൂറ്റന്‍ ഷോപ്പിംഗ് മാളുകളോട് കിടപിടിക്കാനാകാതെ പല ചെറുകിട വ്യാപാരസ്ഥാപനങ്ങളും, വിശേഷിച്ചും നഗരങ്ങളില്‍, ഇതിനകം അടച്ചുപൂട്ടി. പലതിലും കച്ചവടം ഗണ്യമായി കുറഞ്ഞു. ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വലിയൊരു വിഭാഗം ആളുകള്‍ക്ക് പണി നഷ്ടപ്പെട്ടു. അവരുടെ എണ്ണത്തെ അപേക്ഷിച്ച് എത്രയോ നിസ്സാരമായ ഒരു സംഖ്യയേയുളളു ഷോപ്പിംഗ് മാളുകളില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍. ഒരു ഷോപ്പിംഗ് മാള്‍ ഏതാനും ആയിരങ്ങള്‍ക്ക് പുതിയതായി ജോലി നല്‍കുമ്പോള്‍, മറുവശത്ത് ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുകയാണ്. അതിനാല്‍, ചില്ലറ വ്യാപാരമേഖലയില്‍ നിയന്ത്രണമില്ലാതെ എഫ്ഡിഐ അനുവദിക്കപ്പെട്ടാല്‍ സ്ഥിതി ഭയാനകമാംവിധം രൂക്ഷമാകും. 2007-ലെ ഒരു പഠനം കാണിക്കുന്നു: ചെറുകിട വ്യാപാര സ്ഥാപനത്തിലെ ഒരു ജോലിക്കാരന്‍ 78,000 രൂപയുടെ ബിസിനസ്സ് നടത്തുന്ന സമയത്ത് വാള്‍മാര്‍ട്ടിലെ ഒരു ജോലിക്കാരന്‍ 74.18 ലക്ഷം രൂപയുടെ കച്ചവടം നടത്തുന്നു. അതായത് അതിന്റെ ഏതാണ്ട് 95 ഇരട്ടി! പരമാവധി ലാഭം നേടുന്നതിനുവേണ്ടി, തൊഴിലാളിയുടെ കൂലിയിനത്തിലുളള ചെലവ് കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, വാള്‍മാര്‍ട്ട് തികച്ചും യന്ത്രവല്‍കൃതമായ സംവിധാനങ്ങളും ആധുനികമായ ബിസിനസ്സ് പ്രക്രിയയും അവലംബിക്കുന്നതുകൊണ്ടാണിങ്ങനെ. അന്തര്‍ദ്ദേശീയമായ കണക്കനുസരിച്ച്, വാള്‍മാര്‍ട്ടിന്റെ ഒരു സ്റ്റോറില്‍ 10,195 ജോലിക്കാരെ വച്ച് നേടുന്ന വിറ്റുവരവ് 80,330 കോടി രൂപയാണ്. ഉദ്ദേശം 10 ലക്ഷം ജനങ്ങളുള്ള ഒരു നഗരത്തില്‍ വാള്‍മാര്‍ട്ട് ഔട്ട്‌ലെറ്റ് തുറക്കുകയും, അവരുടെ ശരാശരി കച്ചവടം അവിടെ നടക്കുകയും ചെയ്താല്‍, അതിന്റെ ഫലമായി ചില്ലറ വ്യാപാരമേഖലയില്‍ നിന്ന് ഏതാണ്ട് 4,32,000 പേര്‍ക്ക് പണി നഷ്ടപ്പെടും എന്ന് കണക്കാക്കാം. പ്രാദേശിക ഉല്‍പ്പാദകരുടെ ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തണമെന്ന നിര്‍ബ്ബന്ധിത വ്യവസ്ഥ എടുത്തുകളയുകയും, മള്‍ട്ടിബ്രാന്റ് റീട്ടെയ്ല്‍ രംഗത്തും എഫ്ഡിഐ കടന്നുവരികയും ചെയ്താല്‍, കൂറ്റന്‍ വിദേശകമ്പനികള്‍ ഇന്‍ഡ്യയ്ക്കകത്തുനിന്നോ പുറത്തുനിന്നോ വന്‍തോതില്‍ സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തുടക്കത്തില്‍ വില കുറച്ച് നല്‍കുന്നതിലൂടെ ചെറുകിട കച്ചവടക്കാരെ മുടിക്കുകയും, തുടര്‍ന്ന് യഥേഷ്ടം വില നിശ്ചയിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കുകയും ചെയ്യും. വാള്‍മാര്‍ട്ടിനെയും കെയര്‍ഫോറിനെയും പോലുള്ള വിദേശ കൂറ്റന്മാര്‍ ഇന്‍ഡ്യന്‍ വിപണിയിലേയ്ക്ക് കടന്നുവന്നാല്‍ അവയുമായി മത്സരിച്ചുനില്‍ക്കാന്‍ സ്‌പെന്‍സേഴ്‌സും ബിഗ് ബസാറും പോലുള്ള ഇന്‍ഡ്യന്‍ ഭീമന്മാര്‍ക്കും ബുദ്ധിമുട്ടാകും. തുല്യശക്തികള്‍ തമ്മിലല്ല മത്സരം എന്നതു തന്നെയാണ് കാരണം. ഇതിനകം അത്തരം ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ സുഭിക്ഷ, ഉത്തരേന്ത്യയിലെ വിശാല്‍, സബ്കാ ബസാര്‍ എന്നിവ ഉദാഹരണം.
ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് കിട്ടും എന്നത് എഫ്ഡിഐ-യുടെ വക്കാലത്തുകാര്‍ നടത്തുന്ന മറ്റൊരു വ്യാജപ്രചാരണമാണ്. ബിഗ്ബസാറാണെങ്കിലും വാള്‍മാര്‍ട് ആണെങ്കിലും വിലകള്‍ ഒരിക്കലും താഴേയ്ക്ക് വരുന്നില്ല. ഉരുളക്കിഴങ്ങോ അതുപോലുള്ള ഏതാനും ചില സാധനങ്ങളോ, ചില പ്രത്യേക സീസണുകളില്‍, കുറച്ചു ദിവസത്തേയ്ക്ക് മാത്രം വില കുറച്ച് നല്‍കിയെന്നിരിക്കും. മറ്റെല്ലാ സാധനങ്ങള്‍ക്കും അവര്‍ കൂടുതല്‍ വില ഈടാക്കും. അതാണ് വമ്പന്മാര്‍ നടത്തുന്ന ചില്ലറ വ്യാപാരത്തിന്റെ രീതി. എഫ്ഡിഐ-യുടെ വക്കാലത്തുകാരനായ ഒരു വിദഗ്ദ്ധന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍: വന്‍കിട ചില്ലറ വ്യാപാരികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുവേണ്ടി, ഉല്‍പ്പാദകര്‍ക്ക് വില കുറച്ചുനല്‍കിയും കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും ചില ഇനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കും. കൂടുതല്‍ വില്പനയുള്ള മറ്റിനങ്ങള്‍ക്ക് കൂടിയ ലാഭമെടുത്തുകൊണ്ട് അവര്‍ ഈ കുറവ് പരിഹരിക്കും. (ആനന്ദ് രാമനാഥന്‍, 2011 ഡിസംബര്‍ 1-ന്റെ എക്കണോമിക് ടൈംസ് ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്). അതിനാല്‍, ചില്ലറ വ്യാപാരമേഖലയില്‍ എഫ്ഡിഐ വരുന്നതോടെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുറയുമെന്ന വാദം തീര്‍ത്തും പൊളളയാണ്. പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചത്തക്കാരും ഊഹക്കച്ചവടക്കാരും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന അഴിമതിഗ്രസ്തമായ ഉദ്യോഗസ്ഥസംവിധാനവുമുള്‍പ്പെടുന്ന ഈ ജീര്‍ണ്ണവും മരണാസന്നവുമായ മുതലാളിത്ത വ്യവസ്ഥിതിയുടെ സൃഷ്ടിയാണ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം. ചില്ലറ വ്യാപാരമേഖലയില്‍ എഫ്ഡിഐ ഏര്‍പ്പെടുത്തുന്നത് അതിന് പരിഹാരമല്ല. മറിച്ച്, അത് സ്ഥിതി വഷളാക്കുകയേയുള്ളു.
എഫ്ഡിഐ വന്നാല്‍ കൃഷിക്കാര്‍ക്ക് ഗുണമുണ്ടാകുമോ?
ചില്ലറ വ്യാപാരരംഗത്ത് എഫ്ഡിഐ വന്നാല്‍, കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കിട്ടും എന്ന വാദവും വസ്തുതാവിരുദ്ധമാണ്. മുതലാളിത്തത്തിന് കീഴിലെ തുറന്നവിപണി എന്ന് പറയുന്നത് പരോപകാരത്തിനോ സേവനത്തിനോ വേണ്ടിയുള്ളതല്ല. വിപണിയുടെ താല്പര്യങ്ങള്‍ ഏറ്റവും ഫലപ്രദമായും നന്നായും നിറവേറ്റപ്പെടുന്നതെങ്ങനെ എന്നതുമാത്രമാണ് പരിഗണന. കര്‍ഷക ആത്മഹത്യകള്‍ പെരുകിവരുന്നത് വിപണിയില്ലാത്തതുകൊണ്ടല്ല. അഴിമതിഗ്രസ്തമായ ഉദ്യോഗസ്ഥ സംവിധാനവും പോലീസും പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചത്തക്കാരും തത്ത്വദീക്ഷയില്ലാത്ത ഇടനിലക്കാരും അടങ്ങുന്ന സംഘം വിപണിയെ നിയന്ത്രിക്കുന്നതുമൂലം, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതെ ദുരിതവിലയ്ക്ക് അവ വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകുന്നു എന്നതാണ് കാരണം. കര്‍ഷകര്‍ അവര്‍ ഉല്‍പ്പാദിപ്പിച്ച ഉള്ളി കിലോയ്ക്ക് 50 പൈസ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബ്ബന്ധിതരായപ്പോള്‍, അതേ ഉള്ളി കുത്തകകളുടെ നിയന്ത്രണത്തിലുളള വലിയ ഷോപ്പിംഗ് മാളുകളിലുള്‍പ്പെടെയുളള വിപണിയില്‍ കിലോയ്ക്ക് 20 രൂപ വിലയ്ക്കാണ് വിറ്റിരുന്നത് എന്ന വാര്‍ത്ത അടുത്തയിടെ പുറത്തുവരികയുണ്ടായി. ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമായിരിക്കെ കൃഷിക്കാര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന വില നല്‍കാന്‍ മാത്രം ഉദാരമനസ്‌കരാണ് വിദേശകുത്തകകള്‍ എന്ന് വിചാരിക്കുന്നത് ബാലിശമാണ്. ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയിലെ സാമ്പത്തികശാസ്ത്രകാരനായ ആന്‍ഡ്രൂ ഷെപ്പാഡ് 2004-ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നത് വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചെറുകിട കര്‍ഷകരെ ബിസിനസ്സില്‍ നിന്ന് പുറന്തള്ളുന്നുവെന്നാണ്. ഉല്‍പ്പന്നങ്ങളുടെ അളവിലും ഗുണനിലവാരത്തിലും അവ കൃത്യസമയത്ത് ലഭ്യമാക്കുന്നതിലുമൊക്കെ ചെറുകിട കര്‍ഷകര്‍ പ്രതീക്ഷയ്‌ക്കൊത്തുയരുന്നില്ല എന്ന ന്യായം പറഞ്ഞാണ് അങ്ങനെ ചെയ്യുന്നത്. അടുത്തയിടെ നടന്ന ഒരു ഓക്‌സ്ഫാം പഠനം വെളിപ്പെടുത്തുന്നു: പത്ത് വര്‍ഷം മുമ്പ് കാപ്പിയുടെ ലോക ബിസിനസ്സ് 30 ബില്യണ്‍ ഡോളറായിരുന്നപ്പോള്‍ അതില്‍ 10 ബില്യണ്‍ ഡോളര്‍ കര്‍ഷകര്‍ക്ക് കിട്ടിയിരുന്നു. ഇപ്പോള്‍ ലോകവിപണിയിലെ ബിസിനസ്സ് 60 ബില്യണ്‍ ഡോളറായപ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് 6 ബില്യണ്‍ ഡോളറില്‍ താഴെ മാത്രം! അപ്പോള്‍ കുത്തകകളുടെ വലിയ ആരവത്തോടെയുളള കടന്നുവരവും കാര്യക്ഷമതയിലുളള വര്‍ദ്ധനവും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പകരം അത് ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
ചില്ലറ വ്യാപാരരംഗം കൈയടക്കുന്ന കുത്തകകള്‍ പ്രാഥമിക ഉല്‍പ്പാദകരുടെ വരുമാനം കവരുന്നു. മലേഷ്യയില്‍ കൂറ്റന്‍ സ്വകാര്യ ചില്ലറവില്പന ശൃംഖല വളര്‍ന്നുവന്നതിനെത്തുടര്‍ന്ന്,പച്ചക്കറി സപ്ലൈ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 2001-ല്‍ 200 ആയിരുന്നത് 2003 ആയപ്പോള്‍ കേവലം 30 ആയി ചുരുങ്ങി എന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകനില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കുത്തകയുടെ മൂലധനശേഷി എത്രമാത്രം കൂടുന്നുവോ അത്രയും കണ്ട് കര്‍ഷകന്റെ വരുമാനം ചുരുങ്ങുന്നുവെന്നതാണ് അനുഭവം. ഇന്നത്തെ സ്വതന്ത്രവിപണിയുടെ നിയമമാണത്. ചില്ലറ വ്യാപാരമേഖലയില്‍ എഫ്ഡിഐ വന്നാല്‍ സ്ഥിതി മെച്ചപ്പെടും എന്ന് പറയുന്നതില്‍ യാതൊരു കഴമ്പുമില്ല.
