ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച

Spread our news by sharing in social media

ചൈനീസ്  സമ്പദ് വ്യവസ്ഥയുടെ  തകര്‍ച്ച

സോഷ്യലിസ്റ്റ് കമ്പോള സമ്പദ്ഘടന
എന്ന കാപട്യത്തിന്റെ
മുതലാളിത്ത സ്വഭാവം വെളിവാക്കുന്നു

ചൈനീസ് സമ്പദ്‌വ്യവസ്ഥ ഇന്ന് മോഹാലസ്യത്തിലായിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടേയും തളര്‍ച്ചയുടേയും മാനകമായി മുതലാളിത്ത സാമ്പത്തികപണ്ഡിതര്‍ കണക്കിലെടുക്കുന്ന ജിഡിപി വളര്‍ച്ച, 2015-ല്‍ വെറും 6.9% മാത്രമാണ്. ഇതുരണ്ട് ദശകമായി തുടര്‍ന്ന 10%ല്‍ കൂടിയ നിരക്കിനേക്കാള്‍ വളരെ താഴെയാണെന്നു മാത്രമല്ല, കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കുമാണ്. വര്‍ഷങ്ങള്‍ നീളാവുന്ന തളര്‍ച്ചയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി സ്വയം പ്രഖ്യാപിച്ച ചൈനയെ ബാധിച്ചിരിക്കുന്നത്. ഇതില്‍ നിന്നും രക്ഷ നേടുന്ന ലക്ഷണങ്ങള്‍ ദൃശ്യവുമല്ല.

ഭൂരിപക്ഷം ചൈനീസ് വ്യവസായങ്ങളും സ്തംഭനാവസ്ഥയിലെത്തിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത്, സമ്പദ്ഘടനയുടെ പ്രധാനഘടകമായ ഉല്‍പ്പാദനമേഖല വീഴ്ച്ചയിലാണെന്നും, ആ മേഖലയിലെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയാണെന്നുമാണ്. കയറ്റുമതി അധിഷ്ഠിത, നിര്‍മ്മാണമേഖലയിലെ പരമ്പരാഗത മുന്‍തൂക്കം തിരിച്ചു പിടിക്കാനായി ചൈന തങ്ങളുടെ കറന്‍സിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു. ഇതിനു ശേഷം പ്രധാന ആഭ്യന്തര പലിശ നിരക്കുകളും കുറച്ചു. എന്നാല്‍, വര്‍ദ്ധിക്കുന്ന വിലക്കയറ്റം സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ്. അത് അവരുടെ ജീവിതനിലവാരത്തെ താഴേക്കു തള്ളുന്നു. ചൈനയില്‍, പണപ്പെരുപ്പത്തിന്റെ അളവുകോലായ ഉപഭോക്തൃ വിലസൂചിക നവംബറില്‍ 6.9% ആയി ഉയര്‍ന്നു. വളരെ കുറച്ചു കാണിച്ചിരിക്കുന്നതായി പറയപ്പെടുന്ന ഈ കണക്കു തന്നെ 11 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഈ ഉയര്‍ന്ന വിലസൂചിക, വിഭവങ്ങളുടേയും സേവനങ്ങളുടേയും വില നിര്‍ണ്ണയ സംവിധാനത്തെ പരിഷ്‌കരിക്കുവാനുള്ള ചൈനീസ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉപഭോക്തൃ വിലസൂചികയുടെ മൂന്നിലൊന്നായ ഭക്ഷ്യവിലകള്‍ പത്തു മാസങ്ങള്‍ക്കിടയില്‍ 11.3% ഉയര്‍ന്നിരിക്കുന്നു. 1988-95 കാലഘട്ടത്തില്‍ വെറും 3.9% ആയിരുന്ന ചൈനയിലെ തൊഴിലില്ലായ്മ നിരക്ക് 2002-09 -ല്‍ 10.9% ആയി വര്‍ദ്ധിച്ചിരുന്നു; വീണ്ടും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വടക്കുകിഴക്കന്‍ ചൈനയില്‍ വ്യവസായങ്ങള്‍ കൂടുതലായി അടച്ചുപൂട്ടുന്നത്, ആ മേഖലക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. 2002-09 മുതല്‍ അവിടെ തൊഴിലില്ലായ്മ നിരക്ക് 12.5% ആയി ഉയര്‍ന്നിരിക്കുന്നു. തൊഴില്‍ നഷ്ടവും വ്യക്തമാണ്. 2008-09-ല്‍ ആഗോള സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, 20 ദശലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് – പ്രധാനമായും നിര്‍മ്മാണമേഖലയിലും തീരദേശമേഖലകളിലും നിന്നുള്ളവര്‍ക്ക്, ജോലി നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് ഓഹരി വിപണിയിലും ഇടിവുണ്ടായിരിക്കുന്നു. സമ്പദ്ഘടനയുടെ പ്രവര്‍ത്തനശേഷിയുടെ അടയാളമായി മുതലാളിത്ത സാമ്പത്തികവിദഗ്ദ്ധര്‍ കണക്കാക്കുന്നതാണ് ഓഹരിവിപണിയുടെ സ്ഥിരതയും ചാഞ്ചാട്ടങ്ങളും. എന്നാല്‍, ഓഹരിവിലകള്‍ ഞെട്ടിക്കുന്ന തരത്തില്‍ കൂപ്പുകുത്തുകയും, ചിലപ്പോഴൊക്കെ കൂടിയ വിലയുടെ 50% ല്‍ താഴെ പോവുകയും ചെയ്തു. ചൈനീസ് ഓഹരി കമ്പോളത്തിലെ 30% ഇടിവുണ്ടാക്കിയ നഷ്ടത്തിന്റെ മൂല്യം എന്നു പറയുന്നത്, 2013-ല്‍ യുകെ എന്ന രാജ്യത്തിന്റെ ആകെ സാമ്പത്തിക ഉത്പാദനത്തിനു തുല്ല്യമാണെന്നു പറയാം. 2007നും 2014 നും ഇടയില്‍ ചൈനയുടെ മൊത്തം കടം നാലിരട്ടിയായി വര്‍ദ്ധിക്കുകയും, പൊതുകടം-ജിഡിപി അനുപാതം ഏതാണ്ട് ഇരട്ടിയാകുകയും ചെയ്തു. ജിഡിപിയുടെ 282% വരെ എത്തിനില്‍ക്കുന്ന ചൈനയുടെ പൊതുകടം, യുഎസിനെ പോലും പിന്തള്ളുന്നു. ജിഡിപിയുടെ 125% ആയി കോര്‍പ്പറേറ്റ് കടം വര്‍ദ്ധിക്കുന്നു. ആഭ്യന്തരമായും കയറ്റുമതിയിലുമുള്ള സാമ്പത്തികമാന്ദ്യത്തെ കാണിച്ചു കൊണ്ട് രാജ്യത്തിന്റെ ഉല്‍പ്പാദനശേഷിയുടെ ഗണ്യമായ ഭാഗം വെറുതേ കിടക്കുന്നു. വളരുന്ന കടം, അമിതമായ ഭവന-വ്യവസായ ശേഷി, സ്തംഭനാവസ്ഥയിലായ ഓഹരിവിപണി- ഇതെല്ലാം, പശ്ചാത്തലസൗകര്യ വികസനം, സുഗമമായ വായ്പ, പെരുപ്പിച്ച കയറ്റുമതി എന്നിങ്ങനെ സാധാരണയായി സര്‍ക്കാരുകള്‍ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങളെ ഫലശൂന്യമാക്കുന്നു. ചൈനീസ് സമ്പദ്ഘടനയില്‍ പ്രത്യക്ഷമായ ഈ തളര്‍ച്ച, മുതലാളിത്ത-സാമ്രാജ്യത്വ ലോകത്തിന് ഒന്നടങ്കം ഉള്‍ക്കിടിലം സൃഷ്ടിച്ചിരിക്കുന്നു.
ചൈനയുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ സൃഷ്ടി
കേന്ദ്രീകൃത സമ്പദ്ഘടനയോ, വ്യവസായവല്‍ക്കരണമോ, എന്തിന് കേന്ദ്രീകൃത ഭരണമോ പോലും ഇല്ലാത്ത, അര്‍ദ്ധ-ഫ്യൂഡല്‍ അര്‍ദ്ധ-കൊളോണിയല്‍ രാജ്യമായിരുന്നു വിപ്ലവത്തിനുമുമ്പുണ്ടായിരുന്ന ചൈന. അങ്ങേയറ്റം ദരിദ്രമായ, യുദ്ധത്താല്‍ നശിപ്പിക്കപ്പെട്ട 542 ദശലക്ഷം പേരുടെ രാജ്യം. ഭൂരിപക്ഷവും അര്‍ദ്ധപട്ടിണിക്കാരായ കര്‍ഷകര്‍. ഭൂപ്രഭുക്കന്മാരും യുദ്ധപ്രഭുക്കന്മാരും അവരെ അടിമകളെ പോലെ തന്നെയാണ് കണ്ടിരുന്നത്. മഹാനായ മാവോ സേതൂങ്ങിന്റെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഐതിഹാസിക നേതൃത്വത്തിനു കീഴില്‍ നടന്ന ചരിത്രം കുറിച്ച വിപ്ലവപ്പോരാട്ടത്തിനൊടുവില്‍, 1949 ലാണ് ജന്മി ഭൂപ്രഭുക്കന്മാരുടേയും കോളനിവല്‍ക്കരണത്തിന്റെയും നുകത്തിനു കീഴില്‍ നിന്നും രാജ്യം മോചിതമാകുന്നത്.

