കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിട ടൗണിന്നടുത്ത് 13ഏക്കർ സ്ഥലം കരിങ്കൽ(ക്വാറി) ഖനനത്തിനായി വിട്ടുകൊടുത്തതിനെതിരെ ജനകീയപ്രതിഷേധം ആളിപ്പടരുന്നു. പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന തോമസ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ഡെൽട്ട ഗ്രൂപ്പ് പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് ഭൂമി കൈവശപ്പടുത്തിയത്. മഞ്ഞൾകൃഷിക്കാണ് ഭൂമി വാങ്ങിയത് എന്നാണ് ആദ്യം നാട്ടുകാരോട് പറഞ്ഞത്. ഈ പ്രചരണത്തിനെ സാധൂകരിക്കാനായി ‘ഗുഡ് എർത്ത് ടർമറിക് ഫാം’ എന്ന് നെയിം ബോർഡ് ഡെൽട്ടാ ഗ്രൂപ്പ് നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. ചെങ്ങോട്ട്മല എന്ന് പേരുള്ള കുന്നിൻപ്രദേശമാണിത്. ഈ പ്രദേശവാസികൾക്ക് കുടിവെള്ളം എത്തിക്കാനായി 25 ലക്ഷത്തോളം രൂപ ചെലവാക്കി നിർമ്മിച്ച ജലസംഭരണിയും പൈപ്പ് ലൈനും അടക്കമാണ് ഡെൽറ്റ ഗ്രൂപ്പ് കൈവശപ്പടുത്തിയിരിക്കുന്നത്. നിർദ്ദിഷ്ട ഭൂപ്രദേശത്തും തൊട്ടടുത്തുമായി ജനവാസം കൂടാതെ സ്കൂളുകൾ, ദേവാലയങ്ങൾ, ജലാശയങ്ങൾ, തിരക്കേറിയ ടൗൺ തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും അധികാരകളോ ക്വാറി മാഫിയയോ, ഇതിനെല്ലാം ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളോ ഇവ കണ്ടില്ലെന്ന് നടിക്കുന്നതാണ് ജനങ്ങളെ നിരാശപ്പെടുത്തുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി രൂപംകൊണ്ടിട്ടുള്ള ചെങ്ങോട്ടുമല സംരക്ഷണ സമിതി കഴിഞ്ഞ നാലുമാസമായി ക്വാറിക്കും അധികാരികൾക്കുമെതിരെ ശക്തമായ പ്രചരണമാണ് അഴിച്ചുവിട്ടത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾചേർന്ന് രൂപീകരിച്ചിട്ടുള്ള മറെറാരു സമിതി നിലവിൽ വന്നിട്ടുണ്ടെങ്കിലും ഇതുവരെ അവരാരും ക്വാറിക്കോ ഭരണാധികാരികൾക്കോ എതിരായി രംഗത്തെത്തിയിട്ടില്ലെങ്കിലും താമസിയാതെ അവരും രംഗത്തെത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
ജനങ്ങളുടെ സൈ്വരജീവിതവും പരിസ്ഥിതിയും ആവാസ വ്യവസ്ഥയും തകർക്കുന്ന സർക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് ചെങ്ങോട്ടുമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രു. 24 ന് നൂറ്കണക്കിന് ഗ്രാമവാസികൾ പങ്കെടുത്തുകൊണ്ടുള്ള ജനകീയകൂട്ടായ്മ പ്രസിദ്ധ സാഹിത്യകാരൻ ടി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സ്വയം ഒരു സംസ്കാരം തന്നയാണെന്നും അതിനെ ഒരുത്തരവാദിത്വവുമില്ലാതെ വികസനം എന്ന് പേര് വിളിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നവർ, ഇപ്പോൾ ജീവിക്കുന്നവരോട് മാത്രമല്ല വരാനിരിക്കുന്ന തലമറകളോടും ദ്രോഹമാണ് ചെയ്യുന്നതെന്നും തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ശ്രീ.ടി.പി.രാജീവൻ പറഞ്ഞു. പ്രൊഫ.സി.വി.കുമാരൻ, പ്രൊഫ.വിജിന തമ്പി (ഐഐടി മദ്രാസ്) തുടങ്ങിയവർ പ്രസംഗിച്ചു. സി.ഷീബ അദ്ധ്യക്ഷയായിരുന്നു. സമിതി കൺവീനർ പി.കെ.മധു സ്വാഗതവും, എം.പി.അനിൽ കുമാർ നന്ദിയും പറഞ്ഞു. യോഗം തുടങ്ങുന്നതിന് മുമ്പേതന്നെ ആളുകൾ തടിച്ചുകൂടിയതും യോഗം നടന്നുകൊണ്ടിരിക്കെ ക്വാറി വിരുദ്ധമുദ്രാവാക്യമുയർത്തിക്കൊണ്ട് ജനങ്ങൾ പ്രകടനമായെത്തിയതും ക്വാറിമുതലാളിയുടെ ശിങ്കിടികളെയും, ക്വാറി അനുകൂലികളായ നേതാക്കളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.
വിറളിപിടിച്ച ക്വാറിമാഫിയയുടെ ഭാഗത്ത് നിന്ന് ടി.പി.രാജീവിനെതിരെയും സ.മധുവിനെതിരെയും ഭീഷണി ഉയർന്നിട്ടുണ്ട്. സമരത്തിലുറച്ചുനിൽകുന്നവരെ സ്വാധീനിക്കാൻ ഇതിനകം വന്നിട്ടുള്ള വാഗ്ദാനങ്ങൾ തിരസ്കരിച്ചതിനെത്തുടർന്നായിരിക്കാം ഭീഷണി ഉയർന്നത് എന്നാണ് സമിതിയുടെ വിലയിരുത്തൽ. വാഗ്ദാനങ്ങളും ഭീഷണിയും തള്ളിക്കൊണ്ട് ചെങ്ങോട്ടുമല സംരക്ഷണസമിതി മാർച്ച് 24ന് പഞ്ചായത്ത് ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.