ഡോ.എൻ.എ. കരിം അനുസ്മരണ സമ്മേളനം

Spread our news by sharing in social media

 

ഡോ. എൻ.എ. കരീം മഹാനായ മാനവവാദി
-പ്രൊഫ. കെ.അരവിന്ദാക്ഷൻ

ഡോ. എൻ.എ.കരീം മഹാനായ മാനവവാദി ആയിരുന്നെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും വ്യത്യസ്ത സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ എറണാകുളം മേനക ജംങ്ഷനിൽ സംഘടിപ്പിക്കപ്പെട്ട അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യനന്മയെ കരുതി മാത്രം പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇംഗ്‌ളീഷ് ഭാഷയിൽ മാത്രമല്ല, മലയാളത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. സമരതീക്ഷ്ണമായ യൗവനത്തിന്റെ പ്രസരിപ്പ് മഹാരാജാസ് കോളേജിലെ പഠനകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ ആരംഭിച്ച നീണ്ട പൊതുജീവിതകാലയളവിൽ തന്റെ അന്ത്യകാലത്തോളം നിലനിർത്താൻ കഴിഞ്ഞ അദ്ദേഹം ജീവിതം കൊണ്ട് ഏവർക്കും മാതൃകയായി. എഴുത്തിലും പ്രവൃത്തിയിലും ചൂഷണവ്യവസ്ഥയ്‌ക്കെതിരെയും സാധാരണജനങ്ങൾക്കുവേണ്ടിയും അദ്ദേഹം പൊരുതി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നവോത്ഥാനകാലം പുലർത്തിയ കാഴ്ചപ്പാടും ജാഗ്രതയും കെടാതെ കാത്തുസൂക്ഷിക്കുകയും വിദ്യാഭ്യാസമേഖലയിലെ ഏതൊരു അപചയത്തെയും ചെറുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു. നമ്മുടെ കാലത്തെ മഹാനായ ഒരു മനുഷ്യസ്‌നേഹിയെയും ആക്ടിവിസ്റ്റിനെയുമാണ് ഫലത്തിൽ നമുക്ക് നഷ്ടപ്പെട്ടതെന്ന് പ്രൊഫ. അരവിന്ദാക്ഷൻ തുടർന്ന് അനുസ്മരിച്ചു.

പ്രതിസന്ധി സാമൂഹ്യജീവിതത്തെ ഉറ്റുനോക്കുന്ന ഒരു കാലയളവിൽ, മനുഷ്യത്വം തന്നെ വെല്ലുവിളിയെ നേരിടുന്ന സമയത്ത് ഇത്തരമൊരു വിയോഗം കേരളത്തെ സംബന്ധിച്ച് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് ജനകീയ പ്രതിരോധ സമിതിയംഗം എൻ.ആർ.മോഹൻകുമാർ അദ്ധ്യക്ഷപ്രസംഗത്തിൽ അനുസ്മരിച്ചു.
ഡോ.വിൻസന്റ് മാളിയേക്കൽ (സംസ്ഥാന പ്രസിഡന്റ്,സ്ത്രീ സുരക്ഷാ സമിതി), ഫ്രാൻസിസ് കളത്തുങ്കൽ (ജനറൽ കൺവീനർ, മൂലമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി), കെ.കെ.ഗോപിനായർ (ജില്ലാ പ്രസിഡന്റ്, മദ്യവിരുദ്ധ ജനകീയ സമര സമിതി), കെ.എസ്.ഹരികുമാർ (സേവ് എജ്യൂക്കേഷൻ കമ്മിറ്റി), പി.എം.ദിനേശൻ (എസ്‌യുസിഐ(സി)), ടി. പരമേശ്വരൻ, അഡ്വ.പഞ്ഞിമല ബാലകൃഷ്ണൻ (ബാനർ സാംസ്‌കാരിക സമിതി), കെ.കെ.ശോഭ(മഹിളാ സാംസ്‌കാരിക സംഘടന), പി.പി.സജീവ്കുമാർ(ബ്രേക്ത്രൂ സയൻസ് സൊസൈറ്റി), കുരുവിള മാത്യൂസ്, സത്കലാ വിജയൻ, ജയമാധവ് മാധവശ്ശേരി, സന്തോഷ്, ഏലൂർ ഗോപിനാഥ്, കെ.ഒ.സുധീർ (എഐഡിവൈഒ), രശ്മി രവി (എഐഡിഎസ്ഒ) തുടങ്ങിയവരും പ്രസംഗിച്ചു.

Share this