ചിന്നാർ വന്യജീവി സങ്കേതത്തിൽ മെഡിക്കൽ ക്യാമ്പ്‌

Spread our news by sharing in social media

മാർച്ച്‌ 12, 13 തിയതികളിലായി കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ സർവീസ്‌ സെന്റെർ യൂണിറ്റും കേരള വനം വന്യജീവി വകുപ്പ് ചിന്നാർ ഡിവിഷനും ചേർന്ന് മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും (CHC Marayoor) കോട്ടയം നേച്ചർ സൊസൈറ്റിയുടെയും ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും പിന്തുണയോടെ ചിന്നാർ വന്യജീവി സാങ്കേതത്തിനുള്ളിലെ 11 കുടികളിലേക്കായി (Tribal settlement) മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.

പാളപ്പെട്ടി കുടിയിൽ മെഡിക്കൽ സർവീസ് സെന്റർ സംസ്ഥാന കൺവീനർ ഡോ ഹരി പ്രസാദ്‌; പുതുക്കുടി, വെള്ളക്കൽ കുടി എന്നീ രണ്ട് കുടികളിലും സംയുക്തമായി ഡോ നസ്നീൻ സെയ്തു; തായന്നം കുടി, മുളങ്ങാമുട്ടി എന്നീ രണ്ട് കുടികളിലും സംയുക്തമായി ഡോ നാദിർ അബ്ദുൾ റസാക്ക്, മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ സാം സാവിയോ; മാമാങ്ങാപ്പാറയിൽ മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ അരുൺ ലാൽ എന്നിവരുടെ നേതൃത്വത്തിൽ 12 ആം തിയതിയും ഒള്ളവയൽ കുടിയിൽ മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ മുഹമ്മദ്‌ അസ്ലം; ചമ്പക്കാട് കുടിയിൽ ഡോ നസ്നീൻ സെയ്തു; ഈച്ചാംപെട്ടി, ഇരുട്ടള, ആലാംപെട്ടി എന്നീ കുടികൾക്കായി കരിമുട്ടി വനം വകുപ്പ് ഓഫീസിൽ വച്ച് ഡോ ഹരി പ്രസാദ്‌ എന്നിവരുടെയും നേതൃത്വത്തിൽ 13-ആം തിയതിയും ക്യാമ്പുകൾ നടത്തി.  കോട്ടയം മെഡിക്കൽ കോളേജിലെ 15 മെഡിക്കൽ വിദ്യാർത്ഥികളും ചിന്നാർ അങ്കൻവാടി അധ്യാപകരും വനം വകുപ്പ് ഉദ്യോഗസ്ഥരും വേണ്ട സഹായങ്ങൾ ചെയ്തുനല്കി. പൊതുവെ അന്തർമുഖർ ആയിരിക്കും ഗോത്രവർഗ്ഗങ്ങളിലെ സ്ത്രീകൾ എന്നതിനാൽ മാങ്ങാപ്പാറ ഒഴികെയുള്ള ക്യാമ്പുകളിലെല്ലാം ഒരു വനിതാ ഡോക്ടറെയോ വനിതാ മെഡിക്കൽ വിദ്യാർത്ഥിയെയോ എങ്കിലും ഉൾപ്പെടുത്തിയിരുന്നു.

 

ഇതാദ്യമായാണ് മാങ്ങാപ്പാറയിൽ ഒരു മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. പൊതുവഴിയിൽ നിന്നും 2 മണിക്കൂറോളം ജീപ്പ് യാത്രക്ക് ശേഷം 3 മണിക്കൂറിലധികം ചെങ്കുത്തായ മലനിരകൾ കാൽനടയായി കയറി ഇറങ്ങിയാണ്‌ അവിടെ എത്തിചേർന്നത്‌. 9 പുരകളിലായി 33 പേരാണ് അവിടെ ആകെ ജനവാസം. സത്രത്തിൽ ക്രമീകരിച്ചിരുന്ന ക്യാംപിലേക്ക് വിരലിൽ എന്നാവുന്നവർ മാത്രമേ എത്തിച്ചേർന്നുള്ളൂ എന്നതിനാൽ ഓരോ പുരകളിലെക്കും മെഡിക്കൽ സംഘം നേരിട്ടെത്തി പരിശോധന നടത്തി. 23 പേരെ പരിശോധിച്ചു. പുരുഷൻമാരുടെ എണ്ണം ആയിരുന്നു കൂടുതൽ. മറയൂർ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതിനാൽ വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ അവർ ആശുപതിയിലേക്ക് പോകാറില്ല. അവരിൽ അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങൾ കണ്ടുപിടിക്കുകയും മരുന്നുകൾ ആരംഭിക്കുകയും കൂടുതൽ ചികിത്സക്കായി മറയൂർ ആശുപത്രിയിൽ എത്തണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു.

