ജനങ്ങളെ കൊള്ളയടിക്കുന്ന മാരകമായ എഫ്ആർഡിഐ ബില്ലിനെ ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തുക

Spread our news by sharing in social media

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി  സഖാവ് പ്രൊവാഷ്‌ഘോഷ്  ഡിസംബർ 16 ന്
പുറപ്പെടുവിച്ച പ്രസ്താവന.

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും ഇരട്ട പ്രഹരത്തിലൂടെ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം താറുമാറാക്കിയ കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റ് കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും വർഗ്ഗതാൽപര്യാർത്ഥം മറ്റൊരു മാരക പ്രഹരംകൂടി ഏൽപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

‘ഫിനാൻഷ്യൽ റെസലൂഷൻ ആന്റ് ഡിപ്പോസിറ്റ് ഇൻഷുറൻസ് ബിൽ 2017’ എന്ന പേരിൽ ഒരു ബില്ല് 2017 ആഗസ്റ്റ് 10 ന് പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി. ധനകാര്യസേവന ദാതാക്കളായ സ്ഥാപനങ്ങൾ പാപ്പരാകുന്നത് തടയാനെന്ന പേരിലാണ് ഈ ബില്ല് കൊണ്ടുവരുന്നത്.
എന്നാൽ സാധാരണ നിക്ഷേപകരുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കുക, പലിശനിരക്കിൽ മാറ്റം വരുത്തുക, നിക്ഷേപം പിൻവലിക്കുന്നത് താമസിപ്പിക്കുക, നിക്ഷേപത്തുക ബാങ്കിലെ ഷെയറുകളാക്കി മാറ്റുക, നിക്ഷേപം ഓഹരി കമ്പോളത്തിലേയ്ക്ക് തിരിച്ചുവിടുക(ഊഹക്കച്ചവടത്തിന്റെ എല്ലാ അനിശ്ചിതത്വങ്ങളും ഉള്ളതിനാൽ നിക്ഷേപം അപ്പാടെ ഇല്ലാതാക്കപ്പെടാൻവരെ സാദ്ധ്യതയുള്ള നടപടിയാണിത്) തുടങ്ങിയ കാര്യങ്ങൾക്കായി ഒരു പുതിയ കോർപ്പറേഷനെ അധികാരപ്പെടുത്താൻ ഇതിലൂടെ ഉദ്ദേശിക്കുന്നു.
നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനെന്ന പേരിൽ ബാങ്ക് നിക്ഷേപം ഒട്ടും സുരക്ഷിതമല്ലാതാക്കുകയും ഏതെങ്കിലും ബാങ്കിന്റെ നിലനിൽപ്പ് അപകടത്തിലായാൽ നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ചുമതലയിൽനിന്ന് സർക്കാരിനെ ഒഴിവാക്കിയെടുക്കുകയുമാണ് ബില്ല് ചെയ്യുന്നത്.

ഏതെങ്കിലും ബാങ്കോ ധനകാര്യസ്ഥാപനമോ രോഗാതുരമോ പാപ്പരോ ആയാൽ ഖജനാവിൽനിന്ന് പണം നൽകി ബാങ്ക് മൂലധനം പുഷ്ടിപ്പെടുത്തുന്ന ‘ബെയ്ൽ ഔട്ട്’ നടപടിയാണ് ഇതേവരെ കൈക്കൊണ്ടിരുന്നത്. എന്നാൽ നിക്ഷേപകരുടെ പണം തോന്നുംപോലെ എടുത്തുപയോഗിക്കുന്ന ‘ബെയ്ൽ ഇൻ’ എന്ന ആന്തരികമായ രക്ഷാനടപടി സ്വീകരിക്കുന്ന പ്രക്രിയയാണ് പുതിയ ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. വൻകിട ബിസിനസുകാരും വ്യവസായികളുമൊക്കെ മന:പൂർവ്വം തിരിച്ചടയ്ക്കാത്ത ബാങ്ക് വായ്പകൾ കിട്ടാക്കടമെന്നപേരിൽ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊണ്ടുവരുന്ന ഈ ബില്ല് അവർക്ക് ജനങ്ങളുടെ പണം കവർന്നെടുത്തുനൽകുകയാണ് ഫലത്തിൽ ചെയ്യുകയെന്ന് പറയേണ്ടതില്ലല്ലോ.മാരകമായ ഈ ആക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ജനങ്ങളുടെ അവസാനതുള്ളി രക്തവും ഊറ്റിയെടുക്കുകയും മുതലാളിത്ത പ്രതിസന്ധിയുടെ വർദ്ധിച്ചുവരുന്ന ഭാരമെല്ലാം ജനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിക്കുകയും കുത്തകകളുടെ കുറ്റകരമായ ഇത്തരം നടപടികളിൽ അവർക്ക് ഒത്താശ ചെയ്യുകയും മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തം എന്ന് കരുതുന്ന ബിജെപി സർക്കാർ ജനങ്ങൾക്കുമേൽ നടത്തുന്ന ഈ ഭീകരാക്രമണത്തിനെതിരെ എത്രയും വേഗം സർവ്വശക്തിയും സമാഹരിച്ചുകൊണ്ട് ഒരു യോജിച്ച സമരം വളർത്തിയെടുക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this