ചില്ലറ വ്യാപാരരംഗത്തെ എഫ്ഡിഐ ദരിദ്രകര്‍ഷകര്‍ക്ക് ആശ്വാസവും ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പ്പന്നങ്ങളും ഉറപ്പാക്കുമെന്ന് വാദിക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുകയാണ്. തദ്ദേശീയരും അതുപോലെ തന്നെ വിദേശീയരുമായ കുത്തകകള്‍, കാര്‍ഷികോല്പന്നസംഭരണം പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കുന്നതിന് വേണ്ടി ആദ്യം കര്‍ഷകര്‍ക്ക് അല്പം മെച്ചപ്പെട്ട വില നല്‍കുന്നു. തന്മൂലം കര്‍ഷകര്‍ ആ കുത്തകകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്ക്കുകയും ക്രമേണ അവരെ ആശ്രയിക്കുന്ന അവസ്ഥയിലെത്തിച്ചേരുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലെന്ന അവസ്ഥയെത്തുമ്പോള്‍ കുത്തകകള്‍ യഥേഷ്ടം വില നിശ്ചയിക്കാന്‍ തുടങ്ങുന്നു. അതുപോലെ തന്നെ ഏത് വിള ഉല്‍പ്പാദിപ്പിക്കണം, ഏത് വളവും കീടനാശിനിയും ഉപയോഗിക്കണം തുടങ്ങിയ നിബന്ധനകളും അവര്‍ മുന്നോട്ടുവയ്ക്കുന്നു.
ഏതെങ്കിലും വിളയ്‌ക്കോ കാര്‍ഷിക അസംസ്‌കൃതവസ്തുവിനോ രാജ്യത്തിനകത്തോ പുറത്തോ നല്ല വില്പന സാദ്ധ്യതയുണ്ടെന്ന് കണ്ടാല്‍, ഈ കുത്തകകള്‍, അവരുടെ വരുതിയിലായ കര്‍ഷകരോട് അവശ്യ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഒഴിവാക്കി പകരം വില്പനസാദ്ധ്യതയുളള വിളകള്‍ ‘കരാര്‍കൃഷി’ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ബ്ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നു. അവര്‍ രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെപ്പറ്റിയോ, പരിസ്ഥിതിയെപ്പറ്റിയോ ഒന്നും, ഒരു പരിഗണനയും വയ്ക്കുന്നില്ല. പെപ്‌സിക്ക് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉരുളക്കിഴങ്ങ് ആവശ്യമുള്ളതിനാല്‍ കര്‍ഷകര്‍ പരിപ്പ് കൃഷിചെയ്യേണ്ട സീസണില്‍ അത് ചെയ്യാതെയും, അതുപോലെ മറ്റ് വിളകളിറക്കേണ്ട സമയത്ത് അതൊഴിവാക്കിയും വ്യാപകമായി ഉരുളക്കിഴങ്ങ് മാത്രം കൃഷിചെയ്യുന്നു. തുടക്കത്തില്‍, അത് ചെയ്യുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം കിട്ടുന്നതിനാല്‍ അവര്‍ കരാര്‍ കൃഷി ആദായകരമാണെന്ന് കരുതുകയും ചെയ്യുന്നു. പക്ഷെ, മറ്റ് പല ഭക്ഷ്യവസ്തുക്കളും വേണ്ടത്ര ഉല്‍പ്പാദിപ്പിക്കാതിരിക്കുന്നതിന്റെ ആഘാതം താമസിയാതെ അനുഭവപ്പെടാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ പരിപ്പിനും പയര്‍വര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം ദിനംപ്രതി വിലവര്‍ദ്ധിക്കുന്നു. കര്‍ഷകരെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്നതിന് വേണ്ടി വന്‍ കുത്തകകള്‍ അവര്‍ക്ക് വായ്പയും അഡ്വാന്‍സും മറ്റും ഏര്‍പ്പാടാക്കിക്കൊടുക്കുകയും, വിത്ത് വളം കീടനാശിനി തുടങ്ങിയവ നല്‍കുകയും ചെയ്യുന്നു. തന്മൂലം കൃഷിക്കാര്‍ ആ പ്രത്യേക കുത്തകകള്‍ക്കല്ലാതെ മറ്റാര്‍ക്കും ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലാകുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനും വില്പനയ്ക്കുമുളള അവകാശം അങ്ങനെ ആ കോര്‍പ്പറേറ്റുകളുടെ കുത്തകയായി മാറുന്നു. ചെറുകിട മൂലധനത്തെയും അവരില്‍ നിന്നുളള മത്സരത്തെയും ഒഴിവാക്കാനും, കാര്‍ഷികമേഖലയില്‍ വലിയ കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കാനും വേണ്ടി, കുത്തക മൂലധനം സാധാരണയായി പ്രയോഗിക്കുന്ന ഇരപിടിയന്‍ തന്ത്രമാണിത്. ഇതിന്റെ ഫലമായി കര്‍ഷകരും ചെറുകിട ഉല്‍പ്പാദകരും നാശമടയുന്നു. എഫ്ഡിഐയുടെ വക്കാലത്തുകാര്‍ കര്‍ഷകര്‍ക്കുണ്ടാകാന്‍ പോകുന്ന നേട്ടങ്ങളെക്കുറിച്ചു പറയുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. വന്‍കിട മാളുകളുടെ വരുമാനത്തിന്റെ 70 ശതമാനത്തിലേറെ ഭാഗവും കര്‍ഷകരുമായി ഒരു ബന്ധവുമില്ലാത്ത, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ളതാണെന്ന കാര്യവും ഓര്‍ക്കുക.
