ഡോക്ടർ എൻ.എ.കരീമിന് ആദരാഞ്ജലികൾ

Spread our news by sharing in social media

 

ജീവിതത്തിലുടനീളം പുരോഗമന ജനമുന്നേറ്റങ്ങളുടെ തലപ്പത്ത് സ്ഥാനമുറപ്പിച്ച് നിലകൊണ്ട പ്രമുഖ ഇടതുപക്ഷ ചിന്തകനും പണ്ഡിത വരേണ്യനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എൻ.എ.കരീം 2016 ഫെബ്രുവരി 4-ാം തീയ്യതി തിരുവനന്തപുരത്ത് അന്തരിച്ചു. 90 വയസ്സ് തികയാനിരിക്കെയാണ് ഡോ.കരീമിന്റെ നിര്യാണമെങ്കിലും ജനാധിപത്യ കേരളത്തിന് അതൊരു തീരാനഷ്ടമാണ്.

വിശ്രമരഹിതമായി പൊതുപ്രവർത്തനരംഗത്ത് അദ്ദേഹം നിലകൊണ്ടു. അനീതിക്കെതിരെ ന്യായത്തിന്റെ ഭാഗത്ത് തത്ത്വദീക്ഷ പുലർത്തിക്കൊണ്ട് വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്ന പോരാളിയായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്നവരോടുള്ള ആഭിമുഖ്യമാണ് അദ്ദേഹത്തിന്റെ ന്യായാന്യായബോധത്തെ നിർണ്ണയിച്ചത്. അധികാരശക്തികളുടെ ജനവിരുദ്ധപ്രവൃത്തികളോട് നിർഭയമായി അദ്ദേഹം പ്രതികരിച്ചു. അനീതിയും അന്യായവും കൊടികുത്തിവാഴുന്ന ഒരു ചൂഷണവ്യവസ്ഥിതിയിൽ ഭരണവ്യവസ്ഥയ്‌ക്കെതിരെ എക്കാലവും നിലകൊണ്ട ഒരു പോരാളിയായിരുന്നു അദ്ദേഹം. പോരാട്ടത്തിൽ പ്രായാധിക്യവും പക്ഷാഘാതവും അദ്ദേഹത്തെ തളർത്തിയില്ല.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമ്പൂർണ്ണ വാണിജ്യവൽക്കരണത്തെ ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നീങ്ങുന്നതിനെതിരെ 2015 ഡിസംബർ 15-ാം തീയതി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ ആൾ ഇന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തത് ഡോ.എൻ.എ.കരീമാണ്. സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെ (എഐഎസ്ഇസി) അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിര പ്രസ്ഥാനമായ ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ കേരള ചാപ്റ്ററിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. കക്ഷി-രാഷ്ട്രീയത്തിനും ജാതി-മത പരിഗണനകൾക്കും അതീതമായി അന്യായങ്ങൾക്കെതിരെ ജനകീയ പോരാട്ടങ്ങളുടെ വീറുറ്റ വേദിയായി പ്രവർത്തിച്ച കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതിയുടെ വൈസ്പ്രസിഡന്റായിരുന്നു അദ്ദേഹം.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയോട് അദ്ദേഹം അതീവ ബഹുമാനം പുലർത്തി. പാർട്ടിയുടെ എല്ലാ നയങ്ങളോടും നിലപാടുകളോടും അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചു. പാർട്ടിയുടെ മഹിളാ വിഭാഗമായ എഐഎംഎസ്എസ് തിരുവനന്തപുരത്തുവച്ച് അതിന്റെ ദേശീയ സമ്മേളനം നടത്തിയപ്പോൾ അതിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചെയർമാനായി ഡോ.എൻ.എ.കരീം പ്രവർത്തിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ അതീവ പ്രതീക്ഷയോടെയാണ് അദ്ദേഹം വീക്ഷിച്ചിരുന്നത്.
ഡോ.എൻ.എ.കരീമിന്റെ നിര്യാണത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Share this