 

56 പേരാണ് ചമ്പക്കാട് എത്തിചേർന്നത്‌. അതിൽ ഒരു ബഹുഭൂരിപക്ഷവും സ്ത്രീകൾ ആയിരുന്നു. എല്ലാവരിലും കൂടിയ അളവിൽ വിളർച്ച (Anaemia) ഉണ്ടായിരുന്നു. 10-ൽ അധികം സ്ത്രീകൾക്ക് തൈറോയ്‌ഡ്‌ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികളിലും പോഷകാഹാരക്കുറവ്‌ (Malnutrition) ഉണ്ടായിരുന്നു എങ്കിലും ഒരു കുട്ടിയുടെ അവസ്ഥ (Protein–energy malnutrition)  ഗുരുതരമായിരുന്നു.

 

തായന്നംകുടിയിൽ ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ പൊതുവേ കൂടുതലായിരുന്നു. കുട്ടികൾ ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം കൂടുതലായിരുന്നു ഇവിടെ. ഗർഭ നിരോധന ഗുളികകളുടെ (Oral contraceptive tablets) അശാസ്ത്രീയമായ ഉപയോഗം മൂലമാണ് ഇതെന്ന് കരുതപ്പെടുന്നു. ആര്‍ത്തവം ഒഴിവാക്കുവാനായി ഇത്തരം ഗുളികകൾ ഇവിടെ സ്ഥിരമായി ഉപയോഗിക്കുന്നു എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്. ആര്‍ത്തവസമയത്ത് യുവതികളെ അവരവരുടെ വീടുകളിൽ താമസിക്കാൻ അനുവദിക്കില്ല ഇവർ. വാലായ്മപ്പുര എന്ന ഒരു പൊതുശാലയിലാണ് ഈ കാലം അവർ കഴിച്ചു കൂട്ടേണ്ടത്‌. അത് ഒഴിവാക്കാൻ വേണ്ടിയാണ് മരുന്നുകൾ ഉപയോഗിക്കുന്നത്.

 

മാങ്ങാപ്പാറ ഒഴികെയുള്ള എല്ലാ ക്യാമ്പുകളിലും സ്ത്രീകൾ ആയിരുന്നു 70 ശതമാനവും പങ്കെടുത്തത്. സ്ത്രീകളുടെയും കുട്ടികളുടെയും വിളർച്ച, പോഷകാഹാര കുറവ് എന്നിവ എല്ലാ ക്യാമ്പുകളിലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങളുള്ള രോഗികൾ, കാലുകളിലെ രക്ത ഓട്ടം കുറഞ്ഞ് ഗാങ്ഗ്രീൻ (ഒരവയവം നിര്‍ജ്ജീവമായി വ്രണം ആകുന്ന അവസ്ഥ, POVD) ആയ രോഗികൾ, ഹൃദയത്തിന്റെ വാൽവ് സംബന്ധമായ രോഗമുള്ള ഒരു കുട്ടി എന്നിവരെ കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് എത്തിക്കണം എന്നും നിർദ്ദേശിച്ചു.

Karimutty Mangappara 4 Mangappara 7 Mangappara 6 Mangappara 3 Managappara 8 Managappara 5 Managappara 2

11 കുടികളിൽ നിന്നും ആകെ 362 പേരാണ് പരിശോധന ലഭിക്കാനായി എത്തിചേർന്നത്‌. ക്യാംപുകൾ അവസ്സാനിച്ചതിനു ശേഷം മുന്നാർ വൈൽഡ്‌ലൈഫ് വാർഡൻ ശ്രീ ജി. പ്രസാദിന്റെ അധ്യക്ഷതയിൽ ചിന്നാർ അസിസ്റ്റന്റ്‌ വൈൽഡ്‌ലൈഫ് വാർഡൻ ശ്രീ പ്രഭു, ക്യാമ്പ്‌ നയിച്ച ഡോക്ടർമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാസ്റ്റിക്‌ സർജറി അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ എസ്സ് കലേഷ്‌ എന്നിവർ പങ്കെടുത്ത മീറ്റിംഗിൽ ആരോഗ്യപ്രശ്നങ്ങൾ വിശകലനം ചെയ്തു. യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ

  1. 1. ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സ ആവശ്യമായ രോഗികളെ അവിടേക്ക് എത്തിക്കുവാനാവശ്യമായ നടപടികൾ വനം വകുപ്പും, ട്രൈബൽ വികസന വകുപ്പും, ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കണം.
  2. 2.  അംഗൻവാടി അധ്യാപകർ, വനവകുപ്പ് ജീവനക്കാർ, മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി തായന്നംകുടിയിലെ ഗർഭ നിരോധന ഗുളികകളുടെ ദുരുപയോഗം തടയാൻ അവബോധം സൃഷ്ടിക്കണം.
  3. 3. 70 കിലോമീറ്റർ അകലെ മാത്രമേ പ്രസവ സൗകര്യങ്ങൾ ഉള്ള ആശുപത്രി ഉള്ളൂ എന്നതിനാൽ മറയൂർ CHC യിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ഒരു വിദഗ്ദ ഡോക്ടറെ നിയമിക്കുകയും ചെയ്യണം.
  4. 4. തൈറോയ്‌ഡ്‌ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ചമ്പക്കാട് ഭാഗത്തെ കുടിവെള്ളം പരിശോധിക്കുകയും അയോഡിൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് പരിശോധിക്കണം.
  5. 5. വിളർച്ച വളരെ സാധാരണമായതിനാൽ ഇലക്കറികളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ആവശ്യമായ അവബോധം സൃഷ്ടിക്കണം.
  6. 6. പോഷകാഹാര കുറവ് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.
  7. 7. അത്യാവശ്യ രോഗ നിർണ്ണയ ഉപകരണമായ ECG മെഷീൻ മറയൂർ ആശുപത്രിയിൽ വാങ്ങാനാവശ്യമായ നടപടികൾ ശ്വീകരിക്കണം.
  8. 8. പ്രസവ വിഭാഗം, ഹൃദ്രോഗ വിഭാഗം, കുട്ടികളുടെ വിഭാഗം തുടങ്ങി മറ്റ് വിഭാഗങ്ങളെയും കൂടി ഉൾപ്പെടുത്തി വിപുലമായ മെഡിക്കൽ കാംപുകൾ സംഘടിപ്പിക്കണം.

 

“വനങ്ങളെയും വന്യ ജീവികളെയും സംരക്ഷിക്കേണ്ട ചുമതല വനം വകുപ്പിൽ നിക്ഷിപതമായിരിക്കുന്ന ഉത്തരവാദിത്തം ആണ്. ഈ വനങ്ങളിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് ഈ ആദിവാസി സമൂഹം. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യ സംരക്ഷണത്തിൽ നിന്നും വനം വകുപ്പിന് മാറിനിൽക്കാനാവില്ല” എന്ന് മൂന്നാർ വൈൽഡ്‌ലൈഫ് വാർഡൻ ശ്രീ ജി പ്രസാദ്‌ അഭിപ്രായപ്പെട്ടു. തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരത്തിനുടമകളായ ഈ സമൂഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ തയ്യാറായ കോട്ടയം മെഡിക്കൽ മെഡിക്കൽ സർവീസ് അംഗങ്ങളെ അസിസ്റ്റന്റ്‌ വൈൽഡ്‌ലൈഫ് വാർഡൻ ശ്രീ പ്രഭു അഭിനന്ദിച്ചു

Share this