മാര്‍ക്‌സിസം-ലെനിനിസം എന്ന ശാസ്ത്രത്തെ, അന്നത്തെ ചൈനയുടെ മൂര്‍ത്ത സാഹചര്യത്തില്‍ ശരിയായി പ്രയോഗിച്ചതിലൂടെ ഒരു സമ്പൂര്‍ണ്ണ മുതലാളിത്ത കാലഘട്ടത്തെ ഒഴിവാക്കിക്കൊണ്ടുതന്നെ, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനു കീഴില്‍ സോഷ്യലിസം സ്ഥാപിക്കാന്‍ സാധിച്ചു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തിനു കീഴിലുള്ള പുതിയ ജനാധിപത്യ സാമ്പത്തികഘടനയില്‍, മുതലാളിത്തത്തിലെ വ്യക്തിഗത ലാഭത്തിനും വ്യക്തികളുടെ ആവശ്യത്തിലും ഊന്നിയുള്ള ഉല്‍പ്പാദന സംവിധാനത്തിനു പകരം, കേന്ദ്രീകൃതവും ആസൂത്രിതവുമായ, സാമൂഹിക ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ ഊന്നിയുള്ള ഉല്‍പ്പാദന സംവിധാനം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ പൂര്‍ണ്ണമായ ഒരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയില്‍ നിന്നും ഇതല്‍പ്പം വ്യത്യസ്തമായിരുന്നു. കാരണം, അടിസ്ഥാന വ്യവസായങ്ങളും, ആശയവിനിമയ സംവിധാനങ്ങളും, കമ്പോളവുമെല്ലാം സ്റ്റേറ്റിന്റെ കീഴിലായിരുന്നുവെങ്കിലും വിവിധ മേഖലകളില്‍, വിശേഷിച്ച് കൃഷി, ചെറുകിട വ്യാപാര-വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സ്വകാര്യ ഉടമസ്ഥത നിലനിര്‍ത്തിയിരുന്നു. വിപ്ലവാനന്തര ചൈനയുടെ സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തിന്റെ മൂര്‍ത്തമായ സാഹചര്യത്തില്‍ അത് ആവശ്യവുമായിരുന്നു. എന്നാല്‍, പുതിയ ജനാധിപത്യ സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ ആ കാലഘട്ടത്തില്‍ സ്വകാര്യ ഉടമസ്ഥതക്കു കീഴില്‍ നടന്ന ഉത്പാദനമാകട്ടെ, തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയാല്‍ നയിക്കപ്പെടുന്ന രാജ്യത്തെ കേന്ദ്രീകൃത സാമ്പത്തിക ആസൂത്രണത്തിനു കീഴില്‍, സാമൂഹിക ആവശ്യകതക്ക് അനുസരിച്ച് നിയന്ത്രിക്കപ്പെട്ടിരുന്നു.

1950-കളുടെ പകുതിയോടെ, സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി കൃഷിയും, നെയ്ത്തും, ചെറുകിട വ്യവസായങ്ങളും അടക്കമുള്ളവയിലെ സ്വകാര്യ ഉടമസ്ഥത അവസാനിപ്പിച്ചു. മഹാനായ മാവോ സേതൂങ്ങിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളും കഴിവുറ്റ നേതൃത്വവും കാരണം പുത്തന്‍ ജനാധിപത്യ സമ്പദ്ഘടനയില്‍ നിന്നും, സോഷ്യലിസ്റ്റ് സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനം മുഖ്യാംശത്തില്‍ പൂര്‍ത്തിയായി. അങ്ങനെ ചൈന സോഷ്യലിസത്തിന്റെ ഘട്ടത്തില്‍ പ്രവേശിക്കുകയും, തുടര്‍ന്ന് സോഷ്യലിസത്തെ ശക്തിപ്പെടുത്താനും നേട്ടങ്ങള്‍ ഉറപ്പിക്കുവാനുമുള്ള പോരാട്ടം ആരംഭിക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് പുനര്‍നിര്‍മ്മാണത്തിന്റെ ഈ കാലഘട്ടത്തിലാണ്, മാര്‍ക്‌സിസമെന്ന ശാസ്ത്രം കര്‍ശനമായി പാലിക്കുന്നതില്‍ അധിഷ്ഠിതമായ കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായത്. പിന്നീടുള്ള അനിവാര്യകര്‍ത്തവ്യം സോഷ്യലിസത്തെ മുന്നോട്ടു കൊണ്ടുപോയി, സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ നിയമങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ക്രമേണ കമ്മ്യൂണിസം നേടിയെടുക്കുക എന്നതായിരുന്നു. മാര്‍ക്‌സ്-ഏംഗല്‍സ്-ലെനിന്‍-സ്റ്റാലിന്‍ എന്നിവരുടെ പാഠങ്ങളില്‍ ഊന്നിക്കൊണ്ട് മാവോ ആഹ്വാനം നല്‍കിയതും, മാര്‍ക്‌സിസം-ലെനിനിസം ശരിയായി ഗ്രഹിച്ചുകൊണ്ട് ആ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാനാണ്, ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ഉള്‍ക്കൊള്ളുന്ന സോഷ്യലിസ്റ്റ് പോരാട്ടത്തിലൂടെ പാര്‍ട്ടിയുടെ നേതാക്കളുടേയും കേഡര്‍മാരുടേയും നിലവാരം ഉയര്‍ത്തുവാനാണ്, മനസ്സിന്റെയും സംസ്‌കാരത്തിന്റെയും മണ്ഡലത്തിലും വര്‍ഗ്ഗസമരം തീവ്രമാക്കി, എല്ലാവിധ ബൂര്‍ഷ്വാ ചിന്താഗതികളുടേയും സ്വാധീനത്തേയും പൂര്‍ണ്ണമായി പരാജയപ്പെടുത്തി സോഷ്യലിസത്തെ ശക്തിപ്പെടുത്തുവാനാണ്. എന്നാല്‍ ആവശ്യമായ ഈ പ്രക്രിയ, സിദ്ധാന്തം, രാഷ്ട്രീയം, സംസ്‌കാരം, കൂടാതെ സോഷ്യലിസ്റ്റ് ഉത്പാദനത്തിന്റെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ നടത്തിപ്പും ഒക്കെയായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ ശരിയായ മാര്‍ക്‌സിസ്റ്റ് ധാരണയെ സംബന്ധിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്ന ഗുരുതരമായ അഭിപ്രായഭിന്നതകള്‍ മൂലം, ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. സോഷ്യലിസത്തിലെ ഓരോ ദിനത്തിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും, പൊതുജനങ്ങളുടേയും രാഷ്ട്രീയ അവബോധവും സാംസ്‌കാരിക നിലവാരവും ഉയര്‍ത്തിയില്ലെങ്കില്‍, സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അടിത്തറ തന്നെ അപകടത്തിലാകും എന്ന്, രാഷ്ട്രീയം സാമ്പത്തികഘടനക്കു മേലേയാണ്, എന്ന ലെനിന്റെ പാഠത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് മാവോ തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം, മാര്‍ക്‌സിസം ലെനിനിസത്തിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവിധ ബൂര്‍ഷ്വാ ആശയങ്ങളേയും പ്രവണതകളേയും പുറന്തള്ളി, പ്രതിവിപ്ലവകാരികള്‍ കൈയടക്കുന്നതു തടഞ്ഞ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച്, അതിന്റെ നിലവാരമുയര്‍ത്തി സോഷ്യലിസത്തെ ശക്തിപ്പെടുത്തുവാനായി ഐതിഹാസികമായ സാംസ്‌കാരിക വിപ്ലവത്തിനു തിരി കൊളുത്തി. പക്ഷേ 1976-ല്‍ അദ്ദേഹത്തിന്റെ ദുഃഖകരമായ വിയോഗത്തിനു ശേഷം, പ്രതിവിപ്ലവ-പരിഷ്‌കരണവാദ-മുതലാളിത്തപാത പിന്തുടരുന്ന ഡെങ് നേതൃത്വം കൈക്കലാക്കുകയും, പിന്തിരിഞ്ഞു നടക്കുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തു.
അധഃപതനം ആരംഭിച്ചത് ഡെങ് നേതൃത്വം അധികാരമേറ്റ ശേഷം
തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനു കീഴില്‍ വര്‍ഗ്ഗസമരം തീക്ഷ്ണമാക്കേണ്ടതിന്റെ ആവശ്യകത തള്ളിക്കളഞ്ഞുകൊണ്ട് ഡെങ് നേതൃത്വം കൗശലത്തോടെ വര്‍ഗ്ഗ സഹകരണം എന്ന ഏറ്റവും വെറുക്കപ്പെട്ട ആശയം കൊണ്ടുവന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെ ഖണ്ഡിച്ചു കൊണ്ട്, സോഷ്യലിസ്റ്റ് ഉത്പാദനബന്ധങ്ങളിലൂന്നിയ കേന്ദ്രീകൃതവും ആസൂത്രിതവുമായ സമ്പദ്ഘടനയില്‍ നിന്നും സ്വകാര്യ മൂലധനത്തിലേക്കും സ്വകാര്യ ഉടമസ്ഥതയിലേക്കും മാറുന്നതിനായാണ്, ലിബറലിസത്തിന്റെ മറക്കുള്ളില്‍ നിന്ന് അവര്‍ വാദിച്ചത്. അപ്പോള്‍ മുതല്‍ ചൈന ഏറ്റവും ഉദാത്തമായ സോഷ്യലിസത്തെ ഉപേക്ഷിച്ചുകൊണ്ട് മുതലാളിത്ത പാതയിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ക്രമേണ, വിപ്ലവത്തിന്റെ എല്ലാ നേട്ടങ്ങളും ഇല്ലാതാക്കപ്പെട്ടു. ചൈനീസ് സമ്പദ്ഘടനയില്‍ മുതലാളിത്തം ആഴത്തില്‍ വേരൂന്നി, അവസാനം പ്രതിവിപ്ലവത്തിലൂടെ അതിനെ കീഴടക്കി.