എഫ്ഡിഐ വന്നാല്‍, കൂടുതല്‍ ഉല്‍പ്പന്നങ്ങളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമായത് തെരഞ്ഞെടുക്കാനുളള അവസരം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നും, അവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുമെന്നും പറഞ്ഞ് നഗരങ്ങളിലെ ഉപഭോക്താക്കളെ പാട്ടിലാക്കാന്‍ എഫ്ഡിഐ-യുടെ വക്കാലത്തുകാര്‍ ശ്രമിക്കുന്നുണ്ട്. തികഞ്ഞ കാപട്യമാണിതും. ലോകത്തെവിടെയും കുത്തകകള്‍ ഉപഭോക്താക്കളെ പിഴിഞ്ഞൂറ്റുകയാണ്. ആദ്യം അവര്‍, ചെറുകിട പരമ്പരാഗത വ്യാപാര സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്ത തരത്തിലുളള ആകര്‍ഷകമായ ചില ഇളവുകള്‍ പ്രഖ്യാപിച്ചും, ഷോപ്പിംഗ് മാളുകളുടെ വര്‍ണ്ണശബളിമയും ആഡംബരവും കാട്ടി മോഹിപ്പിച്ചും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. വമ്പിച്ച മൂലധനശക്തിയുള്ളതുമൂലം അവര്‍ക്കത് സാധിക്കുന്നു. ലാഭം കുറച്ചോ വേണ്ടിവന്നാല്‍ കുറച്ച് നഷ്ടം സഹിച്ചോ ചില സാധനങ്ങള്‍ കുറച്ചുകാലത്തേയ്ക്ക് വിലകുറച്ചു നല്‍കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ല. അങ്ങനെ അവര്‍ പരമ്പരാഗത ചില്ലറവില്പനശാലകളെ പൂട്ടിക്കുന്നു. ചെറുകിട ഇടത്തരം കടകളില്‍ നിന്നുളള മത്സരം ഇങ്ങനെ ക്രമേണ ഇല്ലാതാക്കി അവര്‍ വിപണിയില്‍ കുത്തകാധിപത്യം സ്ഥാപിക്കുന്നു. അതോടെ ഉപഭോക്താക്കള്‍ വന്‍ ബിസിനസ്സ് ലോബികളുടെ പിടിയില്‍ പെട്ടുകഴിയുന്നു. പിന്നെ, സാധനങ്ങളുടെ വില മാത്രമല്ല, നിങ്ങള്‍ എന്ത് സാധനം ഉപയോഗിക്കണം എന്നതുവരെ ഈ കുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നു.
രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്ന അവസ്ഥയും, തല്‍ഫലമായി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുന്ന സ്ഥിതിയും – അതായിരിക്കും നിയന്ത്രണമില്ലാത്ത എഫ്ഡിഐ-യുടെ സാമ്പത്തിക പ്രത്യാഘാതം. ഗ്രാമപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ പെരുകും. നാട്ടുംപുറത്തുകാര്‍ ഉപജീവനാര്‍ത്ഥം നഗരപ്രദേശങ്ങളിലേയ്ക്ക് ചേക്കേറുന്ന സ്ഥിതി വര്‍ദ്ധിച്ചുവരും. നഗരങ്ങളിലാകട്ടെ, ചെറുകിട വ്യവസായ സംരംഭങ്ങളും ചെറുകിട ബിസിനസ്സ് മേഖലയും ഒന്നടങ്കം അതിശക്തരായ വിദേശമൂലധനത്തിന്റെ ദയാദാക്ഷിണ്യത്തിലായിക്കഴിഞ്ഞിരിക്കും. അവയുടെ ഉല്‍പ്പന്നങ്ങള്‍ ചില്ലറ വ്യാപാരരംഗത്തെത്തിക്കാനുള്ള മാര്‍ഗ്ഗം വിച്ഛേദിക്കപ്പെട്ട അവസ്ഥയില്‍ അവ ഉന്മൂലനാശത്തെ നേരിടും. ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിവരുന്ന വലിയൊരു ജനസഞ്ചയത്തിന് ജീവനോപാധികള്‍ നഷ്ടമാകും. ഗ്രാമങ്ങളില്‍ നിന്ന് തൊഴില്‍തേടി നഗരങ്ങളിലെത്തുന്ന തൊഴിലില്ലാപ്പടയോടൊപ്പം അവരും ചേരേണ്ടതായി വരും. രാജ്യത്തിന്റെ സാമൂഹ്യജീവിതം അപ്പാടെ തകിടംമറിയും.
