കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം

Spread our news by sharing in social media

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നും സർക്കാർ ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നു.
എറണാകുളം വഞ്ചിസ്‌ക്വയറിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീ സുരക്ഷാ സമിതി, എഐഡിവൈഒ, മഹിളാ സാംസ്‌കാരിക സംഘടന എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സമരപന്തലിലേയ്ക്ക് മാർച്ച് നടത്തി. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ദുരുപദിഷ്ടമാണെന്നും നീതിക്കുവേണ്ടി കേഴുന്ന കന്യാസ്ത്രീയെ വിരട്ടി പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനുപകരം ലഭ്യമായ തെളിവുകളുടെ പശ്ചാത്തലത്തിൽ സാധ്യമായ നടപടികൾ സ്വീകരിക്കുകയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്നും മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. ഭരണഘടന പൗരന് വാഗ്ദാനം ചെയ്യുന്ന സാമാന്യനീതിയുടെ നഗ്‌നമായ ലംഘനമാണ് തുടർച്ചയായി ഈ കേസ്സിലുൾെപ്പടെ നടക്കുന്നത്. ഏതൊരു കേസ്സിലും നടക്കേണ്ടുന്ന മിനിമം നടപടികൾപോലും കന്യാസ്ത്രീയുടെ പരാതിയിൽ ഉണ്ടായിട്ടില്ല. കേസ്സ് കളവാണെന്ന് വരുത്താനുള്ള ശ്രമം ഉന്നതങ്ങളിൽ നിന്നുതന്നെ നടക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് പോലീസ് ചെയ്യുന്നത്. പണവും വോട്ടുബാങ്കും കണ്ട് കണ്ണ് മഞ്ഞളിക്കുന്ന ഭരണകർത്താക്കൾക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥലോബിക്കുമെതിരെ ശക്തമായ താക്കീതാണ് ഇവിടെ ഉയരുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസന്റ് മാളിയേക്കൽ, പ്രമുഖ ഗാന്ധിയനും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. എം.പി.മത്തായി, എസ്യുസിഐ(സി) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എസ്.രാജീവൻ, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ്, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ.ബിജു എന്നിവരും സമരത്തെ അഭിസംബോധന ചെയ്തു.

Share this