ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ എഐയുടിയുസി പങ്കെടുത്തു

Spread our news by sharing in social media

ഐഎല്‍ഒയുടെ 105-ാമത് ലേബര്‍ കോണ്‍ഫറന്‍സ് 2016 മേയ് 30 മുതല്‍ ജൂണ്‍ 11 വരെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജനീവയില്‍വച്ച് നടന്നു. എഐയുടിയുസി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ട്രേഡ്‌യൂണിയനുകളുടെ പ്രതിനിധികള്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ‘ന്യായമായ കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍’, ‘മാനദണ്ഡങ്ങളുടെ ലംഘനം’ എന്നീ സുപ്രധാനവിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗവും എഐയുടിയുസി ജനറല്‍ സെക്രട്ടറിയുമായ സഖാവ് ശങ്കര്‍സാഹ പ്ലീനറി സമ്മേളനത്തിലും ജനറല്‍ അസംബ്ലിയിലും പ്രസംഗിച്ചു. ‘സുസ്ഥിരവികസനത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ അജണ്ട 2030’ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ ജനറല്‍ മുന്നോട്ടുവച്ചിരിക്കുന്ന ‘ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതി’ സംബന്ധിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്കിടയില്‍, സഖാവ് സാഹ ഒരു കുറിപ്പ് തയ്യാറാക്കി വിതരണം ചെയ്തു. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ട് സംസാരിക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സംക്ഷിപ്തരൂപം താഴെച്ചേര്‍ക്കുന്നു.

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വികസ്വരരാജ്യങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ വികസിത രാജ്യങ്ങളിലേയ്ക്ക് തൊഴില്‍തേടി ദിനംപ്രതി കുടിയേറിക്കൊണ്ടിരിക്കുകയാണ്. 2015-ല്‍ ലോകജനസംഖ്യയുടെ 3 ശതമാനത്തോളം വരുന്ന 243.7 മില്ല്യണ്‍ അന്തര്‍ദേശീയ കുടിയേറ്റത്തൊഴിലാളികള്‍ ലോകമൊട്ടാകെയുണ്ടായിരുന്നു. ലോകത്താകെയുള്ളതില്‍ 48.5 ശതമാനം കുടിയേറ്റത്തൊഴിലാളികളും കേന്ദ്രീകരിച്ചിരിക്കുന്നത് വടക്കന്‍ അമേരിക്കയിലും യൂറോപ്പിന്റെ വടക്ക് തെക്ക് പടിഞ്ഞാറ് മേഖലകളിലുമാണ്; അറബ്‌രാജ്യങ്ങളില്‍ 11.7 ശതമാനവുമുണ്ട്. ഇവരില്‍ 48 ശതമാനം സ്ത്രീകളാണ്. ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ മുഴുവന്‍ തൊഴിലാളികളെയും പരാമര്‍ശിക്കുന്നില്ല. രാജ്യത്തിനകത്തുള്ള കുടിയേറ്റത്തൊഴിലാളികളുടെ വിഷയം റിപ്പോര്‍ട്ടിലെ പരിഗണനയ്ക്കുപുറത്താണ്. റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതിലും വളരെ വലുതാണ് കുടിയേറ്റ തൊഴിലാളികളുടെ യഥാര്‍ത്ഥ കണക്ക്. കുടിയേറ്റത്തൊഴിലാളികളുടെ താല്‍പ്പര്യസംരക്ഷണാര്‍ത്ഥം നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അംഗരാജ്യങ്ങള്‍ അത് അംഗീകരിക്കാനോ നടപ്പില്‍വരുത്താനോ തയ്യാറായിട്ടില്ല. കുടിയേറ്റത്തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള നിയമനിര്‍മ്മാണങ്ങളെല്ലാം എവിടെയും നഗ്നമായി ലംഘിക്കപ്പെടുന്നു. അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു.
