കവി ചുള്ളിക്കാടിന്റെ പ്രതിഷേധം ഡിപിഇപിക്കെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഉന്നയിച്ച വിമർശനങ്ങളെ ശരിവയ്ക്കുന്നു

Spread our news by sharing in social media

മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളിക്കാട് കേരള മനഃസാക്ഷിയുടെ മുൻപാകെ ഒരു വിലാപം നടത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ സ്വഭാവമുള്ള ഈ വിലാപത്തെ അദ്ദേഹം വ്യർത്ഥമായ യാചന എന്നാണ് വിശേഷിപ്പിച്ചത്(മാതൃഭൂമി ദിനപത്രം 2018 മാർച്ച് 20).
തന്റെ കവിതകളെ എല്ലാ പാഠഭാഗങ്ങളിൽനിന്നും ഒഴിവാക്കണമെന്നും അവ പഠിപ്പിക്കുകയോ അവയെ ആധാരമാക്കി ഗവേഷണം അനുവദിക്കുകയോ ചെയ്യരുത് എന്നുമാണ് കവിയുടെ അഭ്യർത്ഥന. ഇതിനായി അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അദ്ദേഹത്തിന്റെ വിലാപം, ചിന്തിക്കുന്ന ഏതൊരാളിന്റെയും മനഃസാക്ഷിയെ ഉലയ്ക്കുന്നതാണ് എന്നു മനസ്സിലാകും. അക്ഷരത്തെറ്റും ആശയത്തെറ്റും വ്യാകരണത്തെറ്റും തിരുത്താതെ വിദ്യാർത്ഥികൾക്ക് മാർക്ക് വാരിക്കൊടുത്ത് അവരെ ഭാഷയുറയ്ക്കാത്തവരായി മാറ്റുന്ന പാഠ്യപദ്ധതിക്കെതിരെയുള്ള രൂക്ഷമായ വിമർശനമാണ് ചുള്ളിക്കാടിന്റെ വിലാപത്തിന്റെ ഉള്ളടക്കം.
സമൂഹത്തെ സൂക്ഷ്മത്തിൽ ശ്രദ്ധിക്കുന്ന ഒരു കവി സ്വന്തം നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കിയ കഠിനമായൊരു യാഥാർത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുകയാണിവിടെ. ഒരു തലമുറ ഭാഷയറ്റവരായി മാറുന്ന ദുരിതകാലത്തിന്റെ സാക്ഷിയാകേണ്ടിവന്നതാകാം അദ്ദേഹത്തെ, സ്വന്തം പ്രതിഷേധത്തെ ഗതികെട്ടവന്റെ യാചന എന്നു വിശേഷിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനം അതിന്റെ ഉള്ളടക്കത്തിൽ കേരളത്തിൽ 1996 മുതൽ നടപ്പിലാക്കിവരുന്ന ഡിപിഇപി എന്ന വിദ്യാഭ്യാസ പദ്ധതിക്കെതിരായ ഒരു കുറ്റപത്രമാണെന്ന് പറയാം. ഡിപിഇപി പരിഷ്‌ക്കാരങ്ങൾ പാഠ്യപദ്ധതിയിൽ കൈവച്ചുതുടങ്ങിയപ്പോൾത്തന്നെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അത് സാധാരണക്കാരന്റെ വിദ്യാഭ്യാസത്തിന്റെ മരണമണി മുഴക്കമാണ് എന്ന് വ്യക്തമാക്കിയിരുന്നു. ഡിപിഇപി ഉയർത്തിയ ബോധനസമ്പ്രദായങ്ങളെയും ഡിപിഇപി എന്ന പദ്ധതിയെയും സമഗ്രമായും നിഷ്‌കൃഷ്ടമായും പഠിച്ചശേഷം 1998 സെപ്റ്റംബറിൽ എസ്‌യുസിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഡിഎസ്ഒ പുറത്തിറക്കിയ ഡിപിഇപി എന്ത്? എന്തിന്? എന്ന പുസ്തകത്തിൽ അത് പ്രാഥമിക വിദ്യാഭ്യാസ നശീകരണ പരിപാടിയാണ് എന്ന് വിലയിരുത്തിയിരുന്നു. എസ്‌യുസിഐയുടെ സജീവപങ്കാളിത്തത്തോടുകൂടി കേരളത്തിലുടനീളം, ആദരണീയനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച നൂറുകണക്കിന് സെമിനാറുകളിലൂടെ ഡിപിഇപിയുടെ തനിനിറം തുറന്നുകാണിക്കപ്പെട്ടു. ഡിപിഇപി മുന്നോട്ടുവച്ച സിദ്ധാന്തങ്ങൾ സംസ്ഥാപിതങ്ങളായ ബോധനശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ അസംബന്ധങ്ങളാണ് എന്ന് തെളിയിക്കപ്പെട്ടു. കേരളത്തിന്റെ മനഃസാക്ഷിയെന്നു വിശേഷിപ്പിക്കാവുന്ന ബൗദ്ധിക നേതൃത്വത്തിന്റെ കീഴിൽ ഡിപിഇപിക്കെതിരെ നടന്ന ഐതിഹാസിക പോരാട്ടം കേരളത്തിന്റെയെന്നല്ല ഇന്ത്യയുടെതന്നെ പ്രക്ഷോഭ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണ്.
അന്നു ഞങ്ങൾ മുന്നോട്ടുവച്ച ചില നിരീക്ഷണങ്ങൾ ശരിയെന്നു സാക്ഷ്യപ്പെടുത്തുന്നതാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഇന്നിപ്പോൾ ഉയർത്തിയിരിക്കുന്ന വിമർശനങ്ങളുടെ കാതൽ. ഒരു സാമൂഹ്യപ്രസ്ഥാനമെന്ന നിലയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള മനഃസാക്ഷിക്കു മുമ്പാകെവച്ച ആ നിരീക്ഷണങ്ങളിലേയ്ക്ക് ഒരു ഓർമ്മപ്പെടുത്തൽ ഈ സന്ദർഭത്തിൽ എന്തുകൊണ്ടും ഉചിതമാണ് എന്ന് ഞങ്ങൾ കരുതുന്നു.

അറിവിലേയ്ക്കുള്ള ഭാഷ
സന്നിവേശിപ്പിക്കാൻ ബോധനം അത്യന്താപേക്ഷിതം

”…എന്നാൽ ഭാഷ പഠിക്കാൻ തെല്ലു പരിശ്രമം ആവശ്യമാണ്. അയത്‌നലളിതമല്ല അത്. അൽപ്പം ക്ലേശമുണ്ട്. അതിന് പരിശീലനം ആവശ്യമാണ്. ശിക്ഷണം ആവശ്യമാണ്. ഒരു കുട്ടിക്കും സ്വയമേവ ഭാഷ പഠിക്കാൻ കഴിയില്ല. അദ്ധ്യാപകന്റെ പങ്ക് ഇതിൽ നിർണ്ണായകമാണ്. ക്ഷമയോടെ തെറ്റുകൾ തിരുത്താൻ സഹായിച്ചുകൊണ്ട് ഉച്ചാരണത്തിനും ലേഖനത്തിനും വേണ്ട അഭ്യാസമുറകൾ ക്രമാനുഗതമായി നൽകി കുട്ടിയെ അക്ഷരങ്ങളുടെ ലോകത്തേയ്ക്കും പിന്നീട് ഭാഷയുടെ ലോകത്തേയ്ക്കും കൊണ്ടുപോകുക എന്നത് വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളും അതിനുള്ള ഉപാധികളും മുന്നിൽക്കണ്ടുകൊണ്ട് അദ്ധ്യാപകൻ ചിട്ടയോടെ ചെയ്യേണ്ട ശ്രമകരമായ ജോലിയാണ്.”(പേജ് 18-19, ഡിപിഇപി എന്ത്? എന്തിന്?)
ശിശു അനൗപചാരിക സാഹചര്യങ്ങളിൽനിന്ന് നേടുന്നത് സംസാരഭാഷ. എന്നാൽ സ്‌കൂളുകളിൽനിന്നും നേടേണ്ടത് അറിവിലേയ്ക്കുള്ള ഭാഷയാണ്. അതിന് അക്ഷരമുണ്ട്, വ്യാകരണമുണ്ട്. അവയൊക്കെ സ്വായത്തമാക്കുവാൻ ബോധനം അത്യന്താപേക്ഷിതമാണ്.
നമ്മുടെ അദ്ധ്യാപകർ പൊതുവിൽ തൃപ്തികരമായ രീതിയിൽ ഇക്കാര്യങ്ങളൊക്കെ നിർവ്വഹിച്ചുവരികയായിരുന്നു. എന്നാൽ ഡിപിഇപി, കുട്ടി അറിവിന്റെ നിറകുടമാണ് എന്ന മിഥ്യ പ്രചരിപ്പിച്ചുകൊണ്ട് ബോധനത്തെ നിരോധിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ എല്ലാ ഘടകങ്ങളെയും ഡിപിഇപി പരിഹസിച്ചു പുറത്താക്കി
ബോധനത്തിന്റെ നിരർത്ഥകതയെച്ചൊല്ലി വാചാലമായിക്കൊണ്ട് അദ്ധ്യാപകൻ, പഠിപ്പിക്കൽ, പഠിക്കൽ, പാഠപുസ്തകം, അക്ഷരമെഴുത്ത്, തെറ്റുതിരുത്തൽ, ക്ലാസ്സ് മുറിയിലെ അച്ചടക്കം തുടങ്ങി ഔപചാരിക വിദ്യാഭ്യാസത്തിന്റെ എല്ലാ ഘടകങ്ങളെയും ഡിപിഇപി പരിഹസിച്ച് പുറത്താക്കി. കാണാപ്പാഠം പഠിക്കുന്നതിനെ വാചാലമായി വിമർശിച്ചുകൊണ്ട് ഭാഷയും കണക്കും ഉറയ്ക്കുന്നതിനുള്ള തടസ്സങ്ങൾ സൃഷ്ടിച്ചു.
ഒഴിഞ്ഞ ആവനാഴിയിൽനിന്നും ഒരമ്പും തൊടുത്തുവിടാനാവില്ല
”…കഷ്ടപ്പെട്ടുതന്നെയാണ് എഴുതുന്നത്. ഒരു സമൂഹം കുട്ടിയെക്കൊണ്ട് മണലിൽ എഴുതിച്ചു. വിരൽത്തുമ്പ് വേദനിപ്പിച്ച് എഴുതിച്ചു. അതിനെപ്പോലും ഒരു പരിധിക്കപ്പുറം അതിശയോക്തി കലർത്തി വിമർശിക്കുന്നത് ശരിയല്ല. അടിസ്ഥാന ശിക്ഷണ ധർമ്മം അത് നിർവ്വഹിച്ചിട്ടുണ്ട്.
…ധാരാളം കാര്യങ്ങൾ കാണാപ്പാഠം പഠിച്ചു. പക്ഷേ ഈ കാണാപ്പാഠം പിന്നീട് ആവനാഴിയായി വികസിക്കുന്നുവെന്ന് അനുഭവം കാണിക്കുന്നു….കുട്ടിയുടെ ആവനാഴി നിറച്ചുകൊടുക്കുകയെന്ന ധർമ്മം അത് നിർവ്വഹിച്ചിരുന്നു. ഓരോ ഘട്ടത്തിലും എടുത്തുതൊടുക്കേണ്ടത് കുട്ടി പിന്നീട് തീരുമാനിച്ചുകൊള്ളും..” എന്നാണ് ഈ വിഷയത്തിൽ കേരളത്തിൽ നടന്ന പ്രഥമ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ.രാജൻ ഗുരുക്കൾ പറഞ്ഞത്.

പുരോഗമനോന്മുഖഘട്ടത്തിൽ
മുതലാളിത്തത്തിന് വിജ്ഞാനം

വേണമായിരുന്നു, മരണാസന്നകാലഘട്ടത്തിൽ അതിനുവേണ്ടത് നൈപുണികൾ
ഡിപിഇപിയിലൂടെ ഇത്തരം വിദ്ധ്വംസക കാര്യങ്ങൾ വെറുതെ അങ്ങ് അടിച്ചേൽപ്പിക്കപ്പെടുകയല്ല. കൃത്യമായ വർഗ്ഗതാൽപര്യം അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ആധുനിക മുതലാളിത്തം അതിന്റെ പ്രാരംഭദശയിൽ പുരോഗമനോന്മുഖമായിരുന്നു. അതിന് വിജ്ഞാനം ആർജ്ജിച്ച് കരുത്തരായിത്തീർന്ന മാനവരെ ആവശ്യമുണ്ടായിരുന്നു. ആകയാൽ അത് ആധുനികവും ജനാധിപത്യപരവുമായ പൊതുവിദ്യാഭ്യാസത്തിലൂടെ വിജ്ഞാനസന്നിവേശനത്തിനുള്ള ബോധനദർശനവും ആവിഷ്‌ക്കരിച്ചു. എന്നാൽ മരണാസന്നമായ മുതലാളിത്തം മനുഷ്യവിജ്ഞാനത്തെ ഭയപ്പെടുന്നു. വിജ്ഞാനത്തിന്റെ നിശിതമായ ആയുധമേന്തിയ ബഹുജനം മുതലളിത്തത്തെ കടപുഴക്കിയെറിയുമെന്ന് മുതലാളിത്തത്തിന്റെ കാര്യവാഹകർക്ക് നന്നായിട്ടറിയാം. അതിനാലാണവർ യന്ത്രസമാനമായ നൈപുണികളുള്ളവരെ വാർത്തെടുക്കാനുള്ള വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്.
ലോകബാങ്കിനെപ്പോലുള്ള ഏജൻസികളിലൂടെ അവർക്ക് കേരളത്തിൽ ഇടതുപക്ഷം പറയുന്നവരെത്തന്നെ ഇതിന്റെ നടത്തിപ്പുകാരായി കിട്ടിയെന്നതിനാൽ ഡിപിഇപിക്ക് പുരോഗമനപരിവേഷവും കൈവന്നു. എന്നാൽ ഈ വിദ്ധ്വംസക പദ്ധതി കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ അന്ത്യം കുറിക്കുമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ആ കാര്യങ്ങളുടെ ആധികാരികതയെ ഓർമ്മിപ്പിക്കുന്നുണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശന സാക്ഷ്യം.
അതിനാൽ, ലോകബാങ്കിന്റെ വിദ്യാഭ്യാസ വിദ്ധ്വംസക പദ്ധതിയായ ഡിപിഇപിയും അതിനെത്തുടർന്നുവന്ന എസ്എസ്എ, റൂസ തുടങ്ങിയവയും ചേർന്ന് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ തകർത്തുതരിപ്പണമാക്കിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വിദ്യാഭ്യാസപുനഃസ്ഥാപനത്തിന് വേണ്ടിയുളള സുശക്തമായ ഒരു ജനകീയപ്രസ്ഥാനം വളർത്തിയെടുക്കുകയെന്നതാണ് ഈ ദുഃസ്ഥിതി പരിഹരിക്കാനാഗ്രഹിക്കുന്നവരുടെ കർത്തവ്യം.

Share this