ജനകീയ സമരത്തിന്റെ കരുത്ത് തെളിയിച്ച വയനാട് കർഷക സമരം

Spread our news by sharing in social media

വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്, പള്ളിവയൽ, വള്ളുവാടി എന്നീ പ്രദേശങ്ങളടങ്ങുന്ന മൂന്ന് വാർഡുകളിലെ ജനങ്ങൾ പതിനൊന്ന് ദിവസം നീണ്ട ഒരു സമരത്തിലൂടെ ജനകീയ സമരത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുന്നു. സുൽത്താൻ ബത്തേരി വന്യമൃഗ സങ്കേതത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രദേസത്തെ ജനങ്ങൾ വന്യമൃഗ ആക്രമണംകൊണ്ട് അക്ഷരാർത്ഥത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് വന്യമൃഗശല്യം പതിന്മടങ്ങ് വർദ്ധിച്ചു. വയനാട്ടിൽ ഏറ്റവും കൂടുതൽ നെല്ല് വിളയിച്ചിരുന്ന ഈ പ്രദേശത്തെ വയലുകൾ വന്യമൃഗശല്യംകൊണ്ട് ഗതികെട്ട കർഷകർ കടുത്ത മാനസികവ്യഥയോടെതന്നെ തരിശിടാൻ തുടങ്ങി. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങി സർവ്വ വിളയും വന്യമൃഗങ്ങൾ നശിപ്പിക്കുകയാണ്. പതിറ്റാണ്ടുകൾകൊണ്ട് കൃഷിചെയ്ത് ഒരു ജനപഥം സൃഷ്ടിച്ചെടുത്ത കർഷകരും ആദിവാസികളും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനുമുന്നിൽ നിസ്സഹായരും ആലംബഹീനരുമായി. വിളവുകൾ മാത്രമല്ല, വളർത്തുമൃഗങ്ങളും വീടുകളും വന്യമൃഗ ആക്രമണത്തിന് ഇരയാണ്. അനേകം മനുഷ്യജീവനാണ് ഇതിനകം വന്യമൃഗ ആക്രമണങ്ങളാൽ പൊലിഞ്ഞത്. വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 40പേരാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ജില്ലയിൽ മാത്രം കൊല്ലപ്പെട്ടത്.
വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടും ധാരാളം സമരങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. ഏതാനും ഭാഗങ്ങളിൽ കിടങ്ങുകൾ പണിതും വൈദ്യുതി വേലി കെട്ടിയും ബ്രിട്ടീഷ് ഭരണകാലത്തെ നഷ്ടപരിഹാരത്തുകയിൽ ഏതാനും തുട്ടുകൾ വർദ്ധിപ്പിച്ചും മാറിമാറി വന്ന സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരുന്നു. വന്യമൃഗശല്യം ഒരു പൊതുപ്രതിഭാസമാണെന്നും ഇതിന് പരിഹാരമാർഗ്ഗങ്ങളേ ഇല്ല എന്നും പറഞ്ഞ് ജനങ്ങളെ നിരാശപ്പെടുത്താനും ഗ്രാമം വിട്ട് ഓടിപ്പോകാൻ പ്രേരണ ചെലുത്താനുമാണ് സർക്കാരുകൾ ശ്രമിച്ചത്.

ഇതെല്ലാം സഹിച്ചുകൊണ്ടിരുന്ന ഗ്രാമവാസികൾ ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിലാണ് ജാതി-മത-രാഷ്ട്രീയ ഭേദമെന്യെ പ്രദേശത്തെ ജനങ്ങൾ സംഘടിച്ചുകൊണ്ട് ഗ്രാമ സംരക്ഷണ സമിതിക്ക് രൂപം നൽകിയതും സമതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരത്തിന് തയ്യാറായതും. ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ചെയർമാനും ശ്രീ. കരുണാകരൻ വെള്ളക്കെട്ട് കൺവീനറുമായിട്ടുള്ള എക്‌സിക്യൂട്ടീവ് സമിതിയായിരുന്നു സമരത്തിന് നേതൃത്വം നൽകിയിരുന്നത്. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പ്രാദേശിക നേതാവും കർഷക പ്രതിരോധ സമിതി ജോയിന്റ് സെക്രട്ടറിയുമായ സഖാവ് ദേവസ്യ പുറ്റനാൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ഈ സമരത്തിന്റെ തുടക്കം മുതൽതന്നെ നിർണ്ണായക പങ്ക് വഹിക്കുകയുണ്ടായി. വടക്കനാട് പ്രദേശത്ത് 2017 മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന വയനാട് ജില്ലാ കർഷക പ്രതിരോധ സമിതിയുടെ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ആദ്യാവസാനം സമരത്തിൽ സജീവമായിരുന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രാദേശിക പ്രവർത്തകരും അനുഭാവികളും സമരത്തിനുവേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നൽകി.
വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ നാടും കാടും വേർതിരിച്ചുകൊണ്ട് സോളാർ ഫെൻസിങ്ങോട് കൂടിയ കൽമതിൽ നിർമ്മിക്കുക, വന്യമൃഗ ആക്രമണംമൂലം മനുഷ്യജീവൻ അപഹരിക്കപ്പെട്ടാൽ 50ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകുക, പരിക്ക് പറ്റുന്നവർക്ക് മുഴുവൻ ചികിൽസ ചെലവും തൊഴിൽ നഷ്ടപരിഹാരവും അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും നൽകുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വളർത്തുമൃഗങ്ങൾക്കും അതാത് കാലത്തെ മാർക്കറ്റ് വിലയ്ക്ക് തുല്യമായ നഷ്ടപരിഹാരം 15 ദിവസത്തനകം നൽകുക, ശാശ്വത പരിഹാരം നിലവിൽവരുന്നതുവരെ ഇപ്പോഴുള്ള പ്രതിരോധ സംവിധാനങ്ങൾ ഉടനടി ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഈ ജനകീയ സമരം സർക്കാരിനുമുമ്പാകെ വച്ചത്.

