കലാ വിദ്യാര്‍ത്ഥിസമരം വിജയിച്ചു.

Spread our news by sharing in social media
തിരുവനന്തപുരം
25.2.2016
സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ കലാപഠനത്തിനായി അനുവദിച്ച കേന്ദ്ര ഫണ്ട് വിനിയോഗിച്ച് കല ഐച്ഛികമായി പഠിച്ചവരെ അദ്ധ്യാപകരായി നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന കലാ വിദ്യാര്‍ത്ഥി സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടന്നുവന്ന സമരം വിജയിച്ചു.

കലാവിദ്യാഭ്യാസത്തിന് അനുവദിച്ച കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ സെപ്ഷ്യലിസ്റ്റ് അദ്ധ്യാപക തസ്തിക പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ ഐ.എ.എസ് കലാ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരം നാടകം, നൃത്തം എന്നീ കലാവിഷയങ്ങളും കെ.ഇ.ആര്‍ -ന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ കലാ വിദ്യാര്‍ത്ഥി സമരസമിതി സംസ്ഥാന കണ്‍വീനര്‍ എം.പ്രദീപന്‍, ജോയിന്റ് കണ്‍വീനര്‍ ബിനുബേബി, സംസ്ഥാന സമിതിയംഗം എ.ഷൈജു എന്നിവര്‍ പങ്കെടുത്തു.

ഇന്ന് രാവിലെ മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന കണ്‍വീനര്‍ എം.പ്രദീപന്‍ കഞ്ഞിവെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ബിനുബേബി അദ്ധ്യക്ഷത വഹിച്ചു. സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജര്‍ഖാന്‍, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇ.വി പ്രകാശ്, ഗില്‍ജിത്ത്, കലാ അദ്ധ്യാപകരായ മോഹനന്‍, പി.വി മനോജ്, പ്രശാന്ത് മണി, എ.ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റിനുമുന്നില്‍ കലാവിദ്യാര്‍ത്ഥികള്‍ വിജയാഹ്ലാദ പ്രകടനവും നടത്തി.

കലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരങ്ങള്‍, സെക്രട്ടേറിയറ്റിനുമുന്നിലെ കലാപരീശിലന സമരം, സ്‌കൂള്‍ കലോത്സവ വേദിക്കുമുന്നില്‍ നടന്ന സമരങ്ങള്‍, അന്തര്‍ദ്ദേശിയ നാടകോത്സവവേദിയിലെ സമരം തുടങ്ങി നിരവധി സമരഘട്ടങ്ങളിലൂടെ കടന്നുവന്ന കലാ സമരത്തിനുള്ള ഉജ്ജ്വല വിജയമാണിതെന്നും ഉറപ്പുപാലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും നേതാക്കള്‍ അറിയിച്ചു.

Share this