എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മൂന്നാം പാർട്ടി കോൺഗ്രസ്സ് വിജയിപ്പിക്കുക

Spread our news by sharing in social media

പ്രിയ സഖാക്കളെ,
മൂന്നാം പാർട്ടി കോൺഗ്രസ്സ് വിജയിപ്പിക്കുന്നതിനായി സഖാക്കളോട് ഒരു അഭ്യർത്ഥന നടത്തണമെന്ന് കുറച്ചുനാൾമുമ്പ് ചില മുതിർന്ന സഖാക്കൾ എന്നോട് അഭ്യർത്ഥിച്ചിരുന്നു. ഈ പാർട്ടി കോൺഗ്രസ്സിന്റെ ആവശ്യകത സംബന്ധിച്ച് ഒരു വിഭാഗം സഖാക്കൾക്ക് വേണ്ടത്ര വ്യക്തതയില്ല എന്ന് കരുതുന്നതുകൊണ്ടാണ് അവരങ്ങനെയൊരു അഭ്യർത്ഥന വച്ചത്. എന്നാൽ എന്റെ പ്രതികരണം കുറച്ചു വൈകിപ്പോയി. നല്ലൊരു പങ്ക് സഖാക്കളും യൂണിറ്റുകളും ഇതിനകംതന്നെ പാർട്ടികോൺഗ്രസ്സിന്റെ തയ്യാറെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയുമാണ്. എന്നാലും, ഈ മുതിർന്ന സഖാക്കളുടെ അഭിപ്രായം പരിഗണിച്ചുകൊണ്ട് ചില കാര്യങ്ങൾ വളരെ സംക്ഷിപ്തമായി അവതരിപ്പിക്കാം.

1. കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിനുശേഷം അന്തർദ്ദേശീയ, ദേശീയ സാഹചര്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതിനാൽ കഴിഞ്ഞ കോൺഗ്രസ്സ് രൂപംകൊടുത്ത അടിസ്ഥാന ലൈൻ ഇന്നും സാധുവാണ്. എന്നാൽ, ഈ കാലയളവിൽ ചില സുപ്രധാന സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. അതുസംബന്ധിച്ച് പാർട്ടിതത്വങ്ങളുടെയും പാഠങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഗൗരവാവഹമായ ചർച്ചകളും ആശയവിനിമയവുമൊക്കെ വിവിധ തലങ്ങളിൽ നടത്തേണ്ടതുണ്ട്. തുടർന്ന് പാർട്ടി കോൺഗ്രസ്സിൽ അവ സഗൗരവം പരിശോധിക്കുകയും ഏകമായ ധാരണയിലെത്തുകയും അതുവഴി ഏറ്റവും പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കത്തക്കവണ്ണം പാർട്ടി തീസിസ് മെച്ചപ്പെടുത്തുകയും ചെയ്യണം.

2. ചൂഷണത്തിലും മർദ്ദനത്തിലും അധിഷ്ഠിതമായ മുതലാളിത്തവ്യവസ്ഥയും അതിന്റെ സേവകരായ പാർലമെന്ററി ഭരണകക്ഷികളും സൃഷ്ടിക്കുന്ന ഗുരുതരവും വർദ്ധമാനവുമായ സാമ്പത്തിക, രാഷ്ട്രീയ, ധാർമിക പ്രതിസന്ധികളുടെ പിടിയിലാണിന്ന് ഇന്ത്യ. ദശലക്ഷക്കണക്കിനാളുകൾ ഇതിനകംതന്നെ തൊഴിൽരഹിതരാണ്. അതിനുപുറമെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു. ആഹാരവും മരുന്നും കിട്ടാതെ മരിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും ലക്ഷങ്ങളാണ്. കുട്ടികളടക്കം ആയിരക്കണക്കിന് സ്ത്രീകൾ അനുദിനം വാണിഭത്തിന് ഇരയാകുന്നു. വൃദ്ധകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിന് സ്ത്രീകളാണ് അനുനിമിഷം കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയമാകുന്നത്. വിലകളും നികുതികളും അഴിമതിയും പൊതുമുതൽ കൊള്ളയടിക്കലുമൊക്കെ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിപാലനത്തിന്റെയും