മാർച്ച് 17ന് ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ജില്ലാ ഫോറസ്റ്റ് ഓഫീസ് മാർച്ചോടെയാണ് സമരം ആരംഭിച്ചത്. അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർക്ക് കിടക്കാനുള്ള കട്ടിലും ചുമന്നാണ് അസംപ്ഷൻ ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള സുൽത്താൻ ബത്തേരി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുന്നിലേക്ക് മാർച്ച് എത്തിയത്. യാക്കോബായ മലബാർ ഭദ്രാസനാധിപൻ സക്കറിയാസ് മാർ പോളീ കാൾപ്പോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് കണ്ണിവട്ടം കേശവൻ ചെട്ടി, റിട്ട.ഡയറ്റ് പ്രിൻസിപ്പൽ ഡോ.പി.ലക്ഷ്മണൻ, വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി സെക്രട്ടറിയും എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറിയുമായ വി.കെ.സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. പിന്നീടങ്ങോട്ട് ഓരോ ദിവസവും സമരത്തെ പിന്തുണച്ചുകൊണ്ട് ജില്ലയുടെ നാനാഭാഗങ്ങളിൽനിന്നായി സമരപന്തലിലേക്ക് ജനങ്ങൾ പ്രവഹിച്ചുകൊണ്ടിരുന്നു. ഇത്രയധികം ജനപിന്തുണ നേടിയ സമരം ജില്ലയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. 248 സംഘടനകളും ഇരുപതിനായിരത്തിലേറെ ജനങ്ങളും സമര പന്തലിലെത്തി അഭിവാദ്യങ്ങൾ അർപ്പിക്കുകയുണ്ടായി. സമരം നടന്ന 11 ദിവസവും ബത്തേരി ടൗൺ പ്രകടനങ്ങൾകൊണ്ട് മുഖരിതമായിരുന്നു.
എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും സമരത്തോട് നിഷേധാത്മകമായ സമീപനമാണ് തുടക്കംമുതലേ ഉണ്ടായിരുന്നത്. വൈൽഡ് ലൈഫ് വാർഡനുമായും ജില്ലാ കളക്ടറുമായും സമരസമിതി രണ്ടുവട്ടം ചർച്ച നടത്തുകയുണ്ടായി. സമരസമിതി മുമ്പോട്ടുവച്ച ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ അവർ തയ്യാറായില്ല. എന്നുമാത്രല്ല സമരം ഉടൻ പിൻവലിക്കണമെന്ന ഭീഷണിയുമുണ്ടായി. 21ലെ ചർച്ചയ്‌ക്കൊടുവിൽ അടുത്ത ചർച്ച 27ലേക്ക് നീട്ടിവച്ചത് സമരത്തെ തളർത്താനുള്ള സർക്കാരിന്റെ തന്ത്രമായിരുന്നു.
ഇതൊന്നും വകവയ്ക്കാതെ സമരം നാൾക്കുനാൾ ശക്തിപ്രാപിക്കുകയാണുണ്ടായത്. നിരാഹാര സമരത്തിൽ ഏർപ്പെട്ടവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പോലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ സഖാവ് ദേവസ്യ പുറ്റനാൽ ഉൾപ്പെടെയുള്ളവർ പന്തലിൽ നിരാഹാര സമരം തുടർന്നു.
27ന് തിരുവനന്തപുരത്തുവച്ച് നടന്ന മന്ത്രിതല ചർച്ചയിൽ സമരസമിതി ഉന്നയിച്ച പ്രധാന ഡിമാന്റുകളിലെല്ലാം കാലബന്ധിതമായി പരിഹാമുണ്ടാക്കുമെന്നുള്ള തീരുമാനമാണ് ഉണ്ടായത്. അവ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നാക്കം പോകുകയാണെങ്കിൽ ഇതിലുംവലിയ ജനകീയ സമരത്തെ നേരിടേണ്ടിവരുമെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാത്തരം വിഭാഗീയതകൾക്കും അതീതമായി ഒരുമിച്ചുകൊണ്ട് ജീവിതപ്രശ്‌നങ്ങളുടെ പരിഹാരത്തിനായി തെരുവിലിറങ്ങി പൊരുതുവാൻ ജനങ്ങൾ തയ്യാറായാൽ ആർക്കും അതിനെ അവഗണിക്കാനാവില്ലെന്ന് ഈ സമരം തെളിയിക്കുന്നു. ഇതുപോലൊരു ജനകീയ സമരത്തിനുവേണ്ടി കാത്തിരുന്ന ജനാവലിയെയാണ് ഈ സമരമുഖത്ത് കാണാനായത്. തകഞ്ഞ ചിട്ടയോടെയും അച്ചടക്കത്തോടെയും നിശ്ചയദാർഢ്യത്തോടെയും രാപ്പകൽ പ്രവർത്തിച്ച യുവാക്കളുടെ ഒരു നിരതന്നെ ഈ സമരത്തിനുപിന്നിൽ ഉണ്ടായിരുന്നു. ജീവിതം വഴിമുട്ടിയ ഒരു ഗ്രാമം സടകുടഞ്ഞ് ഏണീറ്റപ്പോൾ ഒരു നാട് ആകമാനം അതിനെ പിന്തുണച്ചു. ആ ജനകീയ ശക്തിയുടെ വിജയമാണ് വയനാട്ടിലെ കർഷകസമരം കൈവരിച്ചത്.

Share this