1980 കളിലെ ചൈനയുടെ ദ്രുതവളര്‍ച്ചയും വ്യവസായവല്‍ക്കരണവും, സ്ഥിരവളര്‍ച്ചക്കും, ഉത്പ്പന്നങ്ങളുടെ മികച്ച വിതരണത്തിനും ഒക്കെയുള്ള മികച്ച വഴിയായി ‘കമ്പോള സോഷ്യലിസ’ത്തെ കാണാന്‍ നിരവധി ആളുകളെ പ്രോല്‍സാഹിപ്പിച്ചു. എന്നാല്‍, വിപ്ലവാനന്തരം മൂന്നു പതിറ്റാണ്ടോളം സോഷ്യലിസ്റ്റ് പാതയില്‍ മുന്നേറിയ ചൈന, ജനങ്ങളുടെ ജീവിതനിലവാരത്തിലും, അതിവേഗ വ്യവസായവല്‍ക്കരണത്തിലും, കാര്‍ഷിക ഉത്പാദനവളര്‍ച്ചയിലും, ഉത്പാദനശേഷിയുടെ ദ്രുതവികസനത്തിലും, അതു വഴി സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയിലെ വിടവ് ക്രമേണ ഇല്ലാതാക്കുന്നതിലുമെല്ലാം കൈവരിച്ച കണ്ണഞ്ചിക്കുന്ന വളര്‍ച്ച പക്ഷേ എല്ലാവരും മറന്നു. വിപ്ലവാനന്തരം കേവലം രണ്ടു പതിറ്റാണ്ടു കൊണ്ട് സോവിയറ്റ് സമ്പദ്ഘടന നേടിയെടുത്ത അഭൂതപൂര്‍വ്വമായ വിജയം കേവലം ഉത്പാദന വളര്‍ച്ചയില്‍ മാത്രമല്ല, ജനങ്ങളുടെ ആകമാനം ജീവിതനിലവാരത്തിലുള്ള ഉയര്‍ച്ച കൂടിയാണ്. സര്‍വ്വോപരി, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇല്ലാതാക്കിയത്. സോവിയറ്റ് യൂണിയന്റെ വിജയം എല്ലാവരേയും അത്ഭുതപ്പെടുത്തിയതു പോലെ തന്നെ, ചൈനയുടെ വളര്‍ച്ചാ നിരക്കും, അങ്ങേയറ്റം പിന്നോക്കമായി മയക്കുമരുന്നിന് അടിമയായി തളര്‍ന്ന് ഉറക്കം തൂങ്ങിയ അവസ്ഥയില്‍ കഴിഞ്ഞ ആ രാജ്യം ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ശക്തമായ സോഷ്യലിസ്റ്റ് സമ്പദ്ഘടനയായി മാറിയതും എല്ലാവരേയും ഞെട്ടിച്ചിരുന്നു.
1978-ല്‍ പ്രതിവിപ്ലവകാരികളായ ഡെങ് നേതൃത്വം സോഷ്യലിസത്തെ തകര്‍ത്ത് മുതലാളിത്തത്തെ പുനസ്ഥാപിക്കുവാനുള്ള ശ്രമം തുടങ്ങിയപ്പോള്‍, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ശക്തമായ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ ചൈനയില്‍ നിലവിലുണ്ടായിരുന്നു. അപ്പോള്‍, ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ‘കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച’ എന്നു പറയുന്നത്, ഡെങ് സിയാവോ പിങും പിന്‍ഗാമികളും നടപ്പിലാക്കിയ ‘സോഷ്യലിസ്റ്റ് കമ്പോള സമ്പദ് വ്യവസ്ഥ’ അഥവാ ‘കമ്പോള സോഷ്യലിസ’ത്തിന്റെ വിജയത്തിനു തെളിവാണെന്നു പറയുന്നത് സത്യത്തിനു നിരക്കുന്നതല്ല. വാസ്തവത്തില്‍, സമ്പദ് വ്യവസ്ഥയെ കൂടുതലായി മുതലാളിത്തത്തിലേക്കു തള്ളുന്തോറും, മുരടിപ്പും പ്രതിസന്ധിയും ചൈനയില്‍ വര്‍ദ്ധിക്കുകയാണ്. ഡെങും പിന്‍ഗാമികളും കാപട്യത്തോടെ വാദിക്കുന്നതാകട്ടെ, രാജ്യത്തു വര്‍ദ്ധിക്കുന്ന സാമ്പത്തികമുരടിപ്പും നഷ്ടവും സൃഷ്ടിക്കുന്നത് അമിതമായി കേന്ദ്രീകരിച്ച സോഷ്യലിസ്റ്റ് ഭരണകൂട സംവിധാനങ്ങളായ ആസൂത്രണവും ഉല്‍പ്പാദനവും ആണെന്നാണ്. അതുകൊണ്ട്, സമ്പദ്ഘടന കൂടുതലായി തുറന്നു കൊടുക്കുകയും ആഗോള മുതലാളിത്ത സമ്പദ്ഘടനയുമായി ഇഴ ചേര്‍ക്കുകയും ചെയ്യേണ്ടതുണ്ടത്രേ. ഇതിന്‍പ്രകാരം സോഷ്യലിസ്റ്റ് സാമ്പത്തിക നിയമങ്ങളൊക്കെയും തള്ളിക്കളഞ്ഞ്, വര്‍ദ്ധിച്ച കമ്പോളവല്‍ക്കരണത്തിലും, സ്വകാര്യവല്‍ക്കരണത്തിലും, വിദേശ മൂലധനത്തിന് ചൈനീസ് കമ്പോളത്തില്‍ വര്‍ദ്ധിച്ച സ്വീകാര്യതയും നല്‍കി, കൃത്രിമമായി കമ്പോളത്തില്‍ ആവശ്യകത സൃഷ്ടിക്കുകയും ഓഹരിവിപണിയില്‍ ഊഹക്കച്ചവടം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. മുറയ്ക്ക്, പൊതുമേഖലയുടെ ആധിപത്യം അവസാനിപ്പിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്തു. അങ്ങനെ ചൈനയുടെ ദേശീയ സമ്പദ്ഘടനയുടെ പകുതിയിലേറെയും സ്വകാര്യമേഖലയിലായി. ഇങ്ങനെ അതിവേഗം സമ്പദ്ഘടനയിലും മുതലാളിത്ത പാത പിന്തുടരുന്നവരുടെ രാഷ്ട്രീയ സമീപനത്തിലും വേരുകള്‍ ആഴ്ത്തിയ മുതലാളിത്തം, തൊഴിലാളികളെ വര്‍ദ്ധിച്ച അളവില്‍ ചൂഷണം ചെയ്യാന്‍ ആരംഭിച്ചതിനു പുറമേ, ജനങ്ങളുടെ മനസ്സുകളില്‍ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ ചിന്തകള്‍ വളര്‍ത്തി മലീമസമാക്കുവാനുള്ള പ്രക്രിയയും തുടങ്ങി. ഇതോടൊപ്പം, കേവലമൊരു ബൂര്‍ഷ്വാ പാര്‍ട്ടിയായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതിക്കുന്ന പ്രക്രിയയും വേഗമാര്‍ജ്ജിച്ചു. ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിന്റെ നിലവാരം താഴുന്നതനുസരിച്ച്, മുതലാളിത്ത അനുകൂലികളുടെ വഞ്ചനയും ഗൂഢാലോചനയും ബഹുജനങ്ങള്‍ക്കു മുന്നില്‍ മറച്ചു പിടിക്കപ്പെട്ടു. ഒപ്പം, സംഘര്‍ഷങ്ങള്‍, സാംസ്‌കാരിക അധഃപതനം, മൂല്യച്യുതി എന്നിങ്ങനെ മരണാസന്നമായി ദുഷിച്ച മുതലാളിത്തത്തിന്റെ ലക്ഷണങ്ങളെല്ലാം തന്നെ ചൈനീസ് സമൂഹത്തിലും ഉയര്‍ന്നു വന്നു തുടങ്ങി.

ചൈനയിലെ പ്രതിവിപ്ലവം
13 വര്‍ഷങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായി
2004 മാര്‍ച്ച് 14നു, പത്താം ചൈനീസ് ദേശീയ ജനകീയ കോണ്‍ഗ്രസ് സ്വീകരിച്ച ഭരണഘടനാ ഭേദഗതികളോടെ ചൈനയിലെ പ്രതിവിപ്ലവം അവസാനം പൂര്‍ത്തിയായി. ഇത് സിപിസിയുടെ പതിനാറാം കോണ്‍ഗ്രസിന്റെ തീരുമാനത്തെ തുടര്‍ന്നും, 2003 ഒക്‌ടോബറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനാറാം കേന്ദ്രക്കമ്മിറ്റിയുടെ കീഴില്‍ നടന്ന മൂന്നാം പ്ലീനറി സമ്മേളനത്തിന്റെ ശുപാര്‍ശയിന്മേലും ആയിരുന്നു. റിവിഷനിസ്റ്റ് പാതയിലുള്ള അധഃപതനത്തിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവകാരികളായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടി അല്ലാതായി തീര്‍ന്നിരുന്നു. രാജ്യമാകട്ടെ സോഷ്യലിസ്റ്റ് എന്നതിനു പകരം മുതലാളിത്ത രാഷ്ട്രവുമായി. അന്ന് മുതലാളിത്ത അനുകൂലികളായ സിപിസി നേതൃത്വം പ്രഖ്യാപിച്ചത്, രാജ്യം ഇനി സ്വകാര്യ മൂലധനത്തില്‍ അധിഷ്ഠിതമായ സമ്പദ്ഘടനയുടെ വികാസത്തെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണക്കുകയും, സംരക്ഷിക്കുകയും ചെയ്യുമെന്നാണ്. സാമൂഹികവികാസത്തില്‍ സ്വകാര്യ മേഖലയുടെ പ്രാധാന്യം രാഷ്ട്രം ക്രമേണ തിരിച്ചറിഞ്ഞിരിക്കുന്നു. ‘പൊതു സമ്പദ് വ്യവസ്ഥയിലെ സഹായിയായി’ വര്‍ത്തിക്കുന്നിടത്തു നിന്ന്, ‘സോഷ്യലിസ്റ്റ് സമ്പദ്ഘടനയിലെ അത്യന്താപേക്ഷിതമായ ഘടക’മായും തുടര്‍ന്ന് ഏറ്റവും പ്രധാനഭാഗമായും സ്വകാര്യമേഖല മാറിയിരിക്കുന്നു.