ചെലവിലാണ് പട്ടാള ബജറ്റ് വർദ്ധിപ്പിക്കുന്നത്. ഹിന്ദുമത മൗലികവാദം, വിജ്ഞാന വിരോധം, ദേശീയഭ്രാന്ത്, വർഗീയത, പ്രാദേശികവാദം, ജാതീയത എന്നവയൊക്കെ ഊതിപ്പെരുപ്പിക്കുന്നു. വർഗ്ഗീയവും ജാതീയവുമായ വിദ്വേഷവും കലാപങ്ങളും വളർത്തിയെടുക്കുന്നു. വിദ്യാഭ്യാസത്തെ കാവിവൽക്കരിച്ചുകൊണ്ട് ജനങ്ങളെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയും വോട്ടുബാങ്കുകൾ സൃഷ്ടിക്കുകയും രാജ്യത്തെ ഫാസിസവൽക്കരിക്കുന്ന പ്രക്രിയയ്ക്ക് ആക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ അവശേഷിപ്പുകൾപോലും തകർക്കുന്നു. പണവും കയ്യൂക്കും മാധ്യമങ്ങളും അധികാരശക്തിയും നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പുകൾ ജനങ്ങളെ തീർത്തും വഞ്ചിക്കുന്നു. എല്ലാറ്റിനുമുപരിയായി നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പൈതൃകവും ധാർമിക മൂല്യങ്ങളുമൊക്കെ നശിപ്പിച്ചുകൊണ്ട് യുവാക്കളെയും വിദ്യാർത്ഥികളെയും അപമാനവീകരിക്കുന്നു. ഇതെല്ലാംചേർന്ന് രാജ്യത്തെ തകർച്ചയിലേയ്ക്ക് തള്ളിനീക്കുകയാണ്. ഭരണമുതലാളിവർഗ്ഗത്തിന്റെ പ്രീതി സമ്പാദിക്കാനും മന്ത്രിസ്ഥാനം നേടി അവരുടെ രാഷ്ട്രീയ കാര്യസ്ഥൻമാരാകാനും ദേശീയ ബൂർഷ്വാ പാർട്ടികളായ ബിജെപിയും കോൺഗ്രസ്സും പരസ്പരം മത്സരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും അവർക്ക് ഈ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അധികാരത്തിലിരിക്കുമ്പോൾ എതിർശബ്ദങ്ങളെയെല്ലാം അമർച്ചചെയ്തും ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമർത്തിയും യജമാനൻമാരെ തൃപ്തിപ്പെടുത്താനും മുതലാളിത്ത ചൂഷണം ശാശ്വതമായി നിലനിർത്താനും അവർ നേരിട്ട് ഒത്താശചെയ്യുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോൾ ജനങ്ങളുടെ ദുരിതങ്ങളെപ്രതി അവർ മുതലക്കണ്ണീരൊഴുക്കുന്നു. ജനങ്ങളെ കബളിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ വിജയംകൊയ്യാനുള്ള കളമൊരുക്കൽ മാത്രമാണിത്. ഇങ്ങനെയൊക്കെയാണെങ്കിലും ജനങ്ങളെ നിശബ്ദരാക്കാനാകില്ല. നീറുന്ന, ഭാരിച്ച ജീവിതപ്രശ്‌നങ്ങൾ അവരെ പ്രതിഷേധിക്കാൻ നിർബ്ബന്ധിതരാക്കുന്നു. അസംതൃപ്തിയും രോഷവും പ്രതിഷേധത്തിന്റെ രൂപമെടുക്കുമ്പോൾ പലയിടത്തും ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും സ്വാഭാവികമായിത്തന്നെ പ്രക്ഷോഭവുമായി തെരുവിലണയുന്നു. അസംഘടിതവും വലിയ രാഷ്ട്രീയ ധാരണയൊന്നുമില്ലാത്തവയുമെങ്കിലും ഈ സഹജമായ പൊട്ടിത്തെറികൾ ലാത്തിച്ചാർജിനെയും വെടിവയ്പിനെയുമൊക്കെ നേരിടാൻ തയ്യാറാകുന്നുണ്ട്. ഒരു യഥാർത്ഥ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവത്തിൽ ഈ സമരങ്ങൾ കാലാകാലങ്ങളിൽ ഉയർന്നുവരികയും പിൻവാങ്ങുകയും ചെയ്യുന്നു. പ്രബല ഇടതുപക്ഷ പാർട്ടികളായ സിപിഐ(എം), സിപിഐ എന്നിവ സമരക്കാരായി ഭാവിക്കുന്നുണ്ടെങ്കിലും അവരുടെ സോഷ്യൽ ഡെമോക്രാറ്റിക് സ്വഭാവംമൂലം അവർ വീറുറ്റ സമരത്തിന്റെ പാത ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് വ്യക്തമാണ്. എന്നാൽ ‘മതേതര’ കോൺഗ്രസ്സ് നയിക്കുന്ന സഖ്യത്തിൽ ചേർന്ന് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളിൽ വ്യാപൃതരാണവർ. എങ്കിലും അവരെ അതിൽനിന്ന് പിന്തിരിപ്പിച്ച് സംയുക്ത സമരങ്ങളിൽ സാധ്യമാകുന്നത്ര പങ്കാളികളാക്കുന്നതിനുള്ള ശ്രമങ്ങൾ നമ്മൾ തുടരുകതന്നെ ചെയ്യും. ഐക്യം, സമരം, ഐക്യം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഇത്തരം സമരങ്ങളിലൂടെ അവരെ തുറന്നുകാണിക്കാനും അതേ സമയംതന്നെ അവരുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനും കഴിയും. എന്നാൽ, മഹാനായ മാർക്‌സിസ്റ്റ് ചിന്തകനായ സഖാവ് ശിബ്ദാസ് ഘോഷ് സ്ഥാപിച്ച, ഈ രാജ്യത്തെ ഒരേയൊരു വിപ്ലവ തൊഴിലാളിവർഗ്ഗ പാർട്ടിയായ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ദൃഢീകരിക്കുകയും ചെയ്യുക എന്നതാണ് അടിയന്തരാവശ്യകത. അതുവഴി ഈ സമരങ്ങളെ അതിന്റെ യുക്തിസഹമായ പരിണതിയിലേയ്ക്ക് നയിക്കുന്നതിനുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവും സാംസ്‌കാരികവുമായ ശരിയായ നേതൃത്വം പ്രദാനം ചെയ്യാൻ പാർട്ടിക്ക് പ്രാപ്തി കൈവരും. ഈ നിലവാരം ആർജ്ജിക്കണമെങ്കിൽ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ വിപ്ലവ പാഠങ്ങൾ പിന്തുടർന്നുകൊണ്ട് തീവ്രമായൊരു സമരം അടിയന്തരമായി പാർട്ടിക്കുള്ളിൽ നടത്തേണ്ടതുണ്ട്. മുഴുവൻ സഖാക്കളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അത്തരമൊരു ആന്തരിക സമരത്തിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് പാർട്ടി കോൺഗ്രസ്സ് നടത്തുന്നത്.

3. അഭൂതപൂർവ്വവും നിരന്തരം ആഴംവയ്ക്കുന്നതുമായ പ്രതിസന്ധിയുടെ പിടിയിൽപ്പെട്ട് ഉഴലുകയാണ് ലോക സാമ്രാജ്യത്വ-മുതലാളിത്തം എന്നോർക്കണം. സമാന്തരമായൊരു സോഷ്യലിസ്റ്റ് ലോക കമ്പോളം നിലവിലില്ലെങ്കിലും നിരന്തരം ചുരുങ്ങുന്ന കമ്പോളം എന്ന പ്രതിസന്ധിയെ ലോക മുതലാളിത്തം അഭിമുഖീകരിക്കുകയാണ്. സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയെത്തുടർന്ന് ഉളവായ ഏകധ്രുവ ലോകത്തിന്റെ ‘അധിപൻ’ എന്ന് ഒരിക്കൽ വീമ്പിളക്കിയ അമേരിക്ക ഇന്ന്, മുതലാളിത്ത രാജ്യങ്ങളായി മാറിയ റഷ്യ, ചൈന, കൂടാതെ യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്ന് കടുത്ത വെല്ലുവിളി നേരിടുകയാണ്. ഓരോരുത്തരും മറ്റുള്ളവരുടെ കമ്പോളം പിടിച്ചെടുക്കാനുള്ള