കൂത്താട്ടുകുളത്ത് സാംസ്‌ക്കാരിക പ്രവർത്തകരുടെ സംഗമം

Spread our news by sharing in social media

പുരോഗമന-മതേതര-ജനാധിപത്യവാദികൾക്കുനേരെയും ന്യൂനപക്ഷ-പിന്നോക്കവിഭാഗങ്ങൾക്കെതിരെയും കേരളത്തിലും വളർന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കൂത്താട്ടുകുളത്ത് ബഹുജന സാംസ്‌കാരിക സംഗമം നടന്നു. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന സംഘപരിവാർ ആക്രമണം, മധുവെന്ന ആദിവാസി യുവാവിനെ അട്ടപ്പാടിയിൽ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം, കലാകാരൻ അശാന്തന്റെ മൃതദേഹത്തോട് എറണാകുളം ദർബാർ ഹാളിൽ അരങ്ങേറിയ അനാദരവ് എന്നീ വിഷയങ്ങളുയർത്തി നവോത്ഥാനശക്തിയുടെയും വർണ്ണിഭ കലാ സാംസ്‌ക്കാരിക പഠന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഗമം നടന്നത്.

സംഗമത്തിലെ സംഘചിത്രരചന പ്രമുഖ ചിത്രകാരനും ജനകീയ പ്രതിരോധ സമിതി നേതാവുമായ ആർ. പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതേതര അന്തരീക്ഷം സമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതുവഴിമാത്രമേ വിമർശനാത്മകമായ ചർച്ചകളുടെ അന്തരീക്ഷം സംജാതമാകൂ. മൗനംഭേദിച്ചുകൊണ്ട് എല്ലാ വിഷയങ്ങളിലും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ നടത്തുവാൻ സമൂഹത്തിന് ആർജ്ജവം നൽകുന്ന അവസ്ഥയിൽ മാത്രമേ പുരോഗമനചിന്തകൾ സജീവമായ സാമൂഹിക-സാംസ്‌കാരികപ്രവർത്തനങ്ങളുടെ വേദികൾ രൂപപ്പെടൂ-പാർത്ഥസാരഥി വർമ്മ അഭിപ്രായപ്പെട്ടു.

ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ.രാമൻമാഷ് സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷാസമിതി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.വിൻസെന്റ് മാളിയേക്കൽ സാംസ്‌ക്കാരിക സംഗമം ഉദ്ഘാടനം ചെയ്തു. ഈ സമൂഹത്തിൽ ജനങ്ങളെ മനുഷ്യരായല്ല ജാതിക്കാരും മതക്കാരുമായാണ് ജനാധിപത്യ സർക്കാരുകൾ പോലും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകൻ കെ.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരനും കവിയുമായ സദ് കലാവിജയൻ, ജനകീയ പ്രതിരോധ സമിതി നേതാവ് പി.സി.ജോസഫ്, മുൻസിപ്പൽ കൗൺസിലർ എ.എസ്.രാജൻ, എം.എൻ.മുരളീധരൻ, എ.റ്റി.മണിക്കുട്ടൻ, ശശീന്ദ്രൻ കിങ്ങിണിമറ്റം, പി.പി.സജീവ്കുമാർ, കെ.ജെ.ബാലു, ശാലിനി കണ്ണൻ, എബി ജോൺ, സി.എൻ.മുകുന്ദൻ, എൻ. ആർ.മോഹൻകുമാർ, സി.കെ.തമ്പി, ഡോ.ശ്രീധർ, അഡ്വ.പീറ്റർ എന്നിവർ പ്രസംഗിച്ചു. എഞ്ചിനിയർ സുകുമാരൻ കൂത്താട്ടുകുളം, ഡോ.ശ്രീധർ കൂത്താട്ടുകുളം, മജീഷ്യൻ പ്രൊഫ. അന്ത്രുപെരുമറ്റം എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നാടൻ പാട്ടുകളും മാജിക് വിസ്മയം പരിപാടിയും നടന്നു.

 

Share this