ചെമ്മീന്‍ പീലിംഗ് തൊഴിലാളി സമരം വിജയിച്ചു. കള്ളപ്രചാരണങ്ങളെ തള്ളിക്കളയുക.

Spread our news by sharing in social media

ചെമ്മീന്‍ പീലിംഗ് തൊഴിലാളി സമരം വിജയിച്ചു.
കള്ളപ്രചാരണങ്ങളെ തള്ളിക്കളയുക.
കേരള മത്സ്യസംസ്‌കരണ തൊഴിലാളി യൂണിയന്‍-KMSTU- AIUTUC

  • കരാർ ലംഘനത്തിനെതിരെ ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ സംയുക്തസമര പ്രഖ്യാപന കൺവൻഷനിൽ കെഎംഎസ്ടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.സുബൈദ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

അമ്പലപ്പുഴ- കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ ചെമ്മീന്‍ പീലിംഗ് തൊഴിലാളികള്‍ നടത്തിയ 24 ദിവസം നീണ്ടുനിന്ന പണിമുടക്കു സമരവും യൂണിയന്‍ പ്രസിഡന്റ് രേവമ്മ ചന്ദ്രന്‍ സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരവും വിജയപരിസമാപ്തിയിലെത്തി.

പരാജയ ബോധത്താല്‍ വ്രണിതരായ ഒരുപറ്റം മുതലാളിമാരും അവരുടെ പിണിയാളന്‍മാരും യൂണിയന്‍ നേതാക്കളെ ആക്രമിക്കുവാനും കരിവാരിത്തേക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുതലാൡാര്‍ അടിച്ചിറക്കുന്ന കള്ളപ്രചാരണങ്ങളില്‍ വശംവദരാകാതെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അടിയുറച്ച് നിലകൊള്ളുവാന്‍ ഞങ്ങള്‍ തൊഴിലാളികളോടഭ്യര്‍ത്ഥിക്കുന്നു.

2015 സെപ്തംബര്‍ 11ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍:
1. ഒരു കിലോ ചെമ്മീന്‍ പീലിംഗിന് 14 രൂപ കൂലിയായി നിശ്ചയിച്ചു.(ഒന്നര കിലോയ്ക്ക് 21 രൂപ)
2. ഡീ- വെയിനിംഗ് (ഞരമ്പു വലിച്ചുകളയല്‍)ന് ഒരു കിലോയ്ക്ക് 15.50 രൂപ കൂലി നല്‍കണം.
3. അളവിനെ സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും.
4. രാത്രികാല പീലിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കും.
5. മുന്‍കാല എഗ്രിമെന്റുകളിലെ മറ്റ് ആനുകൂല്യങ്ങള്‍ തുടരും. (മുന്‍കാല എഗ്രിമെന്റ് പ്രകാരം തെള്ളിച്ചെമ്മീന്‍ ഒരു കിലോയുടെ സ്ഥാനത്ത് 650 ഗ്രാം പൊളിച്ചാല്‍ മതിയാകും. കൂലി 14 രൂപ)

2010ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മിനിമം കൂലി നല്‍കണമെന്നുള്ളതായിരുന്നു നമ്മുടെ യൂണിയന്റെ ഡിമാന്റ്. നിലവിലുള്ള കൂലിയുമായി വളരെ അന്തരമുള്ളതുകൊണ്ട് അത് നടപ്പിലാക്കുന്നതിന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും തല്‍ക്കാലത്തേക്ക് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നുമുള്ള കളക്ടറുടെ അഭ്യര്‍ത്ഥനയെ മാനിച്ചുകൊണ്ടാണ് യൂണിയന്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്.(സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി കിലോയ്ക്ക് 26 രൂപയാണ്)

Com. S.Seethilal AIUTUC District President on Controversies of Peeling Movement(VIDEO)

അമ്പലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അളവ്തൂക്കം ഒന്നരക്കിലോ എന്നതായിരുന്നു. ചേര്‍ത്തല താലൂക്കിലാകട്ടെ ഒരു കിലോ എന്നതുമായിരുന്നു. സര്‍ക്കാര്‍ മിനിമം കൂലി നിശ്ചയിച്ചിട്ടുള്ളതും ഒരു കിലോ തൂക്കത്തിനാണ്. അമ്പലപ്പുഴ- കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ നിലവിലുള്ള സമ്പ്രദായം തുടരണമെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടത്. തൊഴിലുടമാ പ്രതിനിധികള്‍ അത് അംഗീകരിക്കുവാന്‍ തയ്യാറായില്ല. അവരുടെ ശാഠ്യത്തിനുമുന്‍പില്‍ കളക്ടര്‍ വഴങ്ങുകയായിരുന്നു. കഴിഞ്ഞവര്‍ഷം അരൂര്‍ മേഖലയില്‍ നടന്ന പണിമുടക്കുമായി ബന്ധപ്പെട്ട് 2014 ആഗസ്റ്റ് 18ന് ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വെച്ച് ഒരു കിലോ ചെമ്മീന്‍ പീലിംഗിന് 14 രൂപ കൂലി നിശ്ചയിച്ചിരുന്നു. അതിന്‍ പ്രകാരം അമ്പലപ്പുഴ മേഖലയില്‍ ഒരു കിലോയ്ക്ക് 12 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. (ഒന്നരക്കിലോയ്ക്ക് 18രൂപ) ഇപ്പോള്‍ അത് വര്‍ദ്ധിപ്പിച്ച് ഒരു കിലോയ്ക്ക് 14 രൂപ (ഒന്നരകിലോക്ക് 21രൂപ)യാക്കുകയാണുണ്ടായത്.

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അളവുതൂക്കത്തില്‍ വന്ന മാറ്റംമൂലം ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാകാത്ത ചില തൊഴിലാളികള്‍ കൂലി കുറഞ്ഞതായി തെറ്റിദ്ധരിക്കുകയും അവരെ മുതലാളിമാരും അവരുടെ പിണിയാളന്‍മാരും ചേര്‍ന്നുകൊണ്ട് യൂണിയനെതിരെ തിരിച്ചുവിടുകയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയുമാണ്. കേരള മത്സ്യസംസ്‌കരണ തൊഴിലാളിയൂണിയനു(KMSTU) കീഴില്‍ അടിയുറച്ചുനിന്ന് പോരാടി അവകാശങ്ങള്‍ നേടിയെടുക്കുന്ന സ്ത്രീതൊഴിലാളികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും സംഘടിതശക്തിയെ തകര്‍ക്കുന്നതിനും മുതലാളിമാരും മറ്റുചില സ്ഥാപിതതാല്‍പര്യക്കാരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കള്ള പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Share this