ഇതിന്റെ ഫലങ്ങള്‍ വളരെ വ്യക്തമാണ്. ദാരിദ്ര്യം ഭയാനകമായി വര്‍ദ്ധിച്ചിരിക്കുന്നു. 150 ദശലക്ഷത്തോളം ദരിദ്രജനം ദിവസം കഷ്ടിച്ച് ഒരു ഡോളര്‍ കൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. ദാരിദ്ര്യം വര്‍ദ്ധിക്കുന്നതോടെ ആഭ്യന്തര ഉപഭോക്തൃ കമ്പോളം ക്ഷയിക്കുന്നത്, പ്രതിസന്ധിയിലായ സമ്പദ്ഘടനക്ക് കൂടുതല്‍ അടിയാകുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ സമ്പത്തിന്റെ കൃത്യമായവിതരണം മൂലം കുറഞ്ഞിരുന്ന ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ്, ഞെട്ടിക്കുന്ന വേഗത്തില്‍ ഇപ്പോള്‍ വലുതാകുന്നു. രാജ്യത്തെ മൊത്തം സ്വത്തിന്റെ 41.4% കേവലം 0.1% കുടുംബങ്ങളുടെ കൈയിലാണ്. ഡെങ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ‘ധനികനാവുകയെന്നത് മഹത്തരമാണെന്ന്.’ ഇപ്പോള്‍ ചൈനീസ് പൗരന്മാര്‍ തിരിച്ചറിയുന്നു, മുതലാളിത്തത്തിന്റെ ഈ ‘മഹത്വം’ വെറും 5% വരുന്ന സമ്പന്നര്‍ക്കു മാത്രവും, ശേഷിച്ച 95 ശതമാനത്തിനും വിധിച്ചിരിക്കുന്നത് കടുത്ത കഷ്ടപ്പാടും പീഡനവും മാത്രമാണെന്നും. തങ്ങളുടെ കഠിനപ്രയത്‌നത്തിലൂടെ നേടിയ സമ്പാദ്യം, ഊഹക്കച്ചവടത്തിലൂടെ അതിവേഗം വര്‍ദ്ധിക്കുമെന്ന തെറ്റിദ്ധാരണയോടെ നിക്ഷേപിച്ച്, ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയില്‍ കനത്ത നഷ്ടം ഏറ്റുവാങ്ങിയപ്പോള്‍, മുതലാളിത്തത്തില്‍ അതിവേഗം സമ്പത്ത് വര്‍ദ്ധിക്കുന്നതിന്റെ ചതിക്കുഴികള്‍ ചൈനക്കാര്‍ മനസ്സിലാക്കുന്നുണ്ട്.
പൊതുമേഖലയുടെ മേധാവിത്തമാണ് സോഷ്യലിസം എന്ന തെറ്റിദ്ധാരണ
ഇവിടെ പരാമര്‍ശിക്കേണ്ട മറ്റൊരു വിഷയമുണ്ട്. ചില ഇടത്പക്ഷക്കാരടക്കം, പലര്‍ക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ്, ചൈനയില്‍ പൊതുമേഖല ഇപ്പോഴും ശക്തമായ മേല്‍ക്കൈയോടെ നിലനില്‍ക്കുന്നു എന്നതു കൊണ്ട് ചില്ലറ കുറവുകളും കുഴപ്പങ്ങളും ഉണ്ടെങ്കിലും സോഷ്യലിസം തന്നെയാണ് നിലനില്‍ക്കുന്ന സമ്പ്രദായം എന്നുള്ളത്. എന്നാല്‍ അത്തരമൊരു ചിന്ത തെറ്റാണ്. പൊതുമേഖലയുടെ പ്രാമുഖ്യം സമ്പദ്ഘടനയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നില്ല. രാഷ്ട്രത്തിന്റെ സ്വഭാവത്തേയും പ്രവര്‍ത്തനത്തേയും സംബന്ധിച്ച അടിസ്ഥാന നിയമങ്ങള്‍ കണ്ടു വിലയിരുത്തി വേണം അത് നിര്‍ണ്ണയിക്കാന്‍. ഉദാഹരണത്തിന്, ഇന്ത്യയിലെ മുതലാളിത്ത ഭരണാധികാരികള്‍, ഇന്ത്യയുടേത് ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണെന്നു പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. കാരണമായി ചൂണ്ടിക്കാട്ടിയതോ, പൊതുമേഖലയിലൂടെ സോഷ്യലിസവും സ്വകാര്യമേഖലയിലൂടെ മുതലാളിത്തവും ഉണ്ടത്രേ. അക്കാലത്തെ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഇന്ദിരാഗാന്ധി ബാങ്ക് ദേശസാല്‍ക്കരണം നടത്തിയപ്പോള്‍, പലരും അതിനെ ഒരു സോഷ്യലിസ്റ്റ് നടപടിയായി തെറ്റിദ്ധരിച്ച് പ്രകീര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ഭരണകൂട സഹായത്തോടെ ഇന്ത്യന്‍ മുതലാളി വര്‍ഗ്ഗത്തിനും മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്കും അതിവേഗം വളരുവാനുള്ള ഒരു തട്ടിപ്പു മാത്രമായിരുന്നു എന്നതു പിന്നീട് രഹസ്യമല്ലാതായി. അതുപോലെ തന്നെ മുതലാളിത്ത പാതയില്‍ തിരിച്ചു നടക്കാന്‍ ചൈന എന്ന് ആരംഭിച്ചോ, അന്നുമുതല്‍ പ്രതിവിപ്ലവത്തിലേക്കുള്ള മാറ്റത്തിന്റെ പ്രക്രിയയും തുടങ്ങി, ഭരണകൂടത്തിന്റെയും പൊതുമേഖലയുടേയും സോഷ്യലിസ്റ്റ് സ്വഭാവം അധഃപതിച്ചു തുടങ്ങി. ഇപ്പോള്‍ പ്രതിവിപ്ലവം പൂര്‍ത്തിയായി 13 വര്‍ഷങ്ങള്‍ക്കിപ്പുറം, ഭരണകൂടവും പൊതുമേഖലയുമെന്നാല്‍ മുതലാളിത്തമല്ലാതെ മറ്റൊന്നുമല്ല.

മുതലാളിത്തത്തിന്റെ തിന്മകള്‍ സ്പഷ്ടമാക്കുന്ന സാമൂഹികസാഹചര്യം
ചൈന ആണ്ടുമുങ്ങിയ സാമ്പത്തികപ്രതിസന്ധിയുടെ വിശദാംശങ്ങളിലേക്കു പോകുന്നതിനുമുമ്പ്, സോഷ്യലിസത്തെ തകര്‍ത്തതിനു ശേഷം ചൈനയിലെ തൊഴിലാളികളുടേയും കര്‍ഷകരുടേയും അതിവേഗം തകരുന്ന സാഹചര്യങ്ങളെ കൂടി അവതരിപ്പിക്കേണ്ടതുണ്ട്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി മുതലാളിത്തവാദികള്‍ ചൈനയില്‍ കെട്ടിയുയര്‍ത്തിയ 700 ഓളം പ്രത്യേക സാമ്പത്തികമേഖലകളുടെ കഥ ഹൃദയഭേദകമാണ്. ഇവിടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ഗ്രാമീണമേഖലകളില്‍ നിന്നുള്ളവരും, പ്രധാനമായും അവിവാഹിതരായ യുവതികളുമാണ്. എല്ലാ ദിവസവും 12 മണിക്കൂര്‍ വരെ ജോലി, അതും പാതിരാത്രി വരെ ഇടവേളകള്‍ പോലുമില്ലാതെ, അവധി ദിനങ്ങള്‍ ഇല്ലാതെ – ഇതാണ് തൊഴില്‍ സാഹചര്യം. തൊഴിലാളികളെ അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ 48 മണിക്കൂറുകള്‍ വരെ തുടര്‍ച്ചയായി പണിയെടുപ്പിച്ച ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അമിതമായ തൊഴില്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായി, നടുവേദന, കുറയുന്ന കാഴ്ച്ചശക്തി, ക്ഷീണം, ഉറക്കമില്ലായ്മ, ശ്വാസതടസ്സം എന്നിങ്ങനെ നിരവധി ശാരീരിക ബുദ്ധിമുട്ടുകളിലാണ് തൊഴിലാളികള്‍ എത്തിപ്പെടുന്നത്. യുവതികളായ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ തളര്‍ന്നു വീഴുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഫോര്‍മാന്മാര്‍ സ്ത്രീകളെ സാമ്പത്തികമായി മാത്രമല്ല ലൈംഗികമായും ശല്യം ചെയ്യുന്നു, ചൂഷണം ചെയ്യുന്നു. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് യാതൊരു വിധ സാമൂഹിക-സാമ്പത്തിക സുരക്ഷയും ലഭ്യമല്ല. ഏറ്റവും മലിനീകരിക്കപ്പെട്ട ചൈനീസ് നഗരങ്ങളിലെ, കുടിയേറ്റക്കാരായ തൊഴിലാളികളാകട്ടെ അങ്ങേയറ്റം ഉപേക്ഷിക്കപ്പെട്ട നിലയില്‍ തീര്‍ത്തും ദരിദ്രമായ ജീവിതമാണ് നയിക്കുന്നത്.