കഴുത്തറപ്പൻ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നു. ലോക മുതലാളിത്ത സമ്പദ്ഘടനയുടെ തീവണ്ടി എൻജിൻ എന്ന് കരുതിയിരുന്ന യുഎസ്എ ഇന്ന് ഒരു മുങ്ങുന്ന കപ്പലാണ്. ആഗോളീകരണ പദ്ധതി ആവിഷ്‌കരിക്കുന്നതിൽ മുൻപന്തിയിൽ നിന്നുകൊണ്ട് മറ്റ് രാജ്യങ്ങളുടെ കമ്പോളത്തിലേയ്ക്ക് കടന്നുകയറാൻ അവർ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് അതേ പദ്ധതിപ്രകാരം മത്സരക്കാരായ മറ്റ് വൻ ശക്തികൾ അവരുടെ ആഭ്യന്തര കമ്പോളം പിടിച്ചടക്കാൻ ശ്രമിക്കുകയാണ്. ഇതുമൂലം ആഗോളീകരണത്തെ തള്ളിപ്പറഞ്ഞ് ‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യമുയർത്താനും ചൈനയിൽനിന്നും മറ്റും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കൂടുതൽ കർക്കശമായ താരിഫ് മതിലുകളുയർത്താനും അവർ നിർബ്ബന്ധിതരായിരിക്കുന്നു. അങ്ങനെ ലോകമാകെ ഒരു വ്യാപാരയുദ്ധത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വ്യാപാരയുദ്ധം എങ്ങോട്ടാണ് നയിക്കുക എന്ന വലിയ ചോദ്യത്തിന് ഭാവിയാണ് ഉത്തരം നൽകേണ്ടത്. മറുവശത്ത്, ഈ സാമ്രാജ്യത്വ രാജ്യങ്ങളെല്ലാം ജനജീവിതം ദുരിതമയമാക്കുംവിധം നിരന്തരമാന്ദ്യം, വ്യവസായ മുരടിപ്പ്, പിരിച്ചുവിടൽ, തൊഴിലില്ലായ്മ തുടങ്ങിയ രൂക്ഷമായ പ്രശ്‌നങ്ങളിൽപ്പെട്ട് ഉഴലുകയാണ്. മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള ജനകീയ പ്രതിഷേധത്തിന് ജന്മം നൽകുന്നതിലേയ്ക്കാണ് ഇതെല്ലാം എത്തിച്ചേരുന്നത്. തൊഴിലാളി പണിമുടക്കുകളും വിദ്യാർത്ഥി സമരങ്ങളും ജനകീയ പ്രക്ഷോഭങ്ങളുമൊക്കെ അലയടിച്ചുയരുന്നു. ‘വാൾസ്ട്രീറ്റ് പിടിച്ചടക്കൽ’, ‘അറബ് വസന്തം’ പോലുള്ള പ്രസ്ഥാനങ്ങൾ വീണ്ടും വീണ്ടും ഉയർന്നുവരും. എന്നാൽ ഒരു വിപ്ലവ തൊഴിലാളിവർഗ്ഗ നേതൃത്വത്തിന്റെ അഭാവംമൂലം ഇതൊക്കെ കെട്ടടങ്ങുകയും ചെയ്യും. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും ചൈനയിലുമൊക്കെ നടന്ന പ്രതിവിപ്ലവങ്ങളിലൂടെ ആ രാജ്യങ്ങളിലെ സോഷ്യലിസം തകർക്കപ്പെടുക മാത്രമല്ല, അന്ന് പ്രബലമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുതന്നെ വമ്പിച്ച തിരിച്ചടി നേരിടേണ്ടിവരികയും ചെയ്തകാര്യം സഖാക്കൾക്കറിയാമല്ലോ. പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥയും സോവിയറ്റ്, ചൈനീസ് നേതൃത്വങ്ങളോടുള്ള യാന്ത്രികവും അന്ധവുമായ വിധേയത്വവുംമൂലം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ആധുനിക തിരുത്തൽവാദത്തിന്റെ അപകടം തിരിച്ചറിയാനോ പ്രതിവിപ്ലവത്തിന്റെ കാരണങ്ങൾ കണ്ടെത്താനോ കഴിയാതെപോയ കാര്യം വളരെമുമ്പുതന്നെ സഖാവ് ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, സോവിയറ്റ് സോഷ്യലിസം തകർക്കപ്പെട്ടപ്പോൾ ഈ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അന്ധാളിച്ചുപോകുകയും പ്രത്യയശാസ്ത്രപരമായ പാപ്പരത്തംമൂലം നിരാശയിലേയ്ക്കും തളർച്ചയിലേയ്ക്കും തകർച്ചയിലേയ്ക്കും കൂപ്പുകുത്തുകയും ചെയ്തത്. ഇന്ന് പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന ചെറിയ പാർട്ടികളും ഗ്രൂപ്പുകളും ഉണ്ടെങ്കിലും മാർക്‌സിസം-ലെനിനിസത്തെക്കുറിച്ച് ഇന്നത്തെ സാഹചര്യത്തിന് നിരക്കുന്ന മൂർത്തമായ ധാരണയുടെ അഭാവംമൂലം പ്രത്യയശാസ്ത്രപരമായ പാപ്പരത്തം നേരിടുന്ന സംഘടനകളാണ് അവയെല്ലാം. സഖാവ് ശിബ്ദാസ് ഘോഷ് ആവിഷ്‌കരിച്ച മാർക്‌സിസത്തിന്റെ സമ്പുഷ്ടമായ ധാരണയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനുള്ള ലെനിനിസ്റ്റ് രീതിയുടെ വികസിത പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട നമ്മുടെ പാർട്ടിക്ക്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിക്ക് മാത്രമാണ് ഈ പ്രതിസന്ധിയെ ശരിയായും ധീരമായും മറികടക്കാനായത്. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും വളർന്നുവരുന്ന വിപത്തിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ആ സാഹചര്യത്തെ നേരിടുന്നതിനുള്ള ശക്തമായ പ്രത്യയശാസ്ത്രായുധം പ്രദാനം ചെയ്യുകയുമുണ്ടായി. അദ്ദേഹത്തിന്റെ അമൂല്യമായ പാഠങ്ങൾ പിന്തുടർന്ന നമ്മുടെ പാർട്ടിയെ ഈ പ്രതിസന്ധി ഒട്ടും ബാധിച്ചില്ല എന്നുമാത്രമല്ല, മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയുടെയും തൊഴിലാളിവർഗ്ഗ സാർവ്വ ദേശീയതയുടെയും പതാകയേന്തിക്കൊണ്ട് നമ്മുടെ പാർട്ടി രാജ്യമെമ്പാടും വളർന്നുകൊണ്ടിരിക്കുകയുമാണ്.

മഹാന്മാരായ മാർക്‌സും ഏംഗൽസും ചേർന്ന് രൂപംനൽകിയ രണ്ടാം ഇന്റർ നാഷണൽ, ഒന്നാം ലോകയുദ്ധ സമയത്ത് അധഃപതിക്കുകയും മാർക്‌സിസത്തിന്റെ അന്തഃസത്ത കൈവെടിഞ്ഞ് തിരുത്തൽ വാദികളുടെ താവളമായിത്തീരുകയും ചെയ്തകാര്യം ഓർമിക്കുമല്ലോ. ആ നിർണായക സന്ദർഭത്തിൽ മഹാനായ ലെനിൻ 2-ാം ഇന്റർ നാഷണലിലെ തിരുത്തൽവാദി നേതാക്കളെ പ്രത്യയശാസ്ത്രപരമായി പരാജയപ്പെടുത്തുകയും മാർക്‌സിസത്തിന്റെ വിപ്ലവസത്ത കാത്തുപുലർത്തുകയും ചെയ്തു. ആ പ്രക്രിയയിലൂടെ മാർക്‌സിസത്തെ കൂടുതൽ സമ്പുഷ്ടവും വികസിതവുമാക്കുകയും മുതലാളിത്തത്തിന്റെ പുതിയ ഘട്ടമായ സാമ്രാജ്യത്വ കാലഘട്ടത്തിന് നിരക്കുംപടി മാർക്‌സിസത്തിന്റെ ധാരണയെ പുതിയൊരു തലത്തിലേയ്ക്ക് ഉയർത്തുകയും ചെയ്തു. ഇതിനെയാണ് മഹാനായ സ്റ്റാലിൻ, ‘സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും കാലഘട്ടത്തിലെ മാർക്‌സിസം’ അഥവാ ലെനിനിസം എന്ന് വിളിച്ചത്. ഇത് വിജയകരമായി പ്രയോഗത്തിൽ വരുത്തിക്കൊണ്ട് റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തീകരിക്കുകയും