ഈ വിദേശ സംരംഭങ്ങളില്‍ തൊഴില്‍ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഈ രാജ്യത്തെ തൊഴിലാളികള്‍ കഠിനസമരങ്ങളിലൂടെ നേടിയെടുത്തതും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ജനാധിപത്യാവകാശങ്ങളോ ട്രേഡ്‌യൂണിയന്‍ അവകാശങ്ങളോ ഒന്നും തന്നെയുണ്ടാവുകയില്ല. പ്രത്യക്ഷത്തില്‍ ആകര്‍ഷകമായ വേതനം നല്‍കിയേക്കാം. പക്ഷെ, തൊഴിലിടങ്ങളില്‍ അങ്ങേയറ്റത്തെ അവകാശനിഷേധങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരും. അതോടൊപ്പം തൊഴിലില്‍ തികഞ്ഞ അനിശ്ചിതത്വവും. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ അവ പ്രച്ഛന്നമായ പ്രത്യേക സാമ്പത്തിക മേഖലകളായി മാറും. ഇതിനകം പല രാജ്യങ്ങളിലും വലിയ വിനാശം വിതച്ച ഭയാനകമായ ഏര്‍പ്പാടാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍.
വാര്‍ത്താവിതരണത്തിന്റെയും പ്രക്ഷേപണത്തിന്റെയും വിവിധ മേഖലകളില്‍ ഓട്ടോമാറ്റിക് റൂട്ടിലൂടെയുള്ള എഫ്ഡിഐ-ക്ക് അനുമതി നല്‍കുന്നത് വിനാശകരമായ ഭവിഷ്യത്തുകളുണ്ടാക്കും. ഇന്‍ഡ്യയിലെ ടെലികോമും ബന്ധപ്പെട്ട വ്യവസായങ്ങളും തന്മൂലം കടുത്ത മത്സരത്തെ നേരിടേണ്ടി വരും. എന്നുമാത്രമല്ല, കേബിള്‍ നെറ്റ്‌വര്‍ക്ക്, മൊബൈല്‍ ടിവി മുതലായവയില്‍ വിദേശമൂലധനത്തിന് കടന്നുകയറാന്‍ കഴിയുന്നതുമൂലം അത് ജീര്‍ണ്ണമായ സാമ്രാജ്യത്വ സംസ്‌കാരത്തിന്റെ മലവെള്ളപ്പാച്ചില്‍ തന്നെ തുറന്നുവിടും. ഇപ്പോള്‍ കുടുംബങ്ങള്‍ക്കുള്ളിലേയ്ക്ക് പോലും അരിച്ചുകയറിയിട്ടുള്ള ആഭാസകരവും അശ്ലീലവുമായ വിനോദങ്ങള്‍, വിദേശ മൊബൈല്‍ ടിവിയുടെ വരവോടെ ഓരോ വ്യക്തിയിലേയ്ക്കും അവയുടെ നീരാളിക്കൈകള്‍ നീട്ടും. അമ്പേ ജീര്‍ണ്ണമായ മുതലാളിത്ത സംസ്‌കാരത്തിന്റെ അന്തരീക്ഷത്തില്‍ ഐടി രംഗത്തുണ്ടായ കുതിപ്പ് നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വളരെയേറെ വര്‍ദ്ധിക്കാനിടയാക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. അപ്പോള്‍, മേല്‍പറഞ്ഞവയുടെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളു.
ഇന്‍ഡ്യയുടെ ഔഷധനിര്‍മ്മാണ മേഖല റിവേഴ്‌സ് എഞ്ചിനിയറിംഗ്, കാര്യക്ഷമത, നൈപുണി എന്നിവയുടെ പേരില്‍ പ്രസിദ്ധമാണ്. പല മൂന്നാംലോക രാജ്യങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മരുന്ന് നല്‍കുന്നതില്‍ ഒരു പ്രധാനപങ്കും ഇന്‍ഡ്യ വഹിക്കുന്നു. ഈ മേഖലയിലേയ്ക്ക് എഫ്ഡിഐ കൊണ്ടുവന്നതുകൊണ്ട് എന്ത് നേട്ടമാണുണ്ടാവുക? വിദേശകുത്തകകള്‍ക്ക് പരമാവധി ലാഭമുണ്ടാക്കി കൊണ്ടുപോകാന്‍ അവസരം കൊടുക്കുക, ഇവിടത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളെ തകര്‍ത്ത് ഔഷധനിര്‍മ്മാണരംഗത്ത് സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുക എന്നുളളതല്ലാതെ മറ്റൊന്നും അതുവഴി സംഭവിക്കുകയില്ല.
പ്രതിരോധരംഗത്ത് എഫ്ഡിഐ
സമ്പദ്‌വ്യവസ്ഥയുടെ സൈനികവല്‍ക്കരണ അജണ്ടയുടെ അവിഭാജ്യഭാഗമാണ് പ്രതിരോധരംഗത്തെ എഫ്ഡിഐ. ലോകമുതലാളിത്ത സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യവും കമ്പോള പ്രതിസന്ധിയും നേരിടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മുതലാളിത്ത രാജ്യങ്ങളും സമ്പദ്‌വ്യവസ്ഥയെ സൈനികവല്‍ക്കരിക്കാന്‍ മുതിരുന്നു. സാമ്പത്തിക വ്യവസ്ഥിതിക്കും വിപണിക്കും കൃത്രിമമായ ഉത്തേജനം നല്‍കുക എന്നതാണ് ലക്ഷ്യം. ഗവണ്മെന്റ് പ്രതിരോധവ്യവസായങ്ങളില്‍ മൂലധനനിക്ഷേപം നടത്തുന്നു. ഉല്‍പ്പന്നങ്ങള്‍ ഗവണ്മെന്റ് തന്നെ വാങ്ങുന്നു. ഈ ചാക്രിക ചലനം നിലനിര്‍ത്തുന്നതിന് ഒരു യുദ്ധാന്തരീക്ഷം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഉല്‍പ്പാദക രാജ്യത്തിന് സൈനികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും ഉപഭോക്താവായ രാജ്യത്തിന് അവ വാങ്ങാനുമുളള സാഹചര്യം അതുവഴി ഒരുക്കപ്പെടുന്നു. എഫ്ഡിഐ വരുന്നത് ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ.