അടിമത്തത്തിന്റെയും, യാചനയുടേയും വേശ്യാവൃത്തിയുടേയും മനുഷ്യക്കടത്തിന്റെയും, കുറ്റവാളികളുടെ ആധിപത്യത്തിന്റെയും, സാമ്രാജ്യത്വത്തിന്റെ അങ്ങേയറ്റം ദുഷിച്ച സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറലിന്റെയും ഒക്കെയാണ് മുതലാളിത്ത ചൈനയില്‍ നിന്നും സ്ഥിരമായി ഉയരുന്ന വാര്‍ത്തകള്‍. ആതുരശുശ്രൂഷാ രംഗം ഏകദേശം മുഴുവനായും സ്വകാര്യ ഉടമസ്ഥതയിലാണ്, വളരെയധികം ചിലവേറിയതുമാണ്. സര്‍ക്കാര്‍ നിക്ഷേപത്തിന്റെ അഭാവം മൂലം, പൊതു വിദ്യാഭ്യാസ-പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ക്രമാനുഗതമായി തകരുകയാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ തോന്നുംപടി അടിച്ചേല്‍പ്പിക്കുന്ന നികുതികളിലൂടെ വര്‍ദ്ധിക്കുന്ന സാമ്പത്തികഭാരം പേറാന്‍ ജനങ്ങളേയും നിര്‍ബന്ധിതരാക്കുകയാണ്. നിയമവിരുദ്ധമായി ഭൂമി പിടിച്ചെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധ സമരങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മുതലാളിത്തം നിയന്ത്രണം ഏറ്റെടുത്തതോടെ എങ്ങനെയാണ് ജനങ്ങള്‍ കൂടുതലായി പാപ്പരാക്കപ്പെടുന്നത് എന്നത് ഈ ദയനീയ സാമൂഹികചിത്രം കാണിച്ചു തരികയാണ്. ഷാങ്ഹായ്, ബെയ്ജിങ്, കാന്റണ്‍ തുടങ്ങിയ വിശാലമായ ആധുനിക നഗരങ്ങളുടെ പ്രതാപവും രമണീയതയും ചൈനയുടെ ഈ ദുരിതമുഖത്തെ ഒളിപ്പിച്ചു വെക്കേണ്ടതാണ്. എന്നാല്‍, ദുഷിച്ച മരണാസന്നമായ മുതലാളിത്തത്തിന്റെ ഒരിക്കലും ഉണങ്ങാത്ത വ്രണങ്ങള്‍ ഈ മൂടുപടങ്ങളെയെല്ലാം തുളച്ച് ഉഗ്രമായി പുറത്തുവരുന്നു.
ചൈനയിലെ മുതലാളിത്ത സമ്പദ്ഘടനയിലെ ആപത്ത്
ഇനി ചൈനീസ് സമ്പദ്ഘടനയുടെ ഇന്നത്തെ വിഷമസ്ഥിതിയിലേക്കു തിരിച്ചു വരാം. സംശയലേശമന്യേ നമുക്കു പറയുവാന്‍ സാധിക്കും, ഇത് മുതലാളിത്തത്തിന്റെ തന്നെ നിയമങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട, ഒഴിവാക്കാനാകാത്ത പ്രതിസന്ധി തന്നെയാണ്. ലോകമൊട്ടാകെ ഇന്ന് തീവ്രമായ, അപരിഹാര്യമായ ഈ പ്രതിസന്ധിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. എല്ലാവര്‍ക്കുമറിയാം, ചൈനയിലെ മുതലാളിത്ത ഭരണാധികാരികള്‍, കയറ്റുമതിയില്‍ ഊന്നിയ വളര്‍ച്ചയെ കുറിച്ച് എപ്പോഴും വീരവാദം മുഴക്കിയിരുന്നു. അതോടൊപ്പം, അവര്‍ വിദേശ മൂലധനത്തെ തങ്ങളുടെ രാജ്യത്തിലേക്ക് ആകര്‍ഷിച്ച്, തങ്ങളുടെ വിലകുറഞ്ഞ തൊഴില്‍ശേഷിയെ ഉപയോഗിച്ച്, ചൈനയെ ഏറ്റവും ആകര്‍ഷകമായ നിര്‍മ്മാണകേന്ദ്രമാക്കി മാറ്റാന്‍ പരിശ്രമിച്ചു. എന്നാല്‍, ജീര്‍ണ്ണിച്ച പിന്തിരിപ്പന്‍ മുതലാളിത്തത്തിന്റെ അനിവാര്യതയായി, ജനങ്ങളുടെ വരുമാനം ഇടിഞ്ഞതു മൂലം, ലോകമൊട്ടാകെ കുത്തനെ കുറഞ്ഞ ആവശ്യകത, ചൈനക്ക് ഇരട്ട പ്രഹരമായി. കറന്‍സി മൂല്യം കുറയ്ക്കുന്നതിലുടെ കയറ്റുമതിയില്‍ താത്കാലികമായ പുരോഗതി ദൃശ്യമായേക്കാം. പക്ഷേ കയറ്റുമതി വിപണി മുന്‍കാലങ്ങളിലെ സ്ഥാനം വീണ്ടും നേടിയെടുക്കില്ല. ഇപ്പോള്‍, ഈ കയറ്റുമതി അധിഷ്ഠിത സാമ്പത്തിക വളര്‍ച്ചാ മാതൃക അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തിയിട്ടും, സര്‍ക്കാര്‍ മുന്‍കൈയ്യില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ സ്ഥിര വരുമാനമുള്ള ജോലികള്‍ സൃഷ്ടിച്ച്, അവരുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തി അതിലൂടെ ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനു പകരം ചൈനീസ് പ്രസിഡന്റ് താത്പര്യപ്പെടുന്നത്, വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ആക്രമണോല്‍സുകമായി സ്വതന്ത്ര വിപണി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ്. അവര്‍ പ്രതീക്ഷിക്കുന്നത്, ഇതു വഴി അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തെ പൂര്‍ണ്ണതകര്‍ച്ചയോളമെത്തിച്ച, ആഗോള സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച സബ്-പ്രൈം പ്രതിസന്ധിയുടെ കാറും കോളും അടക്കാന്‍ സാധിക്കുമെന്നാണ്. അതുകൊണ്ട്, നിലവില്‍ തന്നെ നിക്ഷേപനിരക്കുകള്‍ ജിഡിപിയുടെ പകുതിയോളമെത്തിയ സമ്പദ്ഘടനയില്‍ കൂടുതല്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒരു രക്ഷാ പാക്കേജ് കൊണ്ടുവന്നിരിക്കുകയാണ്. എന്നാലിത് യാതൊരു പ്രയോജനവും ചെയ്യാന്‍ പോകുന്നില്ല. ഒന്നാമതായി, സ്വതന്ത്രവിപണി എന്നത് നിര്‍വ്വചിച്ചിരിക്കുന്നതു തന്നെ നിയന്ത്രണാതീതം എന്നാണ്. രണ്ടാമതായി, ഭൂരിഭാഗവും ദാരിദ്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിതരാക്കപ്പെട്ടിരിക്കുന്ന, തൊഴിലെടുക്കുന്നവരുടെ യഥാര്‍ത്ഥ വരുമാനത്തില്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ്, ആഭ്യന്തരവിപണിയിലെ ആവശ്യകതയെ ചുരുക്കുകയാണ്. സമ്പദ് വ്യവസ്ഥ തണുത്തുറയുമ്പോള്‍, കൂലിയും മരവിപ്പിക്കപ്പെടുന്നതും, തൊഴിലില്ലായ്മ ഭയജനകമായി വര്‍ദ്ധിക്കുന്നതും അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. ആവശ്യമുള്ളതിലും വളരെയധികമായിരിക്കുന്ന തൊഴിലാളികളുടെ ലഭ്യത വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയെ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, ഉത്തേജക പാക്കേജുകള്‍ പ്രവിശ്യാ ഭരണകൂടങ്ങളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും വന്‍തോതില്‍ കടമെടുത്ത് പശ്ചാത്തലസൗകര്യങ്ങളിലും കെട്ടിടനിര്‍മ്മാണത്തിലുമൊക്കെ മുതല്‍മുടക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നു. ചൈനയുടെ സാമ്പത്തികഭൂമികയില്‍ മേല്‍ക്കോയ്മയുള്ള പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കടമെടുത്ത പണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിക്ഷേപങ്ങളുടെ ഭൂരിഭാഗവും നടത്തിയത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഒരു വലിയ കുമിളയാകുന്ന ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയപ്പോള്‍, അത്തരം വായ്പകള്‍ കൂടുതലായി നല്‍കുന്നതില്‍ ബാങ്കുകള്‍ക്ക് വിലക്കു വന്നു. അവരുടെ നിക്ഷേപ-വായ്പാ പലിശ നിരക്കുകള്‍ക്കും പരിധികള്‍ വന്നു. ഇത് ഒരു നിഴല്‍ ബാങ്കിങ്ങ് മേഖലയുടെ വളര്‍ച്ചക്കു വഴി വെച്ചു. അതായത്, മികച്ച വരുമാനം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തു കൊണ്ട് ട്രസ്റ്റുകളും ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളും മറ്റും സൃഷ്ടിച്ച ‘വെല്‍ത്ത് മാനേജ്‌മെന്റ്’ ഉല്‍പ്പന്നങ്ങള്‍ എന്ന സാമ്പത്തിക ഉപകരണങ്ങള്‍ പോലെയുള്ളവ ആണ് ഇങ്ങനെ ഉയര്‍ന്നു വന്നത്. ഇവ റിയല്‍ എസ്റ്റേറ്റ്-നിര്‍മ്മാണ മേഖലകള്‍ക്ക് സാമ്പത്തികസഹായം നല്‍കി, ആ മേഖലയില്‍ ഒരു വലിയ മുന്നേറ്റത്തിന് ഇന്ധനം പകര്‍ന്നു. കടത്തിന്റെ പകുതിയോളവും (ഭൂരിഭാഗവും നിയന്ത്രണങ്ങള്‍ക്കു പുറത്തുളള നിഴല്‍ ബാങ്കിങ് സംവിധാനങ്ങളില്‍ നിന്നും) പ്രത്യക്ഷമായും പരോക്ഷമായും റിയല്‍ എസ്റ്റേറ്റ് കമ്പോളത്തിലേക്കും, പാര്‍പ്പിട വായ്പകളിലേക്കുമാണ് തിരിച്ചുവിട്ടത്. ഇത് പ്രധാന ചൈനീസ് നഗരങ്ങളിലെല്ലാം റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിക്ക് വഴിയൊരുക്കി. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതനുസരിച്ച്, 2013 അവസാനം, ചൈനയിലെ കോര്‍പ്പറേറ്റ് കടം ഏകദേശം 12 ട്രില്ല്യണ്‍ കോടി ഡോളര്‍, അഥവാ ജിഡിപിയുടെ 120% ആണ്. ഈ വായ്പകളുടെ ബഹുഭൂരിപക്ഷവും നിഴല്‍ ബാങ്കിങ്ങ് മേഖലയിലെ ട്രസ്റ്റ് ഉല്‍പ്പന്നങ്ങളിലെ നിക്ഷേപങ്ങളുടെ പുറത്താണ്. ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, നിഴല്‍ ബാങ്കിങ് മേഖലയിലെ ട്രസ്റ്റ് സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ ഒരു വര്‍ഷക്കാലയളവില്‍ 23% വര്‍ദ്ധിച്ച് ഏകദേശം 2.9 ട്രില്ല്യണ്‍ ഡോളര്‍ അഥവാ 2013-ല്‍ നല്‍കിയ വായ്പകളുടെ 30% എന്ന അവസ്ഥയായിരിക്കുന്നു. കൂടാതെ പ്രാദേശിക സര്‍ക്കാരുകളും വളരെ ആവേശത്തോടെ ഈ കടം വാങ്ങല്‍ മല്‍സരത്തില്‍ പങ്കെടുത്തു. പശ്ചാത്തലസൗകര്യങ്ങള്‍ക്കും മറ്റ് അഭിമാന പ്രോജക്ടുകള്‍ക്കുമായി പ്രത്യേക ബജറ്റിതര, പ്രാദേശിക സര്‍ക്കാര്‍ സാമ്പത്തിക സംവിധാനങ്ങള്‍ പോലും ഇതിനായി ഇവര്‍ ഉണ്ടാക്കിയെടുത്തു. ഇവയാകട്ടെ, ഔദ്യോഗിക ഏജന്‍സികളായ ചൈന വികസന ബാങ്ക് പോലെയുള്ളവയില്‍ നിന്നും മാത്രമല്ല, ട്രസ്റ്റുകളില്‍ നിന്നു പോലും അവര്‍ വായ്പകള്‍ നേടിയെടുത്തു. ചൈനയുടെ ദേശീയ ഓഡിറ്റ് ഓഫീസിലെ കണക്കുകള്‍ പ്രകാരം, പ്രാദേശിക സര്‍ക്കാരുകളുടെ കടം 2010 അവസാനം മുതല്‍ ഏകദേശം 70% വരെ വര്‍ദ്ധിച്ച്, 2013 ജൂണില്‍ മൂന്നു ട്രില്ല്യണ്‍ ഡോളര്‍ വരെയായി. യുഎസ് അടക്കമുള്ള പാശ്ചാത്യ സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളുടെ മാതൃകയില്‍, ചൈനയിലും സര്‍ക്കാര്‍, കടം വാങ്ങി വീഴ്ച വരുത്തിയവരെ പൊതുഖജനാവില്‍ നിന്നും പണമെടുത്തു സഹായിച്ച് രക്ഷിച്ചെടുത്തു. എന്നാല്‍ സാമ്പത്തികകമ്പോളത്തിലെ അസ്ഥിരത അവസാനിപ്പിക്കാന്‍ അതു മതിയായില്ല.