സോവിയറ്റ് യൂണിയൻ നിലവിൽ വരികയുമുണ്ടായി. തുടർന്ന് ചൈനയിലും വിയറ്റ്‌നാമിലും ഉത്തരകൊറിയയിലും പൂർവ്വ യൂറോപ്പിലും വിപ്ലവം വിജയം വരിച്ചു. സോഷ്യലിസത്തിന്റെ ഉജ്ജ്വലവും ഗംഭിരവുമായ ഈ മുന്നേറ്റത്തിനിടയിൽ തിരുത്തൽവാദം തലപൊക്കുകയും ആത്യന്തികമായി ബൂർഷ്വാ പ്രതിവിപ്ലവം സോഷ്യലിസത്തെ തകർക്കുകയും ചെയ്തു. ഇന്ന് വിവിധ രാജ്യങ്ങളിൽ നടക്കുന്ന വർഗ-ബഹുജന പ്രക്ഷോഭങ്ങളെ നയിക്കാനും അവയ്ക്ക് ശരിയായ മാർഗനിർദ്ദേശം നൽകാനും ആ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് അടിയന്തരാവശ്യകത. മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്ത ശരിയായി ഗ്രഹിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തുകൊണ്ടുമാത്രമേ ഇന്നത്തെ നിർണായക സാഹചര്യത്തിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിക്കാനും അവയെ ശക്തിപ്പെടുത്താനും സാധിക്കൂ എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. മാർക്‌സിസത്തിന്റെ ഈ ഉയർന്ന ധാരണ പകർന്ന് നൽകിക്കൊണ്ടും പ്രചരിപ്പിച്ചുകൊണ്ടും മറ്റു രാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗത്തെ ഈ വിഷയത്തിൽ സഹായിക്കുക എന്നത് നമ്മുടെ അന്തർദ്ദേശീയ കടമയാണ്. ചരിത്രപരമായ ഈ കടമ പൂർത്തീകരിക്കുന്നതിനായി നമ്മുടെ പാർട്ടിയെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും ധാർമികമായും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ കർത്തവ്യ നിർവ്വഹണത്തിന്റെ നാന്ദികൂടിയാണ് പാർട്ടി കോൺഗ്രസ്സ്.

4. മുമ്പ്, വിശേഷിച്ച് രൂപീകരണ ഘട്ടത്തിലും തുടർന്ന് ഏതാനും ദശാബ്ദങ്ങളിലും, നമ്മുടെ പാർട്ടിയുടെ വളർച്ചയിൽ നിരവധി പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും തുടർന്ന് സിപിഐ(എം)ഉം ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്നാണ് ജനങ്ങൾ ധരിച്ചിരുന്നത്. അവർക്ക് സമരോത്സുകമായ സ്വഭാവവും അന്നത്തെ അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. ആ നിർണായക ഘട്ടം മറികടക്കാൻ സഖാവ് ശിബ്ദാസ് ഘോഷിന് മാതൃകാപരമായൊരു പോരാട്ടംതന്നെ നയിക്കേണ്ടിവന്നു. ഇന്ന് സാഹചര്യം തികച്ചും വ്യത്യസ്തമാണ്. സിപിഐ(എം) ഇന്ന് ഏതാണ്ട് പൂർണമായിത്തന്നെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. പഴയ സമരോത്സുകതയൊക്കെ അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഭരണവർഗ്ഗത്തിന്റെ ആശീർവാദത്തോടെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യാൻ അവർ ബൂർഷ്വാ പാർട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ്. അവർ പ്രത്യയശാസ്ത്രപരമായി പാപ്പരാണ്. ജനങ്ങൾക്കുമുമ്പിൽ അവർ സ്വയം