ഇന്‍ഡ്യ അടുത്തവര്‍ഷത്തോടെ, പ്രതിരോധത്തിന് വേണ്ടിയുളള ചെലവില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തെത്തും. പ്രതിരോധ ഉപകരണങ്ങള്‍ക്കുവേണ്ടിയുളള ഇന്‍ഡ്യയുടെ ചെലവ് അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ ഏതാണ്ട് 100 ബില്യണ്‍ ഡോളറാകുമെന്ന് കണക്കാക്കപ്പെടുന്നു. അന്തര്‍ദ്ദേശീയ ആയുധ ഉല്‍പ്പാദകരെ സംബന്ധിച്ചിടത്തോളം ഇന്‍ഡ്യ വളരെ ആകര്‍ഷകമായ ഒരു വിപണിയാണ്. ഇന്‍ഡ്യ എഫ്ഡിഐ പരിധി ഉയര്‍ത്തുകയാണെങ്കില്‍, അത് ആഗോള സംരംഭകര്‍ക്ക് ഇന്‍ഡ്യയില്‍ നിക്ഷേപം നടത്താനുള്ള വാണിജ്യപരമായ പ്രചോദനമായിരിക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പ്, അന്നത്തെ അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പറയുകയുണ്ടായി. ഇന്‍ഡ്യന്‍ കുത്തകകളെ സംബന്ധിച്ചിടത്തോളം, വിദേശമൂലധനവുമായി സഹകരിച്ച് അധുനാധുനങ്ങളായ ആയുധങ്ങളുല്‍പ്പാദിപ്പിച്ച് താരതമ്യേന ദുര്‍ബ്ബലരായ രാജ്യങ്ങള്‍ക്ക് വില്‍ക്കുക എന്നതാണ് താല്പര്യം.
യുദ്ധവെറിയന്മാരായ അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റ് സാമ്രാജ്യത്വ വന്‍ശക്തികളും അവരുടെ യുദ്ധക്കച്ചവടക്കാരായ കൂറ്റന്‍ ബഹുരാഷ്ട്രക്കുത്തകകളും നമ്മുടെ രാജ്യത്തിന്റെ പ്രതിരോധമേഖലയിലേയ്ക്ക് നിര്‍ണ്ണായകമായ കടന്നുകയറ്റം നടത്തിക്കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെത്തന്നെ അപകടപ്പെടുത്തും എന്നതാണ് ഇന്‍ഡ്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യം. പ്രതിരോധമേഖലയപ്പാടെ അവരുടെ മുന്നില്‍ തുറന്നുവയ്ക്കപ്പെടും. എല്ലാ സൈനികരഹസ്യങ്ങളും ആയുധശേഖരവും രാജ്യത്തിന്റെ മറ്റ് തന്ത്രപ്രധാനമായ വിവരങ്ങളും അവരുടെ വരുതിയിലാകും. വിദേശകുത്തകകള്‍ ഇന്‍ഡ്യയില്‍ ആരംഭിക്കുന്ന പ്രതിരോധവ്യവസായ സംരംഭങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ, വേണ്ടി വന്നാല്‍ ഗവണ്മെന്റിന് തന്നെ എതിരെ, ചാരപ്രവര്‍ത്തനത്തിനും നുഴഞ്ഞുകയറ്റത്തിനും അട്ടിമറിക്കും വേണ്ടി ഉപയോഗിക്കപ്പെടാം. പരിഷ്‌കരണത്തിന്റെ വക്കാലത്തുകാര്‍ പറയുന്നത് എഫ്ഡിഐ അത്യാധുനിക സാങ്കേതികവിദ്യകള്‍ കൊണ്ടുവരുമെന്നാണ്. പക്ഷെ, എഫ്ഡിഐ ഇല്ലാതെ സാധാരണഗതിയില്‍ത്തന്നെ വാങ്ങാവുന്നവയാണ് ആ സാങ്കേതികവിദ്യകള്‍. എന്നുമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേടാന്‍ വേണ്ടി മാത്രം രാജ്യത്തിന്റെ സുരക്ഷ തന്നെ അപായപ്പെടുത്തുന്നത് വിവേകമാണോ? അതിന് പുറമെ, ആയുധവ്യാപാരവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ത്തന്നെ വ്യാപകമായിട്ടുളള അഴിമതിയും കൈക്കൂലിയും കോഴയുമൊക്കെ വീണ്ടും വര്‍ദ്ധിക്കാന്‍ വര്‍ദ്ധിതമായ എഫ്ഡിഐ ഇടവരുത്തും. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പ്രയത്‌നിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉയര്‍ന്ന സൈനികോദ്യോഗസ്ഥന്മാരും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥമേധാവികളുമൊക്കെ ഉള്‍പ്പെട്ട വിനാശകരമായ അഴിമതികളുടെ പല സംഭവങ്ങളും എഫ്ഡിഐ ഇല്ലാതെ തന്നെ ഈ രാജ്യത്തുണ്ടായിട്ടുണ്ട്. എഫ്ഡിഐ കൂടി വന്നാലത്തെ സ്ഥിതി പറയേണ്ടതില്ല. മറ്റ് രംഗങ്ങളിലെന്നതുപോലെ പ്രതിരോധ വ്യവസായത്തിലും നിലനില്‍ക്കുന്ന പരിമിതമായ തൊഴിലവസരങ്ങള്‍ കൂടി, വര്‍ദ്ധിതമായ എഫ്ഡിഐ-യോടുകൂടി വെട്ടിച്ചുരുക്കപ്പെടും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും വളരെയേറെ മൂലധനാധിക്യമുളളതും ചുരുക്കം പേര്‍ക്കുമാത്രം തൊഴിലവസരങ്ങളുള്ളതുമായ വ്യവസായങ്ങളായിരിക്കും അതുവഴി വരാന്‍ പോകുന്നത്. ചെറുകിട ആയുധ ഉല്‍പ്പാദനരംഗത്ത് എഫ്ഡിഐ വിപണിയില്‍ ധാരാളം ആയുധങ്ങള്‍ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കും. കുറ്റവാളിസംഘങ്ങള്‍ക്ക് ഏറ്റവും പുതിയ ഇനം വിദേശനിര്‍മ്മിത ആയുധങ്ങളുപയോഗിച്ച് സമൂഹദ്രോഹപ്രവൃത്തികളിലേര്‍പ്പെടാന്‍ അത് അവസരമൊരുക്കും.
എഫ്ഡിഐ പരിഷ്‌കാരങ്ങള്‍ക്ക് കുത്തകകള്‍ നിര്‍ബ്ബന്ധിതരാകുന്നതെന്തുകൊണ്ട്?
കൃത്യമായും എന്ത് ലക്ഷ്യത്തോടുകൂടിയാണ് ഇന്‍ഡ്യന്‍ കുത്തകകള്‍ എഫ്ഡിഐ-യെ സ്വാഗതം ചെയ്യുന്നത്? വളരെയേറെ ദൃഢീകൃതമായിത്തീര്‍ന്നിട്ടുള്ള ഇന്‍ഡ്യന്‍ കുത്തകമുതലാളിത്തം സാമ്പത്തിക ദുഷ്പ്രഭുത്വമായി വളര്‍ന്നിരിക്കുന്നു. അവര്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചെറുതും ദുര്‍ബ്ബലവുമായ രാജ്യങ്ങളിലേയ്ക്കും, യൂറോപ്പിലേയ്ക്ക് പോലും, ഫിനാന്‍സ്മൂലധനം കയറ്റുമതി ചെയ്ത് അവിടങ്ങളിലെ അദ്ധ്വാനശക്തിയെ ചൂഷണം ചെയ്യുന്നു. പക്ഷെ, രൂക്ഷമായ വ്യാപാരമാന്ദ്യത്തിലും പ്രതിസന്ധിയിലും പെട്ടിരിക്കുന്ന ലോക മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥിതിയില്‍ ഇന്‍ഡ്യന്‍ കുത്തകകള്‍ കടുത്ത മത്സരത്തെ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ രണ്ട് മുഖമുളള ഒരു മാര്‍ഗ്ഗം സ്വീകരിക്കാന്‍ മുതിര്‍ന്നിരിക്കുന്നു. ലോകവിപണിയില്‍ കൂടുതല്‍ വലിയ പങ്ക് പറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിന് കഴിയണമെങ്കില്‍ ശക്തി വേണം. അതിനാല്‍ ചുരുങ്ങിയപക്ഷം ദക്ഷിണേഷ്യയുടെയും ദക്ഷിണപൂര്‍വ്വേഷ്യയുടെയും മേഖലയിലെങ്കിലും ഒരു വന്‍ശക്തിയായി മാറാനും അധീശത്വം ഉറപ്പിക്കാനും അവര്‍ അഭിലഷിക്കുന്നു. സൈനികശക്തി വര്‍ദ്ധിപ്പിക്കാനും, അമേരിക്കന്‍ സാമ്രാജ്യത്വവുമായി അണ്വായുധകരാര്‍ ഉള്‍പ്പെടെയുള്ള സൈനിക കരാറുകളിലേര്‍പ്പെടാനുമുളള അവരുടെ ശ്രമം അതാണ് കാണിക്കുന്നത്. ഇന്‍ഡ്യന്‍ ഭരണാധികാരികളുടെ അധീശത്വപരവും വല്യേട്ടന്‍ മനോഭാവത്തോടുകൂടിയതുമായ ഈ സമീപനത്തിന്റെ ചൂട് അയല്‍രാജ്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മറുവശത്ത് ഇന്‍ഡ്യന്‍ കുത്തകകള്‍ ലോകവിപണിയില്‍ കൂടുതല്‍ വലിയ ഒരു പങ്ക് നേടിയെടുക്കുന്നതിനായി മറ്റ് രാജ്യങ്ങളില്‍ തങ്ങളുടെ ഫിനാന്‍സ് മൂലധനം നിക്ഷേപിക്കാനും, ആയുധങ്ങളുള്‍പ്പെടെയുളള ചരക്കുകള്‍ വിറ്റഴിക്കാനും വേണ്ടി സാമ്രാജ്യത്വശക്തികളുടെ, വിശിഷ്യ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ, ഭാഗത്തുനിന്നുളള ആനുകൂല്യങ്ങളും സൗജന്യങ്ങളും നേടിയെടുക്കാന്‍ ശ്രമിക്കുന്നു. അതിനുവേണ്ടി അവര്‍ സ്വന്തം രാജ്യത്തെ വിപണി പ്രതീക്ഷാപൂര്‍വ്വം സാമ്രാജ്യത്വശക്തികള്‍ക്ക് മുമ്പില്‍ തുറന്നുവയ്ക്കുന്നു. ഇന്‍ഡ്യന്‍ കുത്തകകള്‍ പ്രത്യേകിച്ചും അമേരിക്കന്‍ സാമ്രാജ്യത്വവുമായി സാമ്പത്തിക കരാറുകളിലും അണ്വായുധ ഉടമ്പടികളിലും മറ്റും ഏര്‍പ്പെട്ടുകൊണ്ടോ, അവര്‍ക്ക് പല ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടോ, അവരുടെ ഹീനപദ്ധതികള്‍ക്കും കുതന്ത്രങ്ങള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും അരുനിന്നുകൊണ്ടോ ഒക്കെ, എങ്ങനെയും അടുപ്പം സ്ഥാപിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിന് പിന്നിലുളള രാഷ്ട്രീയസമ്മര്‍ദ്ദം അതാണ്. പ്രതിരോധമേഖലയുള്‍പ്പെടെയുളള രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എഫ്ഡിഐ വഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ തുറന്നുവയ്ക്കാന്‍ ഗവണ്മെന്റിനെ പ്രേരിപ്പിക്കുന്ന സമ്മര്‍ദ്ദവുമിതാണ്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അവരുടെ യജമാനന്മാരായ ഇന്‍ഡ്യന്‍ കുത്തകകളുടെ ആജ്ഞ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ആ യജമാനന്മാരുടെ വര്‍ഗ്ഗപരമായ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയുളള നടപടികളാണവര്‍ കൈക്കൊള്ളുന്നത്. മഹാനായ ലെനിന്റെ അമൂല്യപാഠങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ് ഇവയെല്ലാം. അദ്ദേഹം ചൂണ്ടിക്കാട്ടി: ഒരിക്കല്‍ മുതലാളിത്തത്തിന് ദേശീയ സ്വഭാവമുണ്ടായിരുന്നപ്പോള്‍ അത് ദേശസ്‌നേഹത്തില്‍ അഭിമാനം കൊണ്ടു. എന്നാല്‍ സാമ്രാജ്യത്വത്തിന്റേതായ ഈ യുഗത്തില്‍, അതായത് ഫിനാന്‍സ് മൂലധനത്തിന്റെ യുഗത്തില്‍, മുതലാളിത്തം സാര്‍വ്വലൗകിക സ്വഭാവം ആര്‍ജ്ജിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍, വിദേശവിപണികളില്‍ കടന്നുകയറി സ്ഥാനമുറപ്പിക്കാനായുള്ള ഫിനാന്‍സ് മൂലധനത്തിന്റെ ആക്രമണോത്സുകമായ സാഹസികോദ്യമങ്ങള്‍ക്കുമുന്നില്‍ ദേശീയതാല്പര്യം സൗകര്യപൂര്‍വ്വം അടിയറവയ്ക്കപ്പെടുന്നു.
ജനകീയ പ്രക്ഷോഭം അനിവാര്യം
ഈ നീക്കങ്ങള്‍ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് ദീര്‍ഘകാലം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് മൂലം അവര്‍ക്കത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മോദിഗവണ്മെന്റിന് ഇത്രയും ആക്രമണോത്സുകമായ ഈ നടപടികളുമായി മുന്നോട്ടുപോകാന്‍ എങ്ങനെ ധൈര്യമുണ്ടായി എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എഫ്ഡിഐക്കെതിരായ പ്രതിഷേധം ശക്തമാക്കുകയെന്നത് രാജ്യത്തെ ജനങ്ങളോട് കൂറുള്ള ജനാധിപത്യശക്തികളുടെ അടിയന്തര കര്‍ത്തവ്യമായിരുന്നു. എഫ്ഡിഐ പരിഷ്‌കാരങ്ങളുടെ പിന്നിലുള്ള ഗൂഢലക്ഷ്യം പുറത്തുകൊണ്ടുവന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, മുമ്പ് സാമ്രാജ്യത്വവിരുദ്ധ സമരവേദികളില്‍ ഉയര്‍ന്നിരുന്ന, വിദേശമൂലധനം കണ്ടുകെട്ടുക എന്ന ഡിമാന്റ് പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നത് മാര്‍ക്‌സിസ്റ്റുകളെന്നറിയപ്പെടുന്നവരും സ്വന്തം ശക്തിയെപ്പറ്റി വീമ്പുപറയുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്കായിരുന്നു അതിന്റെ പ്രധാന ഉത്തരവാദിത്തം. പക്ഷെ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മാര്‍ക്‌സിസ്റ്റുകളായി അറിയപ്പെടുന്ന സിപിഐ(എം) ഉള്‍പ്പെടെയുളള ഈ പാര്‍ട്ടികള്‍ ഈ നീക്കത്തിനെതിരെ തീവ്രമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം കേവലം അധരസേവയില്‍ ഒതുങ്ങിനില്‍ക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ-യുടെ ഭരണകാലത്തും അവര്‍ ഇങ്ങനെതന്നെയാണ് പെരുമാറിയത്. പശ്ചിമബംഗാളിലെന്നതുപോലെ സിപിഐ(എം) അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലും അത്തരം അവസരങ്ങളിലും അവര്‍ വികസനത്തിന്റെ പേരില്‍ വിദേശമൂലധനത്തെ പ്രകീര്‍ത്തിക്കുന്നതിനും ക്ഷണിച്ചുവരുത്തുന്നതിനും മടികാണിച്ചിട്ടില്ല. അത്തരം ചെയ്തികള്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും പോലെയുളള ശക്തികള്‍ക്ക് കരുത്ത് പകരാനേ ഉപകരിക്കൂവെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍, ശക്തമായ ഒരു പ്രതിഷേധവും ഫലത്തിലില്ല എന്ന് കണ്ടിട്ട് ബിജെപിയുടെ മോദി ഗവണ്മെന്റ് വേഗത്തിലും ധിക്കാരപൂര്‍വ്വവും നിര്‍ണ്ണായകമായും തങ്ങളുടെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കാന്‍ തുനിയുകയാണ്. അതിനാല്‍ ഇന്‍ഡ്യന്‍ കുത്തകകള്‍ വിദേശമൂലധനവുമായി ചേര്‍ന്ന് ഇന്‍ഡ്യയിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മേലുള്ള ചൂഷണം കൂടുതല്‍ തീവ്രമാക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയെ ചെറുത്തുപരാജയപ്പെടുത്താന്‍ വേണ്ടി സുശക്തമായ ജനാധിപത്യ ബഹുജനപ്രക്ഷോഭം വളര്‍ത്തിയെടുക്കുകയെന്നതാണ് ഇന്നത്തെ അടിയന്തരാവശ്യകത. അത്തരമൊരു സമരത്തിന് മാത്രമേ ഗവണ്മെന്റിനെ ഈ നീക്കത്തില്‍നിന്ന് പിന്തിരിയാന്‍ നിര്‍ബ്ബന്ധിതമാക്കിത്തീര്‍ക്കാന്‍ കഴിയൂ.അതിന് വേണ്ടി ജനങ്ങളെ, ഈ സമ്പൂര്‍ണ്ണമായ എഫ്ഡിഐ പരിഷ്‌കാരങ്ങളുടെ പിന്നിലുള്ള യഥാര്‍ത്ഥ ഉന്നമെന്തെന്നതിനെപ്പറ്റി ബോധവല്‍ക്കരിച്ച് ജനാധിപത്യസമരവേദിയില്‍ അണിനിരത്താന്‍ ലക്ഷ്യംവച്ചു

ളള തീവ്രമായ പ്രത്യയശാസ്ത്രസമരം കെട്ടഴിച്ചുവിടണം. ഇന്ത്യയിലെ വിപ്ലവപ്പാര്‍ട്ടിയെന്ന നിലയില്‍ എസ്‌യുസിഐ(സി) വര്‍ഗ്ഗ-ബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കാനായുള്ള അക്ഷീണപ്രയത്‌നത്തിന്റെ ഭാഗമായി ആ കര്‍ത്തവ്യം ഏറ്റെടുക്കുന്നു. ഈ സമരത്തില്‍ അണിനിരക്കാനായി മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ ജനാധിപത്യവിശ്വാസികളോടഭ്യര്‍ത്ഥിക്കുന്നു.

Share this