ഋണാധിഷ്ഠിത സമ്പദ്ഘടന എന്ന നീര്‍ക്കുമിള
മുതലാളിത്തത്തിന്റെ നിയമങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കും അറിയുന്ന ഒരു കാര്യമുണ്ട്. കടത്തിന്റെ പുറത്ത് കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വളര്‍ച്ച തുടക്കത്തില്‍ മുതലാളിത്ത ലോകത്തെ മുന്നോട്ടു നയിച്ചേക്കാം. എന്നാല്‍, ജനങ്ങളുടെ വരുമാനത്തിലുള്ള ഇടിവ്, ഈ വായ്പകളിലൂടെ വാങ്ങിയെടുക്കുന്ന ആസ്തികളിന്മേല്‍ നടത്തുന്ന അമിതമായ ഊഹക്കച്ചവടം, തുടര്‍ന്നുണ്ടാകുന്ന ആവശ്യകതയിലുള്ള കുറവ് – ഇതെല്ലാം വായ്പാ തിരിച്ചടവില്‍, എന്തിന് പലിശയടവില്‍ പോലും വന്‍ വീഴ്ച്ച വരുത്തും. കൃത്യമായും ചൈനയില്‍ ഇതാണ് സംഭവിച്ചത്. 2013-ല്‍ സാമ്പത്തിക വിദഗ്ദ്ധനായ ഗാന്‍ ലീ നടത്തിയ സര്‍വ്വേ പ്രകാരം ചൈനയുടെ ആസ്തികളുടെ ഏകദേശം 65% റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ വലിയൊരു ഭാഗം ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമാണ്. നിലവില്‍ ഒരു വീടെങ്കിലും ഉള്ളവരാണ് പുതിയ ഭവനങ്ങള്‍ക്കായി ആവശ്യപ്പെട്ടതില്‍ 42%. പല ഭാഗങ്ങളിലും താമസിക്കാനാളില്ലാതെ വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ആവശ്യത്തില്‍ വന്ന കുറവിനെ സൂചിപ്പിക്കുന്നു. അമേരിക്കയിലെ സബ് പ്രൈം പ്രതിസന്ധി പോലെ, ചൈനയിലും വിറ്റു പോകാത്ത വീടുകളുടെ എണ്ണം വര്‍ദ്ധിച്ച് റിയല്‍ എസ്റ്റേറ്റ് കുമിള പൊട്ടിത്തകര്‍ന്നപ്പോള്‍, വായ്പയെടുത്തും, സമ്പാദ്യം മുഴുവന്‍ മുതലിറക്കിയും ഈ മേഖലയിലെ ഉയര്‍ച്ചയില്‍ നിന്നു നേട്ടം കൊയ്യാമെന്നു വിശ്വസിച്ചു വന്ന ലക്ഷക്കണക്കിനു ചെറുകിട നിക്ഷേപകര്‍ക്ക് വമ്പിച്ച നഷ്ടമാണ് ഉണ്ടായത്. ആസ്തികളുടെ വില ഇടിഞ്ഞപ്പോള്‍, അതിന്മേലുള്ള ഓഹരികളുടെ വിലയും ഇടിഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നതെന്തെന്നാല്‍, ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഒറ്റക്കൊറ്റയ്ക്ക് എടുത്തു പരിശോധിക്കുമ്പോള്‍ ബന്ധമില്ലെന്നു തോന്നുന്ന പ്രശ്‌നങ്ങളൊക്കെയും വാസ്തവത്തില്‍, ആഗോള മുതലാളിത്ത സാമ്പത്തിക സംവിധാനം പ്രതിസന്ധി ഗ്രസ്തമായ മുതലാളിത്തത്തില്‍ നെയ്ത വലയുടെ കണ്ണികള്‍ മാത്രമാണ്. മുതലാളിത്ത ചൈനയുടെ ഭരണാധികാരികള്‍ ആഗോളവല്‍ക്കരണത്തിന്റെ വിനാശകരമായ കുറിപ്പടികളെ പുല്‍കി, സാമ്പത്തിക മേഖലയെ ഉദാരീകരിക്കുകയും അതു തുടരുകയും ചെയ്യുമ്പോള്‍ ഈ പതനം ഒഴിവാക്കാനാകാത്തതാണ്. ഒരു പത്രസമ്മേളനത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലിന്റെ ഇപ്പോഴത്തെ പ്രീമിയര്‍ ലീ കെഖ്വിയാങ് ഊന്നി പറഞ്ഞത്, കമ്പോളത്തിന് ഊര്‍ജ്ജം നല്‍കി സാമൂഹിക സൃഷ്ടിപരത ഉത്തേജിപ്പിക്കുന്നതിനെ പറ്റിയാണ്. അല്ലാതെ, ഊഹക്കച്ചവടത്തില്‍ ഊന്നുന്ന മൂലധനത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ചല്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍, ‘എയ്തു വിട്ട അമ്പ് എങ്ങനെയാണ് തിരിച്ചെടുക്കുക? പരിഷ്‌കരണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു.’ ഇത് കാണിക്കുന്നത്, ചൈനീസ് അധികാരികള്‍ ലോകബാങ്ക് ശുപാര്‍ശകളുടെ കറകളഞ്ഞ അനുയായികള്‍ ആണെന്നാണ്. അതായത്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാത്തരം ഉത്പാദന മേഖലകളില്‍ നിന്നും പിന്മാറി, അത് സ്വകാര്യ മുതലാളിമാര്‍ക്കായി തുറന്നു കൊടുക്കുക, സര്‍ക്കാര്‍ സംവിധാനങ്ങളെ കേവലം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നവരും ഉപദേശകരും മാത്രമായി ചുരുക്കുക. പോരാത്തതിന്, ബാങ്കിങ് മേഖല പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിക്കുക, പലിശ നിരക്കുകള്‍ കമ്പോള തത്വങ്ങള്‍ അനുസരിച്ച് ഉദാരവല്‍ക്കരിക്കുക, ഊഹക്കച്ചവടത്തില്‍ ഊന്നിയ ഓഹരി വിപണിയെ കൂടുതല്‍ ഉണര്‍ത്തിയെടുക്കുക, അങ്ങനെ ക്രമേണ ചൈനയുടെ സാമ്പത്തികമേഖലയെ ആഗോള മുതലാളിത്ത സാമ്രാജ്യത്വ സാമ്പത്തിക സംവിധാനത്തിലേക്ക് കൂടുതല്‍ ഇഴ ചേര്‍ക്കുക. സമസ്തമേഖലകളിലും ദൃശ്യമാകുന്ന മാന്ദ്യത്തിലും, പാര്‍പ്പിട മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും ഒപ്പം, വ്യാപകമായ ഉദാരവല്‍ക്കരണത്തിനും മുതലാളിത്ത കമ്പോളത്തിന്റെ സ്വാധീനത്തിനുമായുള്ള കുറിപ്പടി സമ്പദ്ഘടനയെ കൂടുതല്‍ ഭീഷണമായ പ്രതിസന്ധിയിലേക്കാകും വലിച്ചിഴയ്ക്കുക.

എന്താണീ പതനം സൃഷ്ടിച്ചത്
എന്താണ് ചൈനയില്‍ പതനം സൃഷ്ടിച്ചത് എന്നതാണ് സ്വാഭാവികമായ ചോദ്യം.നമുക്കെല്ലാം അറിയാം, തിരുത്തല്‍വാദികളായ ഡെങ് നേതൃത്വം മാവോ സേതൂങ് ചിന്തയെ നിരാകരിച്ചിരുന്നു. അതാകട്ടെ, ലെനിന്റെയും സ്റ്റാലിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട്, സോഷ്യലിസത്തിലും വര്‍ഗ്ഗസമരം തീക്ഷ്ണമാക്കാനും, അതിലൂടെ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ ചിന്തകളെ പരാജയപ്പെടുത്തി, സോഷ്യലിസ്റ്റ് നിര്‍മ്മാണത്തെയും സോഷ്യലിസ്റ്റ് സമ്പദ്ഘടനയേയും, രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളിലെ ബൂര്‍ഷ്വാ ആക്രമണം സൃഷ്ടിക്കുന്ന അധഃപതനത്തില്‍ നിന്നും സംരക്ഷിക്കുവാനുമാണ് പഠിപ്പിക്കുന്നത്. മാവോ വിശദീകരിച്ചതു പോലെ, ‘രാഷ്ട്രീയത്തെ നേതൃസ്ഥാനത്തു’ നിര്‍ത്താനും, ‘വര്‍ഗ്ഗസമരം സുപ്രധാന ബന്ധമാക്കാനുമുള്ള’ ആവശ്യത്തെ ബോധപൂര്‍വ്വം മാറ്റിവെച്ചു കൊണ്ട്, ഡെങ് സംഘം നിര്‍ദ്ദേശിച്ചത് സാമ്പത്തിക പുനര്‍നിര്‍മ്മാണം മുഖ്യ കര്‍ത്തവ്യമായി മുന്‍നിര്‍ത്തി എല്ലാ പാര്‍ട്ടി ജോലികളും അതിനു കീഴില്‍ കൊണ്ടു വരാനാണ്. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനധാരണകളെ പോലും അപഹാസ്യമാക്കി കൊണ്ട്, ചൈനയില്‍ സോഷ്യലിസ്റ്റ് പരിവര്‍ത്തനം പൂര്‍ത്തിയായെന്നും, ഇനി യാതൊരു ചൂഷകനോ, വര്‍ഗ്ഗങ്ങളോ വര്‍ഗ്ഗസമരമോ നിലനില്‍ക്കുന്നില്ലെന്നും അവര്‍ വാദിച്ചും. വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കാനായി അവര്‍ പ്രഖ്യാപിച്ചത്, മുന്‍കാല കച്ചവടക്കാരും വ്യവസായികളും ഭൂപ്രഭുക്കളും സമ്പന്ന കര്‍ഷകരുമെല്ലാം തൊഴിലാളികളാണെന്നാണ്. സോഷ്യലിസ്റ്റ് സമ്പദ്ഘടനയില്‍ നിന്നുള്ള തിരിച്ചു പോക്കിന്റെ ഭാഗമായി, ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ആധുനികവല്‍ക്കരിക്കുക തുടങ്ങിയ പേരുകളില്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനും, കാര്‍ഷികോത്പാദനം അനുസരിച്ച് പ്രതിഫലം നല്‍കുന്ന സമ്പ്രദായവും കുടുംബങ്ങളുടെ പേരിലുണ്ടായിരുന്ന ഭൂമി, തിരിച്ചു നല്‍കാനും ആരംഭിച്ചു. അവരെ സംബന്ധിച്ചിടത്തോളം, മാവോക്കു ശേഷമുള്ള കാലഘട്ടത്തില്‍ ചൈനയിലെ പ്രധാന വൈരുദ്ധ്യം ആധുനിക ഉത്പാദനബന്ധവും പഴഞ്ചന്‍ ഉത്പാദകശക്തികളും തമ്മിലായിരുന്നു. സംശയലേശമന്യേ മാവോ കൃത്യമായി പറഞ്ഞിരുന്നു, അര്‍ദ്ധ-കൊളോണിയലിസത്തിലും, അര്‍ദ്ധ-ജന്മിത്തത്തിന്റെയും പിടിയില്‍ നിന്നും ഉത്പാദകശക്തികളെ മോചിപ്പിച്ചു. ഉത്പാദന ഉപാധികളുടെ ഉടമസ്ഥതയുടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനം, ഉത്പാദനശക്തികളെ വളരെയധികം വളര്‍ത്തിയിരുന്നു. ഉത്പാദന ശക്തികളില്‍ മനുഷ്യനും യന്ത്രവും ഉള്‍പ്പെടുന്നു, അതായത് തൊഴിലും സാങ്കേതികവിദ്യയും.രണ്ടിനും, ആശയം-സംസ്‌കാരം-മൂല്യങ്ങള്‍ എന്നീ മേഖലകളിലെ വികാസവും,എല്ലാ ശാസ്ത്രശാഖകളിലും മനുഷ്യനു വര്‍ദ്ധിക്കുന്ന അറിവും ആവശ്യമാണ്. ഈ സൈദ്ധാന്തിക പാഠം ഉജ്ജ്വലമായി വിശദീകരിച്ചു കൊണ്ട് സ്റ്റാലിന്‍, യുഎസ്എസ്ആറിലെ സോഷ്യലിസത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ എന്ന തന്റെ പ്രശസ്തകൃതിയില്‍ പറഞ്ഞിരിക്കുന്നത്, ഉത്പാദനബന്ധങ്ങളിലെ മുന്നേറ്റങ്ങള്‍ അനുസരിച്ച് ഉത്പാദന ബന്ധമല്ല, ഉത്പാദന ശക്തികളാണ് നീങ്ങുക, എന്നാണ്. അപ്പോള്‍, അടിസ്ഥാന സാമ്പത്തികഘടനയുടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനൊപ്പം, ഉപരിഘടനയില്‍ സോഷ്യലിസ്റ്റ് ആശയസമരത്തിലൂടെയും, തുടര്‍ച്ചയായ ആശയ-രാഷ്ട്രീയ-സാംസ്‌കാരിക വികാസത്തിലൂടെയും ആണ്, ചൈനീസ് ജനത തങ്ങളുടെ ബോധപൂര്‍വ്വവും, ചലനാത്മകവുമായ പങ്ക് പൂര്‍ണ്ണമായും പുറത്തെടുക്കേണ്ടത്. അങ്ങനെ സോഷ്യലിസത്തേയും സോഷ്യലിസ്റ്റ് സമ്പദ്ഘടനയേയും എല്ലാ മേഖലകളില്‍ നിന്നുമുള്ള ബൂര്‍ഷ്വാ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ചു മുന്നോട്ടു നയിക്കാനും അതു വഴി പ്രതിവിപ്ലവത്തിന്റെ ഭീഷണിയെ കുറയ്ക്കാനും സാധിക്കും.
പ്രശ്‌നത്തിന്റെ ഉത്പത്തി സഖാവ് ശിബ്ദാസ് ഘോഷ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു
ആധുനികതിരുത്തല്‍വാദം, ചൈനയിലെ മുതലാളിത്ത പക്ഷക്കാരുടെ ഗൂഢാലോചന, ചൈനയിലെ സാംസ്‌കാരിക വിപ്ലം എന്നിവ ആഴത്തില്‍ വിശകലനം ചെയ്യവെ, എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറല്‍സെക്രട്ടറിയും ഈ യുഗത്തിലെ സമുന്നത മാര്‍ക്‌സിസ്റ്റ് ചിന്തകരിലൊരാളുമായ സഖാവ് ശിബ്ദാസ്‌ഘോഷ് ഇപ്രകാരം നിരീക്ഷിച്ചു:”ചൈനയ്ക്ക് അതിന്റെ സമ്പദ്ഘടനയെ ഉറച്ച അടിത്തറയില്‍ ദൃഢീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെങ്കില്‍, ശരിയായ രാഷ്ട്രീയലൈനിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വിപ്ലവകരമായ അര്‍പ്പണബോധത്തിന്റെയുമടിസ്ഥാനത്തില്‍ പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ സുദൃഢമായ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ഒരു സോഷ്യലിസ്റ്റ് രാജ്യത്ത് സമ്പദ്ഘടനയിലും സാങ്കേതിക രംഗത്തും മിലിട്ടറി സയന്‍സിലുമൊക്കെ വമ്പിച്ച പുരോഗതി കൈവരിക്കുമ്പോള്‍ സോഷ്യലിസ്റ്റ് സമൂഹത്തിന്റെ സര്‍വ്വോന്മുഖമായ പുരോഗതി മുന്‍നിര്‍ത്തി അതിനോട് കിടപിടിക്കത്തക്കവണ്ണം സമൂഹത്തിന്റെ പ്രത്യയശാസ്ത്ര-സാംസ്‌കാരിക-നൈതിക നിലവാരം ഉയര്‍ത്തിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുവഴി സൃഷ്ടിക്കപ്പെടുന്ന അന്തരം പ്രത്യയശാസ്ത്രരംഗത്തെ നിലവാരത്തകര്‍ച്ചയുണ്ടാകുന്നതിലേയ്ക്ക് നയിക്കുകയും അത് അനുകൂലസാഹചര്യം വരുമ്പോള്‍ പരിഷ്‌ക്കരണവാദത്തിനും തിരുത്തല്‍വാദത്തിനും ജന്മം നല്‍കുകയും പ്രതിവിപ്ലവത്തിലേയ്ക്കുതന്നെ നയിക്കുകയും മാര്‍ക്‌സിസം-ലെനിനിസത്തിന്റെ പതാകയേന്തിയും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങള്‍ ഉരുവിട്ടുകൊണ്ടുംതന്നെ സോഷ്യലിസത്തെ അപകടപ്പെടുത്തിക്കൊണ്ട് മുതലാളിത്തം പുനഃസ്ഥാപിക്കുന്നതിന് ഇടയാക്കുമെന്നാണ് റഷ്യയുടെ അനുഭവം വ്യക്തമായി കാണിച്ചുതരുന്നത്. സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുന്ന വേളയില്‍, സാധാരണതൊഴിലാളികള്‍ക്കിടയില്‍, ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ത്വരയുടെ രൂപത്തില്‍ പുതിയൊരുതരം സാമ്പത്തികവാദപ്രവണത എന്നൊരപകടം തലപൊക്കാനിടയുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പൊതുവില്‍ തൊഴിലാളികളെ സംബന്ധിച്ചടത്തോളം, സോഷ്യലിസമെന്നാല്‍, മെച്ചപ്പെട്ട ആനുകൂല്യങ്ങളും സൗകര്യങ്ങളുമല്ലാതെ മറ്റൊന്നുമല്ല. അവരെ സംബന്ധിച്ചിടത്തോളം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള താല്‍പ്പര്യത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിശേഷവകാശങ്ങള്‍ക്കും ഭൗതികനേട്ടങ്ങള്‍ക്കുംവേണ്ടിയുള്ള ഈ ആഗ്രഹം തന്നെയാണ്. അതില്ലെങ്കില്‍ സോഷ്യലിസം, ഉയര്‍ന്ന ഉല്‍പ്പാദനം എന്നൊക്കെ പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. സോഷ്യലിസത്തില്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്വാഭാവികമായിത്തന്നെ തൊഴിലാളികല്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയും അവരുടെ ജീവിതനിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍, ഉല്‍പ്പാദനവര്‍ദ്ധനവിനെ വ്യക്തിപരമായ നേട്ടങ്ങളുമായി ബന്ധപ്പെടുത്തുന്നതിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത് സോഷ്യലിസത്തിന്റെ അടിസ്ഥാന ഉദ്ദേശലക്ഷ്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത ഒരു മനോഭാവമാണ്. ഇത്, ഒരു പ്രത്യേകതരത്തിലുള്ള വ്യക്തിവാദപരവും അവസരവാദപരവുമായ പ്രവണത തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുവരാനിടയാക്കും. അതിനാല്‍, സ്വന്തംരാജ്യത്തിന്റെയും ലോകതൊഴിലാളിവര്‍ഗ്ഗവിപ്ലവത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കുന്നതരത്തില്‍ അവരുടെ വീക്ഷണവും മനോഭാവവും രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍, വ്യക്തിതാല്‍പ്പര്യം സാമൂഹ്യതാല്‍പ്പര്യവുമായി താദാത്മ്യപ്പെടുത്തുന്നതില്‍ ഈ സമ്പത്തികലാഭം വലിയ പ്രതിബന്ധമായിത്തീരും. ഞാനിതിനെ ‘സോഷ്യലിസ്റ്റ് വ്യക്തിവാദം’ എന്നാണ് പേരിട്ടുവിളിച്ചിട്ടുള്ളത്. ഇത് തൊഴിലാളിവര്‍ഗ്ഗത്തെ തൊഴിലാളിവര്‍ഗ്ഗ വിപ്ലവരാഷ്ട്രീയത്തില്‍നിന്നുതന്നെ അകറ്റിക്കളയും” പാര്‍ട്ടിയുടെ തലപ്പത്തേയ്ക്കുവരുന്ന തിരുത്തല്‍വാദികള്‍, മാര്‍ക്‌സിസത്തിന്റെയും കമ്മ്യൂണിസ്റ്റ് വീക്ഷണത്തിന്റെയും സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും പ്രയോഗത്തിന്റെയുമൊക്കെ വിപ്ലവകരമായ ഉള്ളടക്കം തന്നെ ചോര്‍ത്തിക്കളയുമെന്നും സഖാവ് ഘോഷ് മുന്നറിയിപ്പുനല്‍കി.”സാവധാനത്തിലും വഞ്ചനാപരമായും സൂക്ഷ്മമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും ക്രമേണയുമായിരിക്കും അവരിതു ചെയ്യുക. ഇതുമൂലം, മാര്‍ക്‌സിസം ലെനിനിസമെന്നത് അന്തസത്ത ചോര്‍ന്ന് മുദ്രാവാക്യത്തിലും പ്രസംഗത്തിലും മാത്രം അവശേഷിക്കുന്ന ഒരു പതനത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കുകയും സോഷ്യലിസത്തിന്റെ സ്ഥാനത്ത് മുതലാളിത്തം അവരോധിക്കപ്പെടുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യും.” മാര്‍ക്‌സിസം-ലെനിനിസത്തെ വികസിപ്പിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്യവെ ഈ ദുരന്തം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗവും സഖാവ് ഘോഷ് ചൂണ്ടിക്കാണിച്ചു. ”വ്യക്തിതാല്‍പ്പര്യത്തെ സന്തോഷത്തോടെയും നിരുപാധികമായും സാമൂഹ്യതാല്‍പ്പര്യത്തിന് അടിയറവെയ്ക്കുകയും പാര്‍ട്ടിയുടെയും വിപ്ലവത്തിന്റെയും താല്‍പ്പര്യത്തെ എല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ് ധാര്‍മ്മികമൂല്യങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിലവാരമായി ഇന്നുവരെ പരിഗണിക്കപ്പെട്ടിരുന്നത്. അവരെ മാത്രമേ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായി ഗണിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്നത്തെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യത്തില്‍, കമ്മ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ചിടത്തോളം ഇത് പര്യാപ്തമായ നിലവാരമായി കരുതാനാവില്ല. സോഷ്യലിസത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി പോരാടുമ്പോള്‍, വ്യക്തിയുടെ വിമോചനത്തിനായുള്ള സമരത്തിന്റെ മുഖ്യലക്ഷ്യം, വ്യക്തിപരമായ ആവശ്യകതയും സാമൂഹ്യാവശ്യകതയും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതാപരമായ വൈരുദ്ധ്യത്തെ ശത്രുതാപരമല്ലാത്ത ഒന്നാക്കി പരിവര്‍ത്തിപ്പിക്കുക എന്നതായിരിക്കണം… അതായത്, അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നിതാന്തമായ ജാഗ്രതയോടെയും, വ്യക്തിതാല്‍പ്പര്യത്തെ സാമൂഹ്യതാല്‍പ്പര്യവുമായി താദാത്മ്യപ്പെടുത്താനുള്ള, കൂടുതല്‍ തീവ്രവും തീക്ഷ്ണവുമായ ഒരു പോരാട്ടം ഏറ്റെടുക്കേണ്ടതുണ്ട്”(തെരഞ്ഞെടുത്തകൃതികള്‍, വാല്യം-1). വിപ്ലവം സാദ്ധ്യമാക്കാന്‍ മാത്രമല്ല, സോഷ്യലിസത്തെ സംരക്ഷിക്കുവാനും കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് ആര്‍ജ്ജിക്കേണ്ട നിലവാരം ഇതായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ചൈനീസ് ജനത മുതലാളിത്തത്തെ വിപ്ലവത്തിലൂടെ തൂത്തെറിഞ്ഞ് സോഷ്യലിസം പുനഃസ്ഥാപിക്കണം
എല്ലാപ്രശ്‌നങ്ങളുടെയും അടിസ്ഥാനം ഇതാണ്. പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും തലപ്പത്ത് തിരുത്തല്‍വാദികള്‍ കയറിപ്പറ്റുകയും സോഷ്യലിസത്തിന്റെ സ്ഥാനത്ത് മുതലാളിത്തം പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് തടയാന്‍ ചൈനീസ് ജനതയ്ക്ക് കഴിയാതെ പോയതിന് അവരിന്ന് വലിയ വില കൊടുക്കേണ്ടിവന്നിരിക്കുന്നു. മുതലാളിത്തത്തെ ബാധിച്ചിരിക്കുന്ന എല്ലാ പ്രതിസന്ധികളും ഇന്ന് ചൈനീസ് സമൂഹത്തെയും പിടികൂടിയിരിക്കുന്നു. ജനജീവിതത്തില്‍ ഇത് ദുരിതം വിതയ്ക്കുകയാണ്. ലോകത്തെ എല്ലാ പ്രതിഭാസങ്ങളും നിയമഭരിതമാണെന്നും അനിഷേധ്യമായ ഈ നിയമത്തെ മറികടക്കാന്‍ ഒരാള്‍ക്കുമാവില്ലെന്നുമുള്ള മാര്‍ക്‌സിസം-ലെനിനിസത്തിന്റെ ഒരു അടിസ്ഥാനതത്വം കൂടി ചൈനയുടെ തകര്‍ച്ച ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. സോഷ്യലിസത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നിയമങ്ങള്‍ ശരിയായി പിന്തുടര്‍ന്നതുകൊണ്ടാണ് മാവോസെതുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയ്ക്ക് വിപ്ലവം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞത്. ഇന്ന് ചൈന അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും മുതലാളിത്ത വ്യവസ്ഥയുടേതാണ്. മുതലാളിത്തപാതക്കാരനായ ഡെങ്‌സിയാവോപിങ്ങും അനുയായികളും മാര്‍ക്‌സിസത്തില്‍നിന്ന് വ്യതിചലിക്കുകയും സോഷ്യലിസ്റ്റ് നിയമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയും അതിന്റെ അനിവാര്യഫലമെന്നോണം സാമ്പത്തിക ശാസ്ത്രനിയമങ്ങള്‍പ്രകാരംതന്നെ പ്രതിവിപ്ലവത്തിലൂടെ സോഷ്യലിസത്തിന്റെ സ്ഥാനത്ത് മുതലാളിത്തം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. മുന്‍കാലതെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ചൈനയിലെ തൊഴിലാളിവര്‍ഗ്ഗം, മാര്‍ക്‌സിസം-ലെനിനിസം-മാവോസെതുങ്ങ് ചിന്തയുടെ അടിസ്ഥാനത്തില്‍ ഒരു ശരിയായ വിപ്ലവപാര്‍ട്ടി കെട്ടിപ്പടുക്കാനും വര്‍ഗ്ഗ-ബഹുജന സമരങ്ങള്‍ തീവ്രമാക്കിക്കൊണ്ട് അതിന്റെ പരിസമാപ്തിയെന്നോണം ചൂഷണമുതലാളിത്ത വ്യവസ്ഥയെ വിപ്ലവത്തിലൂടെ സ്ഥാനഭ്രഷ്ടമാക്കിക്കൊണ്ട് സോഷ്യലിസവും നഷ്ടപ്പെട്ട അന്തസ്സും പുരോഗതിയും പുനഃസ്ഥാപിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം.

Share this