വിലയിടിക്കുകയാണ്. സിപിഐ(എം)ന്റെ അതേപാത പിന്തുടരുന്ന സിപിഐ ആകട്ടെ വൃദ്ധരുടെ പാർട്ടിയായിത്തീർന്നിരിക്കുന്നു. ഇരുപാർട്ടികളും ജീർണതയുടെ പാതയിലാണ്. നമ്മുടെ പാർട്ടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പറ്റിയ സമയമാണിത്. നമ്മുടെ പാർട്ടിയുടെയും സഖാവ് ശിബ്ദാസ്‌ഘോഷിന്റെയും പേരുപോലും കേട്ടിട്ടില്ലാത്ത സംസ്ഥാനങ്ങളിലും സ്ഥലങ്ങളിലും, വലിയ പക്വതയൊന്നുമില്ലാത്ത സഖാക്കൾപോലും സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളുമായി ജനങ്ങളെ സമീപിക്കുമ്പോൾ, സത്യസന്ധരായ ഇടതുപക്ഷ ചിന്താഗതിക്കാരിൽനിന്നും ബുദ്ധിജീവികൾ, വിദ്യാർത്ഥികൾ, യുവാക്കൾ, തൊഴിലാളികൾ, കർഷകർ എന്നിവരിൽനിന്നുമൊക്കെ വളരെ ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തണമെങ്കിൽ, പുതിയ മേഖലകളിൽ പ്രവർത്തനം ആരംഭിക്കുന്നതിനായി, വിദ്യാർത്ഥികളും ചെറുപ്പക്കാരുമായ നിരവധി സഖാക്കളെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുത്ത്, അവർക്ക് ആവശ്യമായ പരിശീലനം നൽകി വികസിപ്പിച്ചെടുക്കണം. മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ തയ്യാറെടുപ്പ് പ്രവർത്തനങ്ങളിൽ അടിയന്തരവും സുപ്രധാനവുമായ ഈ കടമകൂടി ഉൾച്ചേർന്നിരിക്കുന്നു.

5. നമ്മുടേതുപോലെ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അന്തർദ്ദേശീയ, ദേശീയ സാഹചര്യങ്ങൾ വളരെ നിർണായകമാണ്. ഒരു കാലത്ത് ശക്തമായിരുന്ന ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സോഷ്യലിസ്റ്റ് ചേരിയും തകർക്കപ്പെട്ടിരിക്കുന്നു. എങ്ങും നിരാശ പടർന്നിരിക്കുന്നു. മാർക്‌സിസം-ലെനിനിസവും കമ്മ്യൂണിസ്റ്റ് ആശയങ്ങളും നിരന്തരമായ ആക്രമണത്തിനും വളച്ചൊടിക്കലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. ആദരണീയരായ മാർക്‌സിസ്റ്റ് ആചാര്യന്മാർ നിരന്തരം അപവാദ പ്രചാരണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. യുക്തിബോധവും ധാർമിക മൂല്യങ്ങളുമൊക്കെ തകർക്കപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മാർക്‌സിസം-ലെനിനിസത്തിന്റെ, കമ്മ്യൂണിസത്തിന്റെ മഹനീയത കാത്തുപുലർത്തുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നത് അടിയന്തര പ്രാധാന്യമുള്ളതും എന്നാൽ ഏറെ കഠിനതരവുമായ ഒരു കർത്തവ്യമാണ്. സുപ്രധാനമായ ഈ കടമ ചരിത്രം നമ്മുടെ ചുമലിലാണ് അർപ്പിച്ചിരിക്കുന്നത്. അതിന് വളരെ ഗൗരവാവഹവും അടിപതറാത്തതും നിശ്ചയ ദാർഢ്യത്തോടെയുള്ളതുമായ ഒരു സമരം ആവശ്യമുണ്ട്. സഖാക്കളുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവും സദാചാരപരവും ധാർമികവുമായ നിലവാരമുയർത്തുന്നതിനുവേണ്ടി പാർട്ടിക്കുള്ളിൽ നടത്തേണ്ട ജീവന്മരണ പോരാട്ടമാണത്. ജീർണിച്ച മുതലാളിത്ത വ്യവസ്ഥയുടെ അടയാളങ്ങളുമായാണ് എല്ലാ സഖാക്കളും പാർട്ടിയിലേയ്ക്ക് വരുന്നത്. എന്നുമാത്രമല്ല, ജീർണമായ മുതലാളിത്ത സാഹചര്യമാണ് നമ്മുടെ ചുറ്റുമുള്ളത്. അത് അനുദിനം, അനുനിമിഷം നമ്മെ അധഃപതിപ്പിക്കുന്നു. വ്യക്തിവാദം, അഹന്ത, ആത്മപ്രശംസ, വിമർശകരോട് വിരോധം, സ്ഥാനമോഹം, ഉദ്യോഗസ്ഥ മനോഭാവം, കർത്തവ്യത്തോടും അച്ചടക്കത്തോടുമുള്ള അലംഭാവം, കേന്ദ്രീയതയെയും ആധികാരികതയെയും അംഗീകരിക്കാനുള്ള വൈമുഖ്യം, ആഡംബര പ്രേമം, ഉപഭോക്തൃ തൃഷ്ണ, പ്രണയത്തിലും രതിയിലും സദാചാരം കൈവെടിയൽ, കുടുംബത്തോടുള്ള ദൗർബല്യം തുടങ്ങിയവയിലേയ്‌ക്കെല്ലാം വഴുതിവീഴാൻ അത് ഇടയാക്കുന്നു. സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങൾ പിന്തുടരുന്നതിൽ നിരന്തര ജാഗ്രത പുലർത്തിയില്ലെങ്കിൽ ഈ ബൂർഷ്വാ തിന്മകൾക്കൊക്കെ നമ്മൾ ഇരയായിത്തീരാം. മരണത്തോടടുക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സർവ്വാംഗീണമായ ജീർണതയുടെ ഈ കാലയളവിൽ, ഒളിഞ്ഞും തെളിഞ്ഞുമുള്ള ബൂർഷ്വാ ആക്രമണങ്ങളെ ചെറുക്കാനും കമ്മ്യൂണിസ്റ്റ് സ്വഭാവം ആർജിക്കാനും അത് സംരക്ഷിക്കാനുമൊക്കെ കഠിനതരമായ സമരം ആവശ്യമാണെന്ന കാര്യം ഒരിക്കലും മറക്കരുത്. ഒരു നിമിഷനേരത്തെ ജാഗ്രതക്കുറവും അലംഭാവം അല്ലെങ്കിൽ വിട്ടുവീഴ്ചയും മതി, ആർജിച്ച ഉന്നത നിലവാരത്തിൽനിന്ന് താഴേയ്ക്ക് പതിക്കാൻ. അതുകൊണ്ടുതന്നെ, ലൈംഗികതയടക്കം ജീവിതത്തിന്റെ സമസ്ത മേഖലകളിലും സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങൾ പിന്തുടർന്നുകൊണ്ടുള്ള നിരന്തര സമരം അനിവാര്യതയാണ്. പാർട്ടി സംഘടന അടിമുടി അഴിച്ചുപണിത് പുതുജീവൻ നൽകേണ്ടത് ഈ പോരാട്ടത്തിന് അത്യന്താപേക്ഷിതമാണ്. രക്തസാക്ഷിത്വം, പ്രായാധിക്യം, രോഗം എന്നിവയൊക്കെ മൂലം പല തലങ്ങളിലുള്ള, പ്രായംചെന്നവരും ചെറുപ്പക്കാരുമായ നിരവധി വിലപ്പെട്ട നേതാക്കളെയും സംഘാടകരെയും ഇതിനകംതന്നെ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ചിലർ വൃദ്ധരായി, ചിലർ ശാരീരികമായി അവശരായി, ചിലർ മുൻകൈയ്യെടുക്കുന്നതിൽ വിട്ടുവീഴ്ചയും അലംഭാവവും കാണിച്ചു. ഇതുമൂലം എല്ലാ തലങ്ങളിലുമുള്ള പാർട്ടി ഘടകങ്ങൾ പുനസംഘടിപ്പിക്കുകയും ചുറുചുറുക്കും പ്രാപ്തിയുമുള്ള പുതിയ സഖാക്കൾക്ക് ഉയർന്ന ഉത്തരവാദിത്വങ്ങൾ നൽകുകയും ചെയ്യേണ്ടത് ആവശ്യമായിവന്നു. ഈ കർത്തവ്യംകൂടി ലക്ഷ്യംവച്ചുകൊണ്ടാണ് മൂന്നാംപാർട്ടി കോൺഗ്രസ്സ് ചേരുന്നത്.

ഈ പശ്ചാത്തലവും മുന്നിലുള്ള കടമകളും ശരിയാംവണ്ണം മനസ്സിലാക്കിക്കൊണ്ട് മൂന്നാംപാർട്ടി കോൺഗ്രസ്സ് വിജയിപ്പിക്കുന്നതിനായി എല്ലാ തലങ്ങളിലുമുള്ള സഖാക്കൾ മുന്നിട്ടിറങ്ങുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

Share this