മുതലാളിത്ത സമ്പദ്ഘടന എക്കാലത്തെയും വലിയ കമ്പോളപ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിയുടെ മുഴുവന്‍ഭാരവും തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലാണ്. ഇത് അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ലോകത്താകെയുള്ള തൊഴിലെടുക്കാവുന്നവരില്‍ 75 ശതമാനവും തൊഴിലില്ലാത്തവരോ, ഭാഗികമായി തൊഴിലെടുക്കുന്നവരോ ആണ്. ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ്, സാമ്പത്തിക അസമത്വം, ജോലി നഷ്ടപ്പെടല്‍, ജോലിയിലുള്ള അരക്ഷിതാവസ്ഥ, കുറഞ്ഞവേതനം, പെന്‍ഷനും മറ്റു സാമൂഹ്യസുരക്ഷാപദ്ധതികളും പിന്‍വലിക്കല്‍ അഥവാ വെട്ടിക്കുറയ്ക്കല്‍, ബാലവേല, ശിശുമരണം എന്നിവ അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പണിയെടുക്കുന്നവര്‍ അധികമധികം പാപ്പരായിക്കൊണ്ടിരിക്കുന്നു.
ഇതാണ് അവസ്ഥയെന്നിരിക്കെ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, സുസ്ഥിരവികസനം എന്നീ മധുരമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് പണിയെടുക്കുന്നവരെയും സാധാരണജനങ്ങളെയും വിഡ്ഢികളാക്കാനും അവരുടെ കഷ്ടപ്പാടുകളുടെ യഥാര്‍ത്ഥ കാരണം, പ്രതിസന്ധിഗ്രസ്തമായ മുരടിച്ച ജീര്‍ണ്ണ മുതലാളിത്തമാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള ഗൂഢനീക്കമാണെന്ന് സഖാവ് ശങ്കര്‍സാഹ അസന്നിഗ്ധമായി അഭിപ്രായപ്പെട്ടു. ലോകത്തെ പണിയെടുക്കുവാന്‍ കഴിവുള്ള ഓരോ വ്യക്തിക്കും ജോലിയും സുസ്ഥിരക്ഷേമവും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന സമൂര്‍ത്ത നടപടികള്‍ എടുക്കാതെ ഒരുതരത്തിലുള്ള ജാലവിദ്യകൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കുവാന്‍ കഴിയില്ല. ഇന്നത്തെ ചൂഷണാധിഷ്ഠിത സാമൂഹ്യക്രമത്തിന് അങ്ങനെയൊരു നടപടിയെടുക്കുവാന്‍ കഴിയുകയില്ലെന്ന് മാത്രമല്ല, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവ ഈ സാമൂഹ്യവ്യവസ്ഥയില്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യും. ഇന്നത്തെ സാമൂഹ്യ-സാമ്പത്തികവ്യവസ്ഥയില്‍ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാമെന്നതും സുസ്ഥിരവികസനം എന്നുമുള്ള ആശയങ്ങള്‍ ഉട്ടോപ്യനാണ്.
ആഗോളവല്‍ക്കരണത്തിന്റെ രണ്ടരപതിറ്റാണ്ടിനുള്ളില്‍ സമൂഹത്തിന്റെ നിലവാരത്തിലും മൂല്യങ്ങളിലുമുണ്ടായിട്ടുള്ള ദ്രുതഗതിയിലുള്ള വീഴ്ച ഉത്കണ്ഠാജനകമാണ്. തൊഴിലില്ലായ്മ, വിശപ്പ്, ദാരിദ്ര്യം, തൊഴില്‍നഷ്ടങ്ങള്‍, തൊഴിലിന്റെ അരക്ഷിതാവസ്ഥ, സാമൂഹ്യസുരക്ഷാപദ്ധതികളുടെയും ആരോഗ്യസംവിധാനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയുംഫണ്ടുവെട്ടിക്കുറയ്ക്കല്‍ എന്നിവ ലോകമെമ്പാടുമുള്ള അദ്ധ്വാനിച്ചുജീവിക്കുന്ന ജനങ്ങളുടെ മേലുള്ള നിഷ്ഠൂരമായ ആക്രമണമാണ്. ആക്രമണങ്ങളുടെ ആകെത്തുക ഇതാണ്:
1. കുടുംബത്തിന്റെ നിലനില്‍പ്പിനായുള്ള പണം സമ്പാദിക്കാനായി ദശലക്ഷക്കണക്കിന് മാതാക്കള്‍ നിറകണ്ണുകളുമായി തങ്ങളുടെ പെണ്‍മക്കളെ വേശ്യാവൃത്തിക്ക് അയയ്ക്കുന്നു.
2. ലോകജനതയില്‍ 70 കോടി ആളുകള്‍ ഒഴിഞ്ഞ വയറുമായാണ് രാത്രിയില്‍ ഉറങ്ങുന്നത്.
3. ലോകജനസംഖ്യയില്‍ 3 ശതമാനമെന്ന് രേഖകളില്‍ പറയുന്ന- യഥാര്‍ത്ഥത്തില്‍ നിരവധിപേര്‍ രേഖകളില്‍ പെടാതെപോകുന്നു- കുടിയേറ്റത്തൊഴിലാളികള്‍ പീഡനങ്ങള്‍ക്കും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങള്‍ക്കും ഇരയാകുന്നു. നിലനില്‍പ്പിന്റെ സമര്‍ദ്ദം ഇല്ലെങ്കില്‍ ആരുംതന്നെ തങ്ങളുടെ മാതൃരാജ്യം വിട്ടുപോകുവാന്‍ താല്‍പ്പര്യപ്പെടുകയില്ല. കുടിയേറ്റത്തൊഴിലാളികളുടെ ലക്ഷ്യകേന്ദ്രം വടക്കന്‍ അമേരിക്കയും യൂറോപ്പും അറബ് മേഖലയുമാണ്.
4. തൊഴില്‍രഹിതരായ ദശലക്ഷക്കണക്കിന് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിനുപകരം വരുമാനം കണ്ടെത്താനായി തൊഴിലിനയയ്ക്കുന്നു. അടിമപ്പണിയും നിര്‍ബന്ധിത പണിയെടുപ്പിക്കലും ആധുനികരൂപത്തില്‍ സമൂഹത്തില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.
5. തൊഴില്‍ദാതാക്കള്‍ തങ്ങളുടെ ഇഷ്ടാനുസരണം തൊഴിലാളികളെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
6. തങ്ങളുടെ ഇഷ്ടാനുസരണമുള്ള യൂണിയനുകളില്‍ ചേരുകയും സമാധാനപരമായ പ്രകടനങ്ങളില്‍ അണിനിരക്കുകയും ന്യായമായ സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന തൊഴിലാളികളെ ലാത്തിചാര്‍ജ്ജുചെയ്യുകയോ ജയിലിലടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നുവെന്ന് ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നു.
7. കൂട്ടായ വിലപേശല്‍ തൊഴിലുടമകള്‍ക്ക് സ്വീകാര്യമല്ല.
ചുരുക്കത്തില്‍, സാമൂഹ്യനീതിയുടെ നിലവാരം പ്രതിഫലിപ്പിക്കുന്ന ആഗോള സാഹചര്യമിതാണ്. 1919-ല്‍ ഐഎല്‍ഒ രൂപീകരിക്കുമ്പോള്‍ ഐഎല്‍ഒയുടെ ഭരണഘടനയുടെ ആമുഖമായി പറഞ്ഞിരുന്നത് ഇങ്ങനെയാണ്- ”ഒന്നാംലോകമഹായുദ്ധത്തിന് അന്ത്യംകുറിച്ച വേഴ്‌സയില്‍സ് ഉടമ്പടിയുടെ ഭാഗമായി സാര്‍വ്വലൗകികവും സ്ഥായിയുമായ സമാധാനം കൈവരണമെങ്കില്‍ അത് സാമൂഹ്യനീതിയില്‍ അടിയുറച്ചതും സാതന്ത്ര്യത്തില്‍ അധിഷ്ഠിതവും അന്തസ്സ്, സാമ്പത്തിക സുരക്ഷിതത്വം, തുല്യാവസരം എന്നിവയില്‍ അധിഷ്ഠിതവുമായിരിക്കണം”. ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ സാര്‍വ്വലൗകികവും സ്ഥായിയുമായ സമാധാനം സാമൂഹ്യനീതിയില്ലാതെ നേടിയെടുക്കാന്‍ കഴിയില്ല. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമൂലപരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് ലോകമൊട്ടാകെയുള്ള തൊഴിലെടുക്കുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനുള്ള മാര്‍ഗ്ഗം. കാരണം, നിലനില്‍ക്കുന്ന സാമൂഹ്യഘടന സാമ്പത്തികമായും സാംസ്‌കാരികമായും ധാര്‍മ്മികമായും നൈതികമായും ചൂഷണം ചെയ്യുകമാത്രമല്ല, അതോടൊപ്പം അത് മനുഷ്യരാശിയെ അപമാനവീകരിക്കുക കൂടി ചെയ്യുന്നു.

Share this