കെഎസ്ആർടിസി പെൻഷൻ ബാദ്ധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക കുടിശ്ശിക തീർത്ത് ഉടൻ വിതരണം ചെയ്യുക

Spread our news by sharing in social media

കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ കഴിഞ്ഞ അഞ്ച് മാസമായി പെൻഷൻ മുടങ്ങിയിരിക്കുകയാണ്. പെൻഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന 38,000 ആളുകൾ ഇന്ന് പെരുവഴിയിലാണ്. പലവിധ അസുഖങ്ങളാൽ വലയുന്ന ഈ വൃദ്ധർ മരുന്നുവാങ്ങാൻ പോലും കഴിയാതെ നട്ടം തിരിയുകയാണ്. ഈ സർക്കാരിന്റെ ഭരണകാലത്തുമാത്രം ഇതിനകം അഞ്ച് പേർ ആത്മഹത്യ ചെയ്തുകഴിഞ്ഞു.

ഈ ദുഃസ്ഥിതിക്ക് ശാശ്വത പരിഹാരം കാണുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. 2016 ജൂൺ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് പാലിക്കുവാൻ തയ്യാറാവണം.
”ജീവനക്കാരുടെ പെൻഷൻ ആരുടെയും ഔദാര്യമല്ല; സർവ്വീസ് കാലത്ത് ഒഴുക്കിയ വിയർപ്പിന്റെ വിലയാണ്. ഈ സർക്കാരിന്റെ കാലത്ത് പെൻഷനുവേണ്ടി സമരം ചെയ്യേണ്ടി വരില്ല. പെൻഷൻ മുടങ്ങില്ല”, ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
1984ൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന എൻ.സുന്ദരൻ നാടാർ നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് പെൻഷൻ നിലവിൽ വന്നത്. രാഷ്ട്രീയ തീരുമാനത്തിലൂടെ നടപ്പാക്കപ്പെട്ട പെൻഷൻ മുടങ്ങാതെ നൽകുവാനുള്ള ഉത്തരവാദിത്തം സർക്കാരുകൾക്കുണ്ട്. ഇപ്പോൾ ഇതിൽനിന്ന് പിന്നാക്കം പോകുന്ന നിലപാടാണ് ധനകാര്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ലാത്ത ഈ നിലപാടിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരേണ്ടതുണ്ട്.

ജനങ്ങളുടെ പൊതുസ്വത്തായ കെഎസ്ആർടിസിയെ സേവന മേഖലയിൽ നിലനിർത്തുവാനും സംരക്ഷിക്കുവാനുമുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. ലാഭനഷ്ട പരിഗണനകൾക്ക് അതീതമായി പൊതുമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ മുഴുവൻ ട്രേഡ് യൂണിയനുകളും ബഹുജന സംഘടനകളും മുന്നോട്ട് വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കെഎസ്ആർടിസിയിലെ പെൻഷൻകാർ നടത്തുന്ന പ്രക്ഷോഭണത